X

ആര്‍എസ്എസ് നേതാവിനെ എഡിജിപി സന്ദര്‍ശിച്ചത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായി; തെളിവുകളുണ്ട്, വി.ഡി. സതീശന്‍

സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ അറിവോടെ രാഷ്ട്രീയദൂതുമായാണ് എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ സന്ദര്‍ശിച്ചതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഇതിന്‍റെയെല്ലാം തുടര്‍ച്ചയാണ് തൃശൂരില്‍ ബിജെപിക്കുണ്ടായ അട്ടിമറി വിജയമെന്നും സതീശന്‍ ആരോപിച്ചു.

തൃശൂര്‍ പൂരം കലക്കുന്നതിന് വേണ്ടിയായിരുന്നു സന്ദര്‍ശനമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കാമെന്നും കേസിന്‍റെ പേരില്‍ ഞങ്ങളെ ഉപദ്രവിക്കരുതെന്നുമാണ് എഡിജിപി മുഖേന മുഖ്യമന്ത്രി അറിയിച്ചത്. അതിന്‍റെ തുടര്‍ച്ചയായാണ് പൂരം കലക്കിയത്. പൂരം കലക്കുകയെന്നത് സിപിഎമ്മിന്‍റെയും ബിജെപിയുടെയും പ്ലാനായിരുന്നെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി.

ആർഎസ്എസ്-സിപിഎം ഡീൽ എന്ന് കേട്ടാൽ ഉടനെ പറയാൻ പാടില്ല.  100% ഉറപ്പാക്കിയ ശേഷമാണ് എഡിജിപി-ആർഎസ്എസ് കൂടികാഴ്ചയെ കുറിച്ചും പറഞ്ഞത്. എഡിജിപി എം.ആർ. അജിത് കുമാർ മുഖ്യമന്ത്രിക്ക് വേണ്ടി ദൂതുമായി പോയി ഇതുതന്നെയാണ് കൊടകര കുഴൽപണ കേസിലും നടന്നതെന്നും സതീശൻ ആരോപിച്ചു. പൂരം കലക്കി പിണറായി വിജയനെന്ന് ആവർത്തിച്ചു വിളിക്കുകയാണ്.

അന്ന് പൂരസ്ഥലത്ത് തൃശൂർ കമ്മീഷണർ അഴിഞ്ഞാടുമ്പോൾ എഡിജിപി തൃശൂരിൽ ഉണ്ട്. ഒരു ഫോൺ കോൾ ചെയ്തു എന്താ പ്രശ്നം എന്ന് പോലും ചോദിച്ചില്ല. വിശ്വാസം , ആചാരം എന്നിവ പഠിപ്പിക്കുന്ന ബിജെപി ഹിന്ദുക്കളെ കബളിപ്പിച്ചുവെന്നും സതീശൻ കുറ്റപ്പെടുത്തി.

webdesk13: