മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ ശബരിമലയിലെ പൊലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററായ എഡിജിപി അജിത് കുമാറിനെ മാറ്റി സര്‍ക്കാര്‍. അജിത് കുമാറിനെ മാറ്റി പകരം പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എഡിജിപി എസ്. ശ്രീജിത്തിനെ ചീഫ് കോ-ഓര്‍ഡിനേറ്ററായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി.
ക്രമസമാധാന ചുമതലയുണ്ടായിരുന്ന അജിത് കുമാറായിരുന്നു ശബരിമല ചീഫ് കോ-ഓര്‍ഡിനേറ്ററിന്‍റെ ചുമതലയും വഹിച്ചിരുന്നത്. ശബരിമലയിലെ പൊലീസ് ഡ്യൂട്ടിയും ക്രമസമാധാനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പോലീസ് ഹെഡ് ക്വാട്ടേഴ്സിലെ എഡിജിപിയെ നിയമിക്കുകയാണെന്നാണ് ഉത്തരവിലുള്ളത്. ഇതനുസരിച്ചാണ് ഹെഡ്ക്വാട്ടേഴ്സ് എഡിജിപി എസ്. ശ്രീജിത്തിനെ ശബരിമല പോലീസ് കോ-ഓഡിനേറ്ററായി നിയമിച്ചത്.
അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിന് പിന്നാലെയാണിപ്പോള്‍ ശബരിമല കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് കൂടി മാറ്റുന്നത്. അധികാരസ്ഥാനത്തില്ലാത്ത രാഷ്ട്രീയ നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഔദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദർശിച്ച നടപടിയിൽ ചട്ടലംഘനമുണ്ടായെന്നുമായിരുന്നു ഡിജിപിയുടെ കണ്ടെത്തൽ.