Connect with us

kerala

ഖത്തറില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു

അടുത്ത മുറിയിലുണ്ടായ തീപിടിത്തത്തില്‍ ഉയര്‍ന്ന പുക ശ്വസിച്ച് ഷഫീഖ് അബോധാവസ്ഥയിലായിരുന്നു.

Published

on

ഖത്തറില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശി ഷഫീഖ് (36) ആണ് മരിച്ചത്. അടുത്ത മുറിയിലുണ്ടായ തീപിടിത്തത്തില്‍ ഉയര്‍ന്ന പുക ശ്വസിച്ച് ഷഫീഖ് അബോധാവസ്ഥയിലായിരുന്നു. ഇതിനെ തുടര്‍ന്ന് ഷഫീഖിനെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ മരിക്കുകയായിരുന്നു. മരിച്ച ഷഫീഖ് കാക്കുകുഴിയില്‍ ചെത്തില്‍ ഉമ്മറിന്റെയും ഖദീജയുടെയും മകനാണ്.

ഈ മാസം 19നാണ് റയ്യാനില്‍ ഷഫീഖ് താമസസ്ഥലത്തുള്ള തൊട്ടടുത്ത മുറിയില്‍ ഷോര്‍ട്‌സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായത്. ഷഫീഖ് ഡ്യൂട്ടി കഴിഞ്ഞ് ഉച്ചയ്ക്ക് മൂന്നു മണിയോടെ റൂമിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു അപകടം. തീപിടിത്തത്തെ തുടര്‍ന്ന് മുറിയിലേക്കെത്തിയ പുക ശ്വസിച്ച് ഷഫീഖ് അബോധാവസ്ഥയില്‍ ആവുകയായിരുന്നു.

സിവില്‍ ഡിഫന്‍സ് വിഭാഗം എത്തി വാതില്‍ തുറന്നാണ് അകത്തു പ്രവേശിച്ചത്. ബോധരഹിതനായ ഷഫീഖിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു ദിവസത്തോളം വെന്റിലേറ്റര്‍ സഹായത്തോടെ ഷഫീഖ് ആശുപത്രിയിലായിരുന്നു. ശേഷമാണ് മരണം സംഭവിച്ചത്.

ഒന്‍പതു വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്യുന്ന ഷെഫീഖ് ഒരു വര്‍ഷം മുന്‍പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഒക്ടോബര്‍ അഞ്ചിന് വീണ്ടും നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്ത് കാത്തിരിക്കുന്നതിനിടക്കാണ് അപകടം.

ഖത്തര്‍ കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് സംസ്‌കര സമിതി നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: ബുസൈറ. രണ്ടു മക്കളുണ്ട്.

 

kerala

വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം കുടിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ അവശനിലയില്‍

റോഡരികില്‍ അവശനിലയില്‍ കിടക്കുകയായിരുന്നു കുട്ടികളെ മറ്റു വിദ്യാര്‍ത്ഥികള്‍ വെള്ളംതളിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Published

on

വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം കുടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ അവശനിലയിലായി. പാലക്കാട് മാത്തൂരിന് സമീപം വെള്ളിയാഴ്ച ഒരു മണിയോടെയാണ് സംഭവം. റോഡരികില്‍ അവശനിലയില്‍ കിടക്കുകയായിരുന്ന കുട്ടികളെ മറ്റു വിദ്യാര്‍ത്ഥികള്‍ വെള്ളംതളിച്ച് ഉണര്‍ത്തുന്നത്് കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ മംഗലം ഡാം പൊലീസ് ഉടന്‍ തന്നെ മൂന്ന് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില അപകടകരമല്ലെന്ന് പൊലീസ് അറിയിച്ചു. എല്ലാവരും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം വീട്ടുകാരറിയാതെ ഏഴ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കുടിക്കുകയായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മംഗലം ഡാം പൊലീസും ആലത്തൂര്‍ എക്സൈസ് അധികൃതരും കുട്ടികളുടെ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി ബോധവത്കരണവും താക്കീതും നല്‍കി വിട്ടയച്ചു.

 

Continue Reading

kerala

ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; നവവധുവിന് ദാരുണാന്ത്യം

ഭര്‍ത്താവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

Published

on

ആറ്റിങ്ങല്‍ മാമത്ത് ദേശീയപാതയില്‍ കണ്ടെയ്നര്‍ ലോറി ദേഹത്തിലൂടെ കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം. ഭര്‍ത്താവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം.

കൊട്ടാരക്കര മീയന്നൂര്‍ മേലുട്ട് വീട്ടില്‍ കൃപ മുകുന്ദന്‍ (29) ആണ് മരിച്ചത്. തിരുവനന്തപുരത്തുനിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ദമ്പതികളുടെ ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ കൃപയെ ഉടന്‍ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊട്ടാരക്കര ബാര്‍ അസോസിയേഷനിലെ അഭിഭാഷകയാണ് കൃപ.

 

 

Continue Reading

kerala

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനേയും തിരിച്ചെടുത്ത നടപടി ഗവര്‍ണര്‍ മരവിപ്പിച്ചു

ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്പെന്‍ഷന്‍ നടപടി നേരിട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനുള്ള നടപടി മരവിപ്പിച്ചു. സര്‍വകലാശാല മുന്‍ ഡീന്‍ എം കെ നാരായണന്‍, മുന്‍ അസിസ്റ്റന്റ് വാര്‍ഡന്‍ കാന്തനാഥന്‍ എന്നിവരെ തിരിച്ചെടുക്കാനുള്ള നടപടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചത്.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമായതോടെയായിരുന്നു ഡീനിനെയും മുന്‍ അസിസ്റ്റന്റ് വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്തത്. ഇരുവരുടേയും സസ്പെന്‍ഷന്‍ കാലാവധി ആറ് മാസം പൂര്‍ത്തിയായിരുന്നു. ഇതിനിടെ ഇരുവരേയും സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍വകലാശാലാ മാനേജ്മെന്റ് കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ഇരുവരേയും തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയേഷന്‍ സയന്‍സസ് ആന്‍ഡ് മാനേജ്മെന്റില്‍ നിയമനം നല്‍കാനായിരുന്നു തീരുമാനം. ഇതിനെതിരെ സിദ്ധാര്‍ത്ഥന്റെ കുടുംബം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനേയും തിരിച്ചെടുക്കാനുള്ള നടപടി ഗവര്‍ണര്‍ മരവിപ്പിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപാഠിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സിദ്ധാര്‍ത്ഥനെ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയമാക്കിയെന്നാണ് ആരോപണം. ഇതില്‍ മനംനൊന്ത് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തതായിരുന്നെന്നും പരാതി ഉയര്‍ന്നു. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു.

Continue Reading

Trending