Connect with us

kerala

കട്ടന്‍ചായക്ക് വീര്യം കൂടുമ്പോള്‍

Published

on

കട്ടന്‍ ചായയും പരിപ്പ് വടയും പൊതുവേ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ തോണ്ടാനായി മറ്റു പാര്‍ട്ടികള്‍ ഉപയോഗിക്കുന്ന ഒരു വിഭവമാണ്. ശ്രീനിവാസന്റെ സന്ദേശം എന്ന സിനിമയില്‍നിന്നും ആണ് ഈ ബ്രാന്‍ഡ് കമ്മ്യൂണിസ്റ്റുകാരുടെ തലയില്‍ വന്ന് വീഴുന്നത്. പരിപ്പുവട എവിടെ ടോ ?’ ‘പരിപ്പുവട ഇന്ന് ഉണ്ടാക്കിയില്ല സര്‍’ ഏ പരിപ്പുവട ഉണ്ടാക്കിയില്ലേ ? ഡോ, പരിപ്പുവടയും ബീഡിയും ചായയുമാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ പ്രധാന ഭക്ഷണം എന്ന് തനിക്ക് അറിഞ്ഞുകൂടേ? എട്ക്ക എട്ക്ക, ഒ. എട്ക്ക, പോ പോയി പരിപ്പുവട ഉണ്ടാക്കി കൊണ്ടുവരിക’ സിനിമയില്‍ ഇടത് പാര്‍ട്ടിയുടെ താത്വികാചാര്യന്‍ കുമാരപിള്ളസാര്‍ (ശങ്കരാ ടി ) ഏതാണ്ട് സി.പി.എമ്മിന്റെ പാര്‍ട്ടി സെക്രട്ടറിമാരുടെ രീതിയില്‍ തിരഞ്ഞെടുപ്പ് തോല്‍വി അവലോകന കമ്മറ്റിയുടെ ഒടുവില്‍ ചുവപ്പ് കൊടികള്‍ നിറഞ്ഞ മുറിയിലേക്ക് ചായയും പഴവുമായി എത്തുന്ന ചായക്കടക്കാരനോട് പറയുന്ന സംഭാഷണമാണിത്. ഈ സീന്‍ പലവുരു പലരും കണ്ട് ചിരിച്ച് സി.പി.എമ്മുകാരായ പാര്‍ട്ടി സെക്രട്ടറിമാരുമായി താരതമ്യം ചെയ്യാറുണ്ട്.

സിനിമ ഇറങ്ങി 16 വര്‍ഷം കഴിഞ്ഞാണ് സിപിഎം നേതാവ് ഇ പി ജയരാജന്റെ ചായയും പരിപ്പുവടയും പരാമര്‍ശം ആദ്യം വിവാദമാകുന്നത്. ഒരു ക ട്ടന്‍ ചായയും കുടിച്ച് ഒരു പരിപ്പുവടയും തിന്ന് ദിനേശ് ബീഡിയും വലിച്ച് താടി നീട്ടി വളര്‍ത്തിയാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ആളുണ്ടാവില്ല’ എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ അദ്ദേഹം 2007ല്‍ പറഞ്ഞത് അന്ന് വന്‍ വിവാദം സ്യഷ്ടിച്ചിരുന്നു. പറയുന്നത് ഇപിയായതിനാല്‍ പലപ്പോഴും കോമഡിയാവാറും ഉണ്ട്. അതൊക്കെ പഴയ സീനെങ്കില്‍ ഇപ്പോള്‍ കാലം മാറി കഥ മാറി ഇപിയുടെ രീതിയും പാര്‍ട്ടിയില്‍ ഏതാണ്ട് ഒതുക്കപ്പെട്ടതോടെ തിരഞ്ഞെടുപ്പ്് കാലത്ത് വിവാദങ്ങളുണ്ടാക്കി പാര്‍ട്ടിയെ അത്യാവശ്യം പ്രപതിരോധത്തിലാക്കുക എന്ന പ്രതിപക്ഷത്തിന് സമാനമായ റോള്‍ ഇ.പി എടുക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് തന്റെ ആത്മകഥ മറ്റൊരു കട്ടന്‍ചായയുടെ രീതിയില്‍ പുറത്ത് വന്നത്. സംഗതി പുലിവാലായതോടെ എന്റെ ആത്മകഥ ഇങ്ങനല്ലെന്ന പതിവ് രീതി തന്നെ പയറ്റി. ചുവപ്പ് നരച്ച് കാവിയാവുക എന്നതാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നത്. ഇവിടേയും ഏതാണ്ട് അതുണ്ടാകുമെന്ന് ആത്മകഥകളൊക്കെ സൂചന നല്‍കിത്തുടങ്ങിയിട്ടുണ്ട്.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണമായിരുന്നു മുന്‍ എല്‍ഡിഎഫ് കണ്‍വിനറിനെതിരെ ഉയര്‍ന്നത്. മാസങ്ങള്‍ക്കിപ്പുറം വയനാട് ലോക്‌സഭാ മണ്ഡലവും ചേലക്കര നിയമസഭാ മണ്ഡലവും പോളിങ് ബൂത്തിലേക്ക് എത്തിയപ്പോള്‍ വീണ്ടും പാര്‍ട്ടിക്ക് തല വേദനയായി ഇ.പി എത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ദല്ലാള്‍ നന്ദകുമാറായിരുരുന്നു ഇ.പിയെ വെച്ച് ആദ്യ വെടിപൊട്ടിച്ചത്. തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ വെച്ച് ഇ.പി. ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം സിപിഎമ്മിന് സാരമായ പരിക്കുണ്ടാക്കി. ഒപ്പം ബിജെപിയിലേക്ക് വരാന്‍ ഇ.പി. ജയരാജന്‍ തന്നോട് ചര്‍ച്ച നടത്തിയെന്ന ബിജെപി വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലും കൂടിയാ യതോടെ പാര്‍ട്ടി കഴുത്തോളം വെള്ളത്തിലായി. ഇ.പി.യുടെ ആത്മകഥയുടെ ഭാഗമെന്ന പേരില്‍ പുറത്തുവന്ന ഭാഗങ്ങളില്‍ പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍, ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണം, പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥി പി. സരിനെതിരായ പരാമര്‍ങ്ങള്‍, തുടങ്ങി സിപിഎം പ്രതിക്കൂട്ടിലാകുന്ന നിരവധി കാര്യങ്ങളാണുള്ളത്. പുസ്തകത്തിന് ഇട്ട പേരാണ് അതിലും കേമം. കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്നും.

കള്ള് സംസ്ഥാന പാനിയമാക്കണമെന്നും അതിന് ഔഷധ ഗുണമുണ്ടെന്നുമൊക്കെ മുമ്പ് പ്രസംഗിച്ചയാളാണ് ഇ.പി. പക്ഷേ ഇത്തവണത്തെ കട്ടന്‍ചായക്ക് അതിനേക്കാളും വീര്യം കൂടിയപ്പോള്‍ പാര്‍ട്ടി ശരിക്കും കിറുങ്ങി എന്നതാണ് സത്യം. പണ്ട് കോണ്‍ഗ്രസിലായിരുന്നപ്പോള്‍ മുഖ്യമന്ത്രിയെ ഏറ്റവും വലിയ കൊള്ളക്കാരനും ഗബ്ബര്‍ സിങുമൊക്കെയാക്കിയിരുന്ന പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ സ്വന്തം പാര്‍ട്ടി അണികള്‍ തന്നെ സ്വീകരിക്കാന്‍ വൈമനസ്യം കാണിക്കു ന്നതിനിടെയാണ് കുനിന്‍മേല്‍ കുരു പോലെ സഖാവിന്റെ കട്ടന്‍ചായയും പരിപ്പ് വടയും മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടുന്നത്. സ്വതന്ത്രര്‍ വയ്യാവേലിയാണെന്ന് സരിന്റെ പേര് പറയാതെ തിരഞ്ഞെടുപ്പ് കാലത്ത് തീ കോരിയിട്ടതോടെ പാര്‍ട്ടിക്കാര്‍ ശരിക്കും പെട്ടു. ഇ.പിയായതിനാല്‍ ആദ്യം എല്ലാം പുറത്ത് വരും. പിന്നാലെ നിഷേധിക്കും. ഒടുവില്‍ ആദ്യം പറഞ്ഞത് ശരിയാകും എന്നതാണ് മുമ്പേയുള്ള രീതി. പാലക്കാട്ടെ നീല ട്രോളി ബാഗില്‍ നടുവടിച്ച് തെന്നി വീണ പാര്‍ട്ടിയെ ഒരു വിധം പിടിച്ചെഴുന്നേല്‍പിക്കുന്നതിനിടെയാണ് ഇ.പിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. പണ്ട് ദേശാഭിമാനിയുടെ ജനറല്‍ മാനേജറായിരിക്കെ 2007ല്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ട് കോടി നിക്ഷേപം സ്വീകരിച്ചതായിരുന്നുന്നു ഇപിക്കെതിരെ മുന്‍പുയര്‍ന്ന ആരോപണം. പിന്നീട് 2007 ല്‍ നായനാര്‍ ഫുട്ബോള്‍ സംഘാടക സമിതിയുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി ഫാരിസ് അബൂബക്കറില്‍ നിന്ന് 60 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണവും ഉയര്‍ന്നു. 2013ല്‍ പാലക്കാട് പാര്‍ട്ടി പ്ലീനം നടക്കുന്ന സമയത്ത് ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ വിവാദ വ്യവസായി രാധാകൃഷ്ണന്റെ അഭിവാദ്യങ്ങള്‍ അച്ചടിച്ചു വന്നിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ മന്ത്രി ആയിരിക്കെ ബന്ധു നിയമന വിവാദം പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഇയുടെ എംഡിയായി നിയമിച്ചത് ഇപിയെ പ്രതിരോധത്തിലാക്കി. ഗോവിന്ദന്‍ നയിച്ച കേരള യാത്രയില്‍ നിന്ന് ജയരാജന്‍ മാറി നിന്ന് ദല്ലാളിനെ കാണാന്‍ എത്തിയതും വാര്‍ത്തയായി. ഇ.പിയായതിനാല്‍ ഇനിയും ഇതുപോലെ പലതും പ്രതീക്ഷിക്കാം. ഒപ്പം നിഷേധക്കുറിപ്പുകളും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച മിനി ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

Published

on

എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച മിനി ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ എരുമേലി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുമേലി അട്ടിവളവില്‍ രാത്രി എട്ടരയോടെയായിരുന്നു അപകടം. മോട്ടര്‍ വാഹന വകുപ്പിന്റെ പട്രോളിങ് സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

 

Continue Reading

kerala

കോഴിക്കോട് യുവതിയുടെ മരണ കാരണം ചെള്ളുപനി

കൊമ്മേരി സ്വദേശിയായ 25കാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നവംബര്‍ 11നാണ് മരിച്ചത്.

Published

on

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ യുവതിയുടെ മരണകാരണം ചെള്ളുപനി ബാധയാണെന്ന് ആരോഗ്യവകുപ്പ്. കൊമ്മേരി സ്വദേശിയായ 25കാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നവംബര്‍ 11നാണ് മരിച്ചത്. പ്രദേശത്ത് വെക്ടര്‍ കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തി.

കൊമ്മേരിയില്‍ നേരത്തേ മറ്റൊരാള്‍ക്കും ചെള്ളുപനി ബാധിച്ചിരുന്നു.

 

ലക്ഷണങ്ങള്‍

വിറയലോടുകൂടിയ പനി, തലവേദന, കണ്ണുചുവക്കല്‍, കഴല വീക്കം, പേശി വേദന, വരണ്ട ചുമ എന്നിവയാണ് ചെള്ളുപനിയുടെ പ്രധാന ലക്ഷണങ്ങള്‍. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയയാണ് രോഗം പരടര്‍ത്തുന്നത്. എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളില്‍നിന്നാണ് പൊതുവെ ഈ രോഗം മനുഷ്യരിലേക്ക് പകരുക. ഇത്തരം ജീവികളുടെ ശരീരത്തിലുള്ള ചെള്ള് കടിച്ച് 10 മുതല്‍ 12 വരെ ദിവസം കഴിയുമ്പോഴാണ് മനുഷ്യരില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

ചെള്ള് കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ മടക്കുകള്‍, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണുക. രോഗം ഗുരുതരമായാല്‍ തലച്ചോറിനെയും കരളിനെയും ബാധിക്കും. അതിനാല്‍, രോഗലക്ഷണമുള്ളവര്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം.

തുടക്കത്തില്‍ ചികിത്സ ആരംഭിച്ചാല്‍ രോഗമുക്തി എളുപ്പമാണ്. വ്യക്തി ശുചിത്വവും പുരിസര ശുചിത്വവുമാണ് പ്രതിരോധത്തില്‍ പ്രധാനം. വീടിന് പരിസരത്ത് കുറ്റിച്ചെടികളില്‍ ചെള്ളുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. കുറ്റിച്ചെടികളിലും പ്രാണികള്‍ അധിവസിക്കാന്‍ സാധ്യതയുള്ള മറ്റു സ്ഥലങ്ങളിലും വസ്ത്രം ഉണക്കാന്‍ ഇടുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

 

Continue Reading

kerala

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

എസ് സുരേഷ് കുമാറിനെയാണ് പോക്സോ വകുപ്പ് പ്രകാരം മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍. മാന്നാര്‍ കുട്ടംപേരൂര്‍ എസ്എന്‍ സദനം വീട്ടില്‍ എസ് സുരേഷ് കുമാറിനെ (43) യാണ് പോക്സോ വകുപ്പ് പ്രകാരം മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. താല്‍ക്കാലിക കായിക അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു സുരേഷ് കുമാര്‍.

കായിക പരിശീലനത്തിനിടെ സ്‌കൂളില്‍ വെച്ച് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. കുട്ടി സംഭവം വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കി. കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഒരാഴ്ചയായി ഒളിവിലായ സുരേഷ് കുമാറിനെ മാന്നാര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എ അനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പിടികൂടി.

പ്രതി ഇത്തരത്തില്‍ മറ്റ് വിദ്യാര്‍ഥികളോടും മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.

 

 

Continue Reading

Trending