X

ഒളിച്ചോടുന്ന ഭരണകൂടവും കത്തിയെരിയുന്ന നാടും

റസാഖ് ആദൃശ്ശേരി

ഹിന്ദുത്വ പ്രത്യയശാസ്ത്രം പലവിധേനയായി ഇന്ത്യന്‍ ജനസമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏറ്റവും ഭീതിദമാണ് ആര്‍.എസ്.എസ് ബി.ജെ.പി കക്ഷികള്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍. നൂറ്റാണ്ടുകളായി സൗഹാര്‍ദ്ദത്തോടെ കഴിയുന്ന മത വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും അവിശ്വാസവും തെറ്റിദ്ധാരണകളും വളര്‍ത്തുന്നു. രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും വൈവിധ്യങ്ങളും തകര്‍ത്ത് നാടിനെ ഹിന്ദു രാഷ്ട്രമാക്കിമാറ്റാനുള്ള ആസൂത്രിത പദ്ധതിയാണിത്. മതപരമായ സ്പര്‍ദ്ധ വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിച്ചു, ഹിന്ദുത്വമെന്ന അവരുടെ പ്രഖ്യാപിത ലക്ഷ്യത്തിനു വിഘാതമായി നില്‍ക്കുന്ന മതേതരത്വത്തെ തകര്‍ക്കണം. അതിനായി ഭരണ സംവിധാനത്തെ പക്ഷപാതപരമായി പ്രവര്‍ത്തിപ്പിക്കുകയും മാധ്യമങ്ങളെ വരുതിയിലാക്കുകയും ചെയ്യുന്നു. ഇതിന് കണ്ടെത്തിയ ധാരാളം പുതിയ മുദ്രാവാക്യങ്ങള്‍ ഇപ്പോള്‍ ബി.ജെ.പി ഉയര്‍ത്തുന്നു.

രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ഇടക്കിടെയുണ്ടാവുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഗൂഢാലോചനയുടെ ഫലമായി സൃഷ്ടിക്കപ്പെടുന്നവയാണ്. പ്രാദേശിക പ്രശ്‌നങ്ങള്‍ പോലും ഊതിവിര്‍പ്പിച്ചു വലിയ പ്രശ്‌നമായി അവതരിപ്പിക്കും. ആരാധനാലയങ്ങളുടെ മേലുള്ള അവകാശവാദം, നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന പരാതി, ലൗ ജിഹാദ് ആരോപണം, പശുവിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയവ സ്ഥിരമായി സംഘ്പരിവാര്‍ ഉയര്‍ത്തുന്നതാണ്. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധം പോലുമുണ്ടാവില്ല. എന്നിട്ടും അവയെല്ലാം ഹിന്ദു-മുസ്‌ലിം ഭിന്നിപ്പിനു കാരണമാക്കും. ഈ ഹീന പദ്ധതിയില്‍ സംഘ്പരിവാറിന്റെ ഐ.ടി വിദഗ്ധരും അവരോടു വിധേയത്വം പുലര്‍ത്തുന്ന മാധ്യമങ്ങളും കണ്ണി ചേരുന്നു. സോഷ്യല്‍മീഡിയ കള്ള കഥകള്‍ പ്രചരിപ്പിക്കുന്നു. തല്‍ഫലമായി ഹിന്ദുത്വ മുദ്രാവാക്യങ്ങളും ഹിന്ദു രാഷ്ട്രവാദവുമൊക്കെ ഏറ്റുവിളിക്കാന്‍ ചെറുപ്പക്കാര്‍ പോലും മുന്നോട്ടുവരുന്നു. ബ്രെയിന്‍വാഷ് ചെയ്യപ്പെട്ട ചെറുപ്പക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണം കൊണ്ടുനിറഞ്ഞിരിക്കുന്നു. ബി. ജെ.പി ഭരിക്കുന്ന ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ‘ജയ് ശ്രീറാം’ വിളിക്കണമെന്നു അവര്‍ ആജ്ഞാപിക്കുന്നു. അവരുടെ കള്ള പ്രചാരണങ്ങളും കെട്ടുകഥകളും കേട്ട് സാധാരണ ജനങ്ങള്‍ പോലും ഇല്ലാത്ത ഒരു ശത്രുവിനെ മനസ്സില്‍ കൊണ്ടുനടക്കുന്ന മനോഭാവത്തില്‍ എത്തിയിരിക്കുന്നുവെന്നതാണ് പരിതാപകരമായ അവസ്ഥ. വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ പ്രധാനമായും ആര്‍.എസ്.എസും ബി. ജെ.പിയും ലക്ഷ്യമിടുന്നത് ജനങ്ങളുടെ ശ്രദ്ധ മുഴുവനും ഇത്തരം കാര്യങ്ങളില്‍ മുഴുകണമെന്നും അവര്‍ സര്‍ക്കാരിനെ ചോദ്യംചെയ്യരുതെന്നുമാണ്.
ബാങ്ക് അക്കൗണ്ടില്‍ വരുമെന്നു പറഞ്ഞ 15 ലക്ഷം രൂപക്ക് ഒരു അഡ്രസുമില്ല.

നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുതിച്ചുയരുന്നു. വര്‍ഷം തോറും രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു പറഞ്ഞതും കാണാനില്ല. കുറ്റകൃത്യങ്ങളും അഴിമതിയും നിറഞ്ഞിരിക്കുമ്പോള്‍ ഒരു അണ്ണാഹസാരമാരെയും നിരാഹാര സത്യഗ്രഹത്തിനു കാണാനില്ല. ഇന്ത്യയുടെ സമ്പദ്ഘടന തകര്‍ന്നു തരിപ്പണമായിരിക്കുന്നു. ഇതെല്ലാം എന്തുകൊണ്ട് എന്നൊന്നും ആരും മോദിയോട് ചോദിക്കരുത്. ഗുജറാത്ത്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, കര്‍ണ്ണാടക, രാജസ്ഥാന്‍ എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു. ഈ സംസ്ഥാനങ്ങളില്‍ വര്‍ഗീയ വികാരം ആളിക്കത്തിക്കാനും വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുമൊക്കെയുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇവിടങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ചില സംഭവ വികാസങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാവും. രാജസ്ഥാനില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് കരോളിയില്‍ നവവത്സര ശോഭയാത്രയോടനുബന്ധിച്ചു വര്‍ഗീയ സംഘര്‍ഷം പൊട്ടി പുറപ്പെട്ടു. ‘തൊപ്പിയിട്ട വരെക്കൊണ്ട് ജയ്ശ്രീറാം വിളിപ്പിക്കും, ഹിന്ദു ഉണര്‍ന്നാല്‍ തൊപ്പിയിട്ടവര്‍ കുമ്പിട്ടുനിന്ന് ശ്രീരാമനെ വാഴ്‌ത്തേണ്ടി വരു’മെന്നും മറ്റുമുള്ള വിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യങ്ങളും പാട്ടുകളും ശോഭയാത്രയില്‍ മുഴങ്ങി. ഒരു സമുദായത്തിന്റെ കടകള്‍ മുഴുവനും തീയിട്ടു നശിപ്പിച്ചു. ജോദ്പൂരില്‍ ഈദുല്‍ഫിത്വറിന്റെ തലേദിവസമാണ് വര്‍ഗീയ സംഘര്‍ഷമുണ്ടായത്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ബാല്‍ മുകുന്ദ് ബിസ്സയുടെ പ്രതിമക്ക് ചുറ്റും ഈദിന്റെ തോരണം കെട്ടിയതിന്റെ പേരിലും സംഘര്‍ഷമുണ്ടായി. ന്യൂനപക്ഷങ്ങളെ പരോക്ഷമായി ഉന്നം വെച്ചുകൊണ്ടു പരസ്യമായി വാളുകള്‍ ചുയറ്റിക്കൊണ്ടായിരുന്നു ഇക്കൊല്ലത്തെ രാമനവമി ഘോഷയാത്രകള്‍. മധ്യപ്രദേശിലെ കാര്‍ഗോണിലും ബര്‍വാനി ജില്ലയിലെ സെന്ത് വ ടൗണിലും വലിയ തോതിലുള്ള അക്രമങ്ങള്‍ ഇതോടനുബന്ധിച്ചുണ്ടായി. ഗുജറാത്ത് ഇന്ത്യയില്‍ ശ്രദ്ധപിടിച്ചുപറ്റിയ സംസ്ഥാനമായി മാറിയതുതന്നെ 2002ല്‍ നടന്ന ആസൂത്രിതമായ ന്യൂനപക്ഷ വിരുദ്ധ കൂട്ടക്കൊലയുടെ പേരിലാണ്. കാലങ്ങള്‍ കടന്നുപോയിട്ടും ഭരണം നേടുന്നതിന് ബി.ജെ.പി അതേ തന്ത്രം തന്നെയാണ് ഇപ്പോഴും പ്രയോഗിക്കുന്നത്. രാമനവമിയോടനുബന്ധിച്ചു ഗുജറാത്തിലെ മൂന്നു ജില്ലകളില്‍ സംഘര്‍ഷമുണ്ടാകുകയും ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ പോര്‍ബന്ദറില്‍ പോലും കലാപമുണ്ടായി. മുസ്‌ലിം മത്സ്യത്തൊഴിലാളികളോട് ഗുജറാത്ത് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തെക്കുറിച്ചു പല എഴുത്തുകാരും ചൂണ്ടികാണിച്ചിട്ടുണ്ട്.

കര്‍ണ്ണാടകയില്‍ ഹിജാബ് വിഷയവുമായി നടന്ന പ്രതിഷേധങ്ങള്‍, ഹിന്ദു ജാഗരണ വേദിയുടെ പ്രവര്‍ത്തകര്‍ ലൗ ജിഹാദ് ആരോപിച്ചു നടത്തുന്ന അക്രമങ്ങള്‍, ഈദ് ഗാഹ് മൈതാനത്തിന്റെ പേരില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ തുടങ്ങിയവ മൂലം ബി. ജെ.പി വര്‍ഗീയത ആളിക്കത്തിച്ചുകൊണ്ടിരിക്കുകയാണ്. ഹിമാചല്‍പ്രദേശില്‍ 2.18 ശതമാനം മാത്രമാണ് മുസ്‌ലിംകള്‍. അവരാവട്ടെ, ആദിവാസി വിഭാഗമായ ഗുജ്ജറുകളും. തീരെ ദുര്‍ബലരും ദരിദ്രരുമാണവര്‍. ഇവരെപ്പോലും ഹിന്ദു വര്‍ഗീയ വാദികള്‍ വെറുതെ വിടുന്നില്ല. ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഇവരുടെ വീടുകള്‍ സര്‍ക്കാര്‍ ഒഴിപ്പിക്കുന്നു. വിശ്വഹിന്ദു പരിഷത്തുകാര്‍ നിരന്തരം ആക്രമിക്കുന്നു.’ലാന്‍ഡ് ജിഹാദ്’ ആരോപണമാണ് ഇവിടെ വി.എച്ച്.പി മുസ്‌ലിംകള്‍ക്കെതിരെ ആരോപിക്കുന്നത്. ഇന്‍ഡോറയില്‍ പശു ചത്തതിന്റെ പേരിലാണ് ഗുജ്ജറുകള്‍ക്കെതിരെ അക്രമം തുടങ്ങിയത്. ഗുജ്ജര്‍ മുസ്‌ലിംകളെ പുറത്താക്കണമെന്നു ആവശ്യപ്പെടുന്ന വി.എച്ച്.പി, പള്ളികള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്നത് പതിവാക്കിയിരിക്കുകയാണ്. ബി.ജെ.പി സര്‍ക്കാരാവട്ടെ ഇതിനെല്ലാം വേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ പലയിടങ്ങളിലും ന്യൂനപക്ഷത്തിനെതിരെ കൊലവിളി നടത്തുന്ന മത സമ്മേളനങ്ങള്‍ നടക്കുന്നു. മുസ് ലിം വീടുകളും കടകളും ബുള്‍ഡോസര്‍ ചെയ്യല്‍, പള്ളിയില്‍നിന്നുള്ള ബാങ്ക് വിളിക്ക് ബദലായി ഹനുമാന്‍ സൂക്തങ്ങള്‍ ഉച്ചഭാഷിണിയിലൂടെ മുഴക്കുമെന്ന ഭീഷണി, ക്ഷേത്രപരിസരങ്ങളില്‍ മുസ്‌ലിം കടകള്‍ അനുവദിക്കാതിരിക്കല്‍, ക്ഷേത്രങ്ങള്‍ക്കുള്ളില്‍ മാട്ടിറച്ചിക്കഷണങ്ങള്‍ കൊണ്ടിട്ടു പ്രതികാര നടപടികള്‍ കൈകൊള്ളല്‍ തുടങ്ങി നിരവധി ഹീനതന്ത്രങ്ങള്‍ ആര്‍.എസ്.എസ് പയറ്റുന്നുണ്ട്. ഇതിനുപുറമെയാണ്. വാരണാസി, ഗ്യാന്‍വാപി, മധുര ഷാഹി ഈദ്ഗാഹ്, ടിപ്പുസുല്‍ത്താന്‍ മസ്ജിദ്, കുത്തബ് മിനാര്‍, താജ്മഹല്‍, അജ്മീര്‍ ശരീഫ് തുടങ്ങിയ മസ്ജിദുകളും ചരിത്ര സ്മാരകങ്ങളും ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തുനിര്‍മിച്ചതാണെന്ന തെറ്റായ വാദം സംഘ്പരിവാര്‍ ഉയര്‍ത്തുന്നത്.

Test User: