മധ്യവയസ്‌കനെ ഭീഷണിപ്പെടുത്തി പണവും മൊബൈലും കവര്‍ന്നു

പാലക്കാട്: സംസ്ഥാനത്ത് പട്ടാപ്പകല്‍ പിടിച്ചുപറി. പാലക്കാട് വടക്കാഞ്ചേരിയില്‍ മധ്യവയസ്‌കനെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്നു. തേന്‍കുറിശ്ശി സ്വദേശി ബാലന്റെ ഫോണും പണവുമാണ് രണ്ട് പേര്‍ ഭീഷണിപ്പെടുത്തി ബലമായി തട്ടിയെടുത്തുത്. പ്രതികളായ സഞ്ജു, ജിത്തു എന്നിവരെ പൊലീസ് പിടികൂടി.

ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. വടക്കാഞ്ചേരിയിലെ മദ്യശാലയ്ക്ക് മുന്നിലായിരുന്നു കവര്‍ച്ച. കൂലിപ്പണിക്കാരനായ ബാലന്‍ മദ്യശാലയ്ക്ക് മുന്നിലൂടെ നടന്നു പോകുമ്പോള്‍ രണ്ടുപേര്‍ പിന്നാലെ വന്ന് തടഞ്ഞു നിര്‍ത്തി, ബലമായി മൊബൈല്‍ കൈക്കലാക്കുകയും പോക്കറ്റിലുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ചെയ്തു. ശേഷം സമീപത്തെ ഓട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് ബാലന്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. പ്രതികള്‍ രണ്ടും ഇതിന് മുമ്പും സമാനക്കേസില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

 

webdesk14:
whatsapp
line