Connect with us

kerala

ഗവര്‍ണര്‍ മുഖ്യമന്ത്രി പോര് രാഷ്ട്രീയ നാടകം

Published

on

ഒരിടവേളക്കുശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പരസ്യമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. അടിക്കു തിരിച്ചടി, തിരിച്ചടിക്കു മറിച്ചടി എന്ന കണക്കെ കൊണ്ടുംകൊടുത്തും ഇരുവരും മുന്നേറുമ്പോള്‍ ഇതുകേവലം രണ്ടുവ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്നും മറിച്ച് ഫെഡറല്‍ സംവിധാനത്തിനെതിരായുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണെന്നൊക്കെയുള്ള താത്വിക അവലോകനവുമായി സി.പി.എമ്മും രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കുകയും എന്നാല്‍ ഇതിന് മറുപടി ലഭിക്കാതിരുന്നതോടെ സംസ്ഥാന പൊലീസ് മേധാവിയെയും ചീഫ്‌സെക്രട്ടറിയേയും അദ്ദേഹം രാജ്ഭവനിലേക്ക് വിളിപ്പിക്കുകയുമായിരുന്നു. ഇരുവരും രാജ്ഭവനിലെത്തുന്നതിന് പകരം മുഖ്യമന്ത്രിക്ക് നേരത്തെ നല്‍കിയ കത്തിന് സര്‍ക്കാര്‍ മറുപടി നല്‍കി. ഈ കത്തില്‍ തൃപ്തനാകാതിരുന്ന ഗവര്‍ണര്‍ ഇന്നലെ കത്ത് മാധ്യമങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയും ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടെന്നും അറിയിച്ചിരിക്കുകയാണ്. എന്നാല്‍ താന്‍ ഗവര്‍ണര്‍ക്കയച്ച കത്ത് പുറത്തുവിട്ടതിനെതിരെ മുഖ്യമന്ത്രിയും തിരിച്ചടിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ഉരുളക്കുപ്പേരികണക്കെ നടത്തിക്കൊണ്ടിരിക്കുന്ന വാക്ശരങ്ങള്‍ക്ക് ഇരുവരും തമ്മിലുള്ള പോര്‍വിളി അതീവഗൗരവതരമാണെന്ന പ്രതീതി ജനിപ്പിച്ചിട്ടുണ്ടെന്നത് ഒരുയാഥാര്‍ത്ഥ്യമാണ്. പരസ്പരം അയച്ച കത്തുകളില്‍ അധികാര പരിധികളെക്കുറിച്ചുള്ള അവകാശവാദങ്ങളും വെല്ലുവിളികളുമെല്ലാം നിറഞ്ഞുനില്‍ക്കുകയാണ്. തന്റെ അധികാരം എന്താണെന്ന് കാണിച്ചു തരാമെന്നു ഗവര്‍ണര്‍ പറയുമ്പോള്‍ അങ്ങനെ പ്രത്യേകിച്ചൊരു അധികാരവും ഗവര്‍ണര്‍ക്കില്ലെന്നാണ് മുഖ്യമന്ത്രി തിരിച്ചടിക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും ഇതു സംസ്ഥാനത്തെ പ്രതിരോധത്തിലാക്കാന്‍ കേന്ദ്രം ഗവര്‍ണറെ ഉപയോഗിക്കുകയാണെന്നും കാലാവധി കഴിഞ്ഞ ആരിഫ്ഖാന്‍ വെറും കെയര്‍ ടേക്കര്‍ മാത്രമാണെന്നുമാണ് സര്‍ക്കാറിന് പിന്തുണയുമായെത്തിയ സി.പി.എമ്മിന്റെ അവകാശ വാദം. ഈ വീരവാദങ്ങളും അവകാശവാദങ്ങളും കേരളത്തിലെ ജനങ്ങളെ വഞ്ചിക്കാനുള്ള ട്രപ്പീസുകളിയായി മാത്രമേ ഒന്നും രണ്ടും പിണറായി സര്‍ക്കാറുകളുടെ കാലത്തെ സംഭവവികാസങ്ങളെ വിലയിരുത്തുന്ന ആര്‍ക്കും കാണാന്‍ സാധിക്കു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുനടന്ന സ്വര്‍ണക്കള്ളക്കടത്തുള്‍പ്പെടെയുള്ള രാജ്യദ്രോഹക്കുറ്റങ്ങളുടെ പേരില്‍ വന്‍ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കാണ് ഒന്നാം പിണറായി സര്‍ക്കാറിന്റെ അവസാന കാലങ്ങളില്‍ കേരളം സാക്ഷ്യംവഹിച്ചത്. ഗവര്‍ണര്‍ മാത്രമല്ല, കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയുമെല്ലാം ഇതിനേക്കാള്‍ വലിയ വായില്‍ പിണറായി വിജയനെ അഴിയെണ്ണിക്കുമെന്ന് കട്ടായം പറയുകയും അരഡസനോളം അന്വേഷണ ഏജന്‍സികള്‍ സെക്രട്ടറിയേറ്റിനുമുകളിലൂടെ വട്ടമിട്ടുപറക്കുകയും ചെയ്തിട്ടും ആലില അനങ്ങുകയുണ്ടായില്ല. എന്നു മാത്രമല്ല കോണ്‍ഗ്രസിതരമുക്തഭാരതവും കേരളവും ലക്ഷ്യംവെച്ച് പരസ്പര ഡീലിങ്ങിലൂടെ പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രി പദത്തില്‍ അവരോധിതനാവുകയുമാണ് ചെയ്തിരിക്കുന്നത്.

ലാവലിന്‍ കേസുപോലെ വിരലിലൊതുങ്ങാത്ത ആരോപണ ശരങ്ങള്‍ പിണറായി വിജയനെ തുറിച്ചുനോക്കുന്നുണ്ടെങ്കിലും ഒന്നില്‍പോലും തീര്‍പ്പ് കല്‍പ്പിക്കപ്പെടാതിരിക്കുകയുമാണ്. സി.പി.എമ്മും ആര്‍.എസ്.എസും തമ്മിലുള്ള പരസ്പര ബാന്ധവത്തെക്കുറിച്ച് പഴയ മനസാക്ഷി സൂക്ഷിപ്പുകാര്‍ തന്നെ നാടാകെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയുമാണ്. സ്വര്‍ണക്കടത്ത്, വര്‍ഗീയ ധ്രുവീകരണ പരാമര്‍ശം, ആര്‍.എസ്.എസ് ബാന്ധവം എന്നിവയുടെ പേരില്‍ ഒരു പി.ആര്‍ ഏജന്‍സിക്കും മിനുക്കിയെടുക്കാന്‍ കഴിയാത്തവിധം കേരള മുഖ്യമന്ത്രിയുടെ മുഖം വികൃതമായിക്കൊണ്ടിരിക്കുമ്പോള്‍ ഈ ഏറ്റുമുട്ടല്‍ നാടകം സ്വാഭാവികമായും സംശയത്തിന്റെ നിഴലിലാണ്. വരാനിരിക്കുന്ന ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മും ബി.ജെ.പിയും ധാരണയിലെത്തിക്കഴി ഞ്ഞുവെന്നുള്ള മുന്‍ സഹയാത്രികന്‍ പി.വി അന്‍വറിന്റെ വെളിപ്പെടുത്തലും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്. ഏതായാലും എല്ലാകാലവും എല്ലാവരെയും മണ്ടന്മാരാക്കാമെന്ന മൂഢധാരണയില്‍ നിന്ന് കേരള ഗവര്‍ണറും മുഖ്യമന്ത്രിയും ഇനിയെങ്കിലും പിന്മാറണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 240 രൂപ കുറഞ്ഞു

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 64,160 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 8020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ഈ മാസത്തെ റെക്കോര്‍ഡ് വിലയായ 64,520 രൂപയും കടന്ന് വില റെക്കോര്‍ഡ് ഭേദിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടയിരുന്നെങ്കിലും വില താഴേക്ക് ഇടിയുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി 60000 കടന്ന് മുന്നേറിയത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.

 

 

Continue Reading

kerala

കൊല്ലത്ത് ദേവാലയ വളപ്പില്‍ പെട്ടിയില്‍ അസ്ഥികൂടം; പൊലീസ് അന്വേഷണം ആരംഭിച്ചു

Published

on

കൊല്ലത്ത് ദേവാലയ വളപ്പില്‍ പെട്ടിയില്‍ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്‌ഐ ദേവാലയത്തോട് ചേര്‍ന്നുള്ള സെമിത്തേരിയില്‍ അസ്ഥികൂടം കണ്ടെത്തിയത്.

സംഭവസ്ഥലത്ത് പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങള്‍ പുറത്ത് വരൂ.

 

 

Continue Reading

kerala

30 ദിനങ്ങളും കടന്ന് സമരം; ആശാ പ്രവര്‍ത്തകരോട് മുഖം തിരിച്ച് സര്‍ക്കാര്‍

ഈ മാസം 17നു ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും.

Published

on

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന രാപ്പകല്‍ സമരം 30 ദിനങ്ങളും കടക്കുന്നു. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്തില്‍ സെക്രട്ടേറിയറ്റ് നടയിലാണ് സമരം തുടരുന്നത്. ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ മുഖം തിരിക്കുന്ന സാഹചര്യത്തില്‍ സമരം കടുപ്പിക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.

ഈ മാസം 17നു ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും. വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് ഉപരോധം. ന്യായമായ ആവശ്യങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് ഉപരോധിക്കാന്‍ തീരുമാനിച്ചതെന്നു സമര സമിതി നേതാവ് എസ് മിനി വ്യക്തമാക്കി.

ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. ചര്‍ച്ച നടത്തുകയോ പരിഹരിക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്തതിനാലാണ് സമരക്കാര്‍ നിയമലംഘനത്തിനു തയാറാകുന്നതെന്ന് അസോസിയേഷന്‍ നേതാവ് എസ്. മിനി പറഞ്ഞു.

സമരം ചെയ്യുന്നവരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന നടപടികളാണ് ഓരോ ദിവസവും ഉണ്ടാകുന്നതെന്നും നിയമം അനുസരിച്ചു സമാധാനപരമായി ഇത്രയും ദിവസം സമരം നടത്തിയിട്ടും സര്‍ക്കാര്‍ മുഖം തിരിച്ചതിനാലാണ് നിയമലംഘന സമരത്തിലേക്ക് കടക്കുന്നതെന്നു പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുടെ നേതൃത്തില്‍ 13നു ആറ്റുകാല്‍ പൊങ്കാലയിടും.

 

Continue Reading

Trending