Connect with us

kerala

അജിത് കുമാറിനെതിരായ നടപടി; തൃപ്തിയില്ലാതെ എൽ‍ഡിഎഫ് ഘടകകക്ഷികൾ

സംസ്ഥാന സർക്കാരിനെയും, ഇടതുമുന്നണിയേയും പ്രതിസന്ധിയിലാക്കുന്ന സാഹചര്യം ഉടലെടുത്ത പശ്ചാത്തലത്തിൽ പലരും പരസ്യമായി പ്രതികരിക്കാനുള്ള സാധ്യത കുറവാണ്.

Published

on

ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റിയെങ്കിലും പൂർണ തൃപ്തിയില്ലാതെ ഇടതുമുന്നണിയിലെ ഘടകകക്ഷികൾ. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഗുരുതര കണ്ടെത്തലുകൾ ഡിജിപി നടത്തിയിട്ടും ക്രമസമാധാന ചുമതലയിൽ നിന്ന് മാത്രം മാറ്റിയതിലാണ് ഘടകകക്ഷികൾക്ക് അതൃപ്തിയുള്ളത്. എന്നാൽ സംസ്ഥാന സർക്കാരിനെയും, ഇടതുമുന്നണിയേയും പ്രതിസന്ധിയിലാക്കുന്ന സാഹചര്യം ഉടലെടുത്ത പശ്ചാത്തലത്തിൽ പലരും പരസ്യമായി പ്രതികരിക്കാനുള്ള സാധ്യത കുറവാണ്.

അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്നായിരുന്നു എൽഡിഎഫിലെ ഘടകകക്ഷികളുടെ ആവശ്യം. എന്നാൽ സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട് വരട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ തുടർച്ചയായ പ്രതികരണം.

എന്നാൽ അജിത്തിനെ ആ സ്ഥാനത്തുനിന്ന് മാറ്റിയത് കൊണ്ട് മാത്രം രാഷ്ട്രീയ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല എന്ന വിലയിരുത്തലാണ് ഘടക കക്ഷികൾക്കുള്ളത്. സംഘപരിവാർ നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള സംശയങ്ങൾ പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് മുന്നിലേക്ക് വച്ചിരുന്നു.

അതിൻറെ അടിസ്ഥാനത്തിലാണെങ്കിൽ സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്ക് മുഖ്യമന്ത്രി നീങ്ങേണ്ടതായിരുന്നു എന്ന വിലയിരുത്തൽ ഘടകകക്ഷികൾക്ക് ഉണ്ട്. നിയമസഭാ സമ്മേളനത്തിൽ അജിത് കുമാറിനെ മാറ്റിയ വിഷയം ഉയർത്തി മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ ആയിരിക്കും സിപിഎം എംഎൽഎമാരുടെ ശ്രമം.

മറ്റ് ഘടകകക്ഷി എംഎൽഎമാർ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നുള്ളത് ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്. അജിത്കുമാറിനെ മാറ്റിയ ഉത്തരവിൽ കാരണം വ്യക്തമാക്കാത്തത് പ്രതിപക്ഷം ആയുധമാക്കാനുള്ള സാധ്യതയും കൂടുതലാണ്.

kerala

കോഴിക്കോട് മെഡിക്കൽ കോളജിലെ പൊട്ടിത്തെറി: വയനാട് സ്വദേശി ഉൾപ്പെടെ മൂന്നു പേർ മരിച്ചെന്ന് ടി. സിദ്ദീഖ് എം.എൽ.എ; ആളപായമില്ലെന്ന് അധികൃതർ

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിയിൽ വയനാട് സ്വദേശി ഉൾപ്പെടെ മൂന്നു പേർ മരിച്ചതായി ടി. സിദ്ദീഖ് എം.എൽ.എ. വയനാട് കൽപറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കൾ അറിയിച്ചെന്നാണ് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞത്.

പുക ഉയർന്ന സമയത്ത് വെന്‍റിലേറ്ററിൽ നിന്ന് നസീറയുമായി ഓടുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഒന്നാം വാർഡിലാണ് നിലവിൽ മൃതദേഹമുള്ളത്. മൃതദേഹം നേരിൽ കണ്ടതായും നസീറയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചതായും ടി. സിദ്ദീഖ് അറിയിച്ചു.

അതേസമയം, അത്യാഹിത വിഭാഗത്തിൽ പൊട്ടിത്തെറി സംഭവിക്കുന്നതിന് മുമ്പ് മൂന്നു പേർ മരിച്ചതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ, മേപ്പയൂർ സ്വദേശി ഗംഗാധരൻ എന്നിവരാണ് മരിച്ചത്. പൊട്ടിത്തെറി നടക്കുമ്പോൾ ഈ മൂന്നു പേരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അത്യാഹിത വിഭാഗത്തിലെ അപകടത്തിൽ ആളപായമില്ലെന്നും പ്രിൻസിപ്പിൽ ഡോ. സജിത് കുമാർ വ്യക്തമാക്കി.

അത്യാഹിത വിഭാഗം ബ്ലോക്കിൽ കഴിഞ്ഞിരുന്ന 34 രോഗികളെയാണ് നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്. മിംസ് ആശുപത്രി-3, ബീച്ച് ആശുപത്രി-12, ബേബി മെമ്മോറിയൽ ആശുപത്രി -6, സ്റ്റാർ കെയർ ആശുപത്രി – 2, കോഓപറേറ്റീവ് ആശുപത്രി – 1, നിർമല ആശുപത്രി-2, ഇഖ് റ ആശുപത്രി -2 എന്നിങ്ങനെയാണ്.

അത്യാഹിത വിഭാഗമായി പഴയ ക്വാഷ്വാലിറ്റി താൽകാലികമായി ഉപയോഗിക്കുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു. രോഗികളെ മെയ്ൻ ബ്ലോക്കിലേക്കും സൂപ്പർ സ്പെഷ്യാലിറ്റി, മെഡിക്കൽ ബ്ലോക്ക്, ഐ.സി.യു എന്നിവിടങ്ങളിലേക്ക് മാറ്റും. ബീച്ച് ആശുപത്രിയിലും സൗകര്യമുണ്ടാകും. പ്രത്യേക മെഡിക്കൽ സംഘത്തെ ബീച്ച് ആശുപത്രിയിലേക്ക് അയക്കും. ശസ്ത്രക്രിയകൾക്കായി പ്രധാന കെട്ടിടത്തിലെ ഓപറേഷൻ തീയറ്ററുകൾ ഉപയോഗിക്കാൻ നിർദേശം നൽകിയെന്നും പ്രിൻസിപ്പൽ പറഞ്ഞു.

വൈകിട്ട് എട്ടു മണിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ പുക ഉയർന്നതിനെ തുടർന്ന് 200ലധികം രോഗികളെ ഒഴിപ്പിച്ചത്. അത്യാഹിത വിഭാഗത്തോട് ചേർന്ന സി.ടി സ്കാന്‍റെ സമീപത്തുള്ള യു.പി.എസ് മുറിയിൽ നിന്നാണ് പൊട്ടിത്തെറി ശബ്ദം കേട്ടതും വലിയ പുക നിറയുകയും ചെയ്തത്. ഇതോടെ പരിഭ്രാന്തരായ രോഗികളുടെ കൂട്ടിരിപ്പുകാർ ആദ്യം കെട്ടിടത്തിന് പുറത്തേക്ക് ഇറങ്ങിയോടി. പിന്നീടാണ് രോഗികളെ ഒഴിപ്പിക്കാൻ തുടങ്ങിയത്.

അഗ്നിശമനസേനയും പൊലീസും ചേർന്ന് രോഗികളെ ഒഴിപ്പിക്കലിന് നേതൃത്വം നൽകി. കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ആംബുലൻസുകൾ രോഗികളെ ഒഴിപ്പിക്കാനായി ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ രോഗികളുമായെത്തിയ 108 ആംബുലൻസുകളും ജീവനക്കാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ഇടക്ക് കുറച്ചുനേരം വൈദ്യുതി മുടങ്ങിയത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

യു.പി.എസിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക വിവരമെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മെഡിക്കൽ കോളജ് ആശുപത്രി സുപ്രണ്ടന്‍റ് അറിയിച്ചു.

 

Continue Reading

kerala

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പാലക്കാട്ട് യുവതിക്കും മകനും ദാരുണാന്ത്യം

Published

on

പാലക്കാട്: കല്ലേക്കാട്ട് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. മാട്ടുമന്ത സ്വദേശി അഞ്ജു, മകൻ ശ്രീജൻ (2) എന്നിവരാണ് മരിച്ചത്. കിഴക്കഞ്ചേരിക്കാവിന് സമീപമാണ് അപകടം. പാലക്കാടു ഭാഗത്തുനിന്ന് ഒറ്റപ്പാലത്തേയ്ക്കു പോകുകയായിരുന്നു അഞ്ജുവും മകനും.

ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീക്ക് പരുക്കേറ്റു. നിയന്ത്രണംവിട്ട സ്കൂട്ടർ റോഡിനു സമീപം കൂട്ടിയിട്ടിരുന്ന പൈപ്പിൽ ഇടിച്ചാണ് നിന്നത്. ഇരുവരെയും ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ പുക; രോഗികളെ ഒഴിപ്പിക്കുന്നു

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം

Published

on

കോഴിക്കോട്∙  മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം. പുക കണ്ടയുടൻ ഐസിയുവിൽനിന്നും കാഷ്വാലിറ്റിയിൽനിന്നും രോഗികളെ ഒഴിപ്പിച്ചു. ഇവരെ സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ്. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവയും മാറ്റി.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആളപായമോ മറ്റ് അപകടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. യുപിഎസ് സൂക്ഷിച്ച റൂമില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. അഗ്നിരക്ഷാ സേനയും പൊലീസും തീ അണക്കാൻ ശ്രമിക്കുന്നു.

Continue Reading

Trending