Connect with us

kerala

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ കയ്യുറ വെച്ച് തുന്നിക്കെട്ടിയെന്ന് പരാതി; ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് സൂപ്രണ്ട്

ഇതുസംബന്ധിച്ച് ഡോക്ടര്‍ തന്നോട് പറഞ്ഞിരുന്നില്ലെന്ന് ശസ്ത്രക്രിയക്ക് വിധേയനായ ഷിനു പറഞ്ഞു.

Published

on

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഗുരുതരമായ ശസ്ത്രക്രിയ പിഴവെന്ന് ആരോപണം. ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തില്‍ തുന്നിചേര്‍ത്തതായിട്ടാണ് പരാതി. എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും മുറിവിലെ പഴുപ്പ് പുറത്തേക്ക് പോകാനായി ചെയ്തതാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.  ഇതുസംബന്ധിച്ച് ഡോക്ടര്‍ തന്നോട് പറഞ്ഞിരുന്നില്ലെന്ന് ശസ്ത്രക്രിയക്ക് വിധേയനായ ഷിനു പറഞ്ഞു.

മുതുകിലെ ശസ്ത്രക്രിയക്കിടെയാണ് നെടുമങ്ങാട് സ്വദേശി ഷിനുവിന്റെ ശരീരത്തില്‍ കയ്യുറ തുന്നിചേര്‍ത്തതായി കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഷിനു ജനറല്‍ ആശുപത്രിയില്‍ മുതുകിലെ പഴുപ്പിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. വീട്ടിലെത്തി രണ്ടുദിവസം കഴിഞ്ഞിട്ടും വേദന മാറാതിരുന്നതിനെ തുടര്‍ന്ന് ഭാര്യ മുറിവിന്റെ കെട്ടഴിച്ചു നോക്കിയപ്പോഴാണ് ഗ്ലൗസിന്റെ ഭാഗം തുന്നി ചേര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

ഇതേത്തുടര്‍ന്നാണ് ഇവര്‍ ശസ്ത്രക്രിയാ പിഴവ് ആരോപിച്ച് രംഗത്തെത്തിയത്. എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും മുറിവിലെ പഴുപ്പ് പുറത്തേക്ക് പോകാനായി ചെയ്തതാണെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേസമയം ഗ്ലൗ ഡ്രെയ്ന്‍ സിസ്റ്റത്തിന്റെ കാര്യം തന്നോട് ഡോക്ടര്‍ പറഞ്ഞിട്ടില്ലെന്ന് ഷിനു വ്യക്തമാക്കി.

ഓപ്പറേഷന്‍ തിയേറ്ററില്‍ ഇടുന്ന വസ്ത്രം വാങ്ങണം എന്നു മാത്രമാണ് ആശുപത്രി അധികൃതര്‍ പറഞ്ഞിട്ടുള്ളതെന്നും മറ്റൊന്നും തങ്ങളെ അറിയിച്ചിട്ടില്ലെന്നും ഷിനുവിന്റെ ഭാര്യയും പറഞ്ഞു. അതേസമയം കയ്യുറയുടെ ഭാഗം വെച്ചത് സാധാരണ കാര്യമാണെന്നും വീട്ടുകാരെ ഇക്കാര്യം അറിയിച്ചിരുന്നു എന്നുമുള്ള നിലപാടില്‍ ആശുപത്രി സൂപ്രണ്ട് ഉറച്ചുനില്‍ക്കുകയാണ്. ചികിത്സാ വീഴ്ചയ്‌ക്കെതിരെ ഷിനുവും കുടുംബവും പോലീസിലും ആരോഗ്യവകുപ്പിലും പരാതി നല്‍കിയിട്ടുണ്ട്.

kerala

പത്തനംതിട്ട പീഡനം; രണ്ടുപേർ കൂടി അറസ്റ്റിൽ

ഇനി 12 പേർ പിടിയിലാകാനുണ്ട്

Published

on

നാടിനെ നടുക്കിയ പത്തനംതിട്ട പീഡന കേസിൽ രണ്ടുപേർകൂടി ഇന്ന് അറസ്റ്റിലായി.അതിജീവിതയുടെ നാട്ടുകാരനും സഹപഠിയായ മറ്റൊരാളുമാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായത് 46 പേരാണ്. ഇനി 12 പേർ പിടിയിലാകാനുണ്ട്. അതിൽ ഒരാൾ വിദേശത്താണുള്ളത്. പ്രതിക്കായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. പ്രതികൾക്ക് സഹായം നൽകിയവരും പീഡനത്തിന് കൂട്ടുനിന്നു സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർമാരും പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രായപൂർത്തിയാകാത്തവരും പ്രതി പട്ടികയിലുണ്ട്.

അതേസമയം, പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് ഓരോ ദിവസവും പുറത്തുവരുന്നത്. 2024 ജനുവരി മാസത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വച്ച് പെൺകുട്ടി നാലു പേരാൽ കൂട്ട ബലാത്സംഗത്തിന് ഇരയായി എന്നാണ് എഫ്ഐആർ ,പ്രതികളിൽ ഒരാളുടെ ബന്ധു ഇവിടെ ചികിത്സ തേടിയിരുന്നു. ഇവരെ കാണാൻ എന്ന വ്യാജേനെ എത്തിച്ച് ആശുപത്രി ശുചിമുറിയിൽ വച്ചായിരുന്നു പീഡിപ്പിച്ചത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഇന്നലെ ചിലരെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരുന്നുവെങ്കിലും, തെളിവില്ലാത്തതിനാൽ വിട്ടയക്കുകയായിരുന്നു. ഡിജിറ്റൽ തെളിവുകൾ കൂടി ശേഖരിച്ചു മാത്രം മതി അറസ്റ്റ് എന്നാണ് അന്വേഷണസംഘത്തിന് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

അതീവ പ്രാധാന്യം കണക്കിലെടുത്താണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. ദേശീയ വനിതാ കമ്മിഷനും കഴിഞ്ഞദിവസം പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഡിഐജി അജിതാ ബീഗത്തിനാണ് മേൽനോട്ടച്ചുമതല.

പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചതായും ഇതിൽ പെൺകുട്ടിയുടെ നഗ്ന ദൃശ്യം ഉപയോഗിച്ച് കൂടുതൽ പേർ പെൺകുട്ടിയെ സമ്മർദത്തിലാക്കി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കണ്ടെത്തൽ.

Continue Reading

GULF

അബ്ദു റഹീമിന്റെ മോചനം നീളുന്നു; കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി

ഇന്ന്​ രാവിലെ​ എട്ടിന്​ റിയാദ്​ ​ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു

Published

on

റിയാദ്​: 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്​ദുൽ റഹീമിന്റെ മോചനം ഇനിയും നീളും. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്‍റെ മോചനകാര്യത്തിൽ ഇന്നും തീരുമാനമായില്ല. ആറാം തവണയും റിയാദ്​ കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഇന്ന്​ രാവിലെ​ എട്ടിന്​ റിയാദ്​ ​ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു.

ഓൺലൈനായി കേസ് പരിഗണിച്ചപ്പോൾ അബ്ദുറഹീമും അഭിഭാഷകനും ഹാജരായി. ഇതിന് മുമ്പ് പല തവണ കോടതി കേസ് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു. 2006 അവസാനമാണ് സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അബ്ദുറഹീം സൌദിയിലെ ജയിലിൽ ആകുന്നത്.

പ്രോസിക്യൂഷന്‍റെ വാദം കേൾക്കലും പ്രതിഭാഗത്തി​ന്‍റെ മറുപടി പറച്ചിലുമായി ഒരു മണിക്കൂറിലേറെ സിറ്റിംഗ് നീണ്ടപ്പോൾ നടപടികൾ ഒരു തീർപ്പിലെത്തും എന്നായിരുന്നു പ്രതീക്ഷകൾ. എന്നാല്‍, കേസ് വീണ്ടും മാറ്റിവയ്ക്കുന്നു എന്ന അറിയിപ്പാണ് കോടതി നൽകിയത്. കേസ് ഇനി പരിഗണിക്കുന്ന തീയതി ഉടൻ അറിയാനാകും. റഹീമിന്‍റെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ആറാമത്തെ കോടതി സിറ്റിംഗാണ് ഇന്ന്​​ നടന്നത്​.

Continue Reading

kerala

ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍

കുഞ്ഞിന് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു

Published

on

ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇന്ന് രാവിലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ച കുഞ്ഞിന് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു.

നവംബര്‍ എട്ടിനാണ് നിരവധി വൈകല്യങ്ങളോടെ ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് സുറുമി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. കാലിനും കൈക്കും വളവുണ്ട്. ഗര്‍ഭകാലത്തെ സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ വൈകല്യം തിരിച്ചറിയാതിരുന്നത് ഡോക്ടര്‍മാര്‍ക്ക് നേരെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പരാതിയില്‍ നേരത്തെ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. ഇതിന് പിന്നാലെ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Continue Reading

Trending