മലപ്പുറം: സിനിമ മേഖലയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്നും തൊഴില്‍ മേഖല എന്ന നിലക്ക് സ്ത്രീകള്‍ കടുത്ത ചൂഷണത്തിന് ഇരയാകുന്നുവെന്നത് ഗൗരവമുള്ളതാണെന്നും ആരോപണം നേരിടുന്നവരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം.
ഓരോ ദിവസവും പുതിയ പരാതികളാണ് പുറത്തുവരുന്നത്. മിന്നി തിളങ്ങുന്ന നക്ഷത്രങ്ങള്‍ എന്ന് കരുതിയവരുടെ പലരുടെയും യഥാര്‍ത്ഥ മുഖങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാട് വിചിത്രമാണ്. നടി പരസ്യമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വലിയ വിമര്‍ശനങ്ങളെ തുടര്‍ച്ചാണ് സര്‍ക്കാര്‍ സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി കമ്മിറ്റിയെ വെച്ചത്. ഖജനാവില്‍ നിന്നും ഒരു കോടിയിലധികം രൂപ ചിലവഴിച്ച കമ്മിറ്റി സത്യസന്ധമായി തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചു. നാലരകൊല്ലമാണ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചത്.
റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ തന്നെ ഇക്കാര്യത്തില്‍ നടപടിയുണ്ടായിരുന്നെങ്കില്‍ പിന്നീട് ഉണ്ടായ സംഭവങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു. ഇരകള്‍ക്ക് നീതി ലഭിക്കാന്‍ നാലഞ്ച് വര്‍ഷം കാത്തിരിക്കേണ്ടിവരുമായിരുന്നില്ല. ഓരോ ദിവസം കഴിയും തോറും സിനിമ മേഖല ദുഷിച്ചുപോവുകയാണ്. ആരോപണ വിധേയരായ പലരും ഇന്ന് സര്‍ക്കാറിന്റെ പ്രതിനിധികളായി നിമയസഭകളില്‍ ഇരിക്കുന്നുവെന്നത് തന്നെയാണ് സര്‍ക്കാറിന്റെ ഈ ഒളിച്ചുകളിക്ക് പിന്നില്‍. ഇത്രയും കാലം റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ച് കുറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാറില്‍ നിന്നും ഉണ്ടായത്. ഇവരെകുറിച്ചെല്ലാം വ്യക്തമായ ധാരണ ഉണ്ടെന്നിരിക്കെ തന്നെയാണ് ഇവരെ മത്സരിപ്പിക്കുന്നത്.
സര്‍ക്കാര്‍ സമിതികളുടെ തലപ്പത്ത് ഇരിത്തുന്നത്. റിപ്പോര്‍ട്ട് കസേരക്ക് അടിയില്‍ വെച്ചുകൊണ്ടാണ് ഇവരെയൊക്കെ സര്‍ക്കാര്‍ താലോലിച്ചത്. വിവാരാവാകശ കമ്മീഷന്‍ ശക്തമായി എടപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത് പുറത്ത് വിടാന്‍ തന്നെ തയ്യാറായത്. അതിലും കൃത്രിമം നടന്നു. പ്രധാനപ്പെട്ട പത്തോളം പേജുകള്‍ കീറി കളഞ്ഞു. ആരൊക്കയോ സംരക്ഷിക്കാനുള്ള വെഗ്രത സര്‍ക്കാര്‍ കാണിച്ചു എന്നത് വ്യക്തമാണ്. ഇക്കാര്യത്തില്‍ യഥാര്‍ത്ഥ പ്രതി സര്‍ക്കാറും സാംസ്‌കാരിക വകുപ്പ് മന്ത്രിയായ സജി ചെറിനായുമാണ്.
സര്‍ക്കാറിന്റെ നയരൂപീകരണ സമിതിയില്‍ പ്രധാനികളാണ് ഏറ്റവും കൂടുതല്‍ ആരോപണം നേരിട്ട വ്യക്തികള്‍ എന്നതാണ് ഏറെ രസകരം. ഉണ്ണികൃഷ്ണനും മുകേഷിനെയുമെല്ലാം വെച്ച് ഉണ്ടാക്കുന്ന സിനിമ നയരൂപീകരണം എന്താവുമെന്ന് നമ്മുക്ക് മനസ്സിലാക്കാവുന്നതാണ്. ഇവരുടെ നയമാണ് സിനിമ മേഖലയില്‍ പ്രാവര്‍ത്തികമാക്കുകയെങ്കില്‍ സിനിമ മേഖലയെ വേറെ എന്തെങ്കിലും പേരിട്ട് വിളിക്കേണ്ടിവരും.
ഇനിയെങ്കിലും സര്‍ക്കാര്‍ തെറ്റുകാരുടെ കൂടെ നില്‍ക്കാതെ ഇരയാക്കപ്പെട്ടവരോടൊപ്പം നിന്ന് നീതി ഉറപ്പാക്കണം. പരാതിക്കാരായാവരെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താനും അന്വേഷണം നേരിടാനും മുഖ്യമന്ത്രി ഇടപെടണം. ആശയങ്ങള്‍ ദുര്‍ബലമാവുമ്പോഴാണ് ആക്രമണത്തിലേക്ക് കടക്കുക. സുരേഷ് ഗോപിക്ക് മറുപടിയില്ലാത്തത് കൊണ്ടാണ് മാധ്യമപ്രവര്‍ത്തകരെ നേരിട്ടതെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.