Connect with us

More

പുഴ കടന്ന് കടലിലേക്കൊഴുകിയ പ്രണയത്തിന് ഇന്ന് വയസ് 11

Published

on

കെ.എ മുരളീധരന്‍

തൃശൂര്‍: ‘ഇനി കടലില്‍ പോകുമ്പോള്‍ എന്നേയുംകൊണ്ടു പോകണം കൂടെ. ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും ഒരുമിച്ച്’. നീന്താന്‍പോലും അറിയാത്ത പേടികൊണ്ട് അതുവരെ കടലൊന്നു തൊടാത്ത ഭാര്യ രേഖയുടെ വാക്കുകേട്ട് കാര്‍ത്തികേയന്‍ ഞെട്ടിയ ദിവസത്തിന് ഇന്നേയ്ക്ക് 11 വര്‍ഷം തികയുന്നു.

‘പിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാം. ഇന്നുവേണ്ട ഇന്നുവേണ്ട ഓമലാളെയെന്നൊക്കെ’ കാര്‍ത്തികേയന്‍ പറഞ്ഞു നോക്കിയെങ്കിലും രേഖ വിട്ടില്ല. ഒടുവില്‍ കടുത്ത നിര്‍ബന്ധത്തിനൊടുവില്‍ മനസില്ലാ മനസോടെ കാര്‍ത്തികേയന്‍ രേഖയെ കടലിലേയ്ക്ക് കൊണ്ടുപോയതോടെ പിറന്നത് പുതിയൊരു ചരിത്ര റെക്കോര്‍ഡാണ്. ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന ഇന്ത്യയിലെ ഏക ദമ്പതികളെന്ന വിശേഷണം.

ഏങ്ങണ്ടിയൂര്‍ ഏത്തായ് കടലോര നിവാസികളായ കരാട്ട് കാര്‍ത്തികേയനും രേഖയും ഒരുമിച്ച് ജീവിതം തുടങ്ങിയിട്ട് 19 വര്‍ഷമായെങ്കിലും പതിനൊന്ന് വര്‍ഷം മുന്‍പുള്ള ഒരു നവംബര്‍ ആറിനാണ് ചേറ്റുവ പുഴകടന്ന് അഴിമുഖത്തുകൂടെ ഒരുമിച്ച് കടലില്‍പോകാന്‍ തുടങ്ങിയത്. അതിന് നിമിത്തമായതാകട്ടെ സങ്കടകടലിന്റെ കണ്ണീരിന്റെ ഉപ്പുരസമുള്ള ജീവിതവും.ഇരു സമുദായങ്ങളില്‍പ്പട്ട കാര്‍ത്തികേയനും രേഖയും വീട്ടുകാരുടെ കടുത്ത എതിര്‍പ്പ് വകവെയ്ക്കാതെ പ്രണയിച്ച് ജീവിതം തുടങ്ങിയവരാണ്.

ഈ ജീവിതത്തിനിടയില്‍ നാലു പെണ്‍കുട്ടികളും പിറന്നു. കടലും കടപ്പുറവുമൊക്കെ എല്ലാവരേയും പോലെ തൃശൂര്‍ പട്ടണത്തിനടുത്തുള്ള കൂര്‍ക്കഞ്ചേരിക്കാരായിയായ രേഖയ്ക്കും അക്കാലത്ത് വെറും കൗതുകം മാത്രമായിരുന്നു. ഒരു ദിവസം കടലിനടുത്തുള്ള കുടിലില്‍വെച്ച് ശക്തമായ മിന്നലേറ്റ് രേഖ ബോധരഹിതയായി വീണു. കൈവിട്ട് പോയെന്ന് വിചാരിച്ച് രേഖയുടെ ദേഹത്തടിച്ച് കാര്‍ത്തികേയനും കുട്ടികളും അലമുറയിട്ട് കരയുന്നതിനിടെ അവിചാരിതമായി രേഖയ്ക്ക് ബോധം വീഴുകയായിരുന്നു. അടച്ചുറപ്പുള്ള ഒരു വീടില്ലാത്തതിന്റെ വേദന കാര്‍ത്തികേയനും രേഖയും മക്കളും അന്ന് ശരിക്കുമറിഞ്ഞു. രാവും പകലും അദ്ധ്വാനിച്ചാലും വീടെന്ന സ്വപ്‌നം എപ്പോഴും കടലുപോലെ വിദൂരമായിരുന്നു. രണ്ട് പേര്‍ക്കിരിക്കാവുന്ന ചെറുവള്ളത്തില്‍ കാര്‍ത്തികേയന്‍ സ്വന്തമായി മത്സ്യബന്ധനം നടത്തിയെങ്കിലും കടങ്ങള്‍ വീട്ടാന്‍ പോലും തികഞ്ഞില്ല.

പലപ്പോഴും കൂടെയുള്ളയാള്‍ വരാത്തതിനാല്‍ ഒറ്റയ്ക്ക് കടലില്‍പോയി തിരിച്ച് വീട്ടിലെത്തി ക്ഷീണത്തോടെ കിടക്കുന്ന കാര്‍ത്തികേയനെ കാണുമ്പോള്‍ രേഖയ്ക്ക് സങ്കടമായിരുന്നു. പ്രിയപ്പെട്ടവന്റെ കഠിനദ്ധ്വാനംകൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോഴാണ് കടലില്‍ എന്നേയുംകൊണ്ടു പോകണമെന്ന് രേഖ വാശിപിടിച്ചത്.

അങ്ങിനെ രേഖ അതുവരെ കാണാത്ത കടലിനെ അറിഞ്ഞു. ആഴകടലില്‍ പറക്കുന്ന മീനുകളെ കണ്ടു. നിറം മാറുന്ന കടലും നിലാവില്‍ നക്ഷത്രങ്ങള്‍ വിരിഞ്ഞ ആകാശവും കണ്ടു. നൂല്‍മഴയായി തുടങ്ങി പിന്നെ പേമാരിയായി പെയ്തിറങ്ങുന്ന മഴയെ തൊട്ടു. മാനംമുട്ടെ ഉയര്‍ന്നുവന്ന തിരമാലകളെ നേരിട്ടു. ഇതിനിടയില്‍ പലപ്പോഴും മരണത്തെയും മുഖാമുഖം കണ്ടു. ഇന്നും എല്ലാ ദിവസവും വെളുപ്പിന് ചെറിയ ഫൈബര്‍ വള്ളത്തില്‍ പഴയൊരു എന്‍ജിനുംവെച്ച് കാര്‍ത്തികേയനും രേഖയും കടലില്‍ പോകും. കടലില്‍ ആണുങ്ങള്‍ ചെയ്യുന്ന എല്ലാ ജോലിയും രേഖ ചെയ്യും. വള്ളമോടിക്കും. കടലില്‍ വലയെറിയും. വല വലിച്ചുകയറ്റും.

കാര്‍ത്തികേയന്റെയും രേഖയുടെയും ദുരിത ജീവിതമറിഞ്ഞ കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സി.എം.എഫ്.ആര്‍.ഐ) കഴിഞ്ഞ മെയ് അഞ്ചിന് ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ പോണ ഇന്ത്യയിലെ ആദ്യ ദമ്പതികളെന്ന നിലയില്‍ ഇരുവരേയും ആദരിച്ചിരുന്നു.

ഇന്ന് കടലാണിവര്‍ക്ക് എല്ലാം. കടലമ്മ ചതിക്കില്ലെന്നും കരയിലുള്ളവരേക്കാള്‍ കടലിലുള്ളവരെയാണ് വിശ്വാസമെന്നും രേഖ പറയുന്നു. ഒരു പെണ്ണ് കടലില്‍ പോകുന്നതിന് ആദ്യകാലങ്ങളില്‍ കരയിലും വലിയ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ എല്ലാ എതിര്‍പ്പും വകഞ്ഞുമാറ്റി ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ മക്കളെ നോക്കാന്‍ സ്വന്തം ജീവന്‍പോലും പണയംവെച്ച് ആഴകടലില്‍ പ്രിയതമനോടൊപ്പം പോകുന്നതില്‍ യാതൊരു പേടിയുമില്ല, മറിച്ച് അഭിമാനം മാത്രമേയുള്ളൂവെന്ന് രേഖ പറയുമ്പോള്‍ കരയിലേയ്ക്ക് ആഞ്ഞടിക്കുന്ന തിരമാലകളുടെ ശക്തിയുണ്ട് ആ വാക്കുകള്‍ക്ക്.

kerala

‘വര്‍ഗീയതയില്‍ അഭിരമിക്കുന്ന സി.പി.എം, പാര്‍ട്ടി ഓഫീസുകള്‍ ആര്‍.എസ്.എസിന് ശാഖ നടത്താന്‍ കൈമാറണം’: എം.കെ മുനീര്‍

ഷാഫി പറമ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ കാഫിര്‍ വര്‍ഗീയ കാര്‍ഡിറക്കി സി.പി.എം ആര്‍.എസ്.എസ് വോട്ട് നേടാന്‍ ശ്രമിച്ചു

Published

on

കോഴിക്കോട്: അടിസ്ഥാന വര്‍ഗത്തെയും നയ നിലപാടുകളും കയ്യൊഴിഞ്ഞ് വര്‍ഗീയതയില്‍ അഭിരമിക്കുന്ന സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ ആര്‍.എസ്.എസിന് ശാഖ നടത്താന്‍ വിട്ടുകൊടുക്കുകയാണ് നല്ലതെന്ന് മുസ്്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. യു.ഡി.എഫിന്റെ മുസ്്‌ലിം-ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഏതു കാര്‍ഡെടുക്കണമെന്ന് സി.പി.എമ്മിന് ശരിക്കുമറിയാം. ഇത്ര നീചമായ രീതിയില്‍ വര്‍ഗീയതയുടെ കാര്‍ഡുകള്‍ തിരഞ്ഞെടുപ്പിലെടുത്ത് വീശുന്ന പാര്‍ട്ടി രാജ്യത്ത് തന്നെ വേറെയില്ല.

ഷാഫി പറമ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ കാഫിര്‍ വര്‍ഗീയ കാര്‍ഡിറക്കി സി.പി.എം ആര്‍.എസ്.എസ് വോട്ട് നേടാന്‍ ശ്രമിച്ചു. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സന്ദിപ്‌വാര്യര്‍ ആര്‍.എസ്.എസ് എന്നെല്ലാം പരസ്യം നല്‍കി മുസ്്‌ലിം വോട്ട് സ്വരൂപിക്കാനും നീക്കം നടത്തി. പാലക്കാട്ട് വര്‍ഗീയ കാര്‍ഡ് ഫലിച്ചില്ലെന്ന് കണ്ടതോടെ വീണ്ടും ജമാത്ത്-എസ്.ഡി.പി.ഐ കാര്‍ഡിറക്കി പ്രചാരണം തുടങ്ങിയിരിക്കുന്നു. മതനിരപേക്ഷതയും ജനപക്ഷ രാഷ്ട്രീയവും കയ്യൊഴിഞ്ഞ് അധോലോക മാഫിയയായ സി.പി.എം, പാര്‍ട്ടി ഓഫിസുകള്‍ ആര്‍.എസ്.എസിനെ പോലും പിന്നിലാക്കുന്ന വര്‍ഗീയതയാണ് പയറ്റുന്നത്. മുനീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മുസ്്‌ലിം സമുദായത്തിലെ വിവിധ സംഘടനകളില്‍ ഇടപെട്ട് പ്രശ്‌നം സൃഷ്ടിക്കാനും തട്ടുകളായി തിരിച്ച് വര്‍ഗീയ സംഘടനകളെന്നും വര്‍ഗ സംഘടനകളെന്നും തരംതിരിച്ച് അക്രമിക്കുന്നതാണ് സി.പി.എം രീതി. സി.പി.എമ്മിനെ പി്ന്തുണക്കുന്നുണ്ടോ എന്നതാണ് ഈ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള മാനദണ്ഡം. എന്നാല്‍, മറ്റൊരു സമുദായത്തിലെ സംഘടനകള്‍ക്കും ഇത്തരം വര്‍ഗീയ സര്‍ട്ടിഫിക്കറ്റ് വിതരണം കാണുന്നുമില്ല. പതിറ്റാണ്ടുകള്‍ ജമാഅത്തെ ഇസ്്‌ലാമിയുടെ വോട്ടു വാങ്ങി, തദ്ദേശ സ്ഥാപനങ്ങളില്‍ ഒന്നിച്ച് മത്സരിച്ച് അധികാരം പങ്കുവെച്ച സി.പി.എം പുതിയ വെളുപാടുമായി വരുന്നത് എല്ലാവര്‍ക്കും മനസ്സിലാകും.
മുസ്്‌ലിംലീഗിന്റെയും സുന്നികളുടെയും നേതാവായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ പോലും ജമാഅത്ത് ചാപ്പകുത്തിയത് പിണറായി വിജയന്‍ നേരിട്ടാണ്. തരാതരം വര്‍ഗീയ കാര്‍ഡെടുത്ത് പാഷാണം വര്‍ക്കി കളിക്കുന്ന സി.പി.എമ്മിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും എം.കെ മുനീര്‍ വ്യക്തമാക്കി.

Continue Reading

kerala

ശബരിമലയിൽ മരച്ചില്ല വീണ് തീർത്ഥാടകന് പരിക്കേറ്റു

തലയ്ക്ക് സാരമായ പരിക്കുണ്ടെന്ന് പൊലീസ് അറിയിച്ചു

Published

on

ശബരിമലയിൽ മരച്ചില്ല വീണ് തീർത്ഥാടകന് പരുക്കേറ്റു. ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് പോകുമ്പോൾ മരക്കൊമ്പ് തലയിൽ വീഴുകയായിരുന്നു. തലയ്ക്ക് സാരമായ പരിക്കുണ്ടെന്ന് പൊലീസ് അറിയിച്ചു. 29കാരനായ സഞ്ചുവെന്ന തീർത്ഥാടകനാണ് പരുക്കേറ്റത്.

പമ്പ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. പമ്പ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോലാജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചു;അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച എറണാകുളം ജില്ലയിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച എറണാകുളം ജില്ലയിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളില്‍ തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങിയേക്കും. ഇതാണ് വരും ദിവസങ്ങളില്‍ കേരളത്തിലെ മഴയെ സ്വാധീനിക്കുക എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

Trending