X

സരസ്വതി ദേവിയുടെ വിഗ്രഹത്തിൽ സാരിയില്ലെന്ന് ആരോപിച്ച് എ.ബി.വി.പി പ്രതിഷേധം

ത്രിപുരയിലെ ഗവണ്‍മെന്റ് കോളജിന് മുന്നില്‍ സ്ഥാപിച്ച സരസ്വതി ദേവിയുടെ വിഗ്രഹത്തിന്റെ വസ്ത്രത്തെ ചൊല്ലി വിവാദം. വസന്ത പഞ്ചമി ദിവസത്തില്‍ ഗവണ്‍മെന്റ് കോളേജ് ഓഫ് ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റിന് മുന്നില്‍ സ്ഥാപിച്ച വിഗ്രഹമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.

പരമ്പരാഗതമായ സാരി ധരിക്കാതെയാണ് സരസ്വതി ദേവിയുടെ വിഗ്രഹം പൂജക്കായി എത്തിച്ചതെന്ന് ആരോപിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ പൂജ തടഞ്ഞു. വിഗ്രഹം അശ്ലീലമുളവാക്കുന്നതും ഇന്ത്യന്‍ സംസ്‌കാരത്തെയും മതവികാരത്തെയും വ്രണപ്പെടുത്തുന്നതുമാണെന്നും ആരോപിച്ച് ബി.ജെ.പി വിദ്യാര്‍ത്ഥി സംഘടനായ എ.ബി.വി.പി രംഗത്തെത്തുകയായിരുന്നു.

പരമ്പരാഗതമായ സാരി ഉടുപ്പിക്കാതെ ദേവിയെ വികലമായി ചിത്രീകരിക്കുകയായിരുന്നെന്നും ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായി പോരാടുമെന്നും എ.ബി.വി.പി ജോയിന്റ് സെക്രട്ടറി ദിബാകര്‍ ആചാരി പറഞ്ഞു. അതേ സമയം മതവികാരം വൃണപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടയെല്ല വിഗ്രഹം പ്രതിഷ്ഠിച്ചതെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കി.

സരസ്വതി ദേവിയെ പൂജിക്കുന്ന ദിവസമാണ് വസന്ത പഞ്ചമി. ശ്രീ പഞ്ചമിയെന്ന വസന്ത പഞ്ചമി ഹിന്ദുക്കളുടെ വിദ്യാരംഭദിവസമാണ്. കേരളത്തിലൊഴികെ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും വസന്ത പഞ്ചമിക്ക് കുട്ടികളെ ആദ്യാക്ഷരം തുടങ്ങിക്കുകയും സവിശേഷ സരസ്വതി പൂജകള്‍ നടത്തുകയും ചെയ്യുന്ന ദിവസമാണിത്.

 

webdesk13: