ഡോ. ഇ.കെ മുഹമ്മദ് ഷാഫി
കോവിഡ് മഹാമാരി ലോകത്തിലെ ഒട്ടു മിക്കവാറും എല്ലാ രാജ്യങ്ങളുടെയും സമ്പത് വ്യവസ്ഥയെ അതിശക്തമായ നിലയില്‍ പിന്നോക്കം നയിക്കുകയുണ്ടായി. വന്‍കിട, ചെറുകിട, സ്വകാര്യ പൊതുമേഖലാ വ്യത്യാസമില്ലാതെ ലോകമെമ്പാടും കമ്പനികളും ഉല്‍പാദന കേന്ദ്രങ്ങളും രണ്ടു വര്‍ഷത്തിലധികം അടച്ചിടേണ്ടി വന്നപ്പോള്‍ ഉണ്ടായ ഉല്‍പാദന നഷ്ടവും തൊഴില്‍ നഷ്ടവും നാം കണക്കാക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണ്. ഈ നഷ്ടത്തിന്റെ കാര്യത്തില്‍ വികസ്വര – വികസിത – അവികസിത രാജ്യങ്ങള്‍ എല്ലാം ഇരകളായിട്ടുണ്ട്. വ്യത്യാസം ഓരോ രാജ്യങ്ങളിലും ഉണ്ടായ നഷ്ടത്തിന്റെ അനുപാതത്തില്‍ മാത്രം.
ഇന്ന് ലോക രാജ്യങ്ങളെല്ലാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി പണപ്പെരുപ്പം ആണ്. സാധാരണയായി ഇത് അവികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കുമ്പോള്‍ ഈ പ്രാവശ്യം അത് വികസിത രാജ്യങ്ങളെയും അതിശക്തമായി ബാധിച്ചിരിക്കുന്നു. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ 2022 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ശരാശരിപണപ്പെരുപ്പ നിരക്ക് 7.9% ആണ്. റിസര്‍വ്ബാങ്കും ധനകാര്യ കമ്മീഷനും പ്രവചിച്ചതിനേക്കാള്‍ ഏറെ മുന്നിലാണിത്. മാത്രമല്ല ഉപഭോഗ വസ്തുക്കളുടെ വില വര്‍ധനവും മാസങ്ങളില്‍ ഇതിലും കൂടുതലാകാനും പണപ്പെരുപ്പ നിരക്ക് ഇനിയും ഏറെ വര്‍ധിക്കാനുമാണ് സാധ്യത എന്നുംകണക്കുകൂട്ടുന്നു. 2014ന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയതെന്നു ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് രേഖപ്പെടുത്തുന്നു. ഉപഭോഗ വസ്തുക്കളുടെ ലഭ്യതക്കുറവും വര്‍ധിച്ച ആവശ്യകതയുമാണല്ലോ അനിയന്ത്രിതമായ വിലവര്‍ധനവിനും പണപ്പെരുപ്പത്തിനും കാരണം. ജനങ്ങളുടെ ജീവിത നിലവാര സൂചികയില്‍ ഇത് വര്‍ധനവുണ്ടാക്കുകയും ജീവിതം കൂടുതല്‍ കഷ്ടത്തിലാക്കുകയും ചെയ്യുന്നു.
ഈ സാഹചര്യത്തില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിനെ അനുകരിച്ച് ഇന്ത്യന്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിക്കൊണ്ടു പണ ലഭ്യത കുറക്കുന്നത് ജനങ്ങളുടെ ജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലാക്കുകയാണ്. പകരം ഉത്പാദനം കൂട്ടുകയും സാധാരണക്കാരുടെ ഉപഭോഗവസ്തുക്കള്‍ വാങ്ങാനുള്ള ശക്തി വര്‍ധിപ്പിക്കുകയുമാണ് വേണ്ടത്. സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നികുതികളും ഉപഭോഗവസ്തുക്കളിന്മേലുള്ള നികുതികളും കുറക്കുക, സര്‍ക്കാര്‍ നിയന്ത്രണമുള്ള പെട്രോളിയം ഉത്പന്നങ്ങള്‍, പ്രകൃതിവാതകം, വൈദ്യതി തുടങ്ങിയ മേഖലകളില്‍ വിവിധ തരത്തിലുള്ള നികുതികളും അധികച്ചിലവുകളും ധൂര്‍ത്തും അമിതലാഭവും ഒഴിവാക്കി മധ്യവര്‍ഗത്തിനും സാധാരണക്കാരനും താങ്ങാനാവുന്ന രീതിയില്‍ ലഭ്യമാക്കിയാല്‍ പണപ്പെരുപ്പം ഒരു പരിധി വരെ നിയന്ത്രിക്കാനാകുന്നതാണ്. ഈ തരത്തിലുള്ള നടപടികളിലൂടെ മാത്രമേ ഉ ത്പാദനം വര്‍ധിപ്പിക്കാനും ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് ആവശ്യവസ്തുക്കള്‍ ഇതിലും മിതമായ നിരക്കില്‍ ലഭ്യമാക്കാനും കഴിയൂ.
അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് ഏകദേശം 9.1% ആണ് 2022 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തിലെശരാശരി. 1981 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഉപഭോഗ വസ്തുക്കളുടെ വില അനിയന്ത്രിതമായി മുന്നോട്ടുപോകുകയും ജീവിത നിലവാര സൂചിക വര്‍ധിക്കുകയും ചെയ്യുന്നു. അമേരിക്കന്‍ ഏജന്‍സി ആയ ബ്ലൂംബെര്‍ഗിന്റെ 8.2% എന്നപ്രവചനം മറികടന്നാണ് ജൂണില്‍ നിരക്ക് 9.1% എത്തിനില്‍ക്കുന്നത്. ഭക്ഷണ സാധനങ്ങള്‍, ഗ്യാസോലിന്‍, പാര്‍പ്പിടം എന്നീമേഖലകളിലെ വില വര്‍ധനമാണ് സമ്പന്ന രാജ്യമായ അമേരിക്കയിലെ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നത്. നിശ്ചിത വാര്‍ഷിക ശമ്പളത്തില്‍ ജോലി ചെയ്യുന്ന പൗരന്മാരും വിദേശികളും പ്രതിസന്ധി നേരിടുന്നു. അമേരിക്കയില്‍ ജോലി ചെയ്യുന്ന പല സുഹൃത്തുക്കളും ഈ അവസ്ഥ അവരുടെ സ്വകാര്യ സംഭാഷണങ്ങളില്‍ പങ്കുവെക്കുന്നു. ബ്രിട്ടനും ഇതര യൂറോപ്യന്‍ രാജ്യങ്ങളുമൊന്നും പണപ്പെരുപ്പത്തിന്റെ പിടിയില്‍ നിന്നും വിഭിന്നമല്ല. ഇംഗ്ലണ്ടിലെ ഇന്‍ഫ്‌ളേഷന്‍ നിരക്ക് 9.9% ആണ്. കഴിഞ്ഞ നാല് ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നു ടൈംസും ഡെയിലി ടെലിഗ്രാഫും പോലെയുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിത്യോപയോഗ സാധങ്ങളുടെ വിലവര്‍ധന വളരെ കൂടുതലാണെന്ന് ലണ്ടനില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവിത നിലവാര സൂചിക ക്രമാതീതമായി മുന്നോട്ടു കുതിക്കുന്നതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരും മറ്റു ഇതര മേഖലകളിലെ തൊഴിലാളികളും വേതന വര്‍ധനവിനായി നോട്ടീസ് നല്‍കിക്കഴിഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും ആധുനികറെയില്‍വേ സിസ്റ്റം ഓപ്പറേറ്റ് ചെയ്യുന്ന യൂറോസ്റ്റാറില്‍ ലക്ഷത്തിലധികം വരുന്നതൊഴിലാളികള്‍, ആരോഗ്യ മേഖലയായ എന്‍.എച്ച്.എസിലെ അഞ്ചു ലക്ഷത്തിലധികം ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ഇതര ജീവനക്കാര്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാം പണിമുടക്കിന്റെ വക്കിലാണ്. നാട്ടില്‍നിന്നും വ്യത്യസ്തമായി പണിമുടക്ക് തീരുമാനിക്കണമെങ്കില്‍ മുഴുവന്‍ ജീവനക്കാരുടെയും ഇടയില്‍ സംഘടനാ ഭാരവാഹികള്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷ തീരുമാനപ്രകാരമേ സാധിക്കൂ.
പല മേഖലകളിലും സര്‍ക്കാര്‍ നിര്‍ദേശിച്ച ശമ്പള വര്‍ധനവ് ജീവിത നിലവാര സൂചിക വര്‍ധനവിനേക്കാള്‍ വളരെ കുറവാണെന്ന കാരണത്താലാണ് തൊഴിലാളികള്‍ പണിമുടക്കിനൊരുങ്ങുന്നത്. പെട്രോള്‍, ഡീസല്‍, ഗ്യാസ്, നിത്യോപയോഗവസ്തുക്കള്‍, പാര്‍പ്പിടം തുടങ്ങിയ മേഖലകളിലെ അമിതമായ വര്‍ധനവ്, പലിശനിരക്കിലും വിവിധതരം നികുതികളിലുമുള്ള വര്‍ധനവ് എന്നിവയാണ് ജനജീവിതം ബുദ്ധിമുട്ടിലാക്കുകയും സാമ്പത്തികവളര്‍ച്ച പിന്നോക്കമാകുന്നതിനുമുള്ള കാരണം. ബ്രിട്ടനിലെ ഇന്നത്തെ രാഷ്ട്രീയ പ്രതിസന്ധിക്കും ഒരു പ്രധാനകാരണം അവിടുത്തെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കുമാണ്. ബോറിസ് ജോണ്‍സന്‍ എന്ന പ്രധാന മന്ത്രിയുടെ പതനത്തിനുവരെ ഇത് കാരണമായി. പുതിയ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പിലെ ഒരു പ്രധാന ചര്‍ച്ചാവിഷയവും വരും വര്‍ഷങ്ങളിലേക്കുള്ള ബ്രിട്ടന്റെ സാമ്പത്തിക നയങ്ങളാണ്. ശക്തമായസാമ്പത്തിക നയങ്ങളുള്ള ബ്രിട്ടനിലെ മുന്‍ ധനകാര്യമന്ത്രിയായിരുന്ന ഹൃഷിസുനക് ആണ് അടുത്ത പ്രധാന മന്ത്രി പദത്തിലേക്കുള്ള ഒരു പ്രധാന സ്ഥാനാര്‍ഥി. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഗ്രേറ്റ്ബ്രിട്ടന്റെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ പ്രധാന മന്ത്രിയായിരുക്കും 42കാരനായ ഹൃഷിസുനക്. ഫ്രാന്‍സ്, ജര്‍മനി, സ്‌പൈന്‍, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ ഇത രയൂറോപ്യന്‍ രാജ്യങ്ങളും പണപ്പെരുപ്പത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും മുക്തരല്ല. യൂറോപ്യന്‍രാജ്യങ്ങളിലെ ശരാശരി ഇന്‍ഫ്‌ളേഷന്‍ നിരക്ക് 7.8% ആണ്. അര്‍ജന്റീന, മെക്‌സികോ, ബ്രസീല്‍, പെറു തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ പണപ്പെരുപ്പ നിരക്ക് ഏകദേശം 8%ത്തിനടുത്താണ്. ഉയര്‍ന്ന കടബാധ്യതകളും അടിക്കടി ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികളും ഈ രാജ്യങ്ങളുടെ പുരോഗതിയെ തടസപ്പെടുത്തുന്നു. ഏഷ്യന്‍ സാമ്പത്തിക ശക്തികളായ ചൈനയും ജപ്പാനുമാണ് പണപ്പെരുപ്പത്തെയും അനുബന്ധ സാമ്പത്തിക പ്രതിസന്ധികളെയും ഒരുപരിധിവരെ അതിജീവിക്കുന്ന രണ്ടു രാജ്യങ്ങള്‍. 2.5%, 2.8% എന്നിങ്ങനെയാണ് ഈ രണ്ടു രാജ്യങ്ങളിലെ 2022 ജൂണ്‍ വരെയുള്ള കാലഘട്ടത്തിലെ ലഭ്യമായ കണക്കനുസരിച്ചുള്ള പണപ്പെരുപ്പ നിരക്ക്. പലിശ നിരക്ക് കുറച്ചും ഉല്‍പാദനം വര്‍ധിപ്പിച്ചും നിത്യോപയോഗ സാധനങ്ങള്‍, ഇന്ധനം, തുടങ്ങിയവയുടെ വില നിയന്ത്രിച്ചുമാണ് ഇത് സാധ്യമാക്കുന്നത്. കോവിഡ് മഹാമാരി, റഷ്യ – യുക്രെയ്ന്‍ യുദ്ധം തുടങ്ങിയ കാരണങ്ങള്‍ ഈ പതിറ്റാണ്ടിലെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് കാരണമായി പറയാമെങ്കിലും അതിനപ്പുറം ഈ സാമ്പത്തിക മാന്ദ്യത്തിനുള്ള യഥാര്‍ഥകാരണങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. 1930കളിലും 60കളിലും 90കളിലും ഇപ്പോഴിതാ 2020കളിലും നാം സാമ്പത്തിക മാന്ദ്യവും വലിയ പണപ്പെരുപ്പ ഭീഷണിയും നേരിടുന്നു. കൃത്യമായി നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പല രാജ്യങ്ങളിലും ജനങ്ങള്‍പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, ഇക്കണോമിക് റിസഷന്‍, ഇക്കണോമിക് ഡിപ്രഷന്‍ തുടങ്ങിയ അവസ്ഥയിലേക്ക് എത്തിപ്പെടാന്‍ സാധ്യത ഏറെയാണ്.
ഈ ഭൂമുഖത്തെ ജനങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ എല്ലാം നിറവേറ്റി മാന്യമായി ജീവിക്കുന്നതിനു വേണ്ടത്ര വിഭവങ്ങളെല്ലാം സര്‍വശക്തനായ ദൈവംതമ്പുരാന്‍ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കള്‍, പ്രകൃതി വിഭവങ്ങള്‍, പെട്രോള്‍, ഡീസല്‍, ഗ്യാസ്, വൈദ്യുതി, തുടങ്ങിയ വസ്തുക്കളുടെ ഉദ്പാദനവും ഉപഭോഗവും നിയന്ത്രിച്ചു ആര്‍ഭാടം ഒഴിവാക്കിയും എല്ലാ ജനങ്ങള്‍ക്കും മാന്യമായ ലഭ്യത ഉറപ്പാക്കിയും മുന്‍പറഞ്ഞ എല്ലാ പ്രതിസന്ധികളെയും നമുക്ക് മറികടക്കാനാവുന്നതാണ്. അമിതമായി കടം വാങ്ങി ചിലവാക്കുന്ന രീതിയും അനിയന്ത്രിതമായ പ്രതിരോധ – യുദ്ധ സാമഗ്രികള്‍ക്കു വേണ്ടിയുള്ള ചിലവുകളും നിയന്ത്രിച്ചാല്‍ തന്നെ ലോകത്തിലെ പല രാജ്യങ്ങള്‍ക്കും വികസനത്തിന്റെ പാതയിലേക്ക് എത്താന്‍ സാധിക്കും.
‘Mother Earth has provided every thing to meet our need, but not our greed’ എന്ന് രാഷ്ട്രപിതാവായ മഹാത്മജി പറഞ്ഞിട്ടുണ്ടല്ലോ.
(ലേഖകന്‍ ദമാമിലെ ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിന്റെ മുന്‍പ്രിന്‍സിപ്പലാണ്)