തൃശൂര്‍ എടിഎം കൊള്ളക്കേസിലെ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരെ നാമക്കല്‍ ജയിലിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. നാളെ വിയ്യൂര്‍ പൊലീസ് തൃശൂര്‍ ജെഎഫ്എം 1ല്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.
പ്രതികളെ കൊള്ള നടന്ന എടിഎം സെന്ററില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. ഷൊര്‍ണൂര്‍ റോഡിലെ എസ്ബിഐ എടിഎമ്മില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തൃശൂര്‍ എടിഎം കൊള്ളക്കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകള്‍ വിയ്യൂര്‍ താണിക്കുടം പുഴയില്‍ നിന്നും കണ്ടെടുത്തിരുന്നു. പ്രതികള്‍ മോഷണത്തിനായി ഉപയോഗിച്ച ഗ്യാസ് കട്ടര്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെടുത്തത്.
തൃശൂരുല്‍ മൂന്ന് എടിഎമ്മുകളിലായി നടന്ന കൊള്ളയിലെ പ്രതികളെ തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് പിടികൂടിയത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 65ലക്ഷം രൂപയാണ് കൊള്ള സംഘം കവര്‍ന്നെടുത്തത്.
കണ്ടെയിനറിനകത്തു കാര്‍ കയറ്റി രക്ഷപ്പെടാനാണ് കവര്‍ച്ചാസംഘം ശ്രമിച്ചത്. ബൈക്കുകളെ ഇടിച്ച രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനത്തെ പിന്നീട് നാട്ടുകാരാണ് പിടികൂടിയത്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രതികളിലൊരാള്‍ മരിച്ചു.