നർത്തകി സത്യഭാമയ്ക്കെതിരെ ആർഎൽവി രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകി. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. എന്നാൽ അഭിമുഖം നൽകിയത് വഞ്ചിയൂരായതിനാൽ പരാതി തിരുവനന്തപുരത്തേക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
വീഡിയോയുടെ ലിങ്കും പൊലീസിന് കൈമാറി. പത്തിലധികം പേജുള്ള പരാതിയാണ് സമർപ്പിച്ചത്. പരാതി വഞ്ചിയൂർ പൊലീസിന് കൈമാറി. പരാമർശത്തിൽ സത്യഭാമയ്‌ക്കെതിരെ പട്ടിക ജാതി, പട്ടിക ഗോത്ര വർഗ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ നിർദേശം.
വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതിയിൽ രാമകൃഷ്ണൻ പറയുന്നത്. സത്യഭാമ നടത്തിയ പരാമർശത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്ന് ഒരു യുട്യൂബ് അഭിമുഖത്തിൽ സത്യഭാമ അധിക്ഷേപിച്ചിരുന്നു. സൗന്ദര്യമുള്ള പുരുഷന്മാർ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നും അവർ പറഞ്ഞിരുന്നു.