Connect with us

kerala

പി.ആര്‍ കസര്‍ത്തിന് ഒരു കരുതല്‍

Published

on

കേരള മുഖ്യന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള മന്ത്രിസഭ ഒന്നടങ്കം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കോടികള്‍ ചിലവിട്ട് ലക്ഷുറി ബസില്‍ കറങ്ങുന്ന സീറ്റുമായി നവകേരള യാത്ര എന്ന പേരില്‍ നടത്തിയ വെറുമൊരു യാത്രയുടെ ക്ഷീണം ഇതുവരെ സംസ്ഥാനത്തിന് തീര്‍ന്നിട്ടില്ല. ഇതിനായി പ്രത്യേകം രൂപകല്‍പന ചെയ്തിറക്കിയ ബസ് കട്ടപ്പുറത്ത് അന്ത്യ വിശ്രമം ആരംഭിച്ചിട്ട് നാളുകളായി. നവകേരള യാത്ര കഴിഞ്ഞാല്‍ ബസ് കാണാന്‍ മ്യൂസിയത്തില്‍ ടിക്കറ്റെടുത്ത് ആളുകള്‍ ക്യൂ നില്‍ക്കുമെന്നൊക്കെ പറഞ്ഞിരുന്ന ക്രിസ്റ്റല്‍ ക്ലിയര്‍ ബാലനും കൂറ്റനാടു നിന്നും കെ റെയിലില്‍ അപ്പം വില്‍ക്കാന്‍ ആളുകളെ തിരഞ്ഞെടുത്ത പാര്‍ട്ടി സെക്രട്ടറി ഗോവിന്ദനുമൊക്കെ ഇപ്പോള്‍ ഏതാണ്ട് നവകേരള ബസും അന്ന് നടത്തിയ യാത്രയുമൊക്കെ മറന്ന മട്ടാണ്. പോരാത്തതിന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പാര്‍ട്ടി വിഭാഗീയതയില്‍ മുങ്ങിത്താണ് ഒരു വിഭാഗം പിണറായി മഹത്വവും മറുവിഭാഗം ഇതിനെതിരെ കുറ്റപത്രവും തീര്‍ത്തു കൊണ്ടിരിക്കവെ ഇതില്‍ നിന്നും മോചനത്തിന് എന്തു വഴി എന്നന്വേഷിച്ചിരിക്കുമ്പോഴാണ് പാര്‍ട്ടിയുടെ കുബുദ്ധി ജീവികള്‍ മറ്റൊരു യാത്രക്ക് കൂടി തയ്യാറെടുപ്പിക്കുന്നത്. നവകേരള സദസ്സിന്റെ പുതിയ പതിപ്പ് അഥവാ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ പേര് കരുതലും കൈത്താങ്ങും. സര്‍ക്കാറിന്റെ പദ്ധതികള്‍ ജനം അംഗീകരിക്കുന്നില്ലെന്നാണ് പോലും മുഖ്യന്റെ പരിഭവം. എങ്ങിനെ അംഗീകരിക്കും ഉപ്പ് മുതല്‍ കര്‍പ്പുരം വരെ വില കൂട്ടി, വെള്ളക്കരം, ഭൂമികരം, വെദ്യുതി ചാര്‍ജ്ജ് തുടങ്ങി സര്‍ക്കാറിന് കൂട്ടാവുന്നതൊക്കെ കുട്ടി ജനത്തിന്റെ നടുവൊടിച്ചിട്ടാണ് മുണ്ടുടുത്ത മോദിയുടെ പരിഭഛായ സര്‍ക്കാറിന്റെ പ്രതിച്ഛായ മാറ്റാന്‍ മുഖ്യമന്ത്രിയും മന്ത്രിപ്പടയും കോടികള്‍ ചെലഴിച്ച് കേരളത്തിലുടനീളം അലഞ്ഞു തിരിഞ്ഞ് നടത്തിയ ‘നവകേരള സദസ്സി’ന്റെ പുതിയ പതിപ്പ് ‘കരുതലും കൈത്താങ്ങും’ അദാലത്ത് എന്ന പേരില്‍ വരികയാണ്.

ഇനി ഇതിനായി ഏത് വാഹനമാണാവോ പ്രത്യേകം ഡിസൈന്‍ ചെയ്ത് മ്യൂസിയത്തിന് സംഭാവന ചെയ്യാന്‍ പോകുന്നത്. ഓരോ താലൂക്കിലും ഈ പരിപാടിക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത് മൂന്ന് ലക്ഷം രുപ വീതമാണ്. അതൊരു വലിയ തുകയൊന്നുമല്ലെങ്കിലും ഈ പരിപാടിയുടെ ‘സംസ്ഥാന തല ഉദ്ഘാടന’ത്തിന് 25 ലക്ഷത്തി എണ്‍പത്തയ്യായിരം രൂപ ചെലവഴിക്കുന്നുണ്ടത്രേ! അതെന്തിനാണ് അവിടെ മാത്രം ഇത്ര വലിയ തുക? എന്നോന്നും ചോദിക്കരുത്. എല്ലാത്തിലും കയ്യിട്ടുവാരുന്നവരായതിനാല്‍ ഞങ്ങളെ ആരും ചോദ്യം ചെയ്യാന്‍ പാടില്ല. ഞങ്ങള്‍ പാര്‍ട്ടി പരിപാടി വേണ്ടി വന്നാല്‍ നടുറോഡിലും പന്തലിട്ടു നടത്തും. പക്ഷേ സര്‍ക്കാര്‍ പരിപാടി അങ്ങിനാണോ. കേരളത്തില്‍ 77 താലൂക്കുകളിലും പരിപാടി നടക്കുമ്പോള്‍ അവിടെയെല്ലാം ഒരേ തരത്തിലുള്ള പരാതിക്കാരാണ് വരാനുള്ളത്. എണ്ണവും ഏതാണ്ടൊക്കെ ഒരുപോലെ ആയിരിക്കും എന്നനുമാനിക്കാം. അവര്‍ക്കെല്ലാം പന്തലും കസേരയും കുടിവെള്ളവുമൊക്കെയായി ഒരേ സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. അതില്‍ ആദ്യം നടക്കുന്ന താലൂക്കിലെ പരിപാടിയെ സംസ്ഥാന തല ഉദ്ഘാടനമായി പ്രഖ്യാപിച്ചാല്‍ പോരേ? എന്നു ചോദിക്കരുത്. 23 ലക്ഷത്തോളം രൂപ അവിടെ അധികമായി ചെലവഴിച്ചുകൊണ്ടുള്ള ഒരു ഉദ്ഘാടന മാമാങ്കം എന്തിനാണ്. ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. സര്‍ക്കാരിന്റെ പിആര്‍ വര്‍ക്ക്. സര്‍ക്കാറിനെ കുളിപ്പിച്ച് കുട്ടപ്പനാക്കാന്‍ പി.ആര്‍ വര്‍ക്ക് അല്ലാതെ ഇനി മറ്റൊരു വഴിയും ഇല്ല. പക്ഷേ സംഗതി ഇവ്വിതമാണെങ്കിലും സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലെ ചില ലിസ്റ്റ് കണ്ടാലാണ് ഈ സര്‍ക്കാറിന്റെ പ്രയോരിറ്റി എന്താണെന്നും ഈ പരിപാടിക്കു പിന്നിലെ ഗിമ്മിക്ക് എന്താണെന്നും മനസിലാവുക. അദാലത്തില്‍ പാടുള്ളതിനേക്കാളും പാടില്ലാത്തവയുടെ ലിസ്റ്റാണ് കൂടുതല്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളോ അഭിപ്രായങ്ങളോ പാടില്ല. വികസന കാര്യങ്ങളെക്കുറിച്ചുള്ള പ്രൊപ്പോസല്‍സ് പാടില്ല. വിടില്ലാത്തവരുടെ പരാതികള്‍ സ്വീകരിക്കില്ല. ജോലിയുമായോ പിഎസ്സി റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നിയമനം നടത്താത്തതിന്റേയോ വിഷയം ഉന്നയിക്കാനാവില്ല. കര്‍ഷകരുടെയോ ദുരിതബാധിതരുടെയോ കടങ്ങള്‍ക്ക് ആശ്വാസം കിട്ടില്ല. പൊലീസിന്റെ ഗുണ്ടായിസത്തേക്കുറിച്ചോ മയക്കുമരുന്ന് പോലുള്ള സാമൂഹിക വിഷയങ്ങളേക്കുറിച്ചോ പരാതി പാടില്ല. ഭൂമിക്ക് പട്ടയം കിട്ടാത്തവര്‍ക്ക് പരാതിപ്പെടാന്‍ അവകാശമില്ല. അര്‍ഹതയുണ്ടായിട്ടും ഭൂമി തരം മാറ്റിക്കിട്ടാത്തതിനേക്കുറിച്ച് മിണ്ടാനാവില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഒരു സഹായവും കിട്ടില്ല. എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും ചികിത്സക്ക് പോലും സഹായാഭ്യര്‍ത്ഥനയുമായി അദാലത്തിലേക്ക് ചെല്ലണ്ട. സര്‍ക്കാര്‍ ജീവനക്കാര്‍ ആരും രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റങ്ങളേക്കുറിച്ചോ തൊഴില്‍ പീഡനങ്ങളേക്കുറിച്ചോ പരാതിപ്പെടേണ്ട.

സ്വന്തം കിടപ്പാടം ജപ്തി ചെയ്യപ്പെട്ട് തെരുവില്‍ ഇറങ്ങേണ്ടി വരുന്നവര്‍ പോലും സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും പ്രതീക്ഷിക്കണ്ട. പിന്നെ എന്തിനാണാവോ ഈ പരിപാടി?. അങ്ങനൊന്നും ചോദിക്കരുത്. ഇവിടെ തിരുവായ്ക്ക് എതിര്‍വാ പാടില്ല. മുണ്ടുടുക്കാത്ത മോദിക്ക് പി.ആര്‍ കോര്‍ പറേറ്റുകളെങ്കില്‍ മുണ്ടുടുത്ത ഞങ്ങള്‍ക്കും കിട്ടണം പി.ആര്‍ അത്ര തന്നെ. ഇനിയിപ്പോള്‍ ആഗോളതാപനത്തെ കുറിച്ചോ, യുക്രെയ്നില്‍ യുദ്ധം നിര്‍ത്തുന്നതിനെ കുറിച്ചോ അമേരിക്ക കേരളത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വം സര്‍ക്കാറിനെ തളര്‍ത്താന്‍ ഫണ്ട് നല്‍കുന്നുവെന്ന കട്ടന്‍ചായ ഫെയിം മുന്‍മന്ത്രിയുടെ അഭിപ്രായത്തെ കുറിച്ചോ ആയിരിക്കും ചര്‍ച്ച എന്ന് അനുമാനിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യര്‍ക്ക് ആവശ്യവും അത്യാവശ്യവുമുള്ള കാര്യങ്ങളൊന്നും അദാലത്തില്‍ മിണ്ടാനോ ചോദിക്കാനോ പാടില്ലെന്നര്‍ത്ഥം!. പ്രജകള്‍ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചു രാജാവിനോടും മന്ത്രിമാരോടും പരാതിപ്പെടാനും പാടില്ല.

 

GULF

അബ്ദു റഹീമിന്റെ മോചനം നീളുന്നു; കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി

ഇന്ന്​ രാവിലെ​ എട്ടിന്​ റിയാദ്​ ​ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു

Published

on

റിയാദ്​: 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്​ദുൽ റഹീമിന്റെ മോചനം ഇനിയും നീളും. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്‍റെ മോചനകാര്യത്തിൽ ഇന്നും തീരുമാനമായില്ല. ആറാം തവണയും റിയാദ്​ കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഇന്ന്​ രാവിലെ​ എട്ടിന്​ റിയാദ്​ ​ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു.

ഓൺലൈനായി കേസ് പരിഗണിച്ചപ്പോൾ അബ്ദുറഹീമും അഭിഭാഷകനും ഹാജരായി. ഇതിന് മുമ്പ് പല തവണ കോടതി കേസ് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു. 2006 അവസാനമാണ് സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അബ്ദുറഹീം സൌദിയിലെ ജയിലിൽ ആകുന്നത്.

പ്രോസിക്യൂഷന്‍റെ വാദം കേൾക്കലും പ്രതിഭാഗത്തി​ന്‍റെ മറുപടി പറച്ചിലുമായി ഒരു മണിക്കൂറിലേറെ സിറ്റിംഗ് നീണ്ടപ്പോൾ നടപടികൾ ഒരു തീർപ്പിലെത്തും എന്നായിരുന്നു പ്രതീക്ഷകൾ. എന്നാല്‍, കേസ് വീണ്ടും മാറ്റിവയ്ക്കുന്നു എന്ന അറിയിപ്പാണ് കോടതി നൽകിയത്. കേസ് ഇനി പരിഗണിക്കുന്ന തീയതി ഉടൻ അറിയാനാകും. റഹീമിന്‍റെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ആറാമത്തെ കോടതി സിറ്റിംഗാണ് ഇന്ന്​​ നടന്നത്​.

Continue Reading

kerala

ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍

കുഞ്ഞിന് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു

Published

on

ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇന്ന് രാവിലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ച കുഞ്ഞിന് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു.

നവംബര്‍ എട്ടിനാണ് നിരവധി വൈകല്യങ്ങളോടെ ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് സുറുമി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. കാലിനും കൈക്കും വളവുണ്ട്. ഗര്‍ഭകാലത്തെ സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ വൈകല്യം തിരിച്ചറിയാതിരുന്നത് ഡോക്ടര്‍മാര്‍ക്ക് നേരെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പരാതിയില്‍ നേരത്തെ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. ഇതിന് പിന്നാലെ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Continue Reading

kerala

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു

എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് കൊല്ലപ്പെട്ടത്

Published

on

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാന്‍ പോയപ്പോഴായിരുന്നു സംഭവം.

നിലമ്പൂര്‍ കരുളായി വനമേഖലയിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. റോഡില്‍നിന്ന് ഒരുകിലോമീറ്ററോളം ഉള്ളിലുള്ള സ്ഥലക്ക് വെച്ചാണ് ആക്രമണമുണ്ടായത് ഇന്ന് രാവിലെയാണ് സരോജിനി ആടിനെ മേയ്ക്കാന്‍ പോയത്.

ദിവസങ്ങള്‍ക്ക് മുമ്പ് കരുളായി വനത്തിലെ ആദിവാസി യുവാവും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ചോല നായ്ക്കര്‍ വിഭാഗത്തില്‍ പെട്ട മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് ജനുവരി നാലിന് രാത്രി കൊല്ലപ്പെട്ടത്. മകളോടൊപ്പം പോകവേ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടികളെ ട്രൈബല്‍ ഹോസ്റ്റലില്‍ ആക്കി തിരിച്ച് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

Continue Reading

Trending