Connect with us

kerala

സര്‍ക്കാരിലെ ഉന്നതര്‍ക്ക് ബോട്ടിന് ബിനാമികള്‍: ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകള്‍ക്കും അപകടസാധ്യത

അടുത്തിടെ താനൂരിലും മറ്റും കടലിലേക്ക് തള്ളിനില്‍ക്കുന്ന രീതിയില്‍ സ്ഥാപിച്ച ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകളും ഇത്തരത്തില്‍ അപകടസാധ്യത വരുത്തുന്നതാണ്. ഇതിനുപിന്നിലും ബിനാമികളാണ് പ്രവര്‍ത്തിക്കുന്നത്.

Published

on

കെ.പി ജലീല്‍

സംസ്ഥാനത്തെ ടൂറിസം രംഗത്ത് സര്‍ക്കാരും സി.പി.എമ്മുമായി ബന്ധപ്പെട്ടവര്‍ക്ക് വന്‍ബിനാമി ബന്ധം. സാമ്പത്തികമായി ഉന്നതരായ പണച്ചാക്കുകളുടെ പണം ഉപയോഗിച്ച് സംസ്ഥാനത്തെ ടൂറിസം രംഗത്ത് മുതല്‍മുടക്ക് വര്‍ധിക്കുന്നു. താനൂരിലുണ്ടായ 22 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പിന്നിലും ബിനാമി ബന്ധമെന്ന് സൂചന. അരീക്കോട് എളമരം കടവിലും സമാനമായി നിരവധി കാലപ്പഴക്കം ചെന്ന ബോട്ടുകള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നു. സംസ്ഥാനത്തെ ഉന്നത സി.പി.എം നേതാക്കളിലൊരാള്‍ക്കാണ് ഇതിന്റെ പണം ഒഴുകുന്നത്. സംസ്ഥാനത്തെ ടൂറിസം വകുപ്പിലെ ഉന്നതരും സമാനമായി ബോട്ടുകള്‍ വാങ്ങി ബിനാമികളുടെ പേരില്‍ സര്‍വീസ് നടത്തി വരുമാനമുണ്ടാക്കുന്നതായി വിവരമുണ്ട്. ഇവരായതിനാല്‍ ലൈസന്‍സും ഫിറ്റ്‌നസും സംഘടിപ്പിക്കാന്‍ വലിയ പ്രയാസമില്ലതാനും.
താനൂര്‍ സംഭവത്തില്‍ അറ്റ്‌ലാന്റിക് എന്ന ബോട്ടിന്റെ ഉടമ നാസറാണെങ്കിലും ഇയാള്‍ ഉന്നത രാഷ്ട്രീയനേതാവിന്റെ ബിനാമിയാണെന്നാണ് വിവരം. സി.പി.എമ്മിന്റെ പ്രാദേശികനേതാവായ ഇദ്ദേഹത്തിന് തീരദേശത്തെ ഒരു മന്ത്രിയുമായി അടുത്ത ബന്ധമാണുളളത്. ലൈസന്‍സ് സംഘടിപ്പിക്കുന്നതിനും ഫിറ്റ്‌നസ് തയ്യാറാക്കി നല്‍കുന്നതിനും ഈ ബന്ധം ഉപയോഗപ്പെടുത്തുന്നു. 30-40 ലക്ഷം രൂപ ചെലവില്‍ മീന്‍പിടുത്ത ബോട്ടുകള്‍ വാങ്ങി മാറ്റങ്ങള്‍ വരുത്തിയാണ് യാത്രാബോട്ടുകളാക്കുന്നത്. മീന്‍പിടുത്ത ബോട്ടുകളും ഇത്തരത്തില്‍ ഉന്നതരുടെ പണം കൊണ്ടാണ് സര്‍വീസ് നടത്തുന്നത്. വരുമാനം മാസാമാസം ഉന്നതരുടെ കൈകളിലെത്തും. ആലപ്പുഴയില്‍ കുട്ടനാട് മേഖലയില്‍ ഇത്തരത്തില്‍ കാലപ്പഴക്കം ചെന്ന നൂറോളം ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. റോഡിലെ വാഹനങ്ങള്‍ക്ക് കൈക്കൂലി വാങ്ങി ഫിറ്റ്‌നസ് നല്‍കുന്നതുപോലെ ബോട്ടുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് ദുരന്തങ്ങള്‍ക്കിടയാക്കുന്നത്.

മീന്‍പിടുത്ത ബോട്ടുകള്‍ ഇത്തരത്തില്‍ അപകടത്തില്‍പെടാറുണ്ടെങ്കിലും തൊഴിലാളികളുടെ പരിചയവും മിടുക്കും കാരണം ദുരന്തത്തില്‍നിന്ന് പലപ്പോഴും രക്ഷപ്പെടുകയാണ്. അടുത്തിടെ താനൂരിലും മറ്റും കടലിലേക്ക് തള്ളിനില്‍ക്കുന്ന രീതിയില്‍ സ്ഥാപിച്ച ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകളും ഇത്തരത്തില്‍ അപകടസാധ്യത വരുത്തുന്നതാണ്. ഇതിനുപിന്നിലും ബിനാമികളാണ് പ്രവര്‍ത്തിക്കുന്നത്.

 

kerala

ഇ.പിയുടെ പുസ്തകവും പാര്‍ട്ടിയിലെ ജീര്‍ണതയും

Published

on

നാളിതുവരെ സി.പി.എം കാട്ടിക്കൂട്ടിയ നെറികേടുകള്‍ക്കുള്ള തിരിച്ചടികളാണ് ഓരോ തിരഞ്ഞെടുപ്പ് വേളയിലും അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ചേലക്കരയിലേയും വയനാട്ടിലേയും ഉപതിരഞ്ഞടുപ്പുദിവസം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥ വിവാദം അവര്‍ ചെയ്തുകൂട്ടിയതിനുള്ള കാലത്തിന്റെ തിരിച്ചടിയായിവേണം കരുതാന്‍. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സോളാര്‍ കേസില്‍

ഉമ്മന്‍ ചാണ്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയും പാലാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പ് ഉമ്മന്‍ചാണ്ടിയെ ഉള്‍പ്പെടുത്തി ടൈറ്റാനിയം കേസ് സി .ബി.ഐക്കുവിടുകയും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സോളാര്‍ കേസ് സി.ബി.ഐക്കു വിടുകയും ചെയ്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന് കാലംനല്‍കുന്ന തിരിച്ചടിയാണ് ഇ.പി ജയരാജന്റെ പുസ്തക വിവാദം. കൊടുത്തത് തിരിച്ചുകിട്ടുമെന്ന പഴമൊഴി പോലെ ഇവിടെ പഴയതിനൊക്കെ സി.പി.എമ്മിന് തിരിച്ചുകിട്ടുകയാണ്. തിരഞ്ഞെടുപ്പു ദിനത്തോടനുബന്ധിച്ചു വോട്ടര്‍മാരില്‍ പ്രതികൂല ചിന്തയുണ്ടാക്കാന്‍ സാധ്യതയുള്ള യാതൊന്നിനും മുതിരാതിരിക്കുന്നതാണ് രാഷ്ട്രീയ മര്യാദ. നിഷ്പക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചെറിയ വിവാദങ്ങള്‍ക്കുപോലും കഴിയും എന്നതുകൊണ്ട് ഇക്കാര്യത്തില്‍ മുന്നണികള്‍ പരമാവധി ശ്രദ്ധ നല്‍കാറുമുണ്ട്. എന്നാല്‍ സി.പി.എം ഈ മര്യാദകളൊക്കെ കാറ്റില്‍പറത്തുകയായിരുന്നു.

ഉമ്മന്‍ചാണ്ടിയോട് സി.പി.എം കാണിച്ച രാഷ്ട്രീയ നെറികേടിന് അവര്‍ക്കു കിട്ടുന്ന തിരിച്ചടികള്‍ പക്ഷേ അവരില്‍ നിന്നു തന്നെയാണെന്ന വസ്തുതയും കാണേണ്ടതുണ്ട്. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രമയെ കാണാന്‍ വി.എസ് അച്യുതാനന്ദന്‍ പോയത്. ഭരണകക്ഷിക്ക് 72 എം.എല്‍.എമാരും പ്രതിപക്ഷത്തിന് 68 പേരുമുള്ള കാലമായിരുന്നു അത്. ഒരു സീറ്റിന് സര്‍ക്കാരിന്റെ തന്നെ വിലയുള്ള കാലം, എന്നാല്‍ അച്യുതാനന്ദന്‍ കോഴിക്കോട് എത്തിയത് മുതല്‍ വോട്ടെടുപ്പ് ദൃശ്യങ്ങള്‍ മാഞ്ഞ് ഒഞ്ചിയം ദൃശ്യങ്ങള്‍ തല്‍സമയം തെളിഞ്ഞു. ഒടുവില്‍ ആറായിരത്തി എഴുനൂറ് വോട്ടിന് പൊതുതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ച നെയ്യാറ്റിന്‍കര മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റേതായി. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ദിവസമാണ് പ്രകാശ് ജാവദേക്കറെ കണ്ടെന്ന് ഇ.പി പറയുന്നത്. ആക്കുളത്തു മകന്റെ ഫ്‌ലാറ്റില്‍വച്ചു ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതായുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസത്തെ ഇ.പിയുടെ തുറന്നുപറച്ചില്‍ സി.പി.എമ്മിനും മുന്നണിക്കും ഏല്‍പ്പിച്ച പരുക്ക് ചെറുതായിരുന്നില്ല. അതില്‍നിന്നു കരകയറി, ഇ.പിയും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ച കുറയുന്നതിന്റെ സൂചനക്കിടയിലാണ് ആത്മകഥാ പ്രഹരം. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ചര്‍ച്ചയാക്കി യതിനുപിന്നില്‍ ഗൂഢാലോചന ആരോപിക്കുന്നുണ്ട് ഇ.പി.

ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ദിനംപ്രതി കൂടിവരികയാണ്. സി.പി.എമ്മിലും എല്‍.ഡി.എഫിലും അമര്‍ഷവും പ്രതിഷേധവും ഉള്ളവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനിടയിലാണ് വിവാദങ്ങളും സി.പി.എമ്മിനെ പിടികൂടുന്നത്. ജാവദേക്കറെ കണ്ടതായി ഇ.പി ജയരാജന്‍ തുറന്നു സമ്മതിച്ചതോടെയായിരുന്നു കൂടിക്കാഴ്ചാ വിവാദത്തില്‍ സി.പി.എം പ്രതിസന്ധിയിലായത്. പുസ്തക വിവാദത്തില്‍ പുറത്തുവന്ന കാര്യങ്ങള്‍ ഇ.പി തള്ളിക്കളഞ്ഞത് പാര്‍ട്ടിക്കു താല്‍ക്കാലിക പിടിവള്ളിയാകുമെങ്കിലും ഉള്ളില്‍ സംശയിച്ചുതന്നെയാണ് സി.പി.എം നേതൃത്വം നിലകൊള്ളുന്നത്. സംഘടനാ പ്രവര്‍ത്തനം തുടങ്ങിയതു മുതലുള്ള കാര്യങ്ങള്‍ പുറത്തുവന്ന ആത്മകഥയില്‍ അക്കമിട്ട് പറയുന്നുണ്ട്. ഇതിന് പുറമേയാണ് സ്വകാര്യ ശേഖരത്തിലെ ഫോട്ടോകളും പുസ്തകത്തിന്റെ പകര്‍പ്പിലുണ്ടെന്നത് പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. വളരെ അസ്വസ്ഥനായാണ് ഇ.പി പാര്‍ട്ടിയില്‍ കഴിയുന്നതെന്ന സൂചന പുസ്‌കത്തില്‍ വേണ്ടുവോളമുണ്ട്. എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിന് ശേഷം നടത്തിയ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ എറണാകുളത്തേക്ക് പോയ ഇ.പി

അവിടെ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതും വിവാദമായത് ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധത്തിനെതിരെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ പക്ഷേ, ജാവദേക്കറെ കണ്ടത് തള്ളിപ്പറഞ്ഞില്ല എന്നു മാത്രമല്ല അത് ന്യായീകരിക്കുകയുമായിരുന്നു. ഞാനും അഞ്ചാറ് തവണ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് പറഞ്ഞത്.

സി.പി.എം അകപ്പെട്ട ജീര്‍ണ്ണതയുടെ ആഴമാണ് ഓരോ സംഭവത്തിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ നിന്നും പുറത്തുകടക്കാന്‍ പര്യാപ്തമായ മറുപടി ജനങ്ങളോടു പറയുന്നതിന് സി.പി.എം നേതൃത്വത്തിനും കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത; ശനിയാഴ്ച വരെ മഴ തന്നെയെന്നു സൂചന

ഇന്ന് മുതൽ ഒറ്റപ്പെട്ട ഇടങ്ങളിൽ, നവംബർ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 16 വരെ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. രണ്ട് ചക്രവാതച്ചുഴികൾ രൂപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നിലവിൽ തെക്കൻ തമിഴ്‌നാടിനു മുകളിലും ലക്ഷദ്വീപിന്‌ മുകളിലുമായാണ് ചക്രവാതച്ചുഴികൾ സ്ഥിതിചെയ്യുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്നലെ പുറത്തുവന്ന കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നത്. ഇന്ന് മുതൽ ഒറ്റപ്പെട്ട ഇടങ്ങളിൽ, നവംബർ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്ന് ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലും നവംബർ 16ന് എറണാകുളം ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലായിരുന്നു മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Continue Reading

kerala

ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

ഉച്ചയോടെ തീർഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റിവിട്ട് തുടങ്ങും

Published

on

മണ്ഡല, മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകുന്നേരം നാല് മണിയോടെ നട തുറക്കും. പുതിയ മേൽശാന്തിമാർ ഇന്ന് ചുമതലയേൽക്കും. ഉച്ചയോടെ തീർഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റിവിട്ട് തുടങ്ങും. ഇന്ന് മുപ്പതിനായിരം പേരാണ് വെർച്വൽ ക്യൂ മുഖേന ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.

ആദ്യ ആഴ്ചയിലെ ഓൺലൈൻ ബുക്കിംഗ് പൂർണമായും നിറഞ്ഞു. ദർശനത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കാൻ നേരത്തെ തീരുമാനിച്ചത്. എന്നാൽ തിരക്ക് പ്രമാണിച്ച് ഒരു മണിക്കൂർ നേരത്തെ നട തുറക്കാൻ പിന്നീട് തീരുമാനമായി.

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും. പതിനെട്ടാം പടിയിൽ പരമാവധി ഭക്തരെ വേഗത്തിൽ കടത്തിവിടാനുള്ള സൗകര്യം പോലീസ് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 16 മണിക്കൂർ ദർശനമായിരുന്നുവെങ്കിൽ ഇത്തവണ 18 മണിക്കൂർ ദർശന സൗകര്യമുണ്ടാകും.

Continue Reading

Trending