വയനാട് ഉരുള്‍പൊട്ടലിന് മാസങ്ങള്‍ പിന്നിടുമ്പോഴും ദുരന്തത്തില്‍ നിന്ന് ദുരന്തത്തിലേക്ക് എടുത്തെറിയെപ്പെടുകയാണ് ദുരിതബാധിതര്‍. പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യങ്ങളൊന്നും യഥാവിധി ലഭ്യമാകുന്നില്ലെന്നുമാത്രമല്ല അദാലത്തിന്റെയും മറ്റും പേരില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ഇവരെ ‘ക്ഷ’ വരപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. പ്രിയപ്പെട്ടവരുടെ ജീവനോടൊപ്പം തങ്ങളുടെ ജീവിത സാ ഹചര്യങ്ങള്‍ മുഴുവനും ഉരുളെടുത്തുപോയ മുണ്ടക്കൈയിലേയും ചൂരല്‍മലയിലേയും ജനങ്ങളുടെ അതിജീവനം സര്‍ക്കാറിനെയും സുമനസ്സുകളെയും ആശ്രയിച്ചുമാത്രമാണ് നിലകൊള്ളുന്നത്. ഈ ദൗത്യം ഏറ്റെടുത്ത സര്‍ക്കാറാകട്ടേ ഇതിനായി സമൂഹത്തോട് സഹകരണാഭ്യാര്‍ത്ഥന നടത്തുകയും വന്‍തോതിലുള്ള സഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തുകയുമുണ്ടായി. എന്നാല്‍ വാഗ്ദാനങ്ങളെല്ലാം വാക്കുകളിലൊതുങ്ങുകയും സര്‍ക്കാര്‍ പതിവു നിസംഗത തുടരുകയും ചെയ്യുന്നതിന്റെ ഫലമായി ദുരിതബാധിതരുടെ ജീവിതം നരക തുല്യമായിത്തന്നെ തുടരുകയാണ്. അതിന്റെ സാക്ഷ്യപത്രമാണ് ഇന്നലെ അവര്‍ നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍.
അദാലത്തുകളുടെ കുരുക്കിലാണ് ഇപ്പോള്‍ ദുരിത ബാധിതര്‍ അകപ്പെട്ടിരിക്കുന്നത്. ബാങ്കുകളില്‍നിന്ന് നിരന്തരമായി ലഭിക്കുന്ന കത്തുകള്‍ കാരണം വാടക വീടുകളിലും ബന്ധുവീടുകളിലും കഴിയുന്ന ഇവര്‍, ഉപജീവനത്തിനു തന്നെ പ്രയാസപ്പെടുമ്പോഴാണ് അദാലത്തുകള്‍ക്കായി എത്തേണ്ടിവരുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം മാസങ്ങളായി മുടങ്ങിക്കിടക്കുന്നതിനാല്‍ ഉപജീവനത്തിനായി താല്‍ക്കാലിക മാര്‍ഗങ്ങള്‍ കണ്ടെത്തിയവര്‍ക്ക് അദാലത്തിന്റെ പേരില്‍ അതുപോലും ഉപേക്ഷിക്കേണ്ടി വരികയാണ്. യാത്രക്കും ഭക്ഷണത്തിനുമെല്ലാമായി ഈ വകയില്‍ വേറെയും പണം ആവശ്യമായിവരുന്നതോടെ കഷ്ടപ്പാടിന്റെ അങ്ങേയറ്റത്താണ് ഇവര്‍ എത്തിനില്‍ക്കുന്നത്.
കിടപ്പുരോഗികളെയും അസുഖ ബാധിതരേയുമെല്ലാം വീട്ടില്‍ തനിച്ചാക്കിയാണ് പലരും ബാങ്കുകളിലെത്തു ന്നത്. എന്നാല്‍ ഒന്നിലധികം തവണ ഹാജരായിട്ടും കാര്യങ്ങളൊന്നും തീര്‍പ്പാകാത്ത അവസ്ഥയുമാണുള്ളത്. വായ്പകള്‍ എഴുതിത്തള്ളണമെന്ന ആവശ്യം ഉയര്‍ന്നുകൊ ണ്ടിരിക്കെ അവ പുനക്രമീകരിക്കാനുള്ള തിടുക്കത്തിലാണ് ബാങ്കുകളെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദുരന്തത്തി ന്റെ തൊട്ടടുത്ത നാളുകളില്‍ താല്‍കാലികാശ്വാസമായി സര്‍ക്കാര്‍ നല്‍കിയ തുകയില്‍ നിന്നുപോലും ഇ.എം.ഐ കൈപറ്റാന്‍ ബാങ്കുകള്‍ നടത്തിയ ശ്രമങ്ങള്‍ കടുത്ത വി മര്‍ശനത്തിനു വിധേയമാക്കപ്പെട്ടിരുന്നു. സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് ആ നീക്കത്തില്‍ നിന്നു കൈകഴു കിയെങ്കിലും ഇപ്പോഴത്തെ നീക്കങ്ങളും സമാനരീതിയില്‍ തന്നെയുള്ളതാണെന്നാണ് ദുരിത ബാധിതരുടെ പക്ഷം.
സംസ്ഥാന സര്‍ക്കാറിന്റെ നിരുത്തരവാദത്തവും നിസഹായതയുമാണ് ഈ അവസ്ഥാ വിശേഷങ്ങളുടെയെല്ലാം കാരണം. കേന്ദ്രം സഹായം നല്‍കാത്തതിന്റെ പേരില്‍ വിലപിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ തങ്ങള്‍ചെയ്തു തീര്‍ക്കേണ്ടതിന്റെ ഒരംശംപോലും പൂര്‍ത്തീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നി ധിയിലേക്ക് ഒഴുകിയ കോടികള്‍ക്കുപുറമെ പുനരധിവാ സത്തിനായി വലിയ സഹായങ്ങളുമായി പലരും തയാറായി നില്‍ക്കുകയുമാണ്. എന്നാല്‍ നാളിതുവരെയായിട്ടും അതിനുള്ള പ്രാഥമിക സാഹചര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ലാത്ത സര്‍ക്കാര്‍ ദുരിത ബാധിതരെയും അവര്‍ക്ക് സഹായ ഹസ്തവുമായെത്തിയവരെയും ഒരുപോലെ വ ഞ്ചിക്കുകയാണ്. സര്‍ക്കാറിന്റെ ഈ വഞ്ചനാ സമീപനം ആത്യന്തകമായി ഫലംചെയ്യുന്നതാകട്ടേ കേന്ദ്ര സര്‍ക്കാറിനാണ്. പ്രളയ കാലത്ത് ചെലവഴിച്ച സംഖ്യയുടെ കണക്കുപറഞ്ഞാണ് മോദിസര്‍ക്കാറിന്റെ സഹായ നിഷേധമെങ്കില്‍ ഇപ്പോഴത്തെ നിസംഗ സമീപനവും മറ്റൊരുകാരണമാക്കി അവര്‍ മാറ്റുമെന്ന കാര്യത്തില്‍ സംശയമില്ല. സ്വയം വിശ്വാസ്യത തകര്‍ത്തുകൊണ്ടിരിക്കുന്ന സര്‍ക്കാറിനു ലഭിച്ച തിരിച്ചടിയുടെ മറ്റൊരുദാഹരണമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ചിലുണ്ടായിട്ടുള്ള വന്‍ ഇടിവ്. അഞ്ചുദിവസത്തെ ശമ്പള പിടുത്തത്തിലൂടെ 500 കോടിയോളം രൂപ ലക്ഷ്യംവെച്ച സര്‍ക്കാറിന് ലഭിച്ചത് 53 കോടി രൂപയാണ്. പ്രതീക്ഷിച്ചതിന്റെ പത്തിലൊന്നുമാത്രം. പ്രളയകാലത്ത് 1246 കോടി രൂപ ലഭിച്ചിടത്താണ് ഇതെന്നത് ഇവിടെ ചേര്‍ത്തുവായിക്കണം. പിടിപ്പുകേടിന്റെ പര്യായമായി മാറിയ ഈ ഭരണകുടത്തിന്റെ നെറികേടുകൊണ്ട് രാജ്യം കണ്ടതില്‍ വച്ചേറ്റവും വലിയ ദുരന്തങ്ങളിലൊന്നിന് ഇരയായ ഒരു ജനത ദുരിതപര്‍വങ്ങള്‍ പേറുന്നത്. പ്ലീസ്, അവരെ ദ്രോഹിക്കാതിരിക്കുക…