X

14 കാരിയായ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; യുപി സ്വദേശികളായ അഞ്ച് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

പ്രായപൂര്‍ത്തിയാകാത്ത 14 വയസ്സുകാരിയായ മലയാളി പെണ്‍കുട്ടിയെ കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ അഞ്ച് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. പെരുമ്പാവൂര്‍ സ്‌പെഷ്യല്‍ (പോക്‌സോ) കോടതിയാണ് ശിക്ഷവിധിച്ചത്. 40 വര്‍ഷത്തെ തടവിനും വിധിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ ഫര്‍ഹദ് ഖാന്‍, ഹാരൂണ്‍ ഖാന്‍, ആഷു, ഫയിം, ഷാഹിദ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഏലൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.

2020ലാണ് സംഭവം. ഹിന്ദി ഭാഷ അറിയാമായിരുന്ന പെണ്‍കുട്ടിയെ സിം കാര്‍ഡ് എടുത്ത് നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ തനിച്ചും സംഘം ചേര്‍ന്നും ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു.

ഹാരൂണ്‍ഖാനിന് ഒരു കേസില്‍ 40 വര്‍ഷത്തെ കഠിന തടവിനും 50,000രൂപ പിഴയും വിധിച്ചു. ഫര്‍ഹദ് ഖാനെ ഒരു കേസില്‍ കുറ്റവിമുക്തനാക്കുകയും മറ്റ് രണ്ട് കേസുകളിലായി ജീവിതാന്ത്യം വരെയുള്ള ജീവപര്യന്തം കഠിന തടവും 60 വര്‍ഷത്തെ കഠിന തടവും 1.5 ലക്ഷം രൂപ പിഴയും വിധിച്ചു. ഷാഹിദ് ഖാന് ഒരു കേസില്‍ ജീവിതാന്ത്യം വരെയുള്ള ജീവപര്യന്തം കഠിന തടവും 20 വര്‍ഷത്തെ കഠിന തടവും 75,000 രൂപ പിഴയും വിധിച്ചു. ആഷുവിന് ഒരു കേസില്‍ 40 വര്‍ഷത്തെ കഠിന തടവും 50,000രൂപ പിഴയുമാണ് വിധിച്ചത്. ഫയീമിന് രണ്ട് കേസുകളിലായി ജീവിതാന്ത്യം വരെയുള്ള ഇരട്ട ജീവപര്യന്തം കഠിന തടവും 20 വര്‍ഷത്തെ കഠിന തടവും, 1.5 ലക്ഷം രൂപ പിഴയും വിധിച്ചു.

അഞ്ച് കുറ്റപത്രങ്ങളില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതികളെ ശിക്ഷിക്കുകകയായിരുന്നു.

webdesk17: