Connect with us

Video Stories

കശ്മീരിലേക്ക് കല്ലെറിയേണ്ട

Published

on

 

ഹ്രസ്വകാലത്തെ ഇടവേളക്കുശേഷം ജമ്മുകശ്മീര്‍ വീണ്ടും അശാന്തിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി അമ്പതോളം പേരാണ് സംസ്ഥാനത്ത് വിവിധ സംഭവങ്ങളിലായി കൊല്ലപ്പെട്ടത്. ഏപ്രില്‍ ഒന്നിന് സൈനിക നടപടിയില്‍ ഇരുപതോളം പേര്‍ കൊല ചെയ്യപ്പെട്ടു. പൊലീസിന്റെയും സേനാവിഭാഗങ്ങളുടെയും ഉരുക്കുമുഷ്ടിയില്‍ അക്ഷരാര്‍ത്ഥത്തില്‍ കിടന്നുപിടയുകയാണ് അതിര്‍ത്തി സംസ്ഥാനമായ ലോകത്തെ ഈ സുന്ദര താഴ്‌വര. നിരവധിതല സ്പര്‍ശിയായ പ്രശ്‌നങ്ങള്‍ പ്രതിസന്ധികളായി പരസ്പരം ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ഏതു വിധേനയും ക്രമസമാധാനം നടന്നു കാണണമെന്നാണ് മനുഷ്യ സ്‌നേഹികളുടെ പ്രാര്‍ത്ഥനയെങ്കില്‍ മറുവശത്ത് ഇരുട്ടിന്റെ ശക്തികള്‍ പൂര്‍വാധികം ശക്തിയോടെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള യത്‌നത്തിലാണ്. ഇന്ത്യന്‍ സൈന്യത്തിന്റെയും സംസ്ഥാന പൊലീസിന്റെയും വിരട്ടലും കടന്ന് തുറന്ന ആക്രമണമാണ് പലയിടങ്ങളിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വേണ്ടിവന്നാല്‍ സൈനിക നടപടി ശക്തമാക്കുമെന്ന മുന്നറിയിപ്പ് പട്ടാളമേധാവി ജനറല്‍ ബിപിന്റാവത്ത് നല്‍കിക്കഴിഞ്ഞു. ജനാധിപത്യത്തില്‍ സ്വന്തം പൗരന്മാരോട് അന്യരാജ്യങ്ങളിലേതുപോലുള്ള ഇത്തരം യുദ്ധപ്രഖ്യാപനങ്ങള്‍ നടത്തേണ്ട കാര്യം പട്ടാളത്തിനുണ്ടോ. അവിടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരും ഭരണ സംവിധാനവുമുണ്ടായിരിക്കവെ സൈന്യത്തിന് എന്തുകാര്യം? യഥാര്‍ത്ഥത്തില്‍ സര്‍ക്കാരുകളുടെ, സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും വീഴ്ചതന്നെയാണിത്.
കഴിഞ്ഞ തിങ്കളാഴ്ച തമിഴ്‌നാട് സ്വദേശി ഇരുപത്തിരണ്ടുകാരനായ തിരുമണി ശ്രീനഗറിന്റെ പ്രാന്തത്തിലൂടെ മാതാപിതാക്കളുമൊത്ത് കാറില്‍ സഞ്ചരിക്കവെ ജനക്കൂട്ടത്തിന്റെ കല്ലേറില്‍ മരണപ്പെടാനിടയായത് കാര്യങ്ങളുടെ നിജസ്ഥിതിയിലേക്ക് എളുപ്പം വെളിച്ചം വീശുന്ന സംഭവമാണ്. ഒരു നിരപരാധിയെ കൊല്ലാന്‍ മാത്രം എന്ത് പ്രകോപനമാണ് കശ്മീരിലെ ജനതക്കുമുന്നിലുള്ളത് എന്ന് ചിന്തിക്കുമ്പോള്‍, ഇന്നത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയുടെയും വൈരനിര്യാതന ബുദ്ധിയുടെയും കറകളഞ്ഞ വംശീയ വിരോധത്തിന്റെയുമൊക്കെ അറയ്ക്കുന്ന കഥകള്‍ പുറത്തുവരും. 2016 ജൂലൈയില്‍ കശ്മീര്‍ വിഘടനവാദി നേതാവ് ബുര്‍ഹാന്‍വാനി സൈനികരുടെ ഓപറേഷനില്‍ കൊല്ലപ്പെട്ടതോടെയാണ് ഇന്നത്തെ അക്രമ രീതിയിലേക്ക് സംസ്ഥാനം എത്തിപ്പെട്ടത്. പെട്ടെന്നൊരുനാള്‍ സംഭവിച്ചൊരു കൈപ്പിഴയായിരുന്നില്ല അത്. കുറെക്കാലമായി ഒരു വിഭാഗം കശ്മീരികളുടെ സ്വാതന്ത്ര്യ സമര നേതാവായി പോരാടി വരുന്ന ചെറുപ്പക്കാരനായിരുന്നു ഹിസ്ബുല്‍ മുജാഹിദീന്‍ തലവനായ വാനി. ഇയാളെപ്പോലൊരു നേതാവിനെ കൊലപ്പെടുത്തുമ്പോള്‍ അത് അയാളുടെ ആരാധകരിലും പിന്തുണക്കാരിലും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതത്തെക്കുറിച്ച് എന്തുകൊണ്ട് സൈന്യവും അധികാരികളും ശ്രദ്ധിച്ചില്ല. ശരിക്കുമൊരു ആസൂത്രിത ആക്രമണത്തിലൂടെയാണ് വാനി കൊല്ലപ്പെടുന്നത്. നേതാവിനെ കൊല്ലുന്നതിലൂടെ അണികളുടെ വിശ്വാസം വീണ്ടെടുക്കാമെന്ന് ധരിച്ചവരെ എന്തുവാക്കുകൊണ്ടാണ് വിശേഷിപ്പിക്കുക. സത്യത്തില്‍ വലിയൊരു വിശാല ആസൂത്രണവും ബുദ്ധികേന്ദ്രവും ഇവിടെ പ്രവര്‍ത്തിച്ചിട്ടില്ലേ. പ്രത്യേകിച്ചും അതിദേശീയത പറയുന്ന മുസ്‌ലിം -ന്യൂനപക്ഷ വിരുദ്ധ ശക്തിയായ സംഘ്പരിവാര്‍ നേതൃത്വം വഹിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നാട് ഭരിക്കുമ്പോള്‍. സമരക്കാര്‍ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ട് രംഗത്തുവന്ന സര്‍വകലാശാലാ പ്രൊഫസര്‍ റാഫി ഭട്ടിനെ പോലുള്ളവരുടെ കഴിഞ്ഞ ദിവസത്തെ കൊലപാതകം പ്രശ്‌ന പരിഹാരത്തിന് ഉതകുന്നതല്ല. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് മരിച്ചുവീഴുന്ന തീവ്രവാദികളുടെ സര്‍ക്കാര്‍ കണക്കുകളുടെ സത്യാവസ്ഥയും പുറത്തുവരണം,
കശ്മീരിന്റെയും കശ്മീരിയത്ത് പ്രസ്ഥാനത്തിന്റെയും വികാരത്തിന്റെയുമൊക്കെ വേരുകള്‍ക്ക് അതിന്റേതായ സവിശേഷ പ്രാധാന്യമുണ്ടെന്നത് ഇന്ത്യ സ്വാതന്ത്ര്യ കാലഘട്ടം മുതല്‍ അംഗീകരിക്കപ്പെട്ടതാണ്. കശ്മീരിനെ ഇന്ത്യയില്‍ പിടിച്ചുനിര്‍ത്തുന്നതിന് ജവഹര്‍ലാല്‍ നെഹ്‌റുവിനെപോലുള്ള സമുന്നതരായ രാഷ്ട്ര നേതാക്കളും ഇന്നത്തെ ഫാറൂഖ് അബ്ദുല്ലയുടെ വന്ദ്യപിതാവ് ഷെയ്ഖ്അബ്ദുല്ലയെ പോലുള്ളവരും വഹിച്ച പങ്ക് ചരിത്രത്തില്‍നിന്ന് ഒരിക്കലും തുടച്ചുമായ്ക്കാനാകില്ല. രാജ്യം സ്വാതന്ത്ര്യം നേടുമ്പോള്‍ മടിച്ചുനിന്ന കശ്മീരി ഹിന്ദു രാജാവിനെ വശത്താക്കിയതും നമ്മുടെ ചരിത്രത്തിലുണ്ട്. അന്നുമുതല്‍ ഇക്കഴിഞ്ഞകാലം വരെയും കാര്യമായ പ്രശ്‌നങ്ങളില്ലാതിരുന്ന സംസ്ഥാനം എങ്ങനെയാണ് ഇന്നത്തെ അരക്ഷിതാവസ്ഥയിലേക്ക് വലിച്ചിഴക്കപ്പെട്ടത്. കേന്ദ്രത്തിലും കശ്മീരിലും വെവ്വേറെ കക്ഷികള്‍ ഭരിച്ചപ്പോള്‍ പോലുമില്ലാത്തത്ര കൊടിയ പീഡനമുറകളാണ് കശ്മീരിലെ പകുതിയോളം ജനതക്ക് ഇപ്പോള്‍ ഏല്‍ക്കേണ്ടിവരുന്നത്. ജമ്മുഭാഗത്തൊഴികെ കശ്മീരിന്റെ ശ്രീനഗര്‍, അനന്തനാഗ്, പുല്‍വാമ, ഷോപ്പിയാന്‍ മേഖലകളില്‍ ജനം കല്ലുകളുമായി സൈന്യത്തിനും പൊലീസിനും നേര്‍ക്ക് ആഞ്ഞടുക്കുമ്പോള്‍ അതിനെ ആസൂത്രിതമായ ആക്രമണമായി വിലയിരുത്തുന്നതില്‍ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല. എ.കെ 47 തോക്കുകള്‍ക്കുമുന്നില്‍ കല്ലുകള്‍ക്കെന്തു ചെയ്യാന്‍ കഴിയുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേ ഉള്ളൂ. എന്നിട്ടും എന്തിനാണ് അവര്‍ ഈ പ്രതിരോധം തീര്‍ക്കുന്നത് എന്ന് കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിന്റെ അപ്പക്കഷണം ചവയ്ക്കുന്ന ബി.ജെ.പി ക്കാര്‍ ചിന്തിക്കുന്നുണ്ടോ. രാജ്യത്ത് മുഴുവന്‍ കാപാലിക രാഷ്ട്രീയം കൊണ്ടാടുന്ന ആ പാര്‍ട്ടിയുടെ ചാരെ നിന്നുകൊണ്ട് സംസ്ഥാനത്ത് അധികാരം കയ്യാളുന്ന പി.ഡി.പിയും ഇതിനൊക്കെ കണക്കുപറയേണ്ടിവരും.
ദിവസങ്ങള്‍ക്കുള്ളില്‍ മുസ്‌ലിംകളുടെ വിശുദ്ധ മാസമായ റമസാന്റെ വെള്ളിവെളിച്ചം കശ്മീരിന്റെയും മാനത്ത് പ്രത്യക്ഷപ്പെടും. അതിനുമുമ്പ് സംസ്ഥാനത്തെ വ്രണിതഹൃദയരുടെ മനസ്സുകളിലും ആ വെളിച്ചം പകരാന്‍ കഴിയുന്നത് സര്‍ക്കാരുകള്‍ക്കും സേനകള്‍ക്കുമാണ്. ബി.ജെ.പിയില്‍ നിന്നു കഴിഞ്ഞദിവസം രാജിവെച്ച മുന്‍ കേന്ദ്ര ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹയുടെ റിപ്പോര്‍ട്ട് മാത്രം എടുത്തുവായിച്ച് അതൊന്ന് നടപ്പാക്കിയാല്‍ മതി ജമ്മുകശ്മീരിന്റെ നടപ്പുവികാരം തിരിച്ചറിയാനും സംസ്ഥാനത്ത് ശാന്തത കളിയാടാനും. എന്നാല്‍ ഉറക്കം നടിക്കുന്നയാളെ വിളിച്ചുണര്‍ത്താന്‍ കഴിയില്ലല്ലോ. സൈനികപരമായി തന്ത്രപ്രധാന മേഖലയായ, പാക്കിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മുകശ്മീരിന്റെ എരിതീയില്‍ എണ്ണയൊഴിക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്തെ സമാധാനകാംക്ഷികളും ജനാധിപത്യവാദികളും ചെറുത്തേതീരൂ. സൈന്യത്തിന് അവിടെ നല്‍കുന്ന അമിതാധികാരം പൗരന്മാരുടെ മേല്‍ കുതിര കയറാനുള്ള ലൈസന്‍സായി മോദി പ്രേമികള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തപ്പെടുകതന്നെ വേണം. കഴിഞ്ഞ ദിവസത്തെ സര്‍വകക്ഷിയോഗം നിര്‍ദേശിച്ചതുപോലെ, എത്രയും വേഗം സംസ്ഥാനത്ത് സൈന്യവും പൊലീസും ലാത്തിയും തോക്കും താഴെവെക്കുകയും യുവാക്കളടക്കമുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും വേണം. രണ്ടു വര്‍ഷത്തിനുള്ളില്‍ മരിച്ചുവീണ അഞ്ഞൂറോളം പേരുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും തിക്ത സ്മരണകള്‍ പെട്ടെന്നൊന്നും പ്രതിഷേധക്കാരുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോകുമെന്ന് തോന്നുന്നില്ല, പരിപക്വവും ബുദ്ധിപൂര്‍വകവുമായ സമാധാന പുനസ്ഥാപന നടപടികളാണ് വേണ്ടത്.

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Video Stories

ഷാൻ വധക്കേസ്; പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌ പ്രവർത്തകൻ അറസ്റ്റിൽ

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്.

Published

on

ഷാന്‍ വധക്കേസില്‍ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌  പ്രവർത്തകൻ അറസ്റ്റിൽ. ആലപ്പുഴ പറവൂർ വടക്ക് ദേവസ്വം വെളി വീട്ടിൽ എച്ച്. ദീപക്കിനെയാണ് (44) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ഒളിവിൽ പോകാൻ വേണ്ട സഹായം ചെയ്തതിനാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്.

കൊലക്കേസിലെ അഞ്ച്‌ പ്രതികളുടെയും ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷന്‍റെ അപ്പീലിലായിരുന്നു ഹൈക്കോടതി നടപടി. കേസിലെ മറ്റ് 5 പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്. 19ന് രാവിലെ ബിജെപി നേതാവ് രൺജീത് ശ്രീനിവാസും കൊല്ലപ്പെട്ടു. പിന്നാലെ തന്നെ അന്വേഷണം നടത്തി രണ്ട് കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഒന്നര വർഷമായി പ്രതികൾ ജാമ്യത്തിൽ കഴിയുകയാണ്. അതേസമയം, ബി.ജെ.പി നേതാവ് രൺജീത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് മുഴുവൻ കൂട്ടവധശിക്ഷ വിധിച്ചിരുന്നു.

Continue Reading

Trending