Connect with us

india

റെയില്‍വേ സ്റ്റേഷനിലെ അപകടം; സത്യം മറച്ചുവെക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമം ലജ്ജാകരം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന മരണങ്ങളുടെ കാര്യത്തില്‍ സത്യം മറച്ചുവെക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമം അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

Published

on

മഹാ കുഭമേളയില്‍ പങ്കെടുക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതിന് പിന്നാലെ ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന അപകടത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി പേര്‍ മരിച്ചെന്ന വാര്‍ത്ത അങ്ങേയറ്റം വേദനാജനകമാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഖാര്‍ഗെയുടെ പ്രതികരണം.

സ്‌റ്റേഷനില്‍ നിന്ന് വരുന്ന വീഡിയോകള്‍ അങ്ങേയറ്റം ഹൃദയഭേദകമാണെന്നും ഖാര്‍ഗെ പ്രതികരിച്ചു. റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന മരണങ്ങളുടെ കാര്യത്തില്‍ സത്യം മറച്ചുവെക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമം അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം എത്രയും വേഗം ഔദ്യോഗികമായി പ്രഖ്യാപിക്കണം, കാണാതായവരുടെ ഐഡന്റിറ്റി ഉറപ്പാക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 18 പേരാണ് മരിച്ചത്. മരണപ്പെട്ടവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. യാത്രക്കാര്‍ ട്രെയിനുകളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ തിരക്കാണ് അപകടകാരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 1520 മിനിട്ടിനുള്ളില്‍ നൂറുകണക്കിന് യാത്രക്കാര്‍ 13, 14 പ്ലാറ്റ്‌ഫോമുകളില്‍ പെട്ടെന്ന് തടിച്ചുകൂടിയതിനെ തുടര്‍ന്നാണ് സംഭവം. പരിക്കേറ്റവരെ ഉടന്‍ തന്നെ എല്‍.എന്‍.ജെ.പി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

പ്രയാഗ്‌രാജിലേക്ക് പോകുന്ന സ്വതന്ത്ര സേനാനി എക്‌സ്പ്രസും ഭുവനേശ്വര്‍ രാജധാനി എക്‌സ്പ്രസും വൈകിയതിനാല്‍ ഈ ട്രെയിനുകളിലെ യാത്രക്കാര്‍ 12, 13, 14 പ്ലാറ്റ്‌ഫോമുകളില്‍ ഉണ്ടായിരുന്നു. ഇതിനിടെ പ്രയാഗ്‌രാജ് എക്‌സ്പ്രസ് 14ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയതോടെ ജനക്കൂട്ടം ട്രെയിനില്‍ കയറാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്.

സ്‌റ്റേഷനിലെ വലിയ തിരക്ക് കാരണം നിരവധി യാത്രക്കാര്‍ ശ്വാസംമുട്ടി ബോധരഹിതരായി വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും നിസാര പരിക്കുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയും റെയില്‍വേ മന്ത്രാലയം ധനസഹായം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. അതേസമയം അപകടത്തില്‍ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി എം.എല്‍.എയും മുന്‍ മുഖ്യമന്ത്രിയുമായ അതിഷി മര്‍ലേന രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിനോ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോ ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയില്ലെന്നും പ്രയാഗ്‌രാജില്‍ ശരിയായ ക്രമീകരണങ്ങളില്ലെന്നും അതിഷി പറഞ്ഞു. അപകടം ദൗര്‍ഭാഗ്യകരമാണെന്നും ഡല്‍ഹി എം.എല്‍.എ പറഞ്ഞു.

india

യുപിയില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭൂമിയില്‍ വന്‍ ക്രൂഡോയില്‍ നിക്ഷേപം

സ്വാതന്ത്ര്യ സമര സേനാനി ചിട്ടു പാണ്ഡെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് വന്‍ അസംസ്‌കൃത എണ്ണ ശേഖരം കണ്ടെത്തിയത്

Published

on

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ബലിയ അസംസ്‌കൃത എണ്ണ നിക്ഷേപം കണ്ടെത്തി. ജില്ലയിലെ സാഗര്‍പാലി ഗ്രാമത്തിന് സമീപം സ്വാതന്ത്ര്യ സമര സേനാനി ചിട്ടു പാണ്ഡെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് വന്‍ അസംസ്‌കൃത എണ്ണ ശേഖരം കണ്ടെത്തിയത്. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) പര്യവേക്ഷണ ശ്രമങ്ങള്‍ ആരംഭിച്ചു.

മൂന്ന് മാസത്തെ സര്‍വേയ്ക്ക് ശേഷമാണ് ഗംഗാ നദീ തടത്തില്‍ 3000 മീറ്റര്‍ ആഴത്തില്‍ എണ്ണ ശേഖരം കണ്ടെത്തിയത്. കൂടുതല്‍ ആഴത്തില്‍ എണ്ണ ശേഖരം ഉണ്ടെന്ന് ഒഎന്‍ജിസി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പാണ്ഡെയുടെ കുടുംബത്തില്‍നിന്ന് മൂന്ന് വര്‍ഷത്തേക്ക് ആറര ഏക്കര്‍ ഭൂമി പ്രതിവര്‍ഷം 10 ലക്ഷം രൂപ നിരക്കില്‍ ഒഎന്‍ജിസി പാട്ടത്തിനെടുത്തിട്ടുണ്ട്.

ഏപ്രില്‍ അവസാനത്തോടെ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൗത്യം വിജയിച്ചാല്‍, ഗംഗാ നദീതടത്തിലെ മറ്റ് സ്ഥലങ്ങളിലും സമാനമായ ഖനനം തുടങ്ങും. ഇതിന് പ്രാദേശിക കര്‍ഷകരില്‍നിന്ന് ഭൂമി ഏറ്റെടുക്കും.

Continue Reading

india

പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയുടെ വസതി പൊലീസ് സീല്‍ ചെയ്തു

വസതിയില്‍ പരിശോധന നടത്തിയതിന് ശേഷമാണ് നടപടി

Published

on

ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതി പൊലീസ് സീല്‍ ചെയ്തു. വസതിയില്‍ പരിശോധന നടത്തിയതിന് ശേഷമാണ് നടപടി. സംഭവത്തില്‍ ഡല്‍ഹി പൊലീസിന് വീഴ്ച് പറ്റിയതായി ആഭ്യന്തര അന്വേഷണസമിതിയുടെ വിലയിരുത്തിയിരുന്നു. വിഷയത്തില്‍ സീന്‍ മഹസര്‍ തയ്യാറാക്കാത്തതടക്കം ഡല്‍ഹി പൊലീസ് നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നാണ് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയുടെ വിലയിരുത്തല്‍.

സമിതിയുടെ നിര്‍ദേശപ്രകാരം ഡിസിപി ദേവേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പണം കണ്ടെത്തിയ മുറിയില്‍ പരിശോധന നടത്തി സീല്‍ ചെയ്തു. സുരക്ഷക്കായി കൂടുതല്‍ പൊലീസുകാരെ വിന്യസിക്കുകയും ചെയ്തു. അടുത്ത രണ്ടു ദിവസം സമിതി ഡല്‍ഹിയില്‍ തങ്ങി അന്വേഷണവും മൊഴിയെടുപ്പും നടത്തും.

അതേസമയം, രാത്രി 11.30ന് നടന്ന സംഭവം രാവിലെ 8 മണിക്ക് മോര്‍ണിംഗ് ഡയറി സമര്‍പ്പിച്ചപ്പോഴാണ് പൊലീസ് ആസ്ഥാനത്ത് അറിയുന്നതെന്ന് കമ്മീഷണര്‍ സമിതിയെ അറിയിച്ചു. തീയണച്ച ഉടന്‍ യശ്വന്ത് വര്‍മ്മയുടെ പിഎ എല്ലാവരോടും പോകാന്‍ ആവശ്യപ്പെട്ടിരുന്നു. രാവിലെ വീണ്ടും എത്തിയപ്പോള്‍ വീണ്ടും മടക്കി അയച്ചതായും തുഗ്ലഖ് റോഡ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അന്വേഷണ സംഘത്തെ അറിയിച്ചു.

പൊലീസിന്റെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം ജഡ്ജിയുടെ ജീവനക്കാരില്‍ നിന്ന് മൊഴി എടുക്കും. യശ്വന്ത് വര്‍മ്മയുടെ സ്ഥലം മാറ്റത്തിനെതിരെ അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്റെ പ്രതിഷേധം തുടരുകയാണ്.

Continue Reading

india

സംഭലില്‍ റോഡുകളിലും വീടുകള്‍ക്ക് മുകളിലും പെരുന്നാള്‍ നമസ്‌കാരം വേണ്ട;  മീററ്റിലും വിലക്ക്

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Published

on

സംഭലില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികളിലും ഈദ് ഗാഹുകളിലും മാത്രം മതിയെന്ന് പൊലീസ് നിര്‍ദേശം. റോഡുകളിലെയും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളിലെയും നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തി യുപി പൊലീസ്.

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈദുമായി ബന്ധപ്പെട്ട് സംഭല്‍ മസ്ജിദിന് സമീപം പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഈദ് ദിനത്തില്‍ സാധാരണഗതിയില്‍ ആളുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ റോഡുകളിലും വീടുകളുടെയും കെട്ടിടങ്ങളുടേയും മുകള്‍ഭാഗത്തും നമസ്‌കാരം നടക്കാറുണ്ട്. ഇതിനാണ് ഇത്തവണ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും അധികൃതരും വിളിച്ചുചേര്‍ത്ത മതനേതാക്കളുടെ സമാധാന സമിതി യോഗത്തിലാണ് നിര്‍ദേശം. പൊലീസ് നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എസ്പി മുന്നറിയിപ്പ് നല്‍കി.

സംഭലിന് പുറമെ മീററ്റിലെ റോഡുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് വിലക്കുണ്ട്. നിര്‍ദേശം ലംഘിച്ചാല്‍ ഇവിടെയും കര്‍ശന നടപടിയുണ്ടാകുമെന്ന് എസ്പി അറിയിച്ചു. ആളുകള്‍ റോഡില്‍ നമസ്‌കരിച്ചാല്‍ പാസ്പോര്‍ട്ടും ലൈസന്‍സും കണ്ടുകെട്ടുമെന്ന് മീററ്റിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തരവുകള്‍ ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം 200 പേര്‍ക്കെതിരെ കേസെടുത്തിരുന്നതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending