Connect with us

Article

ജനാധിപത്യത്തിലെ മോശം ദിനം

വഖഫ് എന്ന തീര്‍ത്തും മതപരമായ ഒരു കര്‍മത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്കുതന്നെ ഘടക വിരുദ്ധമായിട്ടുള്ള നിരവധി നിര്‍ദേശങ്ങളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

Published

on


വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അംഗീകാരം നല്‍കിയ ദിവസത്തെ ജനാധിപത്യത്തിലെ മോശം ദിനം എന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചിരിക്കുന്നത്. വഖഫ് എന്ന തീര്‍ത്തും മതപരമായ ഒരു കര്‍മത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്കുതന്നെ ഘടക വിരുദ്ധമായിട്ടുള്ള നിരവധി നിര്‍ദേശങ്ങളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്ലില്‍ എന്‍.ഡി.എയിലെ സഖ്യകക്ഷികള്‍ തന്നെ എതിര്‍പ്പുന്നയിച്ചതോടെയാണ് സര്‍ക്കാര്‍ ജെ.പി.സി ക്ക് വിടാനുള്ള തീരുമാനത്തിലേക്കെത്തിയത്. മൂന്നാം മോദി സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്ന ജെ.ഡി.യുവിനെയും ടി. ഡി.പി.യെയും അനുനയിപ്പിക്കാനുള്ള രാഷ്ട്രീയനീക്കം എന്നതിനോടൊപ്പം തങ്ങള്‍ ഉദ്ദേശിച്ചതുപോലെ തന്നെ നിയമം കൊണ്ടുവരാനുള്ള ശ്രമംകൂടിയായിരുന്നു ജെ.പി.സിയി ലൂടെ സര്‍ക്കാര്‍ ലക്ഷ്യംവെച്ചിരുന്നതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. സമിതിയില്‍ ഭരണപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരിക്കെ പ്രതിപക്ഷം നിര്‍ദേശിച്ച 44 ഭേദഗതികളും വോട്ടിനിട്ടു തള്ളുകയും ഭരണപക്ഷത്തിന്റെ 14 ഭേദഗതികളും പാസാക്കിയെടുക്കുകയും ചെയ്യുമ്പോള്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് അടിവരയിട്ടു കൊണ്ട് ജനാധിപത്യം പച്ചയായി കശാപ്പുചെയ്യപ്പെടുക തന്നെയാണ് ചെയ്തിരിക്കുന്നത്.

ജെ.പി.സി വെറും പ്രഹസനമായിരുന്നുവെന്ന് തെളിയിക്കുന്ന നടപടികളാണ് സമിതിയുടെ പ്രവര്‍ത്തന കാലയളവിലും ചെയര്‍മാനുള്‍പ്പെടെ ഭരണകക്ഷി അംഗങ്ങള്‍ സ്വീകരിച്ചിരുന്ന നിലപാടുകള്‍. അംഗങ്ങള്‍ക്ക് അവരുടെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ മതിയായ കാലതാമസം നല്‍കാത്തതിനെ പ്രതിപക്ഷം നേരത്തെ തന്നെ വിമര്‍ശിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ സിറ്റിങ്ങുകള്‍ക്കു ശേഷം അവ ക്രോഡീകരിക്കാന്‍ പോലും സമയം നല്‍കാതെയാണ് ചെയര്‍മാന്‍ യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തിലാവട്ടെ പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ ഒരാവര്‍ത്തി വായിച്ചു നോക്കാനോ അവരെ സംസാരിക്കാനോ പോലും അനുവദിക്കുകയുണ്ടായില്ല. മാത്രമല്ല, ഭരണകക്ഷിയുടെ ഭേദഗതികള്‍ എ ന്താണെന്ന് പരിശോധിക്കാനുള്ള അവസരവും പ്രതിപക്ഷത്തിന് നല്‍കുകയുണ്ടായില്ല. നിയമങ്ങളും നടപടിക്രമങ്ങളുമൊന്നും പരിഗണിക്കാതെ നടത്തിയിട്ടുള്ള ഈ നീക്കങ്ങളില്‍ നിന്നും മുന്‍കൂട്ടി തയാറാക്കിയ അജണ്ടയുടെ പുറത്തായിരുന്നു സമിതിയുടെ പ്രവര്‍ത്തനങ്ങളെന്ന് കൃത്യമായി ബോധ്യമായിരിക്കുകയാണ്. ബഹളമുണ്ടാക്കിയെന്നാരോപി ച്ച് സമിതി യോഗത്തില്‍ നിന്ന് 10 പ്രതിപക്ഷ എം.പിമാരെ സസ്‌പെന്റുചെയ്യുന്ന അസാധാരണ സാഹചര്യംവരെ ഉണ്ടാകുകയും ചെയ്തു.

ഈ മാസം 31 ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വഖഫ് ബില്‍ പാസാക്കിയെടുക്കുകയും ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമാക്കിമാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് ഇപ്പോള്‍ സര്‍ക്കാറുള്ളത്. അതുവഴി വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം നടത്തുകയും മറ്റിടങ്ങളിലെന്നപോലെ വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളുമൊന്നും ചര്‍ച്ചയാക്കാതിരിക്കുകയുമാണ് ബി.ജെ.പിയുടെ അജണ്ട. പക്ഷേ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും നിയമപരമായല്ല ബില്‍ പാസാക്കുന്നതെങ്കില്‍ അതിനെതിരെ നിയമവഴി സ്വീകരിക്കുമെന്നുമുള്ള പ്ര തിപക്ഷത്തിന്റെ മുന്നറിയിപ്പ് സര്‍ക്കാറിനെ പ്രതിരോധത്തി ലാക്കാന്‍ പര്യാപ്തമാണ്. കാരണം ബില്ലില്‍ നേരത്തെത ന്നെ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുള്ള സര്‍ക്കാറിലെ സഖ്യകക്ഷികള്‍ എന്തു നിലപാട് സ്വീകരിക്കുമെന്നത് മോദിയുടെയും കൂട്ടരുടെയും ചങ്കിടിപ്പ് വര്‍ധിപ്പിക്കുകതന്നെ ചെയ്യും. എന്തായാലും മുന്‍കാലങ്ങളിലെ പോലെ ദോശചുട്ടെടുക്കുന്നതു പോലെ നിയമം ബില്‍പാസാക്കിയെടുക്കാനുള്ള സാഹചര്യമല്ല നിലവില്‍ സഭയിലുള്ളത് മറ്റാരെക്കാളും നന്നായറിയാവുന്നത് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിമാര്‍ക്കുമെല്ലാമാണ്.

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നടപ്പിലാക്കിയതും ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെയുള്ള മറ്റൊരു വെല്ലുവിളിയാണെന്ന് പറയാതിരിക്കാനാവില്ല. രാജ്യത്ത് യു.സി.സി നടപ്പിലാക്കുന്നതിന്റെ പരീക്ഷണമെന്ന നിലയിലാണ് ഉത്തരാഖണ്ഡ് യു.സി .സിയെ കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. ഗോത്ര വിഭാഗങ്ങളെ യു.സി.സിയില്‍ നിന്നും ഒഴിവാക്കിക്കൊണ്ടാണ് ഉത്തരാഖണ്ഡിലെ യു.സി.സി. ന്യൂനപക്ഷ വിഭാഗങ്ങളെയാണ് ഇത് സാരമായി ബാധിക്കുന്നത്. 2022 ലെ ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു അധികാരത്തിലെ ത്തിയാല്‍ യു.സി.സി നടപ്പിലാക്കുമെന്നത്. യുസിസി പോര്‍ട്ടല്‍ അനാച്ഛാദനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് യു.സി.സി നടപ്പിലായതായി അറിയിച്ചത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ ഉത്തരാഖണ്ഡ് രാജ്യത്തിനാകെ മാതൃകയാണെന്ന് കഴിഞ്ഞ ദിവസം പുഷ്‌കര്‍ സിങ് ധാമി പറഞ്ഞിരുന്നു. വിവാഹം, ലിവ്ഇന്‍ റിലേഷന്‍, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ നിയമങ്ങളില്‍ ഇതോടെ മാറ്റമുണ്ടാകുകയാണ്. പൗരന്മാര്‍ക്കെല്ലാം ഒരേ നിയമമാകും ബാധകമാകുക. ഇതോടെ രാജ്യത്തിന്റെ ഭരണഘടന വിഭാവനംചെയ്യുന്ന അവകാശങ്ങളുടെ കടക്കലാണ് ഭരണകൂടങ്ങള്‍ കത്തി വെക്കാന്‍ ആരംഭിച്ചിരിക്കുന്നത്. ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും അത് പ്രബോധനം ചെയ്യാനുമുള്ള അവകാശങ്ങളെ നോക്കുകുത്തിയാക്കി മാറ്റുമ്പോള്‍ അതെങ്കിലും മതവിഭാഗത്തോടുള്ള വെല്ലുവിളി എന്നതിനേക്കാളുപരി ജനാധിപത്യത്തോടുള്ള യുദ്ധപ്രഖ്യാപനമായാണ് മാറുന്നത്.

Article

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമോ

ഡാമിനു സുരക്ഷാഭീഷണി ആശങ്ക മാത്രമാണെന്നാണു കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്.

Published

on

നാലു ജില്ലകളിലെ നിരപരാധികളായ ലക്ഷകണക്കിന് ആളുകളുടെ ഹൃദയത്തില്‍ തീ കോരിയിടുന്നതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് കഴിഞ്ഞ ദിവസമുണ്ടായ സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം. ഡാമിനു സുരക്ഷാഭീഷണി ആശങ്ക മാത്രമാണെന്നാണു കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. 135 വര്‍ഷത്തെ കാലവര്‍ഷം അണക്കെട്ട് അതിജീവിച്ചതാണെന്നും ആകാശം ഇടിഞ്ഞുവീഴുമെന്ന് കാര്‍ട്ടൂണ്‍ കഥാപാത്രം പറയുന്നതുപോലെയാണ് ഭീഷണിയെക്കുറിച്ചുള്ള ആശങ്കയെന്നും ബെഞ്ച് നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്.വി.എന്‍ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. വര്‍ഷങ്ങളായി ഡാം പൊട്ടുമെന്ന ഭീതിയില്‍ ആളുകള്‍ ജീവിക്കുകയാണെന്നും എന്നാല്‍ ഡാമിന്റെ ആയുസ് പറഞ്ഞതിനേക്കാള്‍ രണ്ടിരട്ടി കഴിഞ്ഞല്ലോയെന്നും കോടതി ചോദിച്ചു. സുരക്ഷാഭീഷണിയു ണ്ടെന്ന് പറയപ്പെടുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് തങ്ങള്‍. 135 വര്‍ഷത്തെ കാലവര്‍ഷം മറികടന്നതാണ്. ആ അണക്കെട്ട് നിര്‍മ്മിച്ചവരോട് നന്ദി പറയുന്നുവെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഋഷികേശ് റോയ് നേരത്തെ കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്നു. ജസ്റ്റിസ് എസ്.വി.എന്‍ ഭട്ടി ഹൈക്കോടതിയില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അ ണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണിയുമായി ബന്ധപ്പെട്ട് ഡോ. ജോ ജോസഫ് ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തില്‍ ഈ ഹര്‍ജിയും ആ ബെഞ്ച് പരിഗണിക്കുന്നതിനായി മാറ്റുകയും ചെയ്തിട്ടുണ്ട്. അതായത് ഡാമിന്റെ സുരക്ഷ സംബന്ധിച്ചുള്ള അന്തിമ വിധി മൂന്നംഗ ബെഞ്ചില്‍ നിന്നാണ് ഉണ്ടാവുക.

കേരളത്തെ സംബന്ധിച്ചിടത്തോളം കോടതിയുടെ നിരീക്ഷണം നിരാശാജനകമാണ്. സുപ്രീംകോടതിയില്‍ കേസ് വരുമ്പോഴെല്ലാം തോല്‍ക്കുന്ന പതിവാണ് കേരളത്തിനുള്ളത്. രാജ്യം കണ്ട ഏറ്റവും മികച്ച അഭിഭാഷകരെ ഇറക്കിയാണ് തമിഴ്‌നാട് കേസ് നടത്തുന്നത്. മൂന്നംഗ ബെഞ്ചില്‍ കേരളത്തിന്റെ വാദമുഖങ്ങള്‍ വ്യക്തമായും കൃത്യമായും അവതരിപ്പിക്കാന്‍ കഴിയുക എന്നതാണ് പുതിയ ഡാമിനു വേണ്ടിയുള്ള സം സ്ഥാനത്തിന്റെ ശ്രമങ്ങള്‍ വിജയത്തിലെത്തിക്കാന്‍ ആവശ്യമായി വേണ്ടത്. അതീവ ഗൗരവത്തില്‍തന്നെ ഇതിനെ കാണേണ്ടതുണ്ട്. സുരക്ഷാഭീഷണി ആശങ്ക മാത്രമാണ് എന്നു പറഞ്ഞ് കേരളത്തിനു സമാധാനമായി കിടന്നുറങ്ങാനാവില്ല. ആയിരക്കണക്കിനാളുകള്‍ ഈ ആശങ്ക പേറി എത്രകാലം ജീവിക്കുമെന്നത് ഗൗരവമുള്ള പ്രശ്നം തന്നെയാണ്. 2000ല്‍ മുല്ലപ്പെരിയാര്‍ ഭാഗത്തുണ്ടായ ഭൂകമ്പം ഡാമിന്റെ സമീപവാസികളെയും കേരളത്തിനെ പൊതുവെയും ഭയചകിതരാക്കിയിരുന്നു. ഡാമിന് സമീപമുള്ള ബേബി ഡാമും സുരക്ഷിതമല്ലെന്ന വാര്‍ത്തയും ആശങ്ക വര്‍ധിപ്പിക്കുന്നു. ഭ്രംശമേഖലയിലാണ് ഡാം സ്ഥിതി ചെയ്യുന്നത് എന്ന് ചില പഠനങ്ങളില്‍ പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി സംബന്ധിച്ച് നേരത്തേ ന്യൂയോര്‍ക്ക് ടൈംസ് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. തകര്‍ച്ചാ സാധ്യതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഡാമാണ് മുല്ലപ്പെരിയാറിലേത് എന്നാണ് ലേഖനത്തില്‍ വിശദീകരിക്കുന്നത്. നദീസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ നാഷണല്‍ റിവേഴ്സ് എന്ന സംഘടനയുടെ ഡയറക്ടര്‍മാരായ ജോഷ് ക്ലെം, ഇസബെല്ല വിങ്ക്ലര്‍ എന്നിവര്‍ ചേര്‍ന്നാണ് ലേഖനം എഴുതിയത്. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് പല വിദഗ്ധരും ആശങ്കകള്‍ പങ്കുവച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ ഈ വിഷയം വര്‍ഷങ്ങളായി തമിഴ്നാടിനും കേന്ദ്ര സര്‍ക്കാരിനും മുന്നില്‍ അവതരിപ്പിക്കുന്നതുമാണ്. ഓരോ വര്‍ഷക്കാലത്തും മലയാളികളുടെ നെഞ്ചില്‍ തീകോരിയിടുകയാണ് മുല്ലപ്പെരിയാര്‍ ഡാം. അണക്കെട്ടില്‍ വെള്ളം നിറയുമ്പോള്‍ മലയാളികളുടെ നെഞ്ചില്‍ നിറയുന്നത് തീയാണ്. ഒരു ദിവസ ത്തിലധികം നിര്‍ത്താതെ മഴ പെയ്താല്‍ കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണിപ്പോള്‍. ഈ ആശങ്കകള്‍ക്കൊപ്പം മുല്ലപ്പെരിയാറും നില കൊള്ളാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

ഡാം തകര്‍ച്ചയും അതുമൂലം ജീവനാശവും പ്രകൃതി നാശവും പല രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. അമേരിക്കയില്‍ പെന്‍ സില്‍വാനിയയിലെ സൗത്ത് ഫോര്‍ക് ഡാം 1889 മേയ് 31 ന് തകര്‍ന്നു. പ്രദേശത്ത് അസാധാരണമാംവിധം വീശിയടിച്ച കാറ്റിനെത്തുടര്‍ന്നാണ് ഡാം തകരാന്‍ ഇടയായത്. 2209 പേരാണ് ദുരന്തത്തില്‍ മരിച്ചത്. 17 മില്യണ്‍ ഡോളറിന്റെ നാശവും ഉണ്ടായി. ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ 1864ലുണ്ടായ ഡേല്‍ ഡൈക് റിസര്‍വോയര്‍ അപകടവും 244 പേരുടെ ജീവനെടുത്തു. ചെറിയൊരു വിള്ളല്‍ ഡാമിലുണ്ടെന്ന് ഒരു എഞ്ചിനീയര്‍ കണ്ടെത്തി മണിക്കൂറുകള്‍ക്കകമാണ് അപകടം. ബ്രസീലിലെ ഡാം ഐ എന്ന് വിളിക്കപ്പെടുന്ന ബ്രുമദിഞ്ഞോ ഡാം 2019ല്‍ തകര്‍ന്ന താണ് അടുത്തകാലത്തുണ്ടായ വലിയ നാശം വിതക്കുന്ന ഒന്ന്. 120 കിലോമീറ്റര്‍ നീളത്തില്‍ 21 മുനിസിപ്പാലിറ്റികള്‍ ഇല്ലാതായി. 270 പേര്‍ മരിച്ചു. പലരെയും കണ്ടെത്താനേ കഴിഞ്ഞില്ല. സുര്‍ക്കി മിശ്രിതം ഉപയോഗിച്ചു നിര്‍മ്മിക്കപ്പെട്ട കാലപ്പഴക്കം ചെന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ശക്തമായ ഒരു വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാന്‍ കഴിയില്ല, അതുകൊണ്ട്തന്നെ അണക്കെട്ടിന്റെ താഴ്വരയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് അ ണക്കെട്ട് സുരക്ഷാഭീഷണിയാണ്. ലോകത്തില്‍ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. നിര്‍മ്മാണ കാലഘട്ടത്തില്‍ ഇത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുര്‍ക്കി മിശ്രിതം ഉപയോഗിച്ചു നിര്‍മിച്ച അണക്കെട്ടുകളില്‍ ലോകത്ത് ഇന്ന് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളില്‍ ഒന്നാണ് മുല്ലപ്പെരിയാര്‍.

അപകടം സംഭവിച്ചതിന് ശേഷം നടത്തുന്ന കുറ്റപ്പെടുത്തലുകളേക്കാളും നല്ലത് അപകടം വരാതെ നോക്കുക എന്നതാണ്. 50 വര്‍ഷത്തേക്കു നിര്‍മിച്ച അണക്കെട്ട് 135 വര്‍ഷം നില നിന്നു എന്നു പറയുമ്പോള്‍ അതിന്റെ സുരക്ഷിതത്വം മാത്രമല്ല എടുത്തുകാണേണ്ടത്. എന്തിനും ഒരു കാലപരിധിയുണ്ട്. അതു കഴിഞ്ഞും നിലനില്‍ക്കുന്നുവെങ്കില്‍ അതു സുരക്ഷിതമായതുകൊണ്ടാണെന്ന് ആശ്വസിച്ച് മുന്നോട്ടുപോകാനാവില്ലെന്ന് ബന്ധപ്പെട്ട എല്ലാവരും മനസിലാക്കേണ്ടതുണ്ട്.

Continue Reading

Article

പ്രവാസി അവകാശങ്ങള്‍ക്കായി ഡല്‍ഹിയിലൊരു ‘ഡയസ്പോറ’

അനിയന്ത്രിതമായ വിമാനയാത്രാ നിരക്ക് വര്‍ദ്ധനവും, പ്രവാസികളുടെ വോട്ടവകാശവും പ്രവാസികളുടെ മക്കളുടെ വിദ്യഭ്യാസവുമായിരുന്നു പ്രധാനമായും പരിഹാരം കാണേണ്ട വിഷയങ്ങളായി ഉന്നയിച്ചത്

Published

on

സഫാരി സൈനുല്‍ ആബിദീന്‍

 

നാടിന്റെ സര്‍വ്വ മേഖലകളിലെയും വികസന മുന്നേറ്റത്തിന് നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസി സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളോടും മുഖം തിരിക്കുന്ന സര്‍ക്കാര്‍ സമീപനങ്ങളില്‍ മാറ്റം കൊണ്ടു വരാനും ശക്തമായ ഇടപെടലുകള്‍ ആവശ്യപ്പെട്ടു കൊണ്ടും സര്‍ക്കാരുകളുടെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടി പ്രവാസി സംഘടനകള്‍ ഡല്‍ഹിയിലൊരു ഡയസ്പോറ സമ്മിറ്റി നടത്തുകയാണ്. ബില്യണ്‍ ഡോളര്‍ കണക്കിന് വരുമാനം രാജ്യത്തിന് ഉണ്ടാക്കി കൊടുക്കുന്ന ഒരു സമൂഹത്തോട് സ്വാഭാവികമായും ചെയ്യേണ്ട നീതിയുണ്ട്. ആ നീതി പലപ്പോഴും നിഷേധിക്കപ്പെടുന്നതായാണ് പ്രവാസി സമൂഹങ്ങള്‍ക്കുണ്ടാകുന്ന അനുഭവം.

അബുദാബി കെഎംസിസി യുടെ നേതൃത്വത്തില്‍ പ്രവാസ ലോകത്തെ മുഴുവന്‍ സംഘടനകളെയും ഒരുമിച്ചിരുത്തി കൊണ്ട് പ്രവാസികളുടെ ആവശ്യങ്ങള്‍ക്കായി ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെയും വ്യാവസ്ഥാപിതമായ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതിന്റെ അനിവാര്യതയും ചര്‍ച്ച ചെയ്തു. 2024 ഫിബ്രവരിയില്‍ അബുദാബി കെഎംസിസി നടത്തിയ കേരള ഫെസ്റ്റിലായിരുന്നു പ്രവാസികളുടെ വിഷയങ്ങളില്‍ ഒരുമിച്ചിരുന്നു പരിഹാരത്തിലെത്തേണ്ടതിന്റെ അനിവാര്യത ആദ്യമായി ചര്‍ച്ചയാക്കിയത്. അനിയന്ത്രിതമായ വിമാനയാത്രാ നിരക്ക് വര്‍ദ്ധനവും, പ്രവാസികളുടെ വോട്ടവകാശവും പ്രവാസികളുടെ മക്കളുടെ വിദ്യഭ്യാസവുമായിരുന്നു പ്രധാനമായും പരിഹാരം കാണേണ്ട വിഷയങ്ങളായി ഉന്നയിച്ചത്. ഇതില്‍ പ്രവാസികളുടെ വോട്ടവകാശവും വിമാന യാത്രാ നിരക്ക് വര്‍ദ്ധനവിലുള്ള ഇടപെടലും അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടതാണെന്നതില്‍ തര്‍ക്കമില്ല.

അബുദാബി കെഎംസിസിയുടെ നേതൃത്വം ഈ വിഷയവുമായി മുന്നോട്ട് വന്നപ്പോള്‍ എല്ലാ പ്രവാസി സംഘടനകളും ഈ വിഷയത്തില്‍ ഒരുമിച്ചു നിന്നു. കെഎംസിസി, ഇന്‍കാസ്,കേരള സോഷ്യല്‍ സെന്റര്‍,ഇന്ത്യാ സോഷ്യല്‍ സെന്റര്‍,അബുദാബി മലയാളി സമാജം,ശക്തി തിയേറ്റേഴ്‌സ്,ഡബ്ലുഎംസി തുടങ്ങിയ സംഘടനാ പ്രതിനിധികളൊക്കെ ഈ ശ്രമത്തില്‍ ചേര്‍ന്നു നിന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെ യുറോപ്യന്‍ രാജ്യങ്ങളിലെയും പ്രതിനിധികള്‍ ഡിസംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ നടത്തുന്ന പ്രവാസി സംഗമത്തിന് എത്തുന്നത് ലോക മലയാളികള്‍ ഒന്നടങ്കം ആഗ്രഹിക്കുന്ന വിഷയങ്ങളിലേക്കാണ് ഇത്തരം സംഗമങ്ങളിലെ ചര്‍ച്ചകള്‍ നയിക്കുന്നതെന്നത് കൊണ്ടാണ്.

പ്രവാസികള്‍ക്കുവേണ്ടി ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുന്ന മിക്ക പദ്ധതികളും യാഥാര്‍ത്ഥ്യമാകാതെ പോകുന്നത് ആ സമൂഹത്തെ വലിയ നിരാശയിലാഴ്ത്തുന്നുണ്ടെന്നത് അധികാരികള്‍ മനസ്സിലാക്കണം. കപ്പല്‍സര്‍വീസ് എയര്‍കേരള പദ്ധതികളൊക്കെ ഇങ്ങനെ ഇല്ലാതായിപ്പോകുന്നതില്‍ പെട്ടതാണ്. കഴിഞ്ഞ 50 വര്‍ഷമായി നിലനില്‍ക്കുന്ന പ്രശ്നമാണ് പ്രവാസി വോട്ടവകാശം. വിവിധ രാജ്യങ്ങള്‍ അതാതു രാജ്യത്തെ പൗരന്മാര്‍ക്ക് വിദേശങ്ങളില്‍ നിന്നു പോലും വോട്ടവകാശം ഉറപ്പാക്കാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്, ആ രാജ്യത്തിന്റെ സര്‍വമേഖലകളിലും പുരോഗതിക്ക് നിതാനമായി മാറിയ പ്രവാസി സമൂഹത്തിന്റെ കാര്യത്തില്‍ അനുകൂല നിലപാടെടുക്കാന്‍ വലിയ സമയം വേണ്ടി വരുന്നു.

വിമാനയാത്രാ നിരക്ക് വര്‍ദ്ധനവില്‍ സര്‍ക്കാര്‍ യാതൊരു പ്രായോഗിക നിയന്ത്രണം വരുത്തിടത്തോളം അത് പ്രവാസികളെ ചൂഷണം ചെയ്യാനുള്ള ഒരു അവസരം മാത്രമാണ്. കാലങ്ങളായി ഇതില്‍ കണ്ടു വരുന്ന ഒരു പ്രവണത, പ്രവാസികള്‍ ഇത്തരത്തിലുള്ള വിഷയങ്ങളുന്നയിക്കുമ്പോള്‍ വിമാനക്കമ്പനികള്‍ കണക്കുകളുമായി വരികയും സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുയും ചെയ്യുന്നു. അതോടെ അത്തരം ചര്‍ച്ചകള്‍ വഴിമുട്ടുന്നു. ഈ രീതി അവസാനിക്കേണ്ടതുണ്ട്. വിമാനക്കമ്പനികള്‍ക്ക് യാതൊരു നഷ്ടവും വരാതെ തന്നെ ഈ ചൂഷണ വ്യവസ്ഥക്ക് അന്ത്യം കുറിക്കാന്‍ സാധിക്കും. ഇതിനുള്ള പ്രായോഗിക പരിഹാര മാര്‍ഗ്ഗങ്ങള്‍ പോലും പ്രവാസി സംഘടനകളുടെ പഠനങ്ങളിലൂടെയും ആലോചനകളിലൂടെയും ഉരിത്തിരിഞ്ഞു വന്നിട്ടുണ്ട്. സര്‍ക്കാര്‍ ഇതിനെ മുഖവിലക്കെടുക്കുകയേ വേണ്ടൂ.

മറ്റൊരു പ്രധാനപ്പെട്ട വഷിയം പ്രവാസികളുടെ വോട്ടവകാശമാണ്. പ്രവാസികള്‍ക്ക് വിദേശത്തുനിന്നും വോട്ട് ചെയ്യാനുള്ള അവകാശം ഇപ്പോഴും യാഥാര്‍ത്ഥ്യ മായിട്ടില്ല. പ്രവാസ ലോകത്ത് പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി സംഘടനകള്‍ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തും വലിയ തുക മുടക്കിയും നാട്ടിലെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവാന്‍ ഇത്തവണയും എത്തുന്നുണ്ട്. എന്നാല്‍ പ്രവാസികളും കാണിക്കുന്ന ഉത്തരവാദിത്വബോധവും രാജ്യകൂറും തിരിച്ച് കാണിക്കാന്‍ സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടത്ര സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം വോട്ടുചെയ്യുന്നതിനുവേണ്ടിമാത്രം വന്‍തുകമുടക്കി നാട്ടില്‍ വരാന്‍ എല്ലാ പ്രവാസികള്‍ക്കും സാധിക്കുന്ന കാര്യമല്ല.ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസികളില്‍ ഒരു ചെറിയ ശതമാനത്തിനുമാത്രമേ അപ്രകാരം വോട്ടു ചെയ്ത് ജനാധിപത്യത്തിന്റെ മഹോത്സവത്തില്‍ പങ്കെടുക്കാനുള്ള സാഹചര്യം ഉള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.
നൂറു കോടിയലധികം ജനങ്ങളുള്ള ഒരു രാജ്യത്ത് കുറച്ചാളുകളുകളുടെ സമ്മതിദായകവകാശ വിനിയോഗത്തെ കുറിച്ചുള്ള ആധികള്‍ ഗൗരവത്തിലെടുക്കേണ്ടെന്ന് കരുതുന്നവരും ഉണ്ടാകാം. എന്നാല്‍, മാറിമറിയുന്ന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ പൗരന്മാര്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ആശങ്കകള്‍ വ്യത്യസ്തമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ നിന്ന് മാറി നിന്നാല്‍ പൗരത്വം നഷ്ടപ്പെട്ടു പോവുമോ എന്നാങ്കപ്പെടുന്ന ധാരാളം ഉത്തരേന്ത്യന്‍ സഹോദരന്മാരും ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ, നിര്‍ണ്ണായക തെരഞ്ഞെടുപ്പുകളില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള അവസരം ഒരുക്കല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ബാധ്യതയാണെന്ന് പറയാതെ വയ്യ.

 

ഒണ്‍ലൈന്‍ വോട്ട് പ്രോക്‌സി വോട്ട് വോഴി ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശത്തു നിന്നും സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള അവസരം സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാവണമെന്നതാണ് ദീര്‍ഘകാലമായുള്ള ആവശ്യം. ഇതില്‍ തെരഞ്ഞടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരുമാണ് മുന്‍കൈ എടുക്കേണ്ടത്. സുപ്രീം കോടതി പോലും ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നിട്ടും അനുകൂല വിധിയുണ്ടായില്ല. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മറ്റു വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ വോട്ടിങ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഫിലിപ്പൈന്‍സുകാര്‍ അവരുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇ -വോട്ടിങ് നടത്തിയാണ് മുന്നോട്ടു പോകുന്നത് തെരഞ്ഞെടുപ്പ് കമീഷന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിര്‍മിക്കുന്ന ഒരു ഡിജിറ്റല്‍ ബാലറ്റ് ആണ് അവര്‍ക്കുള്ളത്.

ആറുമാസം എങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്തിട്ടുള്ളവരാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൊടുത്താല്‍ അവരെ ഡിജിറ്റല്‍ വോട്ടേഴ്സ് ലിസ്റ്റില്‍ ചേര്‍ക്കും. അവരുടെ ഇമെയില്‍ വിലാസങ്ങളില്‍ ഇ- ബാലറ്റ് ഇലക്ഷന്‍ ദിവസങ്ങളില്‍ അയച്ചുകൊടുത്തു രഹസ്യ പിന്‍നമ്പറും നല്‍കി ബാലറ്റില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തന്നെ വോട്ട് രേഖപ്പെടുത്തി ഇ-മെയില്‍ വഴി തിരികെ അയക്കണം. ഈ രീതി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ചതുമാണ്.എന്നാല്‍, വ്യക്തമായ തീരുമാനത്തിലെത്താന്‍ അധികാരികള്‍ താല്‍പര്യം കാണിച്ചില്ല. ഈ പ്രശ്നത്തിനും പരിഹാരം കാണേണ്ടതുണ്ട്. സര്‍ക്കാരുകള്‍ തെരഞ്ഞെടുപ്പ് കാലത്ത് കാണിക്കുന്ന പ്രവാസി സ്‌നേഹങ്ങള്‍ക്കപ്പുറം, നാടിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസികളുടെ അടിസ്ഥാന ആവശ്യങ്ങളെ ഏറ്റെടുക്കുന്നതില്‍ എത്രത്തോളം ആത്മാര്‍ത്ഥതയും ചങ്കുറപ്പും കാണിക്കുന്നവരാണെന്നത് സംശയാസ്പദമാണ്.
ലോകം അതിവേഗം മാറുന്ന വര്‍ത്തമാനകാലത്ത് അരനൂറ്റാണ്ടുകാലമായി പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മാത്രം മാറ്റം വരുന്നില്ലെന്നതും തീര്‍ത്തും വേദനാജനകമാണ്.

 

Continue Reading

Article

സാമൂഹ്യ പുരോഗതിക്ക് സാമുദായിക ഐക്യം അനിവാര്യം

Published

on

സഫാരി സൈനുൽ ആബിദീൻ

കലഹങ്ങളും ഭിന്നിപ്പുകളും മാനവ ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യാ ചരിത്രം പരിശോധിച്ചാലും നമുക്കിതു ബോധ്യമാകും. സമ്പന്നമായ നാട്ടു രാജ്യങ്ങളുടെ കൂട്ടമായിരുന്ന ഇന്ത്യാ ഉപഭൂഘണ്ഡം രണ്ടു നൂറ്റാണ്ടോളം ബ്രിട്ടീഷ് അധിനിവേശത്തിലേക്ക് വഴുതി വീണത് പരസ്പര ഭിന്നിപ്പിന്റെയും ഏറ്റുമുട്ടലുകളുടെയും ഫലമായിരുന്നു. ഭിന്നിപ്പിച്ചു ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യം 1947ൽ ഇന്ത്യ വിട്ടു പോകുമ്പോൾ അവിഭക്ത ഇന്ത്യാ ദേശം ദാരിദ്ര്യത്തിന്റെ പിടിയിലമർന്നിരുന്നു. ബ്രിട്ടീഷുകാരുമായി ഒരു നിലയ്ക്കും സഹകരിക്കില്ലെന്നു പ്രഖ്യാപിച്ചതിന്റെ പേരിൽ അക്കാലത്തും സമസ്ത വിമർശനം നേരിട്ടിട്ടുണ്ട്. കേരളത്തിലും ഇന്ത്യയിലാകെയും ബ്രിട്ടീഷ് അധിനിവേശത്തിന്റെ തിക്ത ഫലങ്ങൾ ഏറെയനുഭവിച്ച ഒരു സമുദായമാണ് മുസ്ലിം സമുദായം. അതിന്റെ ദുരന്ത ഫലങ്ങളിൽ നിന്നു കരകയറാൻ പതിറ്റാണ്ടുകൾ വേണ്ടി വന്നുവെന്നത് വർത്തമാന കാല യാഥാർത്ഥ്യമാണ്. കേരള മുസ്ലിംകൾക്കിടയിലെ ധാർമിക, നവോത്ഥാന, രാഷ്ട്രീയ മുന്നേറ്റങ്ങൾ അതിനു കാരണമായിട്ടുണ്ട്. ഇതിൽ മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും ധർമ പാതയിലെ വഴികാട്ടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ്. അതേസമയം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ കൂടുതൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളുണ്ട്. മുസ്ലിം ജനവിഭാഗം ഗതി നിർണയിക്കുന്ന മണ്ഡലങ്ങൾ അംഗുലീ പരിമിതവുമല്ല. കേരളത്തേക്കാൾ സാമൂഹ്യ നിലവാരം, തൊഴിൽ സാധ്യത എന്നിവയിൽ മുന്നിട്ടു നിൽക്കുന്ന പ്രദേശങ്ങളുമുണ്ട്. പിന്നെയെന്താണ് കേരളവും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം. കേരളത്തിലെ മുസ്ലിംകൾക്ക് മത, രാഷ്ട്രീയ രംഗങ്ങളിൽ കൃത്യമായ നേതൃത്വമുണ്ടായിരുന്നു എന്നതു മാത്രമാണ് അതിനുള്ള ഉത്തരം.

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കേരള മുസ്ലിംകൾ വിദ്യാഭ്യാസ പരമായും സാമൂഹ്യമായും ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുമായി ലോകം മുന്നേറുമ്പോൾ അതിന്റെ ചുവടു പിടിച്ചു മുന്നോട്ടു പോകാൻ നാം പര്യാപതരാകണം. ഇതിൽ ഏറെക്കുറെ വിജയിക്കുന്നുണ്ട് എന്നു തന്നെ വേണം കരുതാൻ. മുസ്ലിംകളും ഇതര സമുദായങ്ങളും തമ്മിലുള്ള വൈജ്ഞാനിക, സാമൂഹ്യ അന്തരം കുറഞ്ഞു വരുന്നുണ്ട്. ഏറെ മുന്നേറാനുണ്ടെങ്കിലും ലക്ഷണങ്ങൾ ശുഭകരമാണ്. മുസ്ലിം സമൂഹത്തിന്റെ സാമൂഹ്യ പുരോഗതി വിലയിരുത്തുമ്പോൾ അളവുകോൽ പലപ്പോഴും ഗൾഫ് കുടിയേറ്റവും അറബിപ്പൊന്നും മാത്രമായി ചുരുക്കപ്പെടാറുണ്ട്.

എന്നാൽ കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി ആയിരക്കണക്കിന് സ്ഥാപനങ്ങൾ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകാനായി സമസ്തയുടെ കീഴിൽ നടത്തപ്പെടുന്നുണ്ട്. കേവലം മദ്രസാ വിദ്യാഭ്യാസം മാത്രമായി ഒതുങ്ങുന്നതല്ല സമസ്തയുടെ വൈജ്ഞാനിക ശൃംഖല. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷവും ഭൗതിക തലങ്ങളിൽ യോഗ്യത നേടാവുന്ന വിവിധ കോഴ്സുകൾ കോളേജ് തലങ്ങളിൽ സമസ്ത നേരിട്ടു നടത്തി വരുന്നുണ്ട്. സമസ്തയുടെ സ്വാധീനത്തിൽ പിറവിയെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയിരക്കണക്കിനു വേറെയുമുണ്ട്. സംഘടനയുടെ നേതാക്കളും പ്രവർത്തകരുമെല്ലാം തന്നെയാണ് ഇതിനു നേതൃത്വം നല്കുന്നത്. ഇവയിൽ നിന്നെല്ലാം ധാർമിക, ഭൗതിക വൈജ്ഞാനിക യോഗ്യതകൾ നേടിയിറങ്ങുന്ന തലമുറകൾ സാമൂഹ്യ നവോത്ഥാനത്തിൽ വഹിക്കുന്ന പങ്ക്, പലപ്പോഴും ചരിത്രത്തിന്റെ കണക്കു പുസ്തകത്തിൽ രേഖപ്പെടാതെ പോകുന്നുണ്ടെങ്കിലും അവയുടെ സ്വാധീനം നമുക്ക് വിസ്മരിക്കാവതല്ല.

ഗൾഫ് രാജ്യങ്ങളിലെ സമസ്ത മേഖലകളിലും ഉന്നത തൊഴിൽ രംഗങ്ങളിൽ ഇവിടെ പഠിച്ചിറങ്ങിയവരെ കാണാവുന്നതാണ്. അറബി ഭാഷാ പഠന രംഗത്ത് സമസ്ത നൽകിയ സംഭാവനകൾ ഗൾഫ് കുടിയേറ്റത്തിന്റെ ഗുണഫലങ്ങൾ സ്വരൂപിക്കാൻ മലയാളിക്ക് അവസരം നൽകിയിട്ടുണ്ട്. ഇവിടെ രാഷ്ട്രീയത്തിന് എന്തു പ്രസക്തി എന്നന്വേഷിക്കുന്നവരോടാണ് പറയുവാനുള്ളത്. ഫാഷിസവും ഇസ്ലാമോഫോഭിയയും അരങ്ങു വാഴുന്ന ഇക്കാലത്ത് സ്വന്തം വലിപ്പത്തെ കുറിച്ച് ചിന്തിച്ചു ചെറുതാകുന്നതിനു പകരം കേരളത്തിൽ ലഭ്യമായിട്ടുള്ള രാഷ്ട്രീയ സുരക്ഷ കൂടി ഇല്ലാതാക്കാനുള്ള ശ്രമം അനുഗുണമല്ല. സമുദായം രാഷ്ട്രീയമായി സംഘടിച്ചതിന്റെ ഗുണഫലം കൂടിയാണ് നാടൊട്ടുക്കും ഉയർന്നു നിൽക്കുന്ന മത സ്ഥാപനങ്ങൾ. അതിൽ സമസ്തയുടേതു മാത്രമല്ല ഉൾപ്പെടുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി യോജിച്ചു മുന്നേറിയതിന്റെ അടയാളം കൂടിയാണത്. ദോഷങ്ങൾ അന്വേഷിച്ചു പിടിച്ചു പെരുപ്പിച്ചു കാണിക്കുകയും അൽപ്പ വിചാരത്തോടെ സമീപിക്കുകയും ചെയ്യുന്നതിനു പകരം ഗുണപരമായ കാര്യങ്ങളിൽ സമൂഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

മുസ്ലിം ലീഗിന്റെയും സമസ്തയുടെയും വളർച്ചക്കു പിന്നിലെ ധൈഷണിക, ആത്മീയ നേതൃത്വത്തെ തെരഞ്ഞാൽ തെരഞ്ഞു ചെന്നാൽ എത്തിപ്പെടുന്നത് പ്രവാചക പരമ്പരയിലെ രണ്ടു പ്രമുഖ കുടുംബങ്ങളായ ബാഫഖി, പാണക്കാട് കടുംബങ്ങളിലാണ്. അവരുടെ ദീർഘ വീക്ഷണത്തിന്റെ ഫലമായാണ് സമസ്ത വിദ്യാഭ്യാസ ബോർഡ് രൂപപ്പെട്ടത്. വിശിഷ്യാ ബാഫഖി തങ്ങളാണ് അതിനു നേതൃത്വം നൽകിയത്. ഈ രണ്ടു കുടുംബങ്ങളുടെയും പിൻതലമുറക്കാർ ഇരു സംഘടനകളുടെയും നേതൃ തലത്തിൽ ഇപ്പോഴും സജീവവുമാണ്. ഇവരെ തെരഞ്ഞു പിടിച്ചു വിമർശിക്കുകയും ഒറ്റതിരിഞ്ഞു അക്രമിക്കുകയും ചെയ്യുന്നത് ഒട്ടും കരണീയമല്ല. ഇരു പ്രസ്ഥാനങ്ങളെയും ഇന്നു നയിക്കുന്ന സാദിഖലി ശിഹാബ് തങ്ങളും സമസ്തയുടെ ജിഫ്രി തങ്ങളും പദവിക്ക് നിരക്കാത്തവരാണെന്ന തോന്നൽ സമുദായത്തിന്റെ ഗുണം കാക്ഷിക്കുന്ന ഏതെങ്കിലും പണ്ഡിതനോ, സാധാരണക്കാരനോ ഉണ്ടെന്നു തോന്നുന്നില്ല. പണക്കാട് കുടുംബം കൈമാറിപ്പോരുന്ന ധാർമികവും വിവേകപരവുമായ ആശയ സംവേദനക്ഷമതയിൽ സാദിഖലി തങ്ങൾ ഒട്ടും പിറകിലല്ല. കുടുംബം എന്നതിൽ കവിഞ്ഞ് സമൂഹത്തിന്റെ നേതൃത്വം അവരിൽ ഭദ്രമാകുന്നതിനു ഈ കാരണങ്ങളാലാണ്. സമസ്തയുടെ അഭിപ്രായങ്ങൾ കേരളം കാതോർക്കുന്നതും ജിഫ്രി തങ്ങളുടെ നിലപാടുകളും പക്വമായ ഇടപെടലുകളും അടക്കമുള്ള കാരണങ്ങളാലാണ്.

മുജാഹിദ് പ്രസ്ഥാനവുമായി വിയോജിപ്പ് നിലനിൽക്കുമ്പോഴും കെഎം സീതി സാഹിബിനെയും എംകെ ഹാജിയെയും പിന്തുടർന്ന് നമസ്കരിക്കുകയും പരസ്പരം സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യുകയും ചെയ്യുന്ന സംഭവങ്ങൾക്ക് ബാഫഖി തങ്ങളുടെ കാലം തന്നെ സാക്ഷിയാണ്. സമസ്തയും ലീഗും അവരവരുടെ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ടു തന്നെ യോജിക്കാവുന്ന മേഖലകളിൽ യോജിച്ചു തന്നെയാണ് ഇക്കാലം വരെ മുന്നോട്ടു പോയത്.
നമ്മുടെ പ്രതികരണങ്ങൾ എന്തു ഫലങ്ങളാണുണ്ടാക്കുകയെന്ന സൂക്ഷ്മ ബോധം നമുക്കുണ്ടായിരിക്കണം. സമുദായത്തിന്റെ ഐക്യത്തെ മാത്രമല്ല, സുദായത്തെ തന്നെ തകർക്കാൻ പുറത്തു നിന്നും ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ അകത്തു നിന്നും വാതിൽ തുറന്നു കൊടുക്കാനുള്ള ശ്രമം ആരുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൂടാ. കുറ്റങ്ങൾ കണ്ടെത്താനുള്ള ഭൂതക്കണ്ണാടികൾ താഴെ വെച്ച് യുവ പണ്ഡിതൻമാർ സമൂഹത്തിൽ ഐക്യത്തിനു പ്രാധാന്യം നൽകി മുന്നോട്ടു പോകണം. വൈജ്ഞാനികവും രാഷ്ട്രീയവുമായ നേതൃത്വങ്ങൾ വിശേഷിച്ചും ഐക്യത്തോടെ മുന്നോട്ടു പോകേണ്ടതുണ്ട്.

അസ്വാരസ്യങ്ങളുണ്ടെങ്കിൽ പറഞ്ഞു തീർത്ത് പൊതു ജനങ്ങളുടെ കാതും നാവും ധർമ പാതയിലേക്കു തിരിച്ചു വിടേണ്ടവരാണ് നാം. പകരം സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം കുറ്റപ്പെടുത്തുന്ന അവസ്ഥ എങ്ങിനെ സംഭവിച്ചു എന്നത് യുവ തലമുറ ആലോചനയ്ക്കു വിധേയമാക്കേണ്ടതാണ്. വിട്ടുവീഴ്ചയുടെ ഹുദൈബിയാ സന്ധികൾ ഉദ്ഘോഷിക്കുന്ന സമുദായത്തിന്റെ ഭാവി നേതൃത്വത്തിലേക്ക് വരേണ്ട ചെറുപ്പാക്കാർ പക്വതയോടെയും പാകതയോടെയും വിഷയങ്ങൽ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിക്കണം. പൊതു ഇന്ത്യൻ പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കുന്നവർക്ക് അതിനുസരിച്ചു മുന്നോട്ടു പോകേണ്ടതുണ്ട്. സാമുദായിക അസ്തിത്തോടെയുള്ള നിലനിൽപ്പിനു മാത്രമല്ല, ഊരും ഉയിരും സംരക്ഷിക്കപ്പെടണമെങ്കിൽ രാഷ്ട്രീയ കൂട്ടായ്മ അനിവാര്യമാണെന്നു ചിന്തിക്കുന്നവരാണ് ഏറെയും. അവർക്കും മത നേതൃത്വത്തിനു കീഴിൽ തുടർന്നു പോകാനുള്ള സമവായ മേഖലകൾ മുന്നിൽ കണ്ടു വേണം പണ്ഡിതൻമാരുടെ പ്രതികരണം. മത ചിന്തകളുമായി കൂടുതൽ മുന്നോട്ടു പോകുന്നുവരിൽ ചില യുവ പണ്ഡിതൻമാർ ഒഴികെ മറ്റാർക്കും ഈ പോക്ക് നന്നായി തോന്നുന്നുമില്ല. ചുരുക്കത്തിൽ മതപരമായ മുന്നോട്ടു പോക്കിന് സംഘടന എന്തിന് എന്ന ചിന്ത വളർത്താൻ മാത്രമേ ഇപ്പോഴുള്ള സംഭവ വികാസങ്ങൾ ഉപകരിക്കുകയുള്ളൂ.

രൂപീകരണ കാലം തൊട്ട് യാഥാസ്തികത ആരോപണം ഏറെ നേരിട്ടാണ് സമസ്ത ഇത്രയും വളർച്ച പ്രാപിച്ചത്. നവോത്ഥാന സംഘടനകൾ എത്രയൊക്കെ ശ്രമിച്ചിട്ടും സംഘടനാപരമായി ഇതിലേറെ പ്രശ്നങ്ങൾ കഴിഞ്ഞു പോയിട്ടും കേരള മുസ്ലിംകളുടെ പ്രഥമ സംഘടനയായി സമസ്ത ഇന്നും നിലനിൽക്കുന്നു എന്നതു തന്നെയാണ് അതിന്റെ യോഗ്യത. ഒരു നേതൃത്വത്തിന്റെ കീഴിൽ നിശബ്ദമായി മുന്നോട്ടു പോകുന്നു എന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം. ചെയ്തു വെച്ച ഓരോ കാര്യങ്ങളും വിളിച്ചു കൂവുന്ന പിടക്കോഴി സംസ്കാരം സമസ്തയ്ക്കില്ല. കാരണം സംഘടന എന്നതിനേക്കാൾ വലിയ ആശയ സംസ്കാരമാണ് അതിന്റെ ഘടന നിർണയിക്കുന്നത്. പൈതൃകങ്ങൾക്കു നേരെ പഴഞ്ചൻ ആരോപണം ഉന്നയിക്കുകയും അതു സ്ഥാപിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന പ്രവണത പൊതു സമൂഹത്തിൽ സംഘടനയെയും സമുദായത്തെയും താറടിക്കാൻ മാത്രമേ ഉതകുകയുള്ളൂ. പൈതൃകം തന്നെയാണ് സമസ്തയുടെ ആശയങ്ങളിൽ ജനങ്ങളെ അണിനിരത്തുന്നത്. ഇതു മനസ്സിലാക്കാതെ സമൂഹ മാധ്യമങ്ങളിലേക്കും പൊതു ഇടങ്ങളിലേക്കും പ്രശ്നങ്ങളെ വലിച്ചിഴക്കുന്നത് മലർന്നു കിടന്നു തുപ്പുന്നതിനു സമാനമായിരിക്കും. വ്യത്യസ്ത ചിന്തകളുണ്ടെങ്കിലും പണ്ഡിതൻമാർ സമുദായത്തിന്റെ പുരോഗതി ലക്ഷ്യമാക്കി പരസ്പരം ആശ്ലേഷിക്കേണ്ടവരാണ്. രാഷ്ട്രീയ ആക്രമണ ലക്ഷ്യങ്ങളുടെ ഉപകരങ്ങളായി അവർ മാറിക്കൂടാ. അതിരുകടന്ന ആക്ഷേപക്ഷങ്ങൾ അവർക്കന്യമായിരിക്കണം. അവരുടെ ലക്ഷ്യങ്ങൾ കൃത്യവും സുതാര്യവുമായിരിക്കണം. ലീഗിന്റെയും സമസ്തയുടെയും ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നതും ഇതു തന്നെ. സാമൂഹ്യ പുരോഗതിക്ക് സാമുദായിക ഐക്യം അനിവാര്യമാണെന്നത് സമുദായത്തെ സ്നേഹിക്കുന്നവർ നിരന്തരം ഓർത്തുക്കേണ്ടതാണ്. അങ്ങനെ അസ്വാരസ്യങ്ങളില്ലാത്ത സാമൂഹ്യാന്തരീക്ഷം കെട്ടിപ്പടുക്കാൻ സാധിക്കട്ടെ.

Continue Reading

Trending