Connect with us

kerala

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ കയ്യുറ വെച്ച് തുന്നിക്കെട്ടിയെന്ന് പരാതി; ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് സൂപ്രണ്ട്

ഇതുസംബന്ധിച്ച് ഡോക്ടര്‍ തന്നോട് പറഞ്ഞിരുന്നില്ലെന്ന് ശസ്ത്രക്രിയക്ക് വിധേയനായ ഷിനു പറഞ്ഞു.

Published

on

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഗുരുതരമായ ശസ്ത്രക്രിയ പിഴവെന്ന് ആരോപണം. ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തില്‍ തുന്നിചേര്‍ത്തതായിട്ടാണ് പരാതി. എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും മുറിവിലെ പഴുപ്പ് പുറത്തേക്ക് പോകാനായി ചെയ്തതാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.  ഇതുസംബന്ധിച്ച് ഡോക്ടര്‍ തന്നോട് പറഞ്ഞിരുന്നില്ലെന്ന് ശസ്ത്രക്രിയക്ക് വിധേയനായ ഷിനു പറഞ്ഞു.

മുതുകിലെ ശസ്ത്രക്രിയക്കിടെയാണ് നെടുമങ്ങാട് സ്വദേശി ഷിനുവിന്റെ ശരീരത്തില്‍ കയ്യുറ തുന്നിചേര്‍ത്തതായി കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഷിനു ജനറല്‍ ആശുപത്രിയില്‍ മുതുകിലെ പഴുപ്പിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. വീട്ടിലെത്തി രണ്ടുദിവസം കഴിഞ്ഞിട്ടും വേദന മാറാതിരുന്നതിനെ തുടര്‍ന്ന് ഭാര്യ മുറിവിന്റെ കെട്ടഴിച്ചു നോക്കിയപ്പോഴാണ് ഗ്ലൗസിന്റെ ഭാഗം തുന്നി ചേര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

ഇതേത്തുടര്‍ന്നാണ് ഇവര്‍ ശസ്ത്രക്രിയാ പിഴവ് ആരോപിച്ച് രംഗത്തെത്തിയത്. എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും മുറിവിലെ പഴുപ്പ് പുറത്തേക്ക് പോകാനായി ചെയ്തതാണെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേസമയം ഗ്ലൗ ഡ്രെയ്ന്‍ സിസ്റ്റത്തിന്റെ കാര്യം തന്നോട് ഡോക്ടര്‍ പറഞ്ഞിട്ടില്ലെന്ന് ഷിനു വ്യക്തമാക്കി.

ഓപ്പറേഷന്‍ തിയേറ്ററില്‍ ഇടുന്ന വസ്ത്രം വാങ്ങണം എന്നു മാത്രമാണ് ആശുപത്രി അധികൃതര്‍ പറഞ്ഞിട്ടുള്ളതെന്നും മറ്റൊന്നും തങ്ങളെ അറിയിച്ചിട്ടില്ലെന്നും ഷിനുവിന്റെ ഭാര്യയും പറഞ്ഞു. അതേസമയം കയ്യുറയുടെ ഭാഗം വെച്ചത് സാധാരണ കാര്യമാണെന്നും വീട്ടുകാരെ ഇക്കാര്യം അറിയിച്ചിരുന്നു എന്നുമുള്ള നിലപാടില്‍ ആശുപത്രി സൂപ്രണ്ട് ഉറച്ചുനില്‍ക്കുകയാണ്. ചികിത്സാ വീഴ്ചയ്‌ക്കെതിരെ ഷിനുവും കുടുംബവും പോലീസിലും ആരോഗ്യവകുപ്പിലും പരാതി നല്‍കിയിട്ടുണ്ട്.

kerala

കരിയില കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പിടിച്ച് യുവതിക്ക് ദാരുണാന്ത്യം

ഇട്ടിവ തുടയന്നൂര്‍ മണലുവട്ടം ദര്‍ഭക്കുഴിവിള വീട്ടില്‍ ബാബുരാജിന്റെ ഭാര്യ പ്രമിത (31) ആണ് മരിച്ചത്

Published

on

കൊല്ലം: കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇട്ടിവ തുടയന്നൂര്‍ മണലുവട്ടം ദര്‍ഭക്കുഴിവിള വീട്ടില്‍ ബാബുരാജിന്റെ ഭാര്യ പ്രമിത (31) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തെ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പ്രമിത ധരിച്ചിരുന്ന നൈറ്റിയില്‍ തീ പടര്‍ന്നുപിടിക്കുകയും ദേഹംമുഴുവന്‍ പൊള്ളലേല്‍ക്കുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തീ കെടുത്തി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭര്‍ത്താവ് ബാബുരാജ് ഒമാനിലാണ് ജോലി ചെയ്യുന്നത്. മക്കള്‍: ശ്രീക്കുട്ടി, ശ്രീനന്ദ.

Continue Reading

kerala

പെരിയ ഇരട്ടക്കൊലകേസ്; പ്രതികള്‍ക്ക് കോടതി ചെലവിനായി പണപ്പിരിവ് നടത്തി സിപിഎം

പാര്‍ട്ടി അംഗങ്ങള്‍ 500 രൂപ വീതം നല്‍കണമെന്നും ജോലിയുള്ളവര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കണമെന്നുമാണ് സിപിഎം നിര്‍ദേശം

Published

on

പെരിയ ഇരട്ടക്കൊലകേസില്‍ നിയമപോരാട്ടത്തിനായി വീണ്ടും പണപ്പിരിവ് നടത്തി സിപിഎം. സ്‌പെഷ്യല്‍ ഫണ്ട് എന്ന പേരിലാണ് പണപ്പിരിവ്. പ്രതികള്‍ക്ക് കോടതി ചെലവിനായി പാര്‍ട്ടി അംഗങ്ങള്‍ 500 രൂപ വീതം നല്‍കണമെന്നും ജോലിയുള്ളവര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കണമെന്നുമാണ് സിപിഎം നിര്‍ദേശം. ഇത് രണ്ടാം തവണയാണ് പെരിയ കേസില്‍ സിപിഎം പണപ്പിരിവ് നടത്തുന്നത്.

ഈമാസം ഇരുപതിനകം പണം പിരിച്ചുനല്‍കാനാണ് ഏരിയാ കമ്മിറ്റികള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ളത്. പാര്‍ട്ടി അംഗങ്ങളില്‍ നിന്നു മാത്രമാണ് പിരിവ് നടത്തുന്നത്. 28,970 അംഗങ്ങളാണ് ജില്ലയില്‍ സിപിഎമ്മിനുള്ളത്. ഓരോ ബ്രാഞ്ചിനും ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. രണ്ട് കോടി രൂപ ഈ രീതിയില്‍ സമാഹരിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ ഉദുമ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, പ്രാദേശിക സിപിഐഎം നേതാക്കളായ കെ മണികണ്ഠന്‍, വെലുത്തോളി രാഘവന്‍, കെവി ഭാസ്‌കരന്‍ എന്നിങ്ങനെ കേസിലെ നാല് പ്രതികള്‍ ജയില്‍മോചിതരായിരുന്നു. കേസില്‍ ശിക്ഷാവിധിയില്‍ സ്റ്റേ കിട്ടിയതിന് പിന്നാലെയാണ് ജയില്‍മോചനം.

Continue Reading

kerala

നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ അവഹേളനം; ജീവനൊടുക്കിയ നവവധു ഷഹാന മുംതാസിന്റെ മൃതദേഹം കബറടക്കി

നിറം കുറവാണെന്ന് പറഞ്ഞു ഭര്‍ത്താവും കുടുംബവും പെണ്‍കുട്ടിയെ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചതാണ് ആത്മഹത്യക്ക് കാരണം എന്ന് കുടുംബം ആരോപിച്ചിരുന്നു

Published

on

മലപ്പുറം: കൊണ്ടോട്ടിയില്‍ നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്ന് നിരന്തരമായ അവഹേളനത്തെ തുടര്‍ന്ന്് മനം നൊന്ത് ജീവനൊടുക്കിയ നവവധു ഷഹാന മുംതാസിന്റെ മൃതദേഹം കബറടക്കി. ഭര്‍ത്താവ് അബ്ദുല്‍ വാഹിദിനും കുടുംബത്തിനും എതിരെ ഷഹാനയുടെ ബന്ധുക്കള്‍ ഇന്ന് പൊലീസില്‍ പരാതി നല്‍കും.

നിറം കുറവാണെന്ന് പറഞ്ഞു ഭര്‍ത്താവും കുടുംബവും പെണ്‍കുട്ടിയെ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചതാണ് ആത്മഹത്യക്ക് കാരണം എന്ന് കുടുംബം ആരോപിച്ചിരുന്നു. ഏഴ് മാസം മുമ്പാണ് ഷഹാനയും മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദും തമ്മില്‍ വിവാഹം കഴിഞ്ഞത്. ഇന്നലെ രാവിലെയാണ് കൊണ്ടോട്ടിയിലെ വീട്ടില്‍ ഷഹാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊണ്ടോട്ടി ഗവ.കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ഷഹാന. വിവാഹത്തിന് പിന്നാലെ ഭര്‍ത്താവ് നിറത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ നിരന്തരം അപമാനിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു.ഭര്‍തൃമാതാവും അവഹേളിച്ചു. ഇതില്‍ മനം നൊന്താണ് ഷഹാന ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് വിദേശത്താണ്.

Continue Reading

Trending