ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ വിറച്ച് അദാനി ഗ്രൂപ്പ്. കര്‍ഷകരില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുകയോ അവയുടെ വില തീരുമാനിക്കുകയോ ചെയ്യുന്നില്ലെന്ന് അദാനി വ്യക്തമാക്കി. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എഫ്‌സിഐ)ക്കു വേണ്ട സംഭരണ കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയും നടത്തുകയുമാണ് തങ്ങള്‍ ചെയ്യുന്നത് എന്നും കമ്പനി വിശദീകരിച്ചു.
‘സൂക്ഷിപ്പുശേഖരത്തിന്റെ അളവോ ഭക്ഷ്യധാന്യത്തിന്റെ വിലയോ തീരുമാനിക്കുന്നതില്‍ കമ്പനിക്ക് പങ്കില്ല. എഫ്‌സിഐക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നല്‍കുക മാത്രമാണ് ചെയ്യുന്നത്’ – എന്നാണ് അദാനി ഗ്രൂപ്പ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചത്.
കര്‍ഷക സമരം കൊടുമ്പിരി കൊണ്ട വേളയിലാണ് അദാനിയുടെ വിശദീകരണം. അദാനിക്കും അംബാനിക്കും വേണ്ടിയാണ് സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ മാറ്റിയെഴുതുന്നത് എന്ന് വ്യാപക വിമര്‍ശനമുണ്ടായിരുന്നു. റിലയന്‍സിനെ ബഹിഷ്‌കരിക്കാനും ചില കാര്‍ഷിക കൂട്ടായ്മകള്‍ തീരുമാനിച്ചിട്ടുണ്ട്.
ബഹിഷ്‌കരണ ഭീതിയില്‍ റിലയന്‍സ്
സമരം കോര്‍പ്പറേറ്റുകള്‍ക്കെതിരെ കൂടിയാണെന്ന് പ്രഖ്യാപിച്ച കര്‍ഷകര്‍ ജിയോ ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു എന്നാണ് ചില ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ജിയോയുടെ ഫോണുകളും സിം കാര്‍ഡുകളുമടക്കം എല്ലാ ഉത്പന്നങ്ങളും ഉപേക്ഷിക്കുമെന്നും ഇനിമേല്‍ ഉപയോഗിക്കുകയില്ലെന്നുമാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കുമാര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രശാന്ത് ഭൂഷണടക്കം നിരവധി പേരാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുള്ളത്. ജയ് കിസാന്‍ എന്നെഴുതിക്കൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ റിലയന്‍സ് ജിയോ സിം പൊട്ടിച്ചെറിഞ്ഞും കത്തിച്ചും നേരത്തെയും കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. പഞ്ചാബിലെ കര്‍ഷകരാണ് സിം വലിച്ചെറിഞ്ഞും കത്തിച്ചും പ്രതിഷേധിച്ചത്.
ചര്‍ച്ചയില്ലെന്ന് സമരക്കാര്‍
ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകസമരം പതിനാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് വലിയ പിന്തുണ ലഭിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദത്തിലായിരുന്നു.തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കര്‍ഷകര്‍ നടത്തി. പക്ഷെ ഈ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കര്‍ഷകര്‍ അറിയിച്ചു.
സര്‍ക്കാര്‍ പാസാക്കിയ ബില്ലുകള്‍
2020 ജൂണ്‍ അഞ്ചിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന മൂന്ന് ഓര്‍ഡിനന്‍സുകളാണ് സെപ്തംബറില്‍ നിയമമായത്.
കാര്‍ഷികോല്‍പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും (അഭിവൃദ്ധിയും സൗകര്യമൊരുക്കലും) സംബന്ധിച്ച ഓര്‍ഡിനന്‍സ്,വില ഉറപ്പും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാറി(ശാക്തീകരണവും സംരക്ഷണവും)നായുള്ള ഓര്‍ഡിനന്‍സ്,അവശ്യവസ്തു നിയമഭേദഗതിക്കുള്ള ഓര്‍ഡിനന്‍സ് എന്നിവയാണ് പാര്‍ലമെന്റ് പാസാക്കിയത്.
കര്‍ഷകരുടെ ആശങ്കകള്‍
1960കള്‍ മുതല്‍ മൊത്തക്കച്ചവട കേന്ദ്രങ്ങളായ മണ്ഡികള്‍ അഥവാ ചന്തകള്‍ വഴിയാണ് കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാറുള്ളത്.
കാര്‍ഷികോല്‍പന്ന കമ്പോള സമിതി(ഏ.പി.എം.സി ആക്ട്)യുടെ നിയന്ത്രണത്തിലാണ് മണ്ഡികള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ നിയമ പ്രകാരം മണ്ഡികള്‍ പ്രകാരം ഇല്ലാതാകും.നിലവില്‍ ഏ.പി.എം.സിയുടെ നിയന്ത്രണത്തിലുള്ള മണ്ഡികളില്‍ മാത്രമാണ് കാര്‍ഷികോല്‍പന്നങ്ങളുടെ വില്‍പന. മണ്ഡികളുടെ പുറത്ത് ഉല്‍പന്നങ്ങള്‍ വില്‍ക്കാം എന്നാണ് പുതിയ വ്യവസ്ഥ.എന്നാല്‍ ഇതോടെ ഏ.പി.എം.സി. മണ്ഡികള്‍ ഇല്ലാതാകുമെന്നും തങ്ങളുടെ വിളകള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് തുച്ഛമായ വിലയ്ക്ക് വില്‍ക്കേണ്ടി വരുമെന്നുമാണ് കര്‍ഷകരുടെ ആശങ്ക.
മണ്ഡികളും കേന്ദ്രസര്‍ക്കാറിന്റെ എഫ്‌സിഐ പോലുള്ള സംവിധാനങ്ങളും താങ്ങുവില നല്‍കി സംഭരിക്കുന്നതു കൊണ്ടാണ് ചെറുകിട കര്‍ഷകര്‍ നിലനില്‍ക്കുന്നത്. മണ്ഡികള്‍ ഇല്ലാതാകുന്നതോടെ താങ്ങുവില സംവിധാനം തകരുമെന്നും സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് ഉത്പന്നങ്ങള്‍ ചുളുവിലയ്ക്ക് വാങ്ങാന്‍ വഴിയൊരുങ്ങുമെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.