റമസാനില്‍ ലൈലതുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന 27-ാം രാവില്‍ രണ്ടര ലക്ഷം വിശ്വാസികളാണ് മസ്ജിദുല്‍ അഖ്‌സയില്‍ സംഗമിച്ചത്. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും കാംക്ഷിച്ചെത്തിയ അവര്‍ക്കുനേരെ പക്ഷേ, ഇസ്രാഈല്‍ പട്ടാളക്കാര്‍ തോക്കു ചൂണ്ടി നില്‍ക്കുന്നുണ്ടായിരുന്നു. വിശ്വാസികളെ പരിഹസിച്ചും പ്രകോപിപ്പിച്ചും ആയിരക്കണക്കിന് ഇസ്രാഈല്‍ സൈനികരെയാണ് ജറൂസലമിലെ ഓള്‍ഡ് സിറ്റിയില്‍ വിന്യസിച്ചിരുന്നത്. ആശങ്ക കരിനിഴല്‍ വീഴ്ത്തിയ മണിക്കൂറുകള്‍. അരുതാത്തത് ഒന്നും സംഭവിക്കരുതേ എന്ന് എല്ലാവരും പ്രാര്‍ഥിച്ചു. അവരുടെ ഭീതിക്ക് കാരണമുണ്ടായിരുന്നു. റമസാന്‍ ഒന്നു മുതല്‍ സംഘര്‍ഷത്തിന്റെ വാള്‍ത്തലയിലൂടെയാണ് ജറൂസലം കടന്നുപോയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്, പ്രത്യേകിച്ചും ഫലസ്തീന്റെ മുക്കുമൂലകളില്‍നിന്ന് പതിനായിരങ്ങള്‍ മസ്ജിദുല്‍ അഖ്‌സയിലെത്തുമെന്ന് അറിഞ്ഞുകൊണ്ട് ഇസ്രാഈല്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടു തുടങ്ങിയിരുന്നു.
ഫലസ്തീനികളെ സ്വസ്ഥമായി നോമ്പെടുക്കാന്‍ അനുവദിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്തതു പോലെയായിരുന്നു ഇസ്രാഈലിന്റെ നീക്കങ്ങള്‍. മസ്ജിദുല്‍ അഖ്‌സയിലേക്ക് പട്ടാളക്കാരെ കയറൂരി വിട്ടു. വിശ്വാസികളെ ക്രൂരമായി ആക്രമിക്കുകയും വെടിവെച്ച് വീഴ്ത്തുകയും ചെയ്തു. നൂറുകണക്കിന് ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. അനേകം പേരെ അറസ്റ്റ് ചെയ്തു. ആയിരക്കണക്കിന് ജൂത തീവ്രവാദികള്‍ ‘അറബികള്‍ക്ക് മരണ’മെന്ന മുദ്രാവാക്യവുമായി മസ്ജിദിലേക്ക് ഇരച്ചകയറി. അവര്‍ക്ക് സുരക്ഷാ വലയമൊരുക്കി ഇസ്രാഈല്‍ പട്ടാളക്കാരുമുണ്ടായിരുന്നു. ഫലസ്തീനികളുടെ ക്ഷമകൊണ്ട് മാത്രമാണ് അത്തരം പ്രകോപനങ്ങള്‍ പൊട്ടിത്തെറിയാകാതെ വഴിമാറിയത്. മസ്ജിദുല്‍ അഖ്‌സയില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നതോടൊപ്പം വെസ്റ്റ്ബാങ്കിലും ഫലസ്തീന്റെ വേറെയും ഭാഗങ്ങളില്‍ ഇസ്രാഈല്‍ നരനായാട്ട് തുടരുന്നുണ്ടായിരുന്നു. റമസാന്റെ പവിത്രമായ രാവുകളെ ഭീതിയിലാഴ്ത്തി ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ഇരച്ചുകയറി അനേകം പേരെ വെടിവെച്ചു കൊലപ്പെടുത്തി. ലോകമെങ്ങുമുള്ള വിശ്വാസികള്‍ റമസാന്റെ പുണ്യരാത്രികളെ ആരാധനകളെക്കൊണ്ട് ധന്യമാക്കുമ്പോള്‍ ഫലസ്തീനികള്‍ ഇസ്രാഈല്‍ പട്ടാളക്കാരന്റെ തോക്കിനുമുന്നില്‍ കുട്ടികളെ നെഞ്ചോട് ചേര്‍ത്ത് മരണത്തെ മുന്നില്‍ കണ്ട് ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. അവര്‍ക്കുവേണ്ടി പ്രതിഷേധിക്കാനും കണ്ണീരൊഴുക്കാനും പക്ഷേ, അന്താരാഷ്ട്രതലത്തില്‍ അധികം പേരില്ലെന്നതാണ് ഏറെ ഖേദകരം.
റഷ്യന്‍ അധിനിവേശ സേനയെ തുരത്താന്‍ യുക്രെയ്‌ന് ആയുധങ്ങള്‍ ഒഴുക്കിക്കൊടുക്കുകയും ബഹളം വെക്കുകയും ചെയ്യുന്ന വന്‍ശക്തികള്‍ക്ക് ഫലസ്തീനികളുടെ കാര്യത്തില്‍ മിണ്ടാട്ടമില്ല. അവരെ കൊന്നുതള്ളാന്‍ ഇസ്രാഈലിന്റെ അധിനിവേശ സേനക്ക് ലോകം മൗനാനുവാദം നല്‍കിയിരിക്കുകയാണ്. യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി ഇസ്രാഈലിനെ പ്രകീര്‍ത്തിക്കുന്നതും കേള്‍ക്കാനിടയായി. യുക്രെയ്‌നെപ്പോലെ വേട്ടയാടപ്പെടുന്ന രാജ്യമാണ് ഇസ്രാഈലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പതിറ്റാണ്ടുകളായി ഇസ്രാഈലിന്റെ പട്ടാള ബൂട്ടുകളില്‍ ചവിട്ടിയരക്കപ്പെടുന്ന ഫലസ്തീന്റെ സ്വാതന്ത്ര്യവും പരമാധികാരവും സെലന്‍സ്‌കിക്ക് വിഷയമാകുന്നില്ല. അദ്ദേഹത്തെ തിരുത്താന്‍ ഒറ്റപ്പെട്ട ചില കോളമിസ്റ്റുകളല്ലാതെ മറ്റാരും മുന്നോട്ടു വന്നതുമില്ല. ഫലസ്തീനില്‍ ഇസ്രാഈല്‍ തുടരുന്ന വംശഹത്യകള്‍ സെലന്‍സ്‌കിയെപ്പോലെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍ക്കൊള്ളുന്ന പാശ്ചാത്യ ശക്തികളെയും നൊമ്പരപ്പെടുത്തുന്നില്ല. അവരുടെ ഭാഷയില്‍ ഇസ്രാഈലിന്റെ വെടിയുണ്ടയേറ്റ് പിടഞ്ഞുമരിക്കുന്ന ഫലസ്തീന്‍ കുഞ്ഞുപോലും ഭീകരനാണ്. യുക്രെയ്‌നിലെ മനുഷ്യാവകാശ കാവല്‍ക്കാര്‍ ഫലസ്തീനിലെത്തുമ്പോള്‍ പായ വിരിച്ച് ഉറങ്ങുകയാണ് പതിവ്.
ഏതാനും വര്‍ഷങ്ങളായി ഫലസ്തീന്റെ റമസാന്‍ രാവുകളെ ഇസ്രാഈല്‍ ചോരയില്‍ മുക്കുകയാണ്. 2014ലെ റമസാനില്‍ ഇസ്രാഈല്‍ സേന ഗസ്സയില്‍ നടത്തിയ ബോംബു വര്‍ഷത്തില്‍ 500ലേറെ കുട്ടികളടക്കം 2130 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. പതിനായിരത്തിലേറെ പേര്‍ക്ക് അംഗഭംഗം സംഭവിച്ചു. തുടര്‍ന്നുള്ള ഓരോ റമസാനിലും ഫലസ്തീനിനുനേരെ വന്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു തുടങ്ങി. കഴിഞ്ഞ വര്‍ഷം ഗസ്സയില്‍ 11 ദിവസം നീണ്ട വ്യോമാക്രമണത്തിലൂടെ 66 കുട്ടികളടക്കം 250ലേറെ ഫലസ്തീനികളെയാണ് ഇസ്രാഈല്‍ കൊലപ്പെടുത്തിയത്. ഇത്തണ റമസാന്‍ വിട പറയുമ്പോള്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ വലിയ കൂട്ടക്കുരുതികള്‍ ഉണ്ടായില്ലെന്ന ഏക ആശ്വാസത്തിലാണ് ഫലസ്തീനികള്‍. പക്ഷേ, അവരുടെ മനസ്സ് അസ്വസ്ഥമാണ്. ഇസ്രാഈല്‍ എന്ന ഭീകര രാഷ്ട്രം കഴുകനെപ്പോലെ തലക്ക് മുകളില്‍ വട്ടമിടുമ്പോള്‍ അവര്‍ക്ക് ആഹ്ലാദങ്ങളും ആഘോഷങ്ങളുമില്ല. ഇഫ്താറിന്റെ അവസാന മണിക്കൂറിലും അവര്‍ പുതിയ വെടിയൊച്ചക്ക് ഭീതിയോടെ കാതോര്‍ക്കുകയാണ്.