Connect with us

Sports

കവാനി ഒഴിച്ചിട്ട ശൂന്യത; കാന്റെ നടന്നു തീര്‍ത്ത ദൂരങ്ങള്‍

Published

on

ഉറുഗ്വേ 0 ഫ്രാന്‍സ് 2

എഡിന്‍സന്‍ കവാനി കളിക്കുന്നില്ലെന്നറിഞ്ഞപ്പോള്‍ തന്നെ ഉറുഗ്വേ ഫ്രാന്‍സ് മാച്ചിന്റെ വിധി മുന്‍കൂട്ടിക്കണ്ട അനേകരിലൊരാളായിരുന്നു ഞാനും. മുനയില്ലാത്ത വാരിക്കുന്തം കൊണ്ട് ഫ്രാന്‍സിന്റെ എല്ലാ സജ്ജീകരണങ്ങളുമുള്ള സൈന്യത്തെ ലാറ്റിനമേരിക്കക്കാര്‍ തോല്‍പ്പിക്കണമെങ്കില്‍ അത്ഭുതങ്ങളെന്തെങ്കിലും സംഭവിക്കണമായിരുന്നു. അതുണ്ടായില്ല. പ്രതീക്ഷിച്ചതിനപ്പുറമൊന്നും സംഭവിച്ചതുമില്ല. സെമിയില്‍ വാശിയേറിയ ഒരു ഹൈവോള്‍ട്ടേജ് മത്സരത്തിനുള്ള കളമൊരുക്കി എന്നതിലാണ് ഇന്ന് ഫ്രാന്‍സ് ജയിച്ചതിലുള്ള എന്റെ സന്തോഷം.

442 പദ്ധതിയില്‍ ലൂയിസ് സുവാരസിനൊപ്പം ആക്രമണത്തിനുണ്ടായിരുന്ന ക്രിസ്റ്റ്യന്‍ സ്റ്റുവാനി, ക്ലിനിക്കല്‍ സ്‌െ്രെടക്കര്‍ എന്ന പദത്തിന്റെ നേര്‍രൂപമായ കവാനിക്ക് ഒരുനിലക്കും പകരക്കാരനായിരുന്നില്ല. അതുകൊണ്ടുതന്നെ കളി ചൂടുപിടിച്ചപ്പോള്‍ തന്നെ മധ്യനിരയുടെ നിയന്ത്രണമേറ്റെടുക്കാന്‍ ഫ്രാന്‍സിന് അനായാസം കഴിഞ്ഞു. മധ്യനിര അടക്കിവാണും എംബാപ്പെക്കും ഗ്രീസ്മനും തൊലിസ്സോക്കും നിരന്തരം പന്തെത്തിച്ചും അവര്‍ ഭീഷണിയുയര്‍ത്തി. ആദ്യ കാല്‍മണിക്കൂര്‍ പിന്നിട്ടയുടന്‍ ഗിറൂദ് ഹെഡ്ഡ് ചെയ്തു നല്‍കിയ പാസ് കാത്തുനിന്ന് നിലത്തിറക്കുന്നതിനു പകരം ഹെഡ്ഡ് ചെയ്യാനുള്ള എംബാപ്പെയുടെ തീരുമാനം പാളിയത് ഉറുഗ്വേക്ക് ആശ്വാസമായെങ്കിലും അത് മൈതാനത്ത് നടക്കുന്നത് എന്തൊക്കെയാണെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. അപകടകാരിയായ എംബാപ്പെ ബോക്‌സില്‍ ഫ്രീയായി നില്‍ക്കുകയെന്നാല്‍ അതിനര്‍ത്ഥം ഒന്നേയുള്ളൂ: ഈ പ്രതിരോധം കുറ്റമറ്റതല്ല. എന്നിട്ടും, എംബാപ്പെയുടെ കുതറിയോട്ടങ്ങളെ ഒരുപരിധി വരെ പ്രതിരോധിക്കാന്‍ ആകാശനീലക്കാര്‍ക്കു കഴിഞ്ഞു. ഒരു ഘട്ടത്തില്‍ അയാളുടെ വേഗതക്കു മുന്നില്‍ സ്വന്തം ടീമംഗങ്ങള്‍ വരെ തോല്‍ക്കുന്നതും കണ്ടു.

ദെഷാംപ്‌സിന്റെ പദ്ധതികളുടെ ആത്മാവായ എന്‍ഗോളോ കാന്റെ പോള്‍ പോഗ്ബ ദ്വയം മധ്യത്തിലുള്ളതിനാലും വെച്ചിനോയും ഹിമനസും ഡീപ്പായി കളിക്കുന്നതിനാലും നേരേ ചൊവ്വേ ബോക്‌സിലേക്ക് ആക്രമണം നയിക്കാന്‍ ഉറുഗ്വേക്ക് തീരുമാനമുണ്ടായിരുന്നില്ല. അവര്‍ നാന്റെസ് സുവാരസ് വഴി വലതുവശത്തു കൂടിയും ബെന്റങ്കൂര്‍ സ്റ്റുവാനി വഴി ഇടതുവശത്തു കൂടിയും ഗോള്‍ ലക്ഷ്യം വെച്ചു കളിച്ചു. നാന്റസ് വലതുവശത്തു നിന്ന് തൊടുക്കുന്ന ക്രോസുകള്‍ ബോക്‌സില്‍ വെച്ച് നിര്‍വീര്യമാക്കപ്പെടുമ്പോള്‍ കവാനിയുടെ അസാന്നിധ്യം തെളിഞ്ഞു കണ്ടു. ലക്ഷണമൊത്ത കൂട്ടാളികളില്ലാതെ ലൂയിസ് സുവാരസിന് കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നില്ല.

ഫ്രാന്‍സിന്റെ ആദ്യഗോളിലെ പകുതി മാര്‍ക്കും ഗ്രീസ്മന്റെ ലളിതമായ സാമര്‍ത്ഥ്യത്തിനു നല്‍കണം. ഫ്രികിക്ക് ചെയ്യാന്‍ വരുമ്പോള്‍ വെറുതെ ഒന്നോങ്ങി അയാള്‍ ഉറുഗ്വേ ഡിഫന്‍സിനെ കാറ്റത്തെ നെല്‍ച്ചെടി പോലെ ചായ്ച്ചു. അവിടെ രൂപപ്പെട്ട ഗ്യാപ്പിലേക്കാണ് വരാന്‍ നീങ്ങിച്ചെന്നതും ഗ്രീസ്മന്‍ പന്ത് കൃത്യമായി എത്തിച്ചതും. ആ ഹെഡ്ഡര്‍, ഒരു നിമിഷാര്‍ധം മുമ്പോ ശേഷമോ ആയിരുന്നെങ്കില്‍ പ്രതിരോധക്കാരന്റെ തലയില്‍ തട്ടി ഉയരേണ്ടതായിരുന്നു.

രണ്ടാം ഗോളിന് മുസ്‌ലേരയുടെ പിഴവിനെ പഴിചാരാം എന്നേയുള്ളൂ. ബോക്‌സിന്റെ പരിസരത്ത് അത്ര ഫ്രീയായി ഒരു ലോകോത്തര താരം തൊടുക്കുന്ന ഷോട്ട് പിടിച്ചെടുക്കുക എന്നത് ഒരു ഗോള്‍കീപ്പര്‍ക്കും എളുപ്പമല്ല. പന്തിന്റെ ഗതി മനസ്സിലാക്കുന്നതിലുണ്ടായ പിഴവാണ് മുസ്‌ലേരയെക്കൊണ്ട് ആ പിഴവ് വരുത്തിച്ചത്. പന്ത് പിടിച്ചെടുക്കാനാണ് അയാളാദ്യം തീരുമാനിച്ചത്. പക്ഷേ, വിചാരിച്ച ഗതിയിലല്ല വരവെന്ന് കണ്ടതോടെ നിമിഷാര്‍ധം കൊണ്ട് തീരുമാനം മാറ്റുകയും തട്ടിയകറ്റാന്‍ നോക്കുകയും ചെയ്തു. പക്ഷേ, ഗ്രീസ്മന്‍ തൊടുത്ത ഷോട്ടിന്റെ വേഗത ചതിച്ചു. ഔട്ട്ഫീല്‍ഡ് കളിക്കാരുടെ പിഴവുകള്‍ ആരാധകര്‍ പെട്ടെന്നു മറക്കും; അവര്‍ സൃഷ്ടിക്കുന്ന അത്ഭുത നിമിഷങ്ങള്‍ അവര്‍ എന്നും ഓര്‍ത്തുവെക്കുകയും ചെയ്യും. ഗോള്‍കീപ്പര്‍മാരുടെ കാര്യത്തില്‍ ഇത് നേരെ തിരിച്ചാണ്. ഗോള്‍ നേടുന്നതിനോളം വലിയ കാര്യം തന്നെയാവും അവരുടെ പല സേവുകളും. പക്ഷേ, അവര്‍ ഓര്‍മിക്കപ്പെടുക ഇന്ന് മുസ്‌ലേരയും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലോറിസ് കറിയസുമൊക്കെ വരുത്തിയതു പോലുള്ള പിഴവുകളുടെ പേരിലാവും.

എന്‍ഗോളോ കാന്റെയെപ്പറ്റി പ്രത്യേകം പരാമര്‍ശിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാന്‍ എനിക്കു മനസ്സുവരുന്നില്ല. എന്തൊരു ജന്മമാണ് അയാളുടേത്! ടാക്ലിങ്ങുകളിലും ഇന്റര്‍സെപ്ഷനിലും റിക്കവറിയിലും അയാള്‍ ഇന്നും തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. കാന്റെയുടെ കാലില്‍നിന്നു പുറപ്പെടുന്ന 50:50 ചാന്‍സുള്ള പാസുകള്‍ പോലും വിഫലമാകുന്നതു കണ്ടില്ല. കുഷ്യന്‍ ലഭിച്ചപ്പോള്‍ അയാള്‍ ഒരു സ്‌റ്റെപ്പ് കയറിക്കളിച്ചതാണ് ഉറുഗ്വേയുടെ പ്രത്യാക്രമണ സാധ്യതകള്‍ പോലും വിഫലമാക്കിയത്. ക്ഷണവേഗത്തില്‍ കളിയുടെ ഗതിമാറ്റി വിടുന്ന അയാള്‍ക്ക് തുല്യനായി ലോകഫുട്‌ബോളില്‍ ഇന്നൊരു കളിക്കാരനുമില്ല. ഇന്നത്തെ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചിനെ തീരുമാനിക്കാന്‍ എന്നെ ചുമതലപ്പെടുത്തിയിരുന്നെങ്കില്‍ ഒരു സന്ദേഹവുമില്ലാതെ ഞാന്‍ കാന്റെയെ തെരഞ്ഞെടുക്കുമായിരുന്നു.

Cricket

ഐപിഎല്‍: മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിലില്ല, ഹാർദിക് തിരിച്ചെത്തി

ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച് മുംബൈ

Published

on

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

ഇംപാക്ട് പ്ലെയറായി പോലും താരത്തെ പരിഗണിച്ചില്ല. റോഭിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയേഴ്സ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 11 റൺസിന്റെ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്, 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഡെത്ത് ഓവറുകളിൽ തകർന്നു. മറുവശത്ത്, താൽക്കാലിക നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ മികച്ച തുടക്കമല്ല മുംബൈയ്ക്ക് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി.

Continue Reading

Football

ഡൊറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.

Published

on

ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കോച്ച് ഡോറിവൽ ജൂനിയറിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ 4-1ന്റെ കനത്ത തോല്‍വിയാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിനു നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ്റെ കനത്ത നടപടി.

ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൊറിവാള്‍ ജൂനിയര്‍ ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദേശീയ ടീമിനായി ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടന്‍ തന്നെ നിയമിക്കും.എന്നായിരുന്നു അറിയിപ്പ്.

2022ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടു പരാജയപ്പെട്ടതിനു പിന്നാലെ കോച്ച് ടിറ്റെയെ പുറത്താക്കിയാണ് ഡൊറിവാളിനെ ബ്രസീല്‍ നിയമിച്ചത്.62കാരനായ പരിശീലകന്‍ 16 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. 7 വീതം ജയവും തോല്‍വിയും 2 സമനിലയുമാണ് ഈ കാലഘട്ടിൽ ബ്രസീൽ നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ന്റീനയോടേറ്റ കനത്ത തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഡൊറിവാള്‍ ഏറ്റെടുത്തിരുന്നു.

ബ്രസീലിൻ്റെ സൂപ്പർ താരം നെയ്മർ ഡൊറിവാളിനു കീഴിൽ ഒരു മത്സരങ്ങളിലും കളിച്ചിച്ചില്ല. 5 തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ നിലവിലെ സാഹചര്യത്തിൽ 2026ലെ ലോകകപ്പിലെത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. അര്‍ജന്റീനയ്ക്കും ഇക്വഡോറിനും യുറുഗ്വെയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ബ്രസീൽ.

Continue Reading

Cricket

ഇംഗ്ലണ്ട് ടെസ്റ്റിൽനിന്ന് നായകന്‍ രോഹിത് ശർമ വിട്ടുനിന്നേക്കും

. റെഡ് ബാള്‍ ക്രിക്കറ്റില്‍ ഫോം കണ്ടെത്താനാകാത്തതിനാലാണ് താരം വിട്ടുനില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

ജൂണില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍നിന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വിട്ടുനിന്നേക്കുമെന്ന് റിപ്പോര്‍ട്ട്. റെഡ് ബാള്‍ ക്രിക്കറ്റില്‍ ഫോം കണ്ടെത്താനാകാത്തതിനാലാണ് താരം വിട്ടുനില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മോശം ഫോമിനെ തുടര്‍ന്ന് താരത്തിന് വന്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. അതേസമയം സീനിയര്‍ താരം വിരാട് കോഹ്‌ലി ഇംഗ്ലണ്ട് പര്യടനത്തിന് ടീമിനൊപ്പമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ രോഹിത്തിന്റെ അബാവത്തില്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലിറങ്ങിയ ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. രണ്ടാം ടെസ്റ്റ് മുതല്‍ ടീമിനൊപ്പം ചേര്‍ന്ന രോഹിത് മൂന്ന് മത്സരങ്ങളില്‍ 6.2 ശരാശരിയില്‍ 31 റണ്‍സ് മാത്രമാണ് നേടിയത്.

സിഡ്‌നിയില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍നിന്ന് താരം സ്വയം മാറിനിന്നു. പെര്‍ത്തില്‍ നേടിയ സെഞ്ച്വറിയല്ലാതെ വിരാട് കോഹ്‌ലിക്കും വലിയ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇരുവരും ടീം ഇന്ത്യക്ക് ബാധ്യതയാണെന്ന തരത്തില്‍ വലിയ വിമര്‍ശനമുയരുകയും ചെയ്തു.

സിഡ്‌നി ടെസ്റ്റില്‍നിന്ന് രോഹിത് മാറിനിന്നതോടെ താരം ലോങ് ഫോര്‍മാറ്റില്‍നിന്ന് വിരമിക്കാനുള്ള തയാറെടുപ്പിലാണെന്ന് അഭ്യൂഹമുയര്‍ന്നു. എന്നാല്‍ ഇത് നിഷേധിച്ച് രോഹിത് തന്നെ രംഗത്തെത്തി.

തനിക്ക് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടായതിനാല്‍ മാറിനിന്നതാണെന്നും വിരമിക്കാന്‍ ഉദ്ദേശ്യമില്ലെന്നും താരം വ്യക്തമാക്കി. കാര്യങ്ങള്‍ മാറുമെന്നും കമന്ററി ബോക്‌സിലിരിക്കുന്നവരും മാധ്യമങ്ങളുമല്ല തന്റെ ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നതെന്നും താരം പറഞ്ഞു.

ആസ്‌ട്രേലിയയില്‍നിന്ന് തിരിച്ചെത്തിയ രോഹിത് ഇന്ത്യയെ ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടത്തിലേക്ക് നയിച്ചു. ഫൈനലില്‍ രോഹിത്തിന്റെ ബാറ്റില്‍നിന്ന് പിറന്ന 76 റണ്‍സ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. കോഹ്‌ലിയാകട്ടെ, പാകിസ്താനെതിരെ സെഞ്ച്വറിയും (100*) ആസ്‌ട്രേലിയക്കെതിരെ 84 റണ്‍സുമടിച്ചു.

ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ഇന്ത്യന്‍ സംഘം പോകുന്നത്. ജൂണ്‍ 20നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ലീഡ്‌സിലും തുടര്‍ന്നുള്ള മത്സരങ്ങള്‍ എജ്ബാസ്റ്റന്‍, ലോര്‍ഡ്‌സ്, ഓള്‍ഡ് ട്രാഫോര്‍ഡ്, കെന്നിങ്ടണ്‍ ഓവല്‍ എന്നിവിടങ്ങളിലും നടക്കും.

Continue Reading

Trending