തൃശൂര്‍ പൂരം കലക്കാന്‍ പദ്ധതിയിട്ടത് എം.ആര്‍ അജിത് കുമാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്നും അദ്ദേഹം തന്നെയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
മന്ത്രിമാര്‍ക്ക് പോലും എത്താന്‍ പറ്റാത്ത സ്ഥലത്തേക്കാണ് സുരേഷ് ഗോപി എത്തിയതെന്നും എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള സഹായം നല്‍കാമെന്ന് ഉറപ്പ് നല്‍കിയെന്നും വി.ഡി സതീശന്‍ പറഞ്ഞു. എഡിജിപി പൂരം കലക്കിയ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നതായി പറയുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.
അതേസമയം എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ അന്വേഷണം ജനങ്ങളെ കബളിപ്പിക്കാനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കു വേണ്ടി സിപിഎം സംഘപരിവാറിന് കീഴടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.
തൃശൂര്‍ പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു. പൂരത്തിന്റെ പൂര്‍ണ ചുമതല വഹിച്ച എഡിജിപി അന്വേഷണം നടത്തിയാല്‍ എങ്ങനെ ശരിയാവുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ചോദിച്ചു.