നരിക്കുനി: ഇരുന്നു പഠിക്കാന്‍ മേശയും കസേരയുമില്ലാതെ ചോര്‍ന്നൊലിക്കുന്ന വീട്ടിലിരുന്ന് പഠിച്ച് കോഴിക്കോട് മടവൂരിലെ അബുബക്കര്‍ സിദ്ദീഖ് നീറ്റ് പരീക്ഷയില്‍ നേടിയത് ഉന്നത വിജയം. മടവൂര്‍ 13-ാം വാര്‍ഡിലെ മേലാഞ്ഞിക്കോത്ത് ഇല്യാസിന്റെയും റഹ്മത്തിന്റെയും മകനായ ഈ മിടുക്കന് ഒബിസി വിഭാഗത്തില്‍ 1208 ആണു റാങ്ക്. ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് എസ്എസ്എല്‍സിയും പ്ലസ്ടുവും പഠിച്ചത്.
മാനസിക വെല്ലുവിളി നേരിടുന്ന പിതാവിനു കാര്യമായ ജോലികള്‍ക്കൊന്നും പോകാന്‍ കഴിയാത്തതിനാല്‍ ഉമ്മയും അബൂബക്കര്‍ സിദ്ദിഖും സഹോദരനും സഹോദരിയും ചേര്‍ന്നു കോഴികളെ വളര്‍ത്തിയാണു വരുമാനം കണ്ടെത്തുന്നത്. മണ്‍കട്ടകള്‍ കൊണ്ടു നിര്‍മിച്ച വീട് ബലക്ഷയം മൂലം നിലംപൊത്താറായിട്ടുണ്ട്. മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നതിനാല്‍ ടാര്‍പോളിന്‍ വലിച്ചു കെട്ടിയിരിക്കുകയാണ്. ഓരോ പരീക്ഷയിലും ഉന്നത വിജയം നേടുമ്പോള്‍ ലഭിക്കുന്ന ഉപഹാരങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ പെട്ടിയിലാക്കി വച്ചിരിക്കുന്നു.
നീറ്റ് പരീക്ഷയുടെ തലേന്നും കനത്ത മഴയില്‍ വീട് ചോര്‍ന്നൊലിക്കുകയായിരുന്നു. സ്വിച്ചുകള്‍ക്കുള്ളില്‍ വെള്ളം കയറിയതിനാല്‍ വിളക്കിന്റെ വെട്ടത്തിലായിരുന്നു പഠനം. എല്ലാ പ്രതിസന്ധികളെയും അസ്ഥാനത്താക്കിയാണ് സിദ്ദീഖ് നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയിരിക്കുന്നത്.