Connect with us

india

തീര്‍ത്ഥാടകരുടെ എണ്ണത്തിലുള്ള കുറവ്; വിമാനത്തിന് പുറമെ അയോധ്യയിലേക്കുള്ള ട്രെയിന്‍, ബസ് സര്‍വീസുകളും വെട്ടിക്കുറച്ചു

രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ അയോധ്യയിലേക്ക് സര്‍വീസ് ആരംഭിച്ച പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് അവസാനിപ്പിച്ചിട്ടുണ്ട്.

Published

on

അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വരുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് അയോധ്യയിലേക്ക് സര്‍വീസ് ആരംഭിച്ച വിമാനകമ്പനികള്‍ ആള്‍ക്കാര്‍ ഇല്ലാത്തതിനാല്‍ സര്‍വീസ് നിര്‍ത്തിവെച്ചതായുള്ള റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പുറത്തുവന്നത്.

ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള മറ്റ് ചില റിപ്പോര്‍ട്ടുകള്‍ കൂടി ഇപ്പോള്‍ പുറത്തുവരികയാണ്. അയോധ്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ക്ക് പുറമെ ട്രെയിന്‍, ബസ് സര്‍വീസുകളും ആള്‍ക്കാര്‍ ഇല്ലാത്തതിനാല്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ നഗരത്തിലേക്കുള്ള വിമാനങ്ങള്‍, ട്രെയിനുകള്‍, ബസ് സര്‍വീസുകള്‍ എന്നിവയില്‍ ഗണ്യമായ കുറവുകളാണ് രേഖപ്പെടുത്തുന്നത്.

രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ അയോധ്യയിലേക്ക് സര്‍വീസ് ആരംഭിച്ച പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് അവസാനിപ്പിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അയോധ്യയിലേക്കുള്ള ബസുകളുടെ എണ്ണം വെട്ടിക്കുറച്ചതും യാത്രക്കാരുടെ ഒഴുക്ക് കുറയുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഡിമാന്‍ഡ് കുറവായതിനാല്‍ ഹൈദരാബാദ്, ബെംഗളൂരു, പട്‌ന എന്നിവിടങ്ങളില്‍ നിന്ന് അയോധ്യയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസ് സ്‌പൈസ് ജെറ്റ് അവസാനിപ്പിച്ചിരുന്നു. സര്‍വീസ് ആരംഭിച്ച് രണ്ട് മാസത്തിന് ശേഷമായിരുന്നു ഈ തീരുമാനം.

2024 ഏപ്രിലില്‍, സ്‌പൈസ് ജെറ്റ് ഹൈദരാബാദില്‍ നിന്ന് അയോധ്യയിലേക്ക് ആഴ്ചയില്‍ മൂന്ന് തവണ സര്‍വീസ് ആരംഭിച്ചിരുന്നു. അവസാന വിമാനം ജൂണ്‍ ഒന്നിന് ആയിരുന്നു സര്‍വീസ് നടത്തിയത്. നിലവില്‍ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ഹൈദരാബാദില്‍ നിന്ന് അയോധ്യയിലേക്കുള്ള വിമാന സര്‍വീസ് തുടരുന്നുണ്ട്. അയോധ്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞതാണ് വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കാന്‍ കാരണമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അയാധ്യയിലേക്കുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസ് ഇന്ത്യന്‍ റെയില്‍വേ അവസാനിപ്പിച്ചത്. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം തീര്‍ത്ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ ട്രെയിനുകളാണ് ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. അതേസമയം 32 മുതല്‍ 35 വരെ ട്രെയിനുകള്‍ അയോധ്യ ധാം, അയോധ്യ കാന്റ്‌റ് സ്റ്റേഷനുകളില്‍ പ്രതിദിനം എത്തുന്നുണ്ട്.

മെയ് 15 വരെ അയോധ്യയിലേക്കുള്ള ട്രെയിനുകള്‍ക്ക് വലിയ ഡിമാന്റ് ഉണ്ടായിരുന്നെങ്കിലും അതിനുശേഷം കുറവുണ്ടായതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. അതുപോലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അയോധ്യയിലേക്കുള്ള ബസ് സര്‍വീസുകളും കുറച്ചിട്ടുണ്ട്. നിലവില്‍ 396 റോഡ് വേ ബസുകള്‍ സംസ്ഥാനത്തിനകത്ത് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ബസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

നിലവില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ഓരോ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ജനുവരി 22-ലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം അയോധ്യയിലേക്ക് വലിയ തോതില്‍ ആളുകള്‍ എത്തിയിരുന്നു.

2024 ജനുവരി മുതല്‍ മാര്‍ച്ച് വരെ ഏകദേശം 1.5 ലക്ഷം ആളുകള്‍ ദിവസേന എത്തിയിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അയോധ്യയിലേക്ക് പ്രത്യേക ടൂര്‍ പാക്കേജുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഏപ്രിലോടെ ആളുകളുടെ എണ്ണം കുറഞ്ഞു, ഏപ്രില്‍ മുതല്‍ മെയ് വരെ ഏകദേശം ഒരു ലക്ഷം ആളുകള്‍ മാത്രമാണ് അയോധ്യ സന്ദര്‍ശിച്ചത്.

അതേസമയം കഴിഞ്ഞ ഒരു മാസമായി അനുഭവപ്പെട്ട കടുത്ത ചൂടാണ് തീര്‍ഥാടകരുടെ എണ്ണം കുറയാന്‍ കാരണമെന്ന് രാമജന്മഭൂമി ട്രസ്റ്റി അനില്‍ മിശ്ര പറഞ്ഞു. കാലാവസ്ഥ സാധാരണ നിലയിലാകുന്നതോടെ ഭക്തരുടെ എണ്ണം കൂടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആളുകളുടെ എണ്ണം കുറഞ്ഞതോടെ അയോധ്യയിലെ ഹോട്ടലുടമകളും തങ്ങളുടെ ബിസിനസില്‍ ഇടിവ് വന്നതായി പറയുന്നുണ്ട്. നിലവില്‍ അയോധ്യയില്‍ എത്തുന്നത് അയല്‍ജില്ലകളില്‍ നിന്നുള്ള പ്രദേശവാസികളാണ്, അവര്‍ അയോധ്യയില്‍ എത്തി അതേ ദിവസം തന്നെ തിരിച്ചുപോകുന്നവരാണ്.

‘വിമാന ചിലവ് താങ്ങാന്‍ കഴിയുന്ന ആളുകള്‍ രാവിലെ വിമാനങ്ങളില്‍ എത്തുകയും പകല്‍ ദര്‍ശനം നടത്തി വൈകുന്നേരത്തോടെ തിരിച്ചു പോകുകയുമാണ്. ഹനുമാന്‍ഗര്‍ഹിയും രാം മന്ദിറും സന്ദര്‍ശിക്കുന്നതല്ലാതെ അയോധ്യയില്‍ ഭക്തര്‍ക്ക് കാര്യമായൊന്നും കാണാനില്ലാത്തതിനാല്‍ അവര്‍ അവിടെ തങ്ങാന്‍ ആഗ്രഹിക്കുന്നില്ല,’ ഫൈസാബാദ് ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹിയായ ശരദ് കപൂര്‍ പറഞ്ഞു.

india

അമൃത്സറില്‍ പാകിസ്താന് വേണ്ടി ചാര പ്രവര്‍ത്തി; 2 പേരെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ്

പാലക് ഷെര്‍ മസിഹ്, സൂരജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Published

on

ചാരവൃത്തിക്കെതിരായ സുപ്രധാനമായ ഓപ്പറേഷനില്‍, അമൃത്സറിലെ ആര്‍മി കന്റോണ്‍മെന്റ് ഏരിയകളുടെയും എയര്‍ ബേസുകളുടെയും തന്ത്രപ്രധാനമായ വിവരങ്ങളും ഫോട്ടോകളും ചോര്‍ത്തുന്നതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് രണ്ട് പേരെ അമൃത്സര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. പാലക് ഷെര്‍ മസിഹ്, സൂരജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നിലവില്‍ അമൃത്സര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഹാപ്പി എന്ന പിട്ടു എന്ന ഹര്‍പ്രീത് സിംഗ് വഴി സ്ഥാപിച്ച പാകിസ്ഥാന്‍ രഹസ്യാന്വേഷണ പ്രവര്‍ത്തകരുമായി ഇവരുടെ ബന്ധം പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പഞ്ചാബ് പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) ഗൗരവ് യാദവ് ഈ വിവരം നല്‍കി.

ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്, അന്വേഷണം തുടരുകയാണ്. അന്വേഷണം കൂടുതല്‍ ശക്തമാകുമ്പോള്‍ കൂടുതല്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ പ്രതീക്ഷിക്കുന്നു- യാദവ് പറഞ്ഞു.

പഞ്ചാബ് പോലീസ് ഇന്ത്യന്‍ സൈന്യത്തോടൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കടമയില്‍ അചഞ്ചലമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”നമ്മുടെ സായുധ സേനയുടെ സുരക്ഷയെ തകര്‍ക്കാനുള്ള ഏതൊരു ശ്രമവും ഉറച്ചതും ഉടനടി നടപടിയുമായി നേരിടും,” അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.

അതേസമയം, പഹല്‍ഗാം ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീനഗറിലും പരിസരത്തുമുള്ള ഹോട്ടലുകളില്‍ താമസിക്കുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ സാധ്യതയുള്ളതായി സുരക്ഷാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും മുന്‍കൂര്‍ ഇന്റലിജന്‍സ് ലഭിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഈ അവകാശവാദം നിരസിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പുതിയ പ്രതികരണമെന്ന നിലയില്‍, പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ വസ്തുക്കളുടെയും ഇറക്കുമതിയും ഗതാഗതവും ഇന്ത്യ ശനിയാഴ്ച നിരോധിച്ചു. നേരിട്ടുള്ള വ്യാപാരം അവസാനിപ്പിച്ച അട്ടാരി ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഏപ്രില്‍ 24ന് അടച്ചതിനെ തുടര്‍ന്നാണിത്. പാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാ മെയില്‍, പാഴ്‌സല്‍ സേവനങ്ങളും ഇന്ത്യയും വിമാനത്തിലൂടെയും കരയിലൂടെയും നിര്‍ത്തിവച്ചു.

Continue Reading

india

ഇന്ത്യ ആക്രമണം നടത്തിയാല്‍ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കും; പാകിസ്ഥാന്‍ പ്രതിനിധിയുടെ മുന്നറിയിപ്പ്

നേരത്തെ പാകിസ്താന്‍ മന്ത്രിയായ ഹനീഫ് അബ്ബാസിയും ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

Published

on

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അപകടകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന്, റഷ്യയിലെ പാകിസ്ഥാന്‍ അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി, ഇന്ത്യ ഒരു ആക്രമണം നടത്തിയാല്‍ തന്റെ രാജ്യം അതിന്റെ ”പൂര്‍ണ്ണ ശക്തി” ഉപയോഗിച്ച് പ്രതികരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘ഇന്ത്യയുടെ ഉന്മാദ മാധ്യമങ്ങളും നിരുത്തരവാദപരമായ പ്രസ്താവനകളും ഞങ്ങളെ നിര്‍ബന്ധിതരാക്കി. പാകിസ്ഥാനിലെ ചില പ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ തീരുമാനിച്ച മറ്റ് ചില രേഖകളും ചോര്‍ന്നിട്ടുണ്ട്. അതിനാല്‍, ഇത് സംഭവിക്കുമെന്നും അത് ആസന്നമായിരിക്കുമെന്നും ഞങ്ങള്‍ക്ക് തോന്നുന്നു.’റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ടിയോട് സംസാരിക്കവേ, ജമാലി പറഞ്ഞു.

‘ഇന്ത്യയുടെയും പാകിസ്ഥാന്റെയും കാര്യം വരുമ്പോള്‍, ഈ സംഖ്യാബലത്തിന്റെ സംവാദത്തില്‍ ഏര്‍പ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പരമ്പരാഗതവും ആണവപരവുമായ ശക്തിയുടെ മുഴുവന്‍ സ്‌പെക്ട്രവും ഞങ്ങള്‍ ഉപയോഗിക്കും.’ ജമാലി പറഞ്ഞു.

നേരത്തെ പാകിസ്താന്‍ മന്ത്രിയായ ഹനീഫ് അബ്ബാസിയും ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അതിര്‍ത്തികളില്‍ 130 മിസൈലുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Continue Reading

india

തമിഴ്‌നാട്ടില്‍ വാനും ബസും കൂട്ടിയിച്ച് അപകടം; നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം

വേളാങ്കണ്ണിയിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Published

on

തമിഴ്‌നാട് തിരുവാരൂരില്‍ വാനും ബസും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു. വേളാങ്കണ്ണിയിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബാലരാമപുരം നെല്ലിമൂട് സ്വദേശികളായ സജിനാഥ്, രാജേഷ് , രാഹുല്‍, സജിത്ത് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മലയാളികള്‍ സഞ്ചരിച്ച വാഹനം ഓമിനി വാന്‍ ആണെന്നാണ് വിവരം. പരിക്കേറ്റവരെ തിരുവാരൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ഏഴുപേരാണ് വാനിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ നാലുപേര്‍ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Continue Reading

Trending