X

കൊല്‍ക്കത്തയില്‍ ട്രെയിനി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ഇരയുടെ അഭിഭാഷകര്‍ കേസില്‍ നിന്ന് പിന്മാറി

കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹോളില്‍ ക്രൂരപീഡനത്തിനിരയായി ട്രെയിനി ഡോക്ടര്‍ കൊല്ലപ്പെട്ട കേസില്‍ നിന്ന് പിന്മാറി മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍. ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ വിചാരണ കോടതിയിലും കൊല്‍ക്കത്ത ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രതിനിധീകരിക്കുന്നതില്‍ നിന്നാണ് വൃന്ദ ഗ്രോവര്‍, സൌതീക് ബാനര്‍ജി, അര്‍ജുന്‍ ഗൂപ്ത് എന്നിവരടങ്ങിയ അഭിഭാഷസംഘമാണ്‌ പിന്മാറിയത്.

വ്യാഴാഴ്ചയാണ് വിചാരണക്കോടതി ഇക്കാര്യം വിശദമാക്കിയത്. ഇടപെടുന്ന ചില ഘടകങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്താണ് പിന്മാറ്റത്തിന് കാരണമെന്നാണ് അഭിഭാഷക സംഘം വിശദമാക്കിയത്. 2024 സെപ്തംബര്‍ മുതല്‍ ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ പ്രതിഫലം പോലും വാങ്ങാതെയാണ് പ്രതിനിധീകരിച്ചതെന്ന് വൃന്ദ ഗ്രോവറുടെ ചേംബര്‍ വിശദമാക്കി.

2024 ഓഗസ്റ്റ് 9ലാണ് ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ സെമിനാര്‍ ഹോളില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ ട്രെയിനി ഡോക്ടറെ കണ്ടെത്തിയത്. സംഭവത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ കൊല്‍ക്കത്ത ഹൈക്കോടതി കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയിരുന്നു. അതേസമയം കേസിന്റെ വിചാരണ ഒരു മാസത്തിനകം പൂര്‍ത്തിയാകുമെന്നാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്.

webdesk18: