Connect with us

india

ഹൃദയം കൊണ്ട് ചിന്തിച്ച വ്യവസായി

രത്തന്‍ ടാറ്റ എന്ന മനുഷ്യസ്‌നേഹിയെ നോക്കിയാല്‍ തലയേക്കാളും ഹൃദയം കൊണ്ട് മുന്നോട്ടു നയിക്കപ്പെട്ടവനെന്ന വിശേഷണമാണ് അദ്ദേഹത്തിന് നല്‍കാനാവുക.

Published

on

രത്തന്‍ ടാറ്റ എന്നാല്‍ ലോകത്തിന് മുന്നില്‍ ഒരു കോര്‍പറേറ്റ് വ്യവസായിയാണ്. ഉപ്പു മുതല്‍ വിമാനം വരെ കൈയ്യാളിയിരുന്ന മനുഷ്യന്‍. എന്നാല്‍ അതിവൈകാരികതകളല്ലാത്ത, ലാഭേച്ഛയില്‍ അഭിരമിക്കാത്ത കോര്‍പറേറ്റ് ഭീമനായിരുന്നു രത്തന്‍ ടാറ്റ എന്നുവേണം പറയാന്‍. ലാഭമുണ്ടാക്കുക. വീണ്ടും വീണ്ടും ലാഭമുണ്ടാക്കുക. ബിസിനസ് പച്ചപിടിപ്പിക്കുക എന്നതു മാത്രമാണ് നാം കാണുന്ന വ്യവസായികളുടെ ചിത്രം. എന്നാല്‍ രത്തന്‍ ടാറ്റ എന്ന മനുഷ്യസ്‌നേഹിയെ നോക്കിയാല്‍ തലയേക്കാളും ഹൃദയം കൊണ്ട് മുന്നോട്ടു നയിക്കപ്പെട്ടവനെന്ന വിശേഷണമാണ് അദ്ദേഹത്തിന് നല്‍കാനാവുക.

മാനവികതയ്ക്കും, സഹാനുഭൂതിക്കും പ്രാധാന്യം കൊടുത്തുള്ള ബിസിനസ് രീതി ആയിരുന്നു ടാറ്റ കമ്പനികളുടേത്. ടാറ്റ സ്റ്റീലിലെ സാധാരണ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ സ്വന്തം സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് ശമ്പളം കൊടുത്തരിതി, അത് ടാറ്റക്കു മാത്രം സ്വന്തം. സൗമ്യനായി മാത്രമേ എന്നും രത്തന്‍ ടാറ്റയെ കണ്ടിട്ടുള്ളൂ. വിവാദങ്ങളില്‍ സാന്നിധ്യം അപൂര്‍വം. സമ്പത്തിന്റെ ഏറിയപങ്കും ചാരിറ്റിക്കായി വിനിയോഗിക്കുന്നതിനാല്‍ ഓരോ വര്‍ഷവും ശതകോടിശ്വരന്‍മാരുടെ പട്ടികയില്‍ രത്തന്‍ ടാറ്റ പിന്നാക്കം പോവുകയാണ് ചെയ്യാറ്. ടാറ്റാ സണ്‍സിന്റെ ലാഭത്തിന്റെ 66 ശതമാനവും ചെല്ലുന്നത് മുഖ്യ ഓഹരി ഉടമകളായ ടാറ്റാ ട്രസ്റ്റിലേക്കാണ്. ടാറ്റാ ട്രസ്റ്റാകട്ടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് മുഖ്യ ഊന്നല്‍ നല്‍കുന്നതും. ഇത് തന്നെയാണ് എട്ടുലക്ഷത്തോളം ജീവനക്കാരുള്ള ടാറ്റ ഗ്രൂപ്പിന്റെ അധിപനെ ആഗോളതലത്തില്‍ തന്നെ ആദരിക്കപ്പെടുന്ന വ്യക്തിത്വമാക്കി മാറ്റിയത്.

ഇക്കാരണങ്ങളാലാണ് രത്തന്‍ ടാറ്റ സവിശേഷ വികാരമായി ജനകോടികളുടെ മനസ്സില്‍ കുടിയേറി ദശാബ്ദങ്ങളോളം നിലനിന്നത്. ഒരു വ്യവസായിയുടെ വിയോഗത്തില്‍ രാജ്യം ഒന്നടങ്കം ഒരേ വികാര ത്തോടെ നൊന്ത് കണ്ണീര്‍വാര്‍ത്ത ചരിത്രമുണ്ടെങ്കില്‍ അത് രത്തന്‍ ടാറ്റക്ക് സ്വന്തമാണ്. ഇനിയൊരു വ്യവസായിയെ രാജ്യം ഇതുപോലെ ഇനി സ്വീകരിക്കുമോ എന്നതും സംശയമാണ്. മനുഷ്യത്വവും ബിസിനസും ഒരേയളവില്‍ വിളക്കിച്ചേര്‍ത്ത് ലോകത്തിന് മുന്നില്‍ മാതൃക വച്ചുനീട്ടുകയായിരുന്നു രത്തന്‍ ടാറ്റ. ഇക്കാര്യത്തില്‍ രാജ്യത്തിന് അദ്ദേഹത്തോടുള്ള കടപ്പാട് വാക്കുകള്‍ക്കതീതമാണ്.

ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങി സര്‍വ മേഖലകളിലും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിലാണ് രത്തന്‍ ടാറ്റ താങ്ങും തണലുമായത്. കോവിഡ് കാലത്ത് 500 കോടി രൂപയാണ് അദ്ദേഹം സംഭാവന ചെയ്തത്. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി, ഐഐ എം, ഐ.ഐ.എസ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അദ്ദേഹം സഹായം നല്‍കി. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് സ്‌കോളര്‍ഷിപ്പോടെ പഠിക്കാനും അവസരമൊരുക്കി. സാമൂഹിക മാധ്യമമായ എക്‌സില്‍ 1.2 കോടിയോളം പേര്‍ രത്തന്‍ ടാറ്റയെ ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ബിസിനസുകാരനും രത്തന്‍ ടാറ്റയാണ്. സ്വധവേ വ്യവസായികളെ പുച്ഛത്തോടെയും അസുയയോടെയും നോക്കുന്നവര്‍ ടാറ്റയെ കാണുന്നത് മറ്റൊരു തലത്തിലാണ്.

വന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനെങ്കിലും എന്നും ലളിത ജീവിതം നയിക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചിട്ടുള്ളതും. തന്റെ ഈ ശൈലി, ടാറ്റാ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളിലും നടപ്പാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ജീവിത ഉന്നമനം ഉറപ്പാക്കുന്ന ഉല്‍പന്നങ്ങള്‍ ടാറ്റയില്‍ നിന്നുണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു നാനോ കാര്‍. ഒരു കുഞ്ഞന്‍ കാറിനെ വിപണിയിലിറക്കാനുള്ള ടാറ്റയുടെ തിരുമാനത്തിന് പിന്നില്‍ സ്വന്തമായൊരു കാര്‍ എന്ന സാധാ രണക്കാരന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു.

എന്നാല്‍ നാനോ കാര്‍ മൂന്നുലക്ഷം യൂണിറ്റുകള്‍ മാത്രമേ വില്‍ക്കാനായുള്ളൂ. ഇതു പോലെ ഏവരേയും ഞെട്ടിച്ച ടാറ്റയുടെ മറ്റൊരു ശ്രമമായിരുന്നു എയര്‍ ഇന്ത്യ ഏറ്റെടുക്കല്‍. ലാഭം മാത്രം നോക്കിക്കാണുന്ന ഒരു വ്യവസായി ഈ സാഹസത്തിന് ഒരിക്കലും മുതിരില്ലായിരുന്നു. കടത്തില്‍ മുങ്ങിക്കുളിച്ചൊരു കമ്പനിയെ ഏറ്റെടുത്തു മുന്നോട്ടു നയിക്കുകയെന്നത് എളുപ്പമല്ലെന്നറിഞ്ഞിട്ടും അമ്മാവന്‍ ജെ.ആര്‍.ഡി ടാറ്റ 1932ല്‍ സ്ഥാപിച്ച ടാറ്റാ എയര്‍ലൈന്‍സിനെ വീണ്ടും ടാറ്റാ തറവാട്ടിലേക്ക് തന്നെ എത്തിക്കുയാണ് അദ്ദേഹം ചെയ്തത്. 111,000 കോടി രൂപക്കായിരുന്നു ഏറ്റെടുക്കല്‍. ജെആര്‍ഡി ടാറ്റക്കുള്ള രത്തന്‍ ടാറ്റയുടെ ആദരം കൂടിയായിരുന്നു ഇത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ എന്നീ വിമാനക്കമ്പനികള്‍ ടാറ്റയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

ലാഭത്തിന് അമിത പ്രാധാന്യം കൊടുക്കാതെ ഒരു കുടുംബ ബിസിനസിനെ ലോകത്തിലെ ഏറ്റവും മികച്ചതും പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നതുമായ ഗ്രൂപ്പുക ളിലൊന്നായി പരിണമിപ്പിച്ചത് രത്തന്‍ ടാറ്റയുടെ മാജിക് ആയി കാണുന്നവരുമുണ്ട്. രാജ്യത്തെ മറ്റ് കുത്തക മുതലാളിമാരും വ്യവസായ മേധാവികളും ലാഭവും സമ്പത്തും സൃഷ്ടിക്കാന്‍ കമ്പനികള്‍ വിനിയോഗിക്കുന്ന കാലത്ത് രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്ക് ധനസഹായം നല്‍കാനും പദ്ധതികള്‍ ആരംഭിക്കാനും നല്ലൊരു തുക നീക്കിവെക്കാന്‍ കാരണക്കാരനായ മനുഷ്യന് പ്രണാമം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി

ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു

Published

on

ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. നടുവട്ടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നീലഗിരി ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉരുള്‍പൊട്ടലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു.

ബസുകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി ആറ് വരെ മാത്രമായിരിക്കും അനുമതിയുണ്ടാവുക. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് റോഡില്‍ നിയന്ത്രണങ്ങളുണ്ടാവില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കാന്‍ മലപ്പുറം, വയനാട് ചെക്ക്‌പോസ്റ്റുകള്‍ക്ക് തമിഴ്‌നാട് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിതീവ്ര മഴക്കുള്ള സാധ്യതയാണ് ജില്ലയില്‍ പ്രവചിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നീലഗിരി ജില്ലയില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

india

കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്

‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

Published

on

‘കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്’ എന്ന കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കര്‍ണാടക രക്ഷണ വേദികെ എന്ന കന്നട സംഘടന ബെംഗളൂരു പൊലീസില്‍ പരാതി നല്‍കി, അതേസമയം, കമല്‍ ഹാസനോട് കര്‍ണാടക ബിജെപി മാപ്പ് ആവശ്യപ്പെട്ടു.’കന്നഡയ്ക്ക് ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രമുണ്ട്. കമലിന് അത് അറിയില്ല.’ ബിജെപി ആരോപിച്ചു. ‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

വിഷയത്തില്‍ വിശദീകരണവുമായി കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. ‘എന്റെ വാക്കുകള്‍ സ്‌നേഹത്തോടെയാണ് പറഞ്ഞത്. ഭാഷാ വിഷയങ്ങള്‍ രാഷ്ട്രീയക്കാര്‍ ചര്‍ച്ച ചെയ്യേണ്ട; അത് ഭാഷാശാസ്ത്രജ്ഞര്‍ക്കും ചരിത്രകാരന്മാര്‍ക്കും വിടണം,’ അദ്ദേഹം പറഞ്ഞു. ‘നോര്‍ത്ത് ഇന്ത്യന്‍ വീക്ഷണത്തില്‍ അവര്‍ ശരി, കന്യാകുമാരിയില്‍ നിന്ന് നോക്കിയാല്‍ ഞാന്‍ ശരി. ഭാഷാശാസ്ത്രജ്ഞര്‍ ഇരുവരും ശരിയാണെന്ന് പറയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച ബെംഗളൂരുവില്‍ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ പ്രചാരണത്തിനിടെ, നടന്‍ ശിവരാജ്കുമാറിനോട് ‘നിന്റെ ഭാഷ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചത്’ എന്ന് കമല്‍ പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്.

Continue Reading

india

ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Published

on

യുപിയിലെ ആഗ്രയില്‍ ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. വീടിന് സമീപത്തുള്ള ക്ഷേത്രത്തിനിടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയല്‍വാസി ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബന്ധുക്കള്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പ്രതി മാനസികാ രോഗിയാണെന്ന് പറഞ്ഞ് പൊലീസ് വിട്ടയക്കുകയായിരുന്നു.

പ്രതിയെ വിട്ടയച്ചത് വിവാദമാവുകയും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തതോടെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസ് നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവാവിന് മാനസികപ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്രതി ഒരു മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന ആളാണ്. പ്രതിയുടെ മാനസിക നിലയെക്കുറിച്ച് കുടുംബം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

Trending