വിനോദ് റായ്‌ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതി കേസില്‍ വിചാരണ കോടതി വെറുതെ വിട്ട മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ. രാജ, രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ഉയര്‍ത്തിക്കൊണ്ടുവന്ന മുന്‍ സി.എ.ജി വിനോദ് റായ്‌ക്കെതിരെ പരസ്യമായി രംഗത്ത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി എന്ന് വിശേഷിപ്പിക്കപ്പെട്ട 2 ജി സ്‌പെക്ട്രം കേസ് സംബന്ധിച്ച് റായ് സംവാദത്തിനുണ്ടോ എന്ന് എ. രാജ എന്‍.ഡി.ടി.വിയില്‍ വെല്ലുവിളിച്ചു.
‘കണ്ണടച്ച ശേഷം ലോകം ഇരുട്ടാണെന്ന് പറയുന്ന പൂച്ചയെ പോലെയാണ് വിനോദ് റായ്. ഈ ചാനലില്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്. നമുക്ക് വസ്തുതകള്‍ പരിശോധിക്കാം. 2 ജി സ്‌പെക്ട്രം അനുവദിച്ചതില്‍ നഷ്ടമൊന്നുമില്ലെന്ന് സി.എ.ജി പരിശോധനയില്‍ വ്യക്തമായതാണ്. എന്നിട്ടും എന്തിനാണ് വിനോദ് റായ് കേസ് ഉണ്ടാക്കിയത്?…’ 2ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട പരിപാടിയില്‍ രാജ ചോദിച്ചു.
രണ്ടാം യു.പി.എ സര്‍ക്കാറിനെ താഴെയിറക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു റായ് എന്നും അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിച്ച് സത്യം പുറത്തു കൊണ്ടുവരണമെന്നും രാജ ആവശ്യപ്പെട്ടു.
2010-ല്‍ കംപ്‌ട്രോളര്‍ – ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) തലവനായിരിക്കവെയാണ് വിനോദ് റായ് സ്‌പെക്ട്രം അനുവദിച്ചതില്‍ 1.76 ലക്ഷം കോടി രൂപ പൊതു ഖജനാവിന് നഷ്ടമുണ്ടായി എന്ന ആരോപണമുയര്‍ത്തിയത്. മന്ത്രിസഭയിലെ ഡി.എം.കെ പ്രതിനിധിയായിരുന്ന രാജക്ക് ആ വര്‍ഷം തന്നെ രാജിവെക്കേണ്ടി വരികയും ചെയ്തു. ഇതേ കേസില്‍ കോടതി അദ്ദേഹം 15 മാസം ജയിലില്‍ കഴിഞ്ഞു.
കഴിഞ്ഞ മാസം വിചാരണാ കോടതി രാജയെയും 17 പ്രതികളെയും കുറ്റവിമുക്തരാക്കിയിരുന്നു. എല്ലാവരെയും വെറുതെ വിടുകയും ചെയ്തു.
2 ജി കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവം ‘സി.എ.ജിയുടെ ചരിത്രത്തിലെ കറുത്ത പാട്’ ആയി അവശേഷിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഇതിന് കാരണക്കാരനായ വിനോദ് റായ്‌യെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിലവില്‍ ക്രിക്കറ്റ് ഭരണസമിതി ചെയര്‍മാനാണ് വിനോദ് റായ്.