Connect with us

kerala

തിരുവല്ലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

നന്നൂര്‍ കിഴക്കേ വയല്‍ പറമ്പില്‍ വീട്ടില്‍ അലീന മോഹന്‍ (17) ആണ് മരിച്ചത്

Published

on

തിരുവല്ലയിലെ വള്ളംകുളം നന്നൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നന്നൂര്‍ കിഴക്കേ വയല്‍ പറമ്പില്‍ വീട്ടില്‍ അലീന മോഹന്‍ (17) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ അടുക്കളയുടെ മേല്‍ക്കൂരയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കവിയൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അലീന മുത്തശ്ശിക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. അയല്‍വാസികള്‍ ചേര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കിടപ്പുമുറിയില്‍ നിന്ന് അലീന എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പെണ്‍കുട്ടി വിഷാദരോഗത്തിന് അടിമയാണെന്ന് പറയപ്പെടുന്നു. മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് തിരുവല്ല പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു.

kerala

പി.വി. അന്‍വറിന്റെ രാജി പാര്‍ട്ടിക്ക് സര്‍പ്രൈസ്; പി.കെ. കുഞ്ഞാലിക്കുട്ടി

മുസ്‌ലിം ലീഗുമായി കൂടിയാലോചിച്ചിട്ടല്ലെന്നും ഇക്കാര്യത്തില്‍ ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നും ഇല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

Published

on

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ രാജി പാര്‍ട്ടിക്ക് സര്‍പ്രൈസ് ആണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗുമായി കൂടിയാലോചിച്ചിട്ടല്ലെന്നും ഇക്കാര്യത്തില്‍ ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നും ഇല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘മാധ്യമങ്ങളിലൂടെയാണ് രാജിവെച്ച കാര്യം അറിയുന്നത്. തികച്ചും അന്‍വറിന്റെ രാജി ഞങ്ങള്‍ക്ക് സര്‍പ്രൈസ് ആണ്. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വരും. അദ്ദേഹവുമായി സഹകരിക്കുന്നത് സംബന്ധിച്ച് ആദ്യം യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതിനൊപ്പം ലീഗും നില്‍ക്കും. ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നും ഇക്കാര്യത്തില്‍ ഇല്ല. അന്‍വര്‍ ഞങ്ങളുമായി ഒന്നും ആലോചിച്ചിട്ടില്ല’ – പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു.

അന്‍വര്‍ ലീഗിനെ പുകഴ്ത്തിപ്പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നല്ലത് ആര് പറഞ്ഞാലും സന്തോഷം ഉണ്ട് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. വനനിയമത്തിനെതിരെ മലയോര ജനതക്ക് വേണ്ടി പോരാടാന്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചതെന്ന് പി.വി. അന്‍വര്‍ വ്യക്തമാക്കിയിരുന്നു. രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു

Continue Reading

kerala

നെയ്യാറ്റിന്‍കരയില്‍ സമാധി കേസ്; കല്ലറ തുറക്കാന്‍ അനുവദിക്കാതെ കുടുംബം

കല്ലറ തുറക്കാന്‍ അനുവദിക്കാതെ ഗോപന്റെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സമാധി കേസില്‍ ഗോപന്റെ കല്ലറ തുറക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബവും ഒരു വിഭാഗം നാട്ടുകാരും. കല്ലറ തുറക്കാന്‍ അനുവദിക്കാതെ ഗോപന്റെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു. പിന്നാലെ പൊലീസ് ഇവരെ ബലം പ്രയോഗിച്ച് മാറ്റി. കല്ലറ പൊളിച്ച് പരിശോധന നടത്താന്‍ കളക്ടര്‍ ഉത്തരവിട്ടതോടെയാണ് കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇവരെ വീട്ടിലേക്ക് മാറ്റുകയും വീട്ടിന് മുന്നില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. സബ്കളക്ടറുടെ സാന്നിധ്യത്തിലാവും ഫോറന്‍സിക് പരിശോധന. സബ് കളക്ടറും ഫോറന്‍സിക് ഉദ്യോഗസ്ഥരും പൊലീസും പ്രദേശത്തെത്തിയിട്ടുണ്ട്.

നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വലിയ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിട്ടുള്ളത്.കല്ലറ പൊളിക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് ജില്ലാ ഭരണകൂടം കടന്നിരിക്കുകയാണ്. നെയ്യാറ്റിന്‍കരയില്‍ ആറാലുംമൂട് സ്വദേശി ഗോപന്‍ സമാധിയായെന്ന് അവകാശപ്പെട്ടാണ് കുടുംബം കല്ലറ നിര്‍മ്മിച്ചത്. സംസ്‌കാരം നടത്തിയ ശേഷം മക്കള്‍ പതിച്ച പോസ്റ്ററിലൂടെയാണ് ഗോപന്റെ മരണവിവരം സമീപവാസികളും ബന്ധുക്കളുമറിഞ്ഞത്. സംഭവത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുക്കുകയായിരുന്നു. ഗോപന്റേത് കൊലപാതകമാണോ എന്ന് നാട്ടുകാര്‍ സംശയം ഉയര്‍ത്തിയതോടെയാണ് കല്ലറ തുറക്കണമെന്ന ആവശ്യത്തിലേയ്ക്ക് പൊലീസ് എത്തിയത്.

 

Continue Reading

kerala

പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരള കണ്‍വീനര്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അന്‍വറിന് നല്‍കിയേക്കുമെന്നും സൂചനകളുണ്ട്

Published

on

പി വി അന്‍വറിനെ കേരള കണ്‍വീനറായി ഔദ്യോഗികമായി പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അന്‍വറിന് നല്‍കിയേക്കുമെന്നും സൂചനകളുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരമാണ് എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കുന്നതെന്ന് അന്‍വര്‍ അറിയിച്ചിരുന്നു.

ഇന്ന് രാവിലെയാണ് അന്‍വര്‍ സ്പീക്കറുടെ ചേംബറിലെത്തി രാജിക്കത്ത് കൈമാറിയത്. അതോടൊപ്പം നിലമ്പൂരില്‍ ഇനി മത്സരിക്കാന്‍ ഇല്ലെന്നും യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കാനുമാണ് തീരുമാനമെന്നും അന്‍വര്‍ അറിയിച്ചു.

തനിക്ക് പകരം വി എസ് ജോയിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്നും പി വി അന്‍വര്‍ അഭ്യര്‍ത്ഥിച്ചു. നിലമ്പൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മലയോര മേഖലയുമായി ബന്ധമുണ്ടായിരിക്കണം. മലയോര മേഖലയിലെ പ്രശ്നങ്ങള്‍ അറിയുന്ന ആളാണ് ജോയി, നിലമ്പൂരില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥി വേണമെന്നും പി വി അന്‍വര്‍ പറഞ്ഞു.

Continue Reading

Trending