kerala
കാലം മായ്ക്കാത്ത തലയെടുപ്പ്; എം.കെ മുനീര്‍
ചടങ്ങ് ഏതായാലും അദ്ദേഹത്തിന്റെ സാനിധ്യം അതിന് സൂര്യശോഭ നല്‍കുമായിരുന്നു.

സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങള്‍ രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം സാമൂഹ്യ-വിദ്യാഭ്യാസ-മത മേഖലകളിലൊക്കെ തന്റേതായ സംഭാവന അര്‍പ്പിച്ച അസാമ്യ വ്യക്തിത്വമാണ്. ചടങ്ങ് ഏതായാലും അദ്ദേഹത്തിന്റെ സാനിധ്യം അതിന് സൂര്യശോഭ നല്‍കുമായിരുന്നു. ബാഫഖി തങ്ങള്‍ സദസ്സിലേക്ക് കടന്നു വരുമ്പോള്‍, എത്ര പ്രഗത്ഭരുണ്ടെങ്കിലും അവരെല്ലാം അറിയാതെ എഴുന്നേറ്റ് നിന്നു പോകുമായിരുന്നു. അത്രയും തേജസുറ്റ മുഖമായിരുന്നു; തലയെടുപ്പിന്റെ ഗരിമ. രാഷ്ട്രീയമായി വളരെ കൂര്‍മ്മ ബുദ്ധിയുള്ള ആളായിരുന്നു ബാഫഖി തങ്ങള്‍. നിയമസഭാ സെക്രട്ടറിയായിരുന്ന ആര് പ്രസന്നന് എഴുതിയ നിയമസഭയില്‍ നിശ്ശബ്ദനായി എന്ന പുസ്തകത്തില്‍ പറയുന്നത് ഉദാഹരണമായെടുക്കാം. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ആ പുസ്തകത്തില്‍ പറയുന്നൊരു രാഷ്ട്രീയ ചരിത്രമുണ്ട്.
ഇ.എം.എസുമായി ചേര്‍ന്നുനിന്നൊരു മുന്നണിയുണ്ടാക്കി ആ മന്ത്രിസഭയില്‍ മുസ്്ലിംലീഗ് അംഗമാവുകയും ചെയ്തു. ചില മിനിമം പരിപാടികളുടെ അടിസ്ഥാനത്തിലുണ്ടാക്കിയ ആ മുന്നണി ബന്ധത്തില്‍ ചില ഉറപ്പുകള്‍ മുസ്ലിംലീഗിന് ഇ.എം.എസ് നല്‍കിയിരുന്നു.
അതിനു തൊട്ടുമുമ്പ് വരെ മുസ്ലിംലീഗിനെ ഇല്ലാതാക്കാാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇ.എം.എസും പ്രോഗ്രസ്സീവ് ലീഗ് വരെ ഉണ്ടാക്കിയിരുന്നു. മുസ്ലിംലീഗിന് ബദലായി പ്രോഗ്രസ്സീവ് ലീഗ് ഉണ്ടാക്കാന്‍ ഇമ്പിച്ചി ബാവ അടക്കമുള്ള കമ്മ്യൂണിസ്റ്റു നേതാക്കളാണ് അണിയറയില്‍ പ്രവര്‍ത്തിച്ചത്. കൊയിലാണ്ടി താലൂക്കില്‍ അതിന്റെ നേതാവ് സാഹിത്യകാരന് യു.എ ഖാദര്‍ ആയിരുന്നു. ഫാറൂഖ് കോളജ് പ്രിന്‍സിപ്പളായിരുന്ന കമാല്‍ പാഷയുടെ പിതാവ് ചെറുശ്ശേരി മുസ്ലിയാരായിരുന്നു അതിന്റെ സംസ്ഥാന നേതാവ്. മുസ്ലിംലീഗിന് പുരോഗമനമില്ലെന്നു പറഞ്ഞുണ്ടാക്കിയ പ്രോഗ്രസ്സീവ് ലീഗ് അതിശക്തമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. പക്ഷെ, അതേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വൈകാതെ ബാഫഖി തങ്ങള്‍ നേതൃത്വം നല്കുന്ന മുസ്്ലിംലീഗുമായി മുന്നണിയുണ്ടാക്കേണ്ടി വന്നു.
അതോടെ പ്രോഗ്രസ്സീവ് ലീഗ് ആകാശത്തും ഭൂമിയിലുമല്ലാത്ത അവസ്ഥയിലായി. അതിന്റെ നേതാവ് ചെറുശ്ശേരി മുസ്ലിയാര് ഇ.എം.എസിനെ പോയി കണ്ട് ഞങ്ങളിനി എന്തു ചെയ്യുമെന്ന് ചോദിച്ചു. നിങ്ങളത് പിരിച്ചു വിട്ട് എന്റെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയോട് പറഞ്ഞ് ഏതെങ്കിലും സ്കൂളില്‍ ജോലികിട്ടുമോന്ന് നോക്കുന്നതാവും നല്ലതെന്നായിരുന്നു ഇ.എം.എസിന്റെ മറുപടി. പക്ഷെ, മുസ്ലിംലീഗും മാക്സിസ്റ്റുകളും ചേര്‍ന്ന് രൂപീകരിച്ച ഭരണം കുറച്ചു മുന്നോട്ടു പോയപ്പോള്‍ ഇ.എം.എസ് തനി സ്വഭാവമെടുക്കാന് തുടങ്ങി. അദ്ദേഹം മുസ്ലിംലീഗിന് നല്കിയ പല വാഗ്ദാനങ്ങളും പാലിക്കാതിരിക്കുന്നത് കണ്ടപ്പോള്‍ ബാഫഖി തങ്ങള്‍ അതു ചോദ്യം ചെയ്തു.
ഇ.എം.എസ് പരസ്യമായി പറഞ്ഞു, മുസ്ലിംലീഗിനും ബാഫഖി തങ്ങള്‍ക്കും ഒരു വാഗ്ദാനവും നല്‍കിയിട്ടില്ല. ബാഫഖി തങ്ങള്‍ കളവ് പറയുമോ, ഇ.എം.എസ് പറയുന്നതാണോ ശരിയെന്ന് എല്ലാവരും സംശയിച്ചു. ആര് പ്രസന്നന്റെ നിയമസഭയില്‍ നിശ്ശബ്ദനായി പറയട്ടെ; ബാഫഖി തങ്ങള്‍ ഒരു പത്ര സമ്മേളനം വിളിച്ചു. നീളന്‍ കോട്ടിനകത്തു നിന്ന് ചക്രായുധം പുറത്തെടുത്തു. അദ്ദേഹത്തിന്റെ കയ്യില്‍ ചെറിയൊരു ടേപ്പ് റിക്കോര്‍ഡര്‍ ഉണ്ടായിരുന്നു. ഇ.എം.എസുമായി മുന്നണി ബന്ധമുണ്ടാക്കാന്‍ വേണ്ടി നടത്തിയ ചര്‍ച്ചയുടെ ശബ്ദസന്ദേശമാണതില്.
ദീര്‍ഘ വീക്ഷണമുള്ള ബാഫഖി തങ്ങള്‍, ഇ.എം.എസുമായുള്ള ചര്‍ച്ച മുഴുവന്‍ റിക്കോഡാക്കി വെച്ചിരുന്നു. അതപ്പടി പത്രക്കാര്‍ക്ക് മുന്നില്‍ ഇ.എം.എസ് ബാഫഖി തങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനം ശബ്ദം ഒന്നൊന്നായി അനാവരണം ചെയ്യപ്പെട്ടപ്പോള്‍ മറുത്തൊന്ന് പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അതൊരു ചരിത്ര മുഹൂര്‍ത്തമായിരുന്നു. ബാഫഖി തങ്ങള്‍ തന്ത്രപൂര്‍വ്വം പല രാഷ്ട്രീയ പ്രതിസന്ധികളെയും മറികടക്കുന്നതിനായി തന്റേതായ മാര്‍ഗങ്ങള്‍ സ്വീകരിച്ചു.
ആദ്യകാലത്ത് മുസ്്ലിംലീഗ് പ്രവര്‍ത്തന കേന്ദ്രം ബാഫഖി തങ്ങളുടെ കോഴിക്കോട് വലിയങ്ങാടിയിലെ പാണ്ടികശാലയായിരുന്നു. മുസ്്ലിംലീഗിന് സ്വന്തമായൊരു ഓഫീസുണ്ടാകുന്നതുവരെ അതങ്ങനെതന്നെയായിരുന്നു. ചന്ദ്രിക തലശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടെത്തിയപ്പോഴും അദ്ദേഹമാണ് നെടുംതൂണായത്. തലശ്ശേരിയില്‍ നിന്ന് നടക്കാവിലേക്കാണ് ചന്ദ്രിക ആദ്യം പറിച്ചു നട്ടത്ത.് പിന്നീടാണ് ഇപ്പോഴുള്ള (വൈ.എം.സി.എയിലെ) സ്ഥലത്തേക്ക് മാറിയത്. ചന്ദ്രികക്ക് വരിക്കാരെ കണ്ടെത്തുന്നതിന് എന്താണ് മാര്‍ഗമെന്ന് സീതി സാഹിബ് ആലോചിച്ചു. ചന്ദ്രികയുടെ ചീഫ് ഏജന്റായി ബാഫഖി തങ്ങള്‍ വരണമെന്നായിരുന്നു നിര്‍ദേശം. ബാഫഖി തങ്ങള്‍, ചന്ദ്രികയുടെ പ്രഥമ ചീഫ് ഏജന്റാവുന്നത് അങ്ങനെയാണ്.
വരിക്കാരെ ചേര്‍ക്കാനും സഹായത്തിനുമായി ഒരു പയ്യനെ കൂടെ നിര്‍ത്തുമെന്ന് ബാഫഖി തങ്ങള്‍ അവരെ അറിയിച്ചു. ആ പയ്യനാണ് എല്ലായിടത്തും സൈക്കിളില്‍ പോയി സബ് ഏജന്‍സികള്‍ ചേര്‍ത്തിയിരുന്നത്. ഇതിനിടയില്‍ ആ പയ്യന് ചില കുറിപ്പുകളെഴുതി ചന്ദ്രികയില്‍ കൊടുത്തു തുടങ്ങി. സീതി സാഹിബ്, ബാഫഖി തങ്ങളോട് പറഞ്ഞു; ഏജന്‍സി ചേര്‍ത്തു നടക്കുന്ന ആ പയ്യനെ എഡിറ്റോറിയലിലേക്ക് എടുക്കുകയാണ്. അന്ന് എഡിറ്റോറിയലിലേക്കെടുത്തത് എന്റെ പിതാവിനെ (സി.എച്ച് മുഹമ്മദ് കോയ) ആയിരുന്നു. ബാഫഖി തങ്ങള്‍ പലപ്പോഴും സി.എച്ചിനെ മുന്നില്‍ കണ്ടാണ് പല തീരുമാനവുമെടുത്തിരുന്നത്. എന്തുകൊണ്ടാണ് ബാഫഖി തങ്ങള്‍ അങ്ങനെ ധൈര്യത്തോടു കൂടി എന്റെ കയ്യില്‍ ഒരാളുണ്ട് എന്ന് പറയാന്‍ കാരണം. അന്ന് സി.എച്ചിന്, കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഒരു ജോലിയുണ്ടായിരുന്നു. അതു നഷ്ടപ്പെട്ടപ്പോള്‍ പകരമൊരു ജോലി എന്ന നിലക്കാണ് ചന്ദ്രികയുടെ ഏജന്‍സിപ്പണി കൊടുത്തത്. കാരണം താന്‍ പഠിപ്പിച്ചൊരു കുട്ടിയാണത്.
കുനിയില്‍ കടവില്‍ നിന്ന് സി.എച്ച് നടന്ന് ചെന്ന് കൊയിലാണ്ടി സ്കൂളില്‍ പഠിക്കുമ്പോള്‍ സ്കോളര്‍ഷിപ്പ് നല്‍കിയിരുന്നത് ബാഫഖി തങ്ങളായിരുന്നു. വന്നു പഠിക്കാനുള്ള അസൗകര്യം മനസ്സിലാക്കി കൊയിലാണ്ടിയില്‍ തന്നെ മാണിക്യം വീട്ടില്‍ സൗകര്യം ഒരുക്കി കൊടുത്തതും മറ്റാരുമല്ല. മദ്രസ്സ വിദ്യാഭ്യാസത്തിന് ഓജസ്സ് നല്കിയ അദ്ദേഹം ഭൗതിക വിദ്യാഭ്യാസത്തിനും എത്ര പ്രാധാന്യം കൊടുത്തിരുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
താന്‍ പഠിപ്പിച്ച ആ കുട്ടി വളര്‍ന്ന് പിന്നീട് വിദ്യാഭ്യാസ മന്ത്രിയായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ തറക്കല്ലിടുമ്പോള്‍ ആ മഹാനായ നേതാവ്, തന്റെ അനുയായിക്കൊപ്പം ചേര്‍ന്നു നില്ക്കുന്ന ചിത്രം എത്ര ഹൃദ്യമാണ്. ബാഫഖി തങ്ങള്‍ കാലിക്കറ്റ് യൂണിവേഴിസിറ്റി എത്രമാത്രം മനസ്സിനോട് ചേര്‍ത്തു വെച്ചിരുന്നു എന്നതിന്റെ നിദര്‍ശനമാണത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുള്ള ഭൂമിയെടുത്തത് ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ അവിടെയുള്ള ഒട്ടേറെ വീടുകള്‍ കയറിയിറങ്ങി ആധാരം സ്വീകരിച്ചാണ്. കാലിക്കറ്റ് യൂണിവേഴിസിറ്റിക്കുള്ളത്ര സ്ഥലം കേരളത്തിലെ മറ്റൊരു വാഴ്സിറ്റിക്കുമില്ലെന്നത് സവിശേഷമായ സത്യമാണ്. അത്രയധികം സ്ഥലം ലഭിക്കാന്‍ കാരണം ബാഫഖി തങ്ങളുടെ കൂടി പങ്കാളിത്തത്തോടെയാണെന്നതാണ് ചരിത്രം.
മലബാര്‍ ജില്ലാ മുസ്്ലിംലീഗിന്റെ കാറ് വിറ്റ പണമാണ് ഫാറൂക്ക് കോളജിന്റെ അടിസ്ഥാന മൂലധനം. വാഹനം അപൂര്‍വ്വ വസ്തുവായ അന്നത്തെ കാലത്ത് പാര്‍ട്ടി മിഷണറിയെ ചലിപ്പിക്കാന്‍ മുസ്ലിംലീഗിന് സ്വന്തമായി കാറുണ്ടായത് ബാഫഖി തങ്ങളുടെ ചടുല നേതൃത്വത്തിന്റെ കൂടി ഫലമാണ്. മുസ്ലിംലീഗ് നേതാക്കളുടെ സഞ്ചാര സൗകര്യത്തെക്കാള്‍ പ്രധാനം വിദ്യാഭ്യാസ സ്ഥാപനമാണെന്ന് കണ്ട ബാഫഖി തങ്ങളായിരുന്നു, മുസ്്ലിംലീഗിന്റെ ആ കാറ് വിറ്റ പണവും കൂടി ചേര്‍ത്ത് ഫാറൂക്ക് കോളജ് സ്ഥാപിച്ചതെന്നതും ചരിത്ര യാഥാര്‍ത്ഥ്യമാണ്. പിന്നീട് ഫാറൂഖ് കോളജിന്റെ തലപ്പത്ത് ഇരുന്നവര്‍ക്കും ഇപ്പോള്‍ അതിന്റെ തലപ്പത്തുള്ളവര്‍ക്കും ബാഫഖി തങ്ങളെയും, സീതി സാഹിബിനെയും ഓര്‍മ്മയുണ്ടോ എന്നെനിക്കറിയില്ല. അവരിരിക്കുന്ന കസേരയില്‍ നിങ്ങളൊന്ന് നോക്കിയാല്‍, നമ്മുടെ മഹാരഥന്മാരായ നേതാക്കളുടെ ചോരയും നീരും വിയര്‍പ്പും നിങ്ങള്‍ക്കതില്‍ കാണാം. ഇതുപോലെ വിദ്യാഭ്യാസ വിപ്ലത്തിനായി ബാഫഖി തങ്ങളെടുത്തിട്ടുള്ള ശ്രമങ്ങള്‍ തുല്ല്യതയില്ലാത്തതാണ്. ശാന്തി ദൂതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ദൗത്യം. നടുവട്ടത്തും തലശേരിയിലും പയ്യോളിയിലും മണത്തലയിലും അങ്ങാടിപ്പുറത്തുമെല്ലാം കലാപ ഭൂമിയില്‍ സമാധാനമുണ്ടാക്കാന്‍ ബാഫഖി തങ്ങള്‍ ഓടിയെത്തി. നടുവട്ടത്ത് കലാപമുണ്ടായപ്പോള്‍ അവിടെയെത്തി; കൊല്ലരുത് അനിയാ കൊല്ലരുത്… എന്ന് പറഞ്ഞ് ഉയര്‍ത്തിപ്പിടിച്ച ആയുധങ്ങള്‍ക്കിടയിലൂടെ സമാധാനത്തിന്റെ സന്ദേശ വാഹകനായ ബാഫഖി തങ്ങളെ, ഹിന്ദു മുസ്ലിം മൈത്രിയെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ഒരിക്കലും മാറ്റി നിര്‍ത്താനാവില്ല. മുസ്ലിം സമുദായത്തിന്റെ അനിഷേധ്യ നേതാവായ അദ്ദേഹം എല്ലാവരാലും ആദരിക്കപ്പെട്ടു.
എന്റെ കുട്ടിക്കാലത്ത് അദ്ദേഹത്തെ നേരില്‍ കാണാനും, കൊച്ചു കുട്ടിയെന്ന നിലയില്‍ ആ മടിയിലിരിക്കാനും ലാളനയേല്ക്കാനുമൊക്കെയുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ദേശീയ നേതൃത്വത്തിലേക്ക് ബാഫഖി തങ്ങള്‍ ഉയര്‍ന്നപ്പോള്‍ തിരുവനന്തപുരത്ത് വലിയൊരു സ്വീകരണം നല്‍കിയത് മായാത്ത ഓര്‍മ്മയാണ്. ഘോഷയാത്രയില്‍ മുത്തുക്കുട പിടിച്ച ജീപ്പിലായിരുന്നു ബാഫഖി തങ്ങളുണ്ടായിരുന്നത്. അക്കാലത്തിറങ്ങിയ കലണ്ടറുകളിലൊക്കെ ആ ചിത്രമായിരുന്നുണ്ടായിരുന്നത്. എന്റെ കുടുംബവുമായി ബാഫഖി തങ്ങള്‍ക്കുണ്ടായിരുന്ന ബന്ധം എത്ര ആഴത്തിലായിരുന്നുവെന്ന് പറഞ്ഞറിയിക്കേണ്ട ഒന്നല്ല. എന്റെ മൂത്ത സഹോദരിയുടെ നികാഹ് നടന്നത് പോലും കൊയിലാണ്ടിയില്‍ ബാഫഖി തങ്ങളുടെ വീട്ടില്‍ വെച്ചായിരുന്നു. മുഖ്യ കാര്‍മികത്വം വഹിച്ചു അദ്ദേഹം അതില്‍ നിറഞ്ഞു നില്‍ക്കുന്നതൊക്കെ വ്യക്തമായി മുന്നില്‍ തെളിയുന്നു. ഇങ്ങനെ ബാഫഖി തങ്ങളെ കുറിച്ച് നേരം പുലരുവോളം പറഞ്ഞാലും തീരില്ല.
പാണക്കാട് തറവാടും ബാഫഖി തങ്ങളുടെ കുടുംബവും തമ്മില്‍ ആഴത്തിലുള്ള ബന്ധമായിരുന്നു. തലമുറകളിലേക്ക് പടര്‍ന്ന് ആ സ്നേഹ ധാവള്യങ്ങള് അനസ്യൂതം ഒഴുകുന്നത് നമ്മുടെ പുണ്യം. ജന്മദേശവും കര്‍മ്മ ഭൂമിയുമായ കൊയിലാണ്ടിയില്‍ ബാഫഖി തങ്ങളുടെ അനുസ്മരണം, ചന്ദ്രിക നവതിയോടനുബന്ധിച്ച് നടത്തുമ്പോള്‍ അതിന്റെ ചരിത്ര മൂല്യം അനര്‍ഘമാണ്. 51 ആണ്ട് മുമ്പ് വിടപറഞ്ഞെങ്കിലും, എക്കാലത്തെക്കുമുള്ള മാതൃകയും വെളിച്ചവും വഴിയടയാളവുമാണ് സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങള്‍.
kerala
നെടുമ്പാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരന്റെ മരണം; രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

കൊച്ചി നെടുമ്പാശ്ശേരിയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കൊലപാതക കേസില്‍ രണ്ടു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. വിനയകുമാര്‍, മോഹന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സിഐഎസ്എഫ് വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ എടുക്കും.
ഹോട്ടല്‍ ജീവനക്കാരനായ ഐവാന്‍ ജിജോയെ മനഃപൂര്‍വം വാഹനമിടിച്ചു കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരും തമ്മില്‍ നേരത്തെ വാക്കുതര്‍ക്കം ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിന്തുടര്ന്നെത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
india
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്- തമിഴ്നാട് (പ്രസിഡന്റ്), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്മാന്), പി.കെ. കുഞ്ഞാലിക്കുട്ടി (ജനറല്‍ സെക്രട്ടറി), ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി (ഓര്‍ഗനൈസിങ് സെക്രട്ടറി), ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി (സീനിയര്‍ വൈസ് പ്രസിഡന്റ്), പി.വി. അബ്ദുള്‍ വഹാബ് എം.പി (ട്രഷറര്‍), കെ.പി.എ മജീദ് എം.എല്‍.എ- കേരളം, എം അബ്ദുറഹ്മാന്, മുന്‍ എംപി- തമിഴ്നാട്, സിറാജ് ഇബ്രാഹിം സേട്ട് -കര്‍ണാടക, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ- കര്‍ണാടക, എസ്. നഈം അക്തര്‍- ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന് -യു.പി, കെ. സൈനുല്‍ ആബിദീന്‍, കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ വൈസ് പ്രസിഡന്റുമാരും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ -കേരളം, ഖുര്‍റം അനീസ് ഉമര്‍- ഡല്‍ഹി, നവാസ് കനി എം.പി -തമിഴ്നാട്, അഡ്വ. ഹാരിസ് ബീരാന് എം.പി -കേരളം, അബ്ദുല്‍ ബാസിത് -തമിഴ്നാട്, ടി.എ അഹമ്മദ് കബീര്‍- കേരളം, സി.കെ സുബൈര്‍ -കേരളം എന്നിവര്‍ സെക്രട്ടറിമാരും ആസിഫ് അന്‍സാരി -ഡല്‍ഹി, അഡ്വ. ഫൈസല്‍ ബാബു- കേരളം, ഡോ.നജ്മുല്‍ ഹസ്സന് ഗനി -യു.പി, ഫാത്തിമ മുസഫര്‍- തമിഴ്നാട്, ജയന്തി രാജന് -കേരളം, അഞ്ജനി കുമാര്‍ സിന്‍ഹ -ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ -കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ അസി. സെക്രട്ടറിമാരുമാണ്. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
kerala
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
നിലമ്പൂര്‍ ചോക്കാട് കല്ലാമുല സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

മലപ്പുറം കാളികാവില്‍ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂര്‍ ചോക്കാട് കല്ലാമുല സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വന്യജീവി അക്രമണമെന്നാണ് സംശയം. രാവിലെ 7 മണിയോടെ കാളികാവ് അടക്കാകുണ്ടിലാണ് സംഭവം. കടുവയാണ് ആക്രമിച്ചതെന്ന് യുവാവിനൊപ്പമുണ്ടായിരുന്നയാള്‍ പറഞ്ഞു.
റബ്ബര്‍ ടാപ്പിങിനെത്തിയ രണ്ടുപേര്‍ക്ക് നേരെ കടുവ അടുത്തെങ്കിലും ഒരാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കല്ലാമല സ്വദേശിയായ ഗഫൂര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. രാവിലെ ഏഴ് മണിക്കാണ് സംഭവം നടന്നതെന്നും കടുവ ഗഫൂറിന് നേരെചാടി, വലിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നും കൂടെയുണ്ടായിരുന്ന ആള് പറഞ്ഞു.
നേരത്തെ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നതായും വളര്‍ത്തുമൃഗങ്ങളെയടക്കം കൊന്നിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരമായതോടെ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നതായി വാര്‍ഡ് മെമ്പറും പറഞ്ഞു.
-
india3 days ago
വ്യാജ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കരുത്; മുന്നറിയിപ്പ് നല്കി പ്രതിരോധ വകുപ്പ്
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
kerala3 days ago
പിണറായിക്കാലം, കലിക്കാലം; മുസ്ലിം യൂത്ത് ലീഗ് സമരക്കാലം മെയ് 19ന്
-
india24 hours ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
india3 days ago
യുദ്ധ പശ്ചാത്തലത്തില്‍ രാജ്യത്ത് അടച്ചിട്ട വിമാന താവളങ്ങള്‍ തുറന്നു
-
local2 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
kerala2 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്