കൊച്ചി: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച നടന്‍ ഫഹദ് ഫാസിലിനും സിനിമ പ്രവര്‍ത്തകന്‍ അനീസ് മാപ്പിളക്കുമെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. ഇനിമുതല്‍ ഫഹദ് ഫാസിലിന്റെ സിനിമകള്‍ ആര്‍.എസ്.എസ്, സംഘപരിവാര്‍ അനുകൂലികളും ഹിന്ദുക്കളും കാണരുതെന്ന ആഹ്വാനം സംഘപരിവാര്‍ ഗ്രൂപ്പുകളിലും പേജുകളിലും നടക്കുകയാണ്. അനീഷിനേയും ഫഹദിനേയും വര്‍ഗീയവാദിയായും മതമൗലികവാദിയായും ദേശദ്രോഹിയുമൊക്കയാക്കിയാണ് സംഘപരിവാര്‍ സൈബര്‍ പ്രചരണം. ഫഹദ് ഒരു മതമൗലികവാദിയാണെന്ന് തെളിയിച്ച നടപടിയാണ് അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌ക്കരണം എന്നും നട്ടെല്ലിന്റെ ഉറപ്പല്ല, ഒരു മതക്കാരുടെ പൊതു സ്വഭാവമാണ് ഫഹദ് കാണിച്ചതെന്നും എന്തിനേയും മതത്തിന്റെ പേരില്‍ മാത്രം കാണുന്നവനാണ് ഫഹദെന്നും പ്രചരിപ്പിക്കുന്നുണ്ട്.
ഫഹദ് ഫാസിലിനും ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിക്കും ഇടയിലുള്ള അതിര്‍ വരമ്പ് നേര്‍ത്തതാണെന്ന് പ്രചരിപ്പിക്കുന്ന ഇവര്‍ ബി.ജെ.പി മന്ത്രിമാരുടെ കൈയില്‍ നിന്നും ദേശീയ പുരസ്‌കാരം വാങ്ങില്ലെന്നാണ് തീരുമാനം എങ്കില്‍ ഇനിയൊരിക്കല്‍ പോലും ദേശീയ പുരസ്‌കാരം വാങ്ങാനുള്ള യോഗം ഫഹദിനോ മറ്റുള്ളവര്‍ക്കോ ഉണ്ടാകില്ലെന്ന വെല്ലുവിളിയും നടത്തുന്നുണ്ട്. ദേശീയ അവാര്‍ഡ് ദാന ചടങ്ങ് രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തോട് എതിര്‍പ്പു പ്രകടിപ്പിച്ചു കൊണ്ട് ചടങ്ങു തിരസ്‌കരിച്ച അനീസിനോട് അതിരൂക്ഷമായാണ് പ്രതികരിക്കുന്നത്. ഡോക്യുമെന്ററി വിഭാഗത്തിലെ അവാര്‍ഡ് ജേതാവ് അനീസിന്റെ പോസ്റ്റിനു കീഴെ വര്‍ഗീയ വിഷം കലര്‍ന്ന വഷളന്‍ വാക്കുകളും ഭീഷണിയുമായി അഴിഞ്ഞാടുകയാണ് സംഘപരിവാറുകാര്‍.
കീഴ്‌വഴക്കം മാറ്റി ദേശീയ ചലച്ചിത്ര പുരസ്‌കാരം ജേതാക്കളില്‍ 11 പേര്‍ക്കുമാത്രം രാഷ്ട്രപതി സമ്മാനിക്കുവെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നിലപാടാണ് അറുപതിലധികം വരുന്ന സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കാരണം. മികച്ച സഹനടന്‍ വിഭാഗത്തിലായിരുന്നു ഫഹദിന് പുരസ്‌കാരം. ഡോക്യുമെന്ററി വിഭാഗത്തിലാണ് അനീസ് ജോതാവായത്. സംവിധായകന്‍ ദീലിഷ് പോത്തന്‍, നടി പാര്‍വ്വതി, തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ തുടങ്ങി മലയാളത്തിലെ സിനിമാ പ്രവര്‍ത്തകരും ചടങ്ങ് ബഹിഷ്‌കരിച്ചു. എന്നാല്‍ ഫഹദിനേയും അനീസിനേയും തെരഞ്ഞുപിടിച്ചാണ് സംഘ്പരിവാര്‍ ശക്തികളുടെ സൈബര്‍ ആക്രമണം.
ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്കെല്ലാം പുരസ്‌കാര വിതരണം രാഷ്ട്രപതി നിര്‍വഹിച്ചു പോന്നിരുന്ന കീഴ്‌വഴക്കം മാറ്റി, പതിനൊന്ന് പേര്‍ക്ക് രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനിയും പുരസ്‌കാരം നല്‍കുന്ന തീരുമാനം അവസാന നിമിഷം കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാര വിതരണ ചടങ്ങ് ഫഹദ് അടക്കമുള്ള 66 ഓളം പേര്‍ ബഹിഷ്‌കരിച്ചത്. ഇതോടു കൂടിയാണ് സംഘപരിവാര്‍ ഫഹദിന് നേരെ കടുത്തതും അസത്യം നിറഞ്ഞും ആക്ഷേപകരവുമായ കുറ്റങ്ങളും ആരോപണങ്ങളും നിരത്തി ബിജെപിസംഘപരിവാര്‍ സംഘങ്ങള്‍ രംഗത്ത് എത്തിയത്.