പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഓണക്കോടിയും ഓണാശംസകളുമായി ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ
തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിയുടെ പ്രതിനിധികള്‍ ഉത്രാടം നാളില്‍ പാണക്കാട്ടെത്തി (28ന് രാവിലെ 9:45) . സാദിഖലി തങ്ങള്‍ക്ക് ഓണക്കോടിയും പാലട പ്രഥമനും ശര്‍ക്കര വരട്ടിയും ഉണ്ണിയപ്പവുമായാണ് സംഘം എത്തിയത്. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും വലിയ സന്ദേശമാണ് ഓണമായി നാം ഒരുമിച്ച് ആഘോഷിക്കുന്നതെന്ന് തന്ത്രി തങ്ങള്‍ക്ക് കൊടുത്തയച്ച ഓണസന്ദേശത്തില്‍ പറഞ്ഞു.
മുതുവല്ലൂര്‍ ദുര്‍ഗാഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചുള്ള ചടങ്ങില്‍ പാണക്കാട് സാദിഖലി തങ്ങള്‍ മുഖ്യാതിഥിയായി എത്തിയിരുന്നു. ആരാധനാലയങ്ങള്‍ക്കകത്തെ സ്നേഹവും ആദരവും പുറത്തുമുണ്ടാവണമെന്നും മനുഷ്യനെ തിരിച്ചറിയാതെ ദൈവത്തെ തിരിച്ചറിയാന്‍ കഴിയില്ലെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധനേടി. മതങ്ങള്‍ക്കിടയില്‍ സ്നേഹവും വിശ്വാസവും വളര്‍ത്തേണ്ട കാലമായതുകൊണ്ടാണ് ഓണസന്ദേശവുമായി ജാതി മത ഭേദമില്ലാതെ തന്റെ ആത്മബന്ധുക്കളെ അയക്കുന്നന്നതെന്നും അദ്ദേഹം പറഞ്ഞു.ഐതിഹ്യപ്രകാരം പരശുരാമനാല്‍ അനുഗ്രഹീതമായ തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരി ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ തന്ത്രിയാണ്.
മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. ലോഹ്യയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തില്‍ പൊതുപ്രവര്‍ത്തകരായ കെ.പി. നൗഷാദ് അലി, ശങ്കരന്‍ നമ്പീശന്‍, തലയൂര്‍ ഇല്ലത്ത് വിനയരാജന്‍ മൂസത്, മുതുവല്ലൂര്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രം ഭാരവാഹികളായ ചന്ദ്രന്‍ പുല്ലുത്തൊടി, ശശി രാജന്‍, ജ്യോതിര്‍ ബാബു, കെ പി ഗോപിനാഥന്‍, ശിവദാസന്‍ കിഴക്കേപ്പാട്ട് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
പരിപാടിയില്‍ പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, അഡ്വക്കേറ്റ് മുഹമ്മദ് ഷാ തുടങ്ങി നേതാക്കളും പങ്കെടുത്തു.