കൊല്‍ക്കത്തയില്‍ വെച്ച് ബംഗ്ലാദേശ് എം.പി കൊല്ലപ്പെട്ട കേസില്‍ വഴിത്തിരിവ്. എം.പിയെ കൊന്നതിനു ശേഷം തൊലിയുരിഞ്ഞു മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളിലാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇട്ടത് താനാണെന്ന് പ്രതി ജിഹാദ് ഹവ്ലാദാര്‍ സമ്മതിച്ചു. ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗ് എം.പിയാണ് കൊല്ലപ്പെട്ട അന്‍വാറുള്‍ അസിം അനര്‍.
പശ്ചിമ ബംഗാള്‍ സി.ഐ.ഡി (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്)യാണ് പ്രതിയെ പിടികൂടിയത്.കൊല്‍ക്കത്തയില്‍ എത്തി രണ്ട് ദിവസത്തിന് ശേഷം മെയ് 14 മുതലാണ് ബംഗ്ലാദേശ് എം.പി അന്‍വാറുള്‍ അസിം അനറിനെ കാണാതായത്.
ബംഗ്ലാദേശ് വംശജനായ യു.എസ് പൗരന്‍ അക്തറുസ്സമാന്‍ ആയിരുന്നു മുഖ്യ സൂത്രധാരന്‍ എന്ന് ഹവ്ലാദാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അക്തറുസ്സമാന്റെ നിര്‍ദേശമനുസരിച്ച് ഹവ്ലാദാറും മറ്റ് നാല് ബംഗ്ലാദേശ് പൗരന്മാരും ചേര്‍ന്ന് ന്യൂ ടൗണ്‍ അപ്പാര്‍ട്ട്മെന്റില്‍ വച്ച് എം.പിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ബംഗാള്‍ സി.ഐ.ഡി ന്യൂ ടൗണ്‍ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ രക്തക്കറ കണ്ടെത്തുകയും ശരീരഭാഗങ്ങള്‍ വലിച്ചെറിയാന്‍ ഉപയോഗിച്ചതായി കരുതുന്ന നിരവധി പ്ലാസ്റ്റിക് ബാഗുകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. പ്രതികള്‍ എം.പിയെ കഴുത്ത് ഞെരിച്ച് കൊന്നതിനു ശേഷം കഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളിലാക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാനാണ് പ്രതികള്‍ ശരീരത്തിന്റെ തൊലിയുരിച്ചതെന്ന് പൊലീസ് പറഞ്ഞു.
കേസില്‍ മൂന്ന് പേര്‍ ഇതിനകം അറസ്റ്റിലായിരുന്നു. ജിഹാദ് ഹവ്ലാദാറിനെ ബരാസത്ത് കോടതിയില്‍ ഹാജരാക്കുമെന്നും എം.പിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ചോദ്യം ചെയ്യുമെന്നും സി.ഐ.ഡി അറിയിച്ചു.ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അന്‍വാറുല്‍ ആസിമിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്തു.