Connect with us

Video Stories

കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലണോ

Published

on

മലയാളിക്ക് ഹോട്ടലില്‍ചെന്ന് ‘ഒരു ചായയും കടിയും’ എന്നതിന് പകരം ഇനിമുതല്‍ ‘ഒരു ബിയറും കടിയും’ എന്നു മാറ്റിപ്പറയാം! മദ്യ ഫാക്ടറികള്‍ക്ക് പുറമെ സംസ്ഥാനത്തെ ഹോട്ടലുകള്‍ക്കും മദ്യം നിര്‍മിച്ച് വില്‍ക്കാന്‍ അനുവാദം നല്‍കുന്നതിനുള്ള നടപടികളിലാണ് സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരെന്ന റിപ്പോര്‍ട്ട് സമാധാനവും പുരോഗതിയും കാംക്ഷിക്കുന്ന ജനങ്ങളിലാകെ വന്‍ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. പത്ത് ഹോട്ടലുകള്‍ ഇതുസംബന്ധിച്ച് അനുമതി ചോദിച്ചെന്നാണ് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ ഏതാനും ഹോട്ടലുകളില്‍ മൈക്രോബ്രിവറികള്‍ സ്ഥാപിച്ച് ബിയര്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഇത് മാതൃകയാക്കാനാണ് കേരളം താല്‍പര്യപ്പെടുന്നതെന്നുമാണ് കമ്മീഷണര്‍ ഋഷിരാജ്‌സിങ് അറിയിച്ചിരിക്കുന്നത്. എക്‌സൈസ് കമ്മീഷണര്‍ക്ക് ഒരു സുപ്രഭാതത്തില്‍ ഉറക്കമെണീറ്റപ്പോള്‍ തോന്നിയ വെളിപാടല്ല ഈ മൈക്രോബ്രിവറീസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആലോചിച്ചതും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊടിതട്ടിയെടുത്തതുമായൊരു നിര്‍ദേശമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍വഴി പുറത്തുവന്നിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.
സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതനുസരിച്ചാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഈ മാസം പകുതിയോടെ ബംഗളൂരു സന്ദര്‍ശിച്ച് മൈക്രോ ബ്രിവറികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് ഉടന്‍ തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കാനിരിക്കെ എന്തിനാണ് വാര്‍ത്ത പുറത്തുവിട്ടത് എന്നത് സംശയാസ്പദമാണ്. മദ്യമൊഴുക്കിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേകിച്ച് വനിതകള്‍, കുടുംബിനികള്‍, മതവിശ്വാസികള്‍, മദ്യനിരോധന സമിതികള്‍, അധ്യാപക സമൂഹം തുടങ്ങിയവരില്‍ നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനത്തെ കേരളീയ സമൂഹം പൊതുവെ സ്വാഗതം ചെയ്തതുമാണ്.
മൈക്രോ ബ്രിവറികള്‍ തുടങ്ങുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നാണത്രെ സര്‍ക്കാരിന്റെയും എക്‌സൈസ് വകുപ്പിന്റെയും വാദം. കര്‍ണാടക മാതൃകയില്‍ മദ്യത്തില്‍ നിന്ന് മോചിപ്പിക്കുന്ന ഡീഅഡിക്ഷന്‍ കേന്ദ്രങ്ങള്‍ തുറക്കണമെന്നും റിപ്പോര്‍ട്ടില്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ടത്രെ. മദ്യം പരമാവധി നല്‍കിയ ശേഷം മദ്യ ലഹരി മുക്ത കേന്ദ്രങ്ങള്‍ തുറക്കുമെന്ന് പറയുന്നതിലെ വൈരുധ്യം പരിതാപകരം തന്നെ. യു.ഡി.എഫിന്റെ മദ്യനിയന്ത്രണ നയത്തെ സി.പി.എം എതിര്‍ത്തതിന് പറഞ്ഞതിനു കാരണം സംസ്ഥാനത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പറഞ്ഞായിരുന്നു. ഇപ്പോള്‍ ഹോട്ടലുകളില്‍ പരസ്യമായി മദ്യം വിളമ്പുന്നതിനെയും ടൂറിസത്തിന്റെ മറവിലാണോ സി.പി.എമ്മും സര്‍ക്കാരും ന്യായീകരിക്കാന്‍ നോക്കുന്നത്. മദ്യം വിളമ്പുന്നതാണ് തൊഴിലില്ലായ്മക്ക് സര്‍ക്കാര്‍ കാണുന്ന പരിഹാരമെങ്കില്‍ ഈ സര്‍ക്കാരിലെയും ഭരിക്കുന്ന പാര്‍ട്ടിയിലെയും ആളുകളുടെ സാമൂഹിക ജ്ഞാനത്തെക്കുറിച്ച് ആലോചിച്ച് ലജ്ജിക്കേണ്ടിവരും. ഇത്തരം നിരവധി ഹോട്ടലുകളില്‍ ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ ഗുണമേന്മ ആര് പരിശോധിച്ച് ഉറപ്പുവരുത്തും.
അതേസമയം, ബംഗളൂരു പോലൊരു മഹാനഗരത്തിലെ ഏതാനും ഹോട്ടലുകളില്‍ പരീക്ഷിച്ച ബിയര്‍ ഉല്‍പാദന-വിപണന സംവിധാനം കേരളത്തില്‍ നടപ്പാക്കുന്നതിനു പിന്നിലുള്ള ചില അല്‍പബുദ്ധികളുടെ ചേതോവികാരത്തെയാണ് ശരിക്കും പരിശോധനക്ക് വിധേയമാക്കേണ്ടത്. അധികാരത്തിലെത്തുന്നതിനുമുമ്പ് ഒളിഞ്ഞും തെളിഞ്ഞും മദ്യത്തിനായി മുറവിളി കൂട്ടിയ ഇടതുമുന്നണി ഒന്നരക്കൊല്ലം മുമ്പ് ഭരണച്ചുമതല ഏറ്റതുമുതല്‍ തുടങ്ങിയതാണ് മദ്യത്തിലൂടെ കേരളീയരെ അടിമകളാക്കി ചൂഷണം നടത്താനുള്ള നടപടികള്‍. ഇതിന്റെ ഭാഗമായായിരുന്നു കഴിഞ്ഞ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ നിരോധിച്ച ബാറുകള്‍ തുറക്കാനുള്ള തീരുമാനം. മദ്യം നിരോധിക്കുകയല്ല, വര്‍ജിക്കുകയാണ് ഇടതുമുന്നണിയുടെ നയമെന്ന ഉട്ടോപ്യന്‍ നയമാണ് മുന്നണിയുടെ നേതാക്കള്‍ കാലങ്ങളായി പറഞ്ഞുഫലിപ്പിക്കാന്‍ ശ്രമിക്കുന്നതെങ്കിലും ഫലത്തില്‍ മദ്യം വ്യാപകമാക്കി ജനങ്ങളുടെ അധ്വാനത്തിന്റെ ഫലം കവരാനും അതുവഴി ബോധം നഷ്ടപ്പെട്ട അണികളെയും ജനങ്ങളെയും സൃഷ്ടിക്കാനുമാണ് ശ്രമം. സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാംയെച്ചൂരിയുടെ വരെ വാക്കുകളും വാഗ്ദാനങ്ങളും ലംഘിച്ചായിരുന്നു സംസ്ഥാനത്തെ പൂട്ടിയ ബാറുകളെല്ലാം തുറക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനമെടുത്തത്. ബാറുകള്‍ തമ്മിലുള്ള ദൂരപരിധി ഇരുന്നൂറ് മീറ്ററില്‍ നിന്ന ്അമ്പതായി കുറച്ചുകൊടുക്കുകയും ചെയ്തു. അതും പോരാഞ്ഞാണ് ഇപ്പോള്‍ ഹോട്ടലുകളില്‍ മദ്യം നിര്‍മിച്ച് വില്‍പന നടത്താനുള്ള തീരുമാനം. കേരളത്തില്‍ മുന്നൂറോളം ബാറുകള്‍ അടച്ചുപൂട്ടിയപ്പോള്‍ മദ്യപാനികളുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവുണ്ടായതായി വ്യക്തമായിരുന്നു. വിനോദ സഞ്ചാരികളെ അവഹേളിക്കുന്ന രീതിയില്‍ മദ്യപിക്കാനാണ് അവര്‍ കേരളത്തില്‍ വരുന്നതെന്ന് സൂചിപ്പിച്ച് പൂട്ടിയ ബാറുകള്‍ തുറക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിച്ചത്. ദേശീയപാതയരികിലെ മദ്യശാലകള്‍ വാഹനാപകടങ്ങള്‍ കാരണം പൂട്ടിച്ച സുപ്രീം കോടതി വിധിയിലും വെള്ളം ചേര്‍ത്തി ദേശീയപാതകളുടെ പേരുമാറ്റിയാണ് അവ തുറന്നുപ്രവര്‍ത്തിക്കാന്‍ പിണറായിസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇങ്ങനെ തുറന്ന ബാറുകള്‍ക്ക് കോടതിയില്‍ നിന്ന് കടുത്ത ശകാരവും ഏല്‍ക്കേണ്ടിവന്നുവെന്ന് ഓര്‍ക്കണം.
ഏതൊരു പരിഷ്‌കൃത സമൂഹത്തിനും അടിയന്തിരമായി വേണ്ടത് ശരിയായ ജീവിതബോധത്തിലധിഷ്ഠിതമായ സമാധാനപരമായ സാമൂഹികഘടനയുമാണ്. മദ്യം ഇതിന് തടസ്സമാണെന്ന് നിരവധി പഠനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുള്ള രാജ്യങ്ങളിലെല്ലാം മദ്യം കൊടുത്ത് ജനങ്ങളെ മയക്കിക്കിടത്തിയാണ് സ്വേഛാധിപത്യരീതിയിലുള്ള ഭരണം ഇക്കൂട്ടര്‍ നടത്തിവന്നിരുന്നതെന്ന് ചരിത്ര രേഖകളില്‍ കാണാം. കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലുമൊക്കെ വോഡ്ക പോലുള്ള മദ്യം കൊടുത്ത് മയക്കിയാണ് ജനതയെ ഇവര്‍ അടക്കിഭരിച്ചത്. ചൈനയിലും മറ്റും അവസ്ഥ ഇതുതന്നെ. കാലം മാറിയിട്ടും കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പഴയ മദ്യ നയവുമായാണ് മുന്നോട്ടുപോകുന്നത് എന്നത് കുറഞ്ഞത് കേരളീയര്‍ക്കെങ്കിലും മാനക്കേടാണ്. അതിലുപരി അതൊരു വലിയ ദുരന്തത്തിലേക്കുള്ള കാല്‍വെയ്പും. കേരളത്തിന്റെ മഹനീയമായ മാനുഷിക പാരമ്പര്യവും വിദ്യാഭ്യാസ-ആരോഗ്യപുരോഗതിയും തിരിച്ചറിയാതെ അവയെയെല്ലാം ഒറ്റയടിക്ക് പിറകോട്ടുപിടിച്ചുവലിച്ചുകൊണ്ടുപോകുന്ന ഇടതുമുന്നണി സര്‍ക്കാരിന് കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ കഴിയുന്നില്ലെങ്കില്‍, കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പറഞ്ഞതുപോലെ ഈ സര്‍ക്കാരിന്റെ പതനം ഇതേ മദ്യത്തിലായിരിക്കും. ഈ ദുരന്തമെത്തും മുമ്പ് അതിന് അവസരം കൊടുക്കാതെ ഈ സര്‍ക്കാരിനെ അതിശക്തമായ മദ്യവിരുദ്ധപ്രക്ഷോഭത്തിലൂടെ മുട്ടുകുത്തിക്കാനാണ് കേരളീയസമൂഹം ഉണര്‍ന്നെണീക്കേണ്ടത്.

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

Trending