Connect with us

india

അലങ്കോലമാകുന്ന ആകാശ പാത

24 മണിക്കുറിനിടെ മാത്രം കൊച്ചിയുള്‍പ്പെടെ 11 വിമാന സര്‍വീസുകളെ ബോംബ് ഭീഷണി ബാധിക്കുകയുണ്ടായി

Published

on

വിമാനങ്ങള്‍ക്ക് നേരെ നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കുന്ന വ്യാജ ബോംബ് ഭീഷണികള്‍ രാജ്യത്തിന്റെ ആകാശ പാതയെ അലങ്കോലമാക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന വ്യോമയാത്ര സങ്കീര്‍ണവും സംഘര്‍ഷഭരിതവുമായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളാണ് ഇപ്പോഴുള്ളത്. 24 മണിക്കുറിനിടെ മാത്രം കൊച്ചിയുള്‍പ്പെടെ 11 വിമാന സര്‍വീസുകളെ ബോംബ് ഭീഷണി ബാധിക്കുകയുണ്ടായി. ആറു ദിവസത്തിനിടെ 70 വി മാനങ്ങളാണ് രാജ്യത്ത് ബോംബ് ഭീഷണിക്കിരയായത്. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിനു നേരെയാണ് ആദ്യം ഭീഷണിയുയര്‍ന്നത്. 200 യാത്രക്കാരും ജീവനക്കാരുമായി ചൊവ്വാഴ്ച രാത്രി പറന്നുയര്‍ന്ന വിമാനം ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നീട് ബെംഗളുരുവിലേക്ക് പോകുകയായിരുന്ന ആകാശ എയറിന് ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മടങ്ങേണ്ടിവന്നു. ഡല്‍ഹി ഷിക്കാഗോ എയര്‍ ഇന്ത്യ വിമാനം, ജയ്പൂര്‍ ബെംഗളൂരു എയര്‍ ഇന്ത്യ എക്സ്പ്രസ്, ദമാം ലക്‌നൗ ഇന്‍ഡിഗോ വിമാനം, ദര്‍ഭംഗ മുംബൈ സ്‌പൈസ് ജെറ്റ് വിമാനം, സിലി ഗുരിബെംഗളൂരു ആകാശ എയര്‍, അലയന്‍സ് എയര്‍ അ മൃതസര്‍ഡെറാഡൂണ്‍ഡല്‍ഹി വിമാനം, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം, മധുരയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള ഏഴ് വിമാനങ്ങള്‍ തുടങ്ങി ഭീഷണിയുടെ നിഴലിലായവ നിരവധിയാണ്.

സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്‌സ്സിലൂടെ വരുന്ന ഭീഷണികളെ തുടര്‍ന്ന് യാത്രക്കാരെ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയരാക്കേണ്ടിവരികയും അതുവഴി യാത്രകള്‍ മണിക്കൂറുകളോളം വൈകിക്കൊണ്ടിരിക്കുന്നതുമാണ് ഈ ഭീഷണികളുടെ അനന്തരഫലം. ഇങ്ങനെ വിമാനങ്ങള്‍ വൈകുന്നതുമൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ വീസാപ്രശ്‌നമുള്‍പ്പെടെ വിവരണാതീതമാണ്. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ വിമാനത്താവളങ്ങളില്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വേറെയും. വ്യാജ ബോംബ് ഭീഷണികള്‍ വ്യോമയാന കമ്പനികളെയും തെല്ലൊന്നുമല്ല കുഴക്കുന്നത്. വ്യാജ ഭീഷണികളാണോ എന്ന് ഉറപ്പിക്കാനാകാത്തതിനാല്‍ അടിയന്തരമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനികളും വിമാനത്താവളങ്ങളും നിര്‍ബന്ധിതരായിത്തീരുകയാണ്. രാജ്യത്തിന്റെ ആകാശപാതക്കുനേരെ നിലനില്‍ക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തെ ഗൗരവത്തോടെ കാണാനും ഈ പ്രവണതക്ക് അന്ത്യം കുറിക്കാനും കേന്ദ്ര സര്‍ക്കാറിന്റ ഭാഗത്തുനിന്ന് ചടുലമായ ഇടപെടലുണ്ടാവുകയെന്നാണ് ഏക പരിഹാരമാര്‍ഗം. വ്യാജ ഭീഷണിക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി വേണമെന്ന് വിമാനക്കമ്പനികള്‍ തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു. തടസപ്പെട്ട ഷെഡ്യൂളുകള്‍ വളരെയധികം അസൗകര്യങ്ങളും വലിയ ചിലവുകളും ഉണ്ടാക്കുന്നതിനാല്‍ ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നാണ് അവരുടെ സര്‍ക്കാറിനോടുള്ള അഭ്യര്‍ത്ഥന. ഓരോ ഭീഷണിമൂലവും വിമാനക്കമ്പനികള്‍ക്കുണ്ടാകുന്നത് കോടികളുടെ നഷ്ടമാണ്. വ്യാജ എക്കൗണ്ടുകളില്‍നിന്നാണ് ഭീഷണികള്‍ വന്നുകൊണ്ടിരിക്കുന്നതെന്നത് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നേരിട്ടുള്ള ഇടപെടലുകളാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന ഭീഷണികള്‍ സര്‍ക്കാറിന്റെ ഉദാസീനമായ നിലപാടിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത്തരം സന്ദേശങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന പരിശോധനകളില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തത് ഭീഷണികള്‍ നേരംപോക്കുമാത്രമാണെന്ന് വ്യക്തമാക്കുന്നു. പക്ഷേ വിമാന കമ്പനികള്‍ക്ക് ഇതിനെ ഒരിക്കലും ലാഘവത്തോടെ കാണാന്‍ കഴിയുന്നതല്ല.

വ്യാജ ഭീഷണികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നോ ഫ്‌ളൈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പിഗണിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്) കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് മുമ്പാകെയാണ് ഈ നിര്‍ദേശം ആദ്യം നല്‍കിയത്. പുതിയ സാഹചര്യത്തിലും സര്‍ക്കാര്‍ പല പ്രഖ്യാപനങ്ങളും നടത്തുന്നുണ്ടുവെങ്കിലും അതെല്ലാം എത്രത്തോളം പ്രായോഗികതലത്തിലുണ്ടാകുമെന്ന് കണ്ടറിയേണ്ടതാണ്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യുരിറ്റി ഫോഴ്‌സ്, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍, ദേശീയ അന്വേഷണ ഏജന്‍സി, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയോടെല്ലാം അടുത്തിടെയുണ്ടായ ബോംബ് ഭീഷണി യെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഉത്സവ സീസണുകളുടെയും വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളുമെല്ലാം സാഹചര്യം പരിഗണിച്ച് അതിശക്തമായ നടപടികളുമായി വ്യോമയാന വകുപ്പും കേന്ദ്ര സര്‍ക്കാറും മുന്നോട്ടുപോയിട്ടില്ലെങ്കില്‍ അകാരണമായി രാജ്യത്തിന്റെ ആകാശ പാത അലങ്കോലമാകുന്ന സാഹചര്യമാണുണ്ടാവുക.

 

india

ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍

ഇന്ന് ഉച്ചയോടെ ഗുണനിലവാര സൂചിക (എക്യുഐ) 406 രേഖപ്പെടുത്തിയതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

Published

on

ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയിലായതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയോടെ ഗുണനിലവാര സൂചിക (എക്യുഐ) 406 രേഖപ്പെടുത്തിയതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

ഡിസംബര്‍ 16നാണ് ഡല്‍ഹിയിലെ വായു ആദ്യമായി അപകടകരമായ സ്ഥിതിയിലേക്ക് എത്തിയത്. എന്നാല്‍ ഡിസംബര്‍ 20-ന് രാത്രി ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നു. ഇന്ന് ഉച്ചയോടെ പുക മഞ്ഞും മലിനീകരണവും വീണ്ടും അപകടകരമായ നിലയിലേക്ക് ഉയരുകയായിരുന്നു. ഡല്‍ഹിയില്‍ വായു മലിനീകരണത്തില്‍ ഉടനടി മാറ്റമുണ്ടാവില്ലെന്ന് വിദഗ്ദര്‍ പറയുന്നു.

Continue Reading

india

‘ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ’; ഹരിയാനയില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം

വാഹനത്തിന്റെ ഡ്രൈവര്‍ അര്‍മാന്‍ ഖാനാണ് ആക്രമണത്തിന് ഇരയായത്.

Published

on

ഹരിയാനയിലെ നൂഹില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയതിന് ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. വാഹനത്തിന്റെ ഡ്രൈവര്‍ അര്‍മാന്‍ ഖാനാണ് ആക്രമണത്തിന് ഇരയായത്. ഡിസംബര്‍ പതിനെട്ടിനായിരുന്നു സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് വിവരം ലോകമറിയുന്നത്. അക്രമികള്‍ക്ക് സ്ഥലത്തെ ഗോസംരക്ഷക സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്.

പശു തങ്ങളുടെ മാതാവും കാള തങ്ങളുടെ പിതാവുമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ‘ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ’ എന്ന് പറയാനും അക്രമികള്‍ അര്‍മാന്‍ ഖാനെ നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം ഡ്രൈവറെ ആക്രമിക്കുകയും ചെയ്തു.

നേരത്തെ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ബംഗാളില്‍ നിന്നെത്തിയ അതിഥി തൊഴിലാളിയെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി നിസാരവത്കരിച്ചിരുന്നു.

Continue Reading

india

അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണം; 8 പേര്‍ അറസ്റ്റില്‍

പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്.

Published

on

നടന്‍ അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ സംഘം ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്. ഒസ്മാനിയ യൂണിവേഴ്സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം.

പ്ലക്കാര്‍ഡുകളുമായി ഒരു സംഘം അല്ലു അര്‍ജുന്റെ ജൂബിലി ഹില്‍സിലെ വീടിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് വീടിന് ഒരുക്കിയിരുന്നത്. സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥയായി. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു.

ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലുണ്ടായ തിരക്കിലുമാണ് സ്ത്രീ മരിച്ചത്. പുഷ്പ 2ന്റെ പ്രചാരണത്തിനിടെയായിരുന്നു അപകടം. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള യാതൊരുവിധ മുന്‍കരുതലും തിയേറ്ററിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അല്ലു അര്‍ജുനേയും തിയേറ്റര്‍ ഉടമയേയും മാനേജരേയും അറസ്റ്റ് ചെയ്തിരുന്നു.

 

 

Continue Reading

Trending