Connect with us

kerala

അബ്ദുറഹീം: കണക്കുകൾ പുറത്തുവിട്ട് നാട്ടിലെ ട്രസ്റ്റ് കമ്മിറ്റി

ക്രൗഡ് ഫണ്ടിങ് വഴി ലഭിച്ചത് : 47,87,65,347 രൂപ
ഇതുവരെയുള്ള ചെലവ് : 36,27,34,927 രൂപ
ബാക്കി : 11,60,30,420 രൂപ

Published

on

കോഴിക്കോട് : സഊദിയിലെ റിയാദിൽ ജയിൽ മോചനം കാത്ത് കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്റെ ദിയ ധനം കണ്ടെത്തുന്നതിന്റെ ഭാഗമായി 47,87,65,347 രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചതായി അബ്ദുറഹീം ലീഗൽ അസ്സിസ്റ്റൻസ് ട്രസ്റ്റ് കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ ഇതുവരെയായി 36,27,34,927 രൂപ ചെലവായതായും ബാക്കി 11,60,30,420 രൂപ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലുള്ളതായും ഭാരവാഹികൾ വ്യക്തമാക്കി. ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പടെയുള്ള വ്യക്തമായ കണക്കുകളാണ് കമ്മിറ്റി പുറത്ത് വിട്ടത്. ബാക്കിയുള്ള തുക അബ്ദുറഹീം ജയിൽ മോചിതനായി നാട്ടിൽ തിരിച്ചെത്തിയ ശേഷം എന്ത് ചെയ്യണമെന്ന് സർവകക്ഷി സമിതിയുടെ മേൽനോട്ടത്തിലുള്ള ട്രസ്റ്റ് തീരുമാനമെടുക്കുമെന്ന് ചെയർമാൻ സുരേഷ് കുമാർ, ജനറൽ കൺവീനർ കെ കെ ആലിക്കുട്ടി എന്നിവർ പറഞ്ഞു.

സമാനതകളില്ലാത്ത ദൗത്യമാണ് നിറവേറ്റിയത്. റിയൽ കേരള സ്റ്റോറിയായി മാറിയ ഫണ്ട് സമാഹരണത്തിൽ ലോകം കൈകോർത്തത് കേരള ചരിത്രത്തിൽ സുവർണ്ണ രേഖയായി അവശേഷിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. നാട്ടിലെയും റിയാദിലെയും നിയമ സഹായ സമിതികൾ വഴി ചെലവായ തുകയിലേക്കും ആപിന്റെ ടി ഡി എസ് ഇനത്തിലും ബാക്കി നൽകാനുള്ള തുക വൈകാതെ നൽകി എല്ലാ സാമ്പത്തിക ഇടപാടുകളും സുതാര്യമായി പൂർത്തിയാക്കും .

അബ്ദുറഹീമിന്റെ മോചനത്തിന് വേണ്ടി തീരുമാനമെടുക്കുകയും ആത്മധൈര്യത്തോടെ മുന്നോട്ട് പോവുകയും ചെയ്ത റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി, മഹാ യജ്ഞത്തിൽ കൈകോർത്ത ലോക മലയാളി സമൂഹത്തിനും മത, രാഷ്ട്രീയ സംഘടനകൾ ഉൾപ്പടെ വിവിധ തലങ്ങളിലെ സംഘടനകൾക്കും ജീവകാരുണ്യ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും വിശിഷ്യാ സഊദി ഉൾപ്പടെയുള്ള പ്രവാസി സമൂഹത്തിനും ലീഗൽ അസ്സിസ്റ്റൻസ് കമ്മിറ്റി ഹൃദ്യമായ നന്ദി രേഖയപെടുത്തി.

റിയാദിലെ നിയമ സഹായ സമിതിയോടൊപ്പം ഇന്ത്യൻ എംബസിയുടെ നിരന്തരമായ ഇടപെടലുകളാണ് ദിയ നൽകാനും റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യാനും കാരണമായത്. അംബാസഡർ ഡോ. സുഹൈൽ അജാസ്ഖാൻ ഉൾപ്പടെ ഡിസിഎം, വെൽഫയർ വിഭാഗത്തിലെ ഉദ്യോഗസ്ഥർ, റഹീമിന്റെ മോചനത്തിന് വേണ്ടി തുടക്കം മുതൽ രംഗത്തുള്ള എംബസി ഉദ്യോഗസ്ഥൻ യുസഫ് കാക്കഞ്ചേരി, നിയമ നടപടികൾക്കായി ദ്രുതഗതിയിൽ കാര്യങ്ങൾ നീക്കുന്ന പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂർ, റഹീമിന്റെ വക്കീലുമാർ, പരിഭാഷകർ, റിയാദിലെ മുഴുവൻ സംഘടനകളുടെയും നേതാക്കൾ, പ്രവർത്തകർ, നാട്ടിലെ കോടമ്പുഴ പ്രാദേശിക കമ്മിറ്റി, വിവിധ തലങ്ങളിൽ റഹീമിന്റെ ജയിൽ മോചനത്തിന് വേണ്ടി പ്രവർത്തിച്ചവർ ഉൾപ്പടെയുള്ളവർക്കെല്ലാം കമ്മിറ്റി കടപ്പാട് അറിയിച്ചു.

അബ്ദുറഹീമിന്റെ കേസ് നാളെ (ഞായറാഴ്ച) റിയാദിലെ ക്രിമിനൽ കോടതി പരിഗണിക്കാനിരിക്കെയാണ് ട്രസ്റ്റ് കമ്മിറ്റിയുടെ കണക്കുകൾ വെളിപ്പെടുത്തിയുള്ള വാർത്താസമ്മേളനം. ദിയാധനം സ്വീകരിച്ചതിന് ശേഷം സഊദി കുടുംബം മാപ്പ് നൽകാൻ തയ്യാറാണെന്ന് റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതിന്റെ തുടർന്ന് കഴിഞ ജൂലൈ രണ്ടിന് അബ്ദു റഹീമിന്റെ വധശിക്ഷ റദ്ദാക്കിയതായി കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മോചന ഉത്തരവ് ലഭിച്ചാൽ റിയാദ് കോടതിയുടെ സ്വാഭാവികമായ നടപടികൾ പൂർത്തിയാക്കി വൈകാതെ അബ്ദുറഹീം നാട്ടിലെത്തും . അതിനിടെ റിയാദിലെത്തിയ റഹീമിന്റെ മാതാവും സഹോദരനും അമ്മാവനും ജയിലിൽ റഹീമുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തത് ഈ മഹാ ദൗത്യത്തിൽ പങ്കാളികളായിരുന്നു എല്ലാവര്ക്കും ഏറെ സന്തോഷം പകർന്നു.

സഊദി പൗരന്റെ മരണത്തെ തുടർന്ന് കഴിഞ്ഞ പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിന് സഊദി കുടുംബം 15 മില്യൺ റിയാലായിരുന്നു ആവശ്യപ്പെട്ടത്. റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതിയുടെ കഴിഞ്ഞ 17 വർഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് സഊദി കുടുംബത്തിന്റെ തന്നെ വക്കീലിന്റെ പ്രത്യേക ഇടപെടൽ മൂലം പതിനഞ്ച് മില്യൺ റിയാലിന് മോചനം നൽകാൻ സമ്മതിച്ചത്. ഫണ്ട് സമാഹരണം മുന്നിൽ കണ്ട് റിയാദിലെ സർവകക്ഷി സമിതിയുടെ നിർദേശ പ്രകാരം 2021ലാണ് നാട്ടിലെ ട്രസ്റ്റ് കമ്മിറ്റി രൂപീകരിച്ചത്. കേന്ദ്ര സംസ്ഥാന മന്ത്രിമാർ, എംപിമാർ, എം എൽ എമാർ, സർവ കക്ഷി നേതാക്കൾ തുടങ്ങിയവരുൾപ്പെട്ടതായിരുന്നു ട്രസ്റ്റ് കമ്മിറ്റി.

അബ്ദുറഹീമിന് വധശിക്ഷ നൽകുക എന്ന തീരുമാനത്തിൽ ഉറച്ചു നിന്നിരുന്ന സഊദി കുടുംബവുമായി അവരുടെ തന്നെ വക്കീലുമാർ നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് കഴിഞ്ഞ ഒക്ടോബറിൽ ദിയ ധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നൽകാൻ സഊദി കുടുംബം തയ്യാറായത്. വക്കീലുമാർ മുഖേന ഇന്ത്യൻ എംബസിയും റിയാദിലെ നിയമ സഹായ സമിതിയും തുടർച്ചയായി നടത്തിയ കഠിന പ്രയത്നമാണ് ഇത്തരമൊരു തീരുമാനത്തിലെത്താൻ വഴിയൊരുക്കിയത് .

ദിയ നൽകി മാപ്പ് നൽകാനുള്ള സഊദി കുടുംബത്തിന്റെ തീരുമാനം ഡിസംബറിൽ ഇന്ത്യൻ എംബസി നാട്ടിൽ അബ്ദുറഹീമിന്റെ കുടുംബത്തെ അറിയിക്കുകയും അതുപ്രകാരം ട്രസ്റ്റ് കമ്മിറ്റി വഴി ഫണ്ട് സമാഹരണത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു . മലപ്പുറത്തെ സ്പെയിൻ കോഡ് എന്ന ഐ ടി കമ്പനിയുടെ പ്രത്യേക ആപ്പ് വഴിയാണ് മാർച്ച് പത്ത് മുതൽ ഫണ്ട് സമാഹരണത്തിന് തുടക്കമിട്ടത്. ദിയധനം സമാഹരിച്ച് ഔദ്യോഗികമായി ഇന്ത്യൻ എംബസി വഴി വിവരം അറിയിക്കാൻ സഊദി കുടുംബം വക്കീലുമാർ മുഖേന നൽകിയ സമയപരിധി ഏപ്രിൽ 16 ആയിരുന്നു. ഫണ്ട് സമാഹരിച്ച വിവരം ഏപ്രിൽ 16നകം അറിയിച്ചില്ലെങ്കിൽ മാപ്പ് നൽകാമെന്ന ഉറപ്പിൽ നിന്ന് പിന്മാറുമെന്നായിരുന്നു സഊദി കുടുംബത്തിന്റെ നിലപാട്. എന്നാൽ ദൈവാനുഗ്രഹത്താൽ ഫണ്ട് സമാഹരണത്തിന് അനുയോജ്യമായ വിധം വിശുദ്ധ റമളാൻ കൂടി കടന്നു വന്നതോടെ സമയപരിധിക്ക് നാല് ദിവസം മുമ്പേ തന്നെ ഏപ്രിൽ 12 ന് ആവശ്യമായ തുക സ്വരൂപിച്ചു ക്രൗഡ് ഫണ്ടിങ് അവസാനിപ്പിച്ചു.

പിന്നീട് ഏറെ സുതാര്യമായ രീതിയിലാണ് പിന്നീട് ഫണ്ട് റിയാദിലെ ക്രിമിനൽ കോടതിയുടെ ചീഫ് മജിസ്‌ട്രേറ്റിന്റെ പേരിലെത്തിച്ചത്. ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഡൽഹിയിലെ വിദേശ മന്ത്രാലയം വഴി ഇന്ത്യൻ എംബസിയിലേക്കെത്തിച്ച ഫണ്ട് എംബസി ചെക്ക് വഴി റിയാദ് ഗവർണറേറ്റിലേക്ക് കൈമാറി. ഗവര്ണറേറ്റിൽ നിന്ന് കോടതിക്ക് കൈമാറിയ ചെക്ക് പിന്നീട് മരിച്ച സഊദി പൗരന്റെ മാതാവ്, രണ്ട് സഹോദരന്മാർ , നാല് സഹോദരിമാർ എന്നിവരുടെ പേരിൽ നിയമ പ്രകാരമുള്ള വിഹിതമായി കോടതി തന്നെ നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് നൽകി. വക്കീലിനുള്ള തുകയും ഇന്ത്യൻ എംബസി വഴി തന്നെ ചെക്ക് നൽകി.

പൂർണ്ണമായും ഔദ്യോഗിക മാര്ഗങ്ങളിലൂടെ നടന്ന ദിയ ധന കൈമാറ്റം സംബന്ധിച്ചും റിയാദിലെയും നാട്ടിലെയും നിയമ സഹായ സമിതിയുടെ പ്രവർത്തനങ്ങളെ കുറിച്ചും അപവാദങ്ങൾ പ്രചരിപ്പിക്കാൻ ചിലർ രംഗത്തുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.ഇങ്ങിനെ സോഷ്യൽ മീഡിയ വഴി ചിലർ നടത്തുന്ന അപവാദ പ്രചാരണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്നും സർവകക്ഷി സമിതിയുടെ ഇടപെടലിലോ ഇടപാടുകളിലോ അണുമണിത്തൂക്കം സംശയം ഉണ്ടാവില്ലെന്നും അവർ വ്യക്തമാക്കി. ലോകം കൈകോർത്ത നന്മ നിറഞ്ഞ മഹാ ദൗത്യത്തെ വികൃതമാക്കുന്ന നീക്കങ്ങളിൽ നിന്ന് ഇത്തരമാളുകൾ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.

റിയാദിലെ ജയിലിലെത്തി അബ്ദുറഹീമിനെ കാണുകയും റിയാദ് അബ്ദുറഹീം നിയമ സഹായ സമിതിയുടെ സ്വീകരണത്തിൽ പങ്കെടുക്കുകയും ചെയ്ത മാതാവിനും സഹോദരനും അമ്മാവനും യഥാർത്ഥ വസ്തുതകൾ എല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം അവർ തന്നെ റിയാദിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറയുകയും ചെയ്തതായും ഭാരവാഹികൾ വ്യക്തമാക്കി. നിയമ സഹായ സമിതി, ട്രസ്റ്റ് ഭാരവാഹികളായ കെ സുരേഷ് കുമാർ, കെ കെ ആലിക്കുട്ടി, ഓഡിറ്റർ കൂടിയായ പി എം എ സമീർ, ഷകീബ് കൊളക്കാടൻ, മൊയ്‌തീൻകോയ കല്ലമ്പാറ, അഷ്‌റഫ് വേങ്ങാട്ട്, നാസർ കാരന്തുർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

kerala

നെന്മാറ കൊലപാതകം; ചെന്താമരയുമായി അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പ്

കസ്റ്റഡിക്കായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും

Published

on

നെന്മാറ പോത്തുണ്ടിയില്‍ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ചെന്താമരയുമായി അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. വിയ്യൂര്‍ സബ് ജയിലിലാണ് നിലവില്‍ പ്രതിയുള്ളത്. കസ്റ്റഡിയില്‍ കിട്ടാനായി പൊലീസ് ഇന്ന് ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും.

അതേസമയം തെളിവെടുപ്പിന് മുന്നോടിയായി പ്രദേശത്തെ സുരക്ഷാ സാഹചര്യം പൊലീസ് അവലോകനം ചെയ്യുന്നു. കര്‍ശന സുരക്ഷയേര്‍പ്പെടുത്തി തെളിവെടുപ്പിന് കൊണ്ടുവരാനാണ് തീരുമാനം. കൊലപാതകം നടത്തിയ സ്ഥലം, ആയുധം വാങ്ങിയ സ്ഥലം തുടങ്ങിയ ഇടങ്ങളിലാവും തെളിവെടുപ്പ് നടത്തുക.

അതേസമയം വൈരുധ്യമുള്ള മൊഴികളാണ് പ്രതി നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞിരുന്നു. ആലത്തൂര്‍ സബ് ജയിലിലാണ് ചെന്താമരയെ ആദ്യം റിമാന്‍ഡ് ചെയ്തിരുന്നത്. എന്നാല്‍, സബ് ജയിലിലെ മറ്റ് തടവുകാര്‍ സുരക്ഷ സംബന്ധിച്ച ആശങ്ക ഉയര്‍ത്തിയതോടെ പ്രതിയെ വിയ്യൂരിലേക്ക് മാറ്റുകയായിരുന്നു.

ജനുവരി 27നാണ് അയല്‍വാസികളായ നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍നഗറില്‍ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 28ന് രാത്രിയാണ് മാട്ടായിയിലെ വീടിന് സമീപത്തെ വയലില്‍ നിന്ന് ചെന്തമാരയെ പിടികൂടുന്നത്.2019ല്‍ അയല്‍വാസിയായ സജിതയെ കൊന്ന് ജയിലില്‍ പോയ കുറ്റവാളിയാണ് ഇയാള്‍. ഇപ്പോള്‍ കൊല്ലപ്പെട്ട സുധാകരന്‍ സജിതയുടെ ഭര്‍ത്താവാണ്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

മകളുടെയും മരുമകന്റെയും മുന്നില്‍ തല കാണിക്കാന്‍ പറ്റില്ലെന്നും എത്രയും വേഗം ശിക്ഷിക്കൂവെന്നും ചെന്താമര പറഞ്ഞിരുന്നു.

 

Continue Reading

kerala

സംസ്ഥാനത്ത് ചൂട് കൂടും; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്

Published

on

സംസ്ഥാനത്ത് തിങ്കളാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ജാഗ്രത നിര്‍ദേശങ്ങള്‍

പകല്‍ 11 മുതല്‍ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആര്‍.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മണി മുതല്‍ 3 മണി വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അങ്കണനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ മൂന്ന് വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ചെറിയ കുപ്പിയില്‍ കുടിവെള്ളം കൈയില്‍ കരുതുക.
അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

Continue Reading

kerala

കോഴിക്കോട് സ്വിഗ്ഗി ഡെലിവറി ബോയ് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

റോഡില്‍ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

കോഴിക്കോട്: കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജങ്ഷനിലെ വെള്ളക്കെട്ടില്‍ യുവാവ് മരിച്ച നിലയില്‍. സ്വിഗ്ഗി ഡെലിവറി ബോയാണ് മരിച്ചത്. റോഡില്‍ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാത്രി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വിതരണം ചെയ്യാന്‍ പോകുന്ന വഴി വെള്ളക്കെട്ടില്‍ വീണതാകാമെന്നാണ് സൂചന. പൈപ്പിടാനായി കുഴിച്ച കുഴിക്ക് ചുറ്റും ആകെയുള്ളത് ബലമില്ലാത്ത ഒരു ചെറിയ ബാരിക്കേഡ് മാത്രമാണ്. സംഭവസ്ഥലത്ത് മുമ്പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥലത്ത് കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അതേസമയം ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് യുവാവ് മരിക്കാനിടയായ അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

 

Continue Reading

Trending