Connect with us

News

ലവ് യു പാരീസ്; റിയലി,റിയലി ബ്യൂട്ടിഫുൾ മാച്ച്..

വനിതാ ഡബിൾസിൽ സ്പാനിഷ് ജോഡി അനായാസം വിജയിച്ചത് നിറഞ്ഞ ഗ്യാലറിയെ സാക്ഷി നിർത്തിയായിരുന്നില്ല.

Published

on

ടെന്നിസ് മൽസരങ്ങൾ അകലെ നിന്ന് ടെലിവിഷനിൽ കണ്ട് വിവരണം നടത്തുമ്പോൾ ഗ്രൗണ്ട് സീറോ റിയാലിറ്റി വരികളിൽ പ്രകടമാവില്ല. വിംബിൾഡണും ഫ്രഞ്ച് ഓപ്പണും ഓസ്ട്രേലിയൻ ഓപ്പണും വലിയ തലക്കെട്ടിൽ നൽകുന്നത് ടെലിവിഷനിൽ കളി പറയുന്നവരുടെ ആമ്പിയൻസ് നോക്കിയാണെങ്കിൽ മറ്റൊരു ഒളിംപിക് ടെന്നിസ് ഫൈനൽ ഗ്രൗണ്ട് സീറോ റിയാലിറ്റി ഇന്നലെ വീണ്ടും അറിഞ്ഞു. 2012 ലെ ലണ്ടൻ ഒളിംപിക്സ് വേളയിലായിരുന്നു വിംബിൾഡൺ എന്ന ലണ്ടൻ പ്രാന്തം സന്ദർശിച്ചതും മൽസരങ്ങൾ റിപ്പോർട്ട് ചെയ്തതും.

റോജർ ഫെഡ്ററും ആന്ദ്രെ മുറെയും തമ്മിലുള്ള ഫൈനൽ ഇപ്പോഴും മനോമുകുരത്തിലുണ്ട്. മീഡിയാ ഡെസ്ക്ക് നിറഞ്ഞ് കവിഞ്ഞപ്പോൾ ഒരു വോളണ്ടിയർ നൽകിയ കസേരയിലിരുന്നായിരുന്നു ഫെഡ്റർ എന്ന ഇഷ്ടതാരത്തെ ആസ്വദിച്ചത്. അന്ന് പക്ഷേ ലണ്ടൻകാരെല്ലാം സ്ക്കോട്ട്ലൻഡുകാരനായ ആന്ദ്രെ മുറെക്കൊപ്പമായിരുന്നു. അദ്ദേഹമാണ് വിജയിച്ചതും. ഇന്നലെയും അതേ അനുഭവം. ചരിത്ര പ്രസിദ്ധമായ റോളണ്ട് ഗാരോസിൽ വനിതാ ഡബിൾസ് വെങ്കല നിർണയ മൽസരത്തിന് ശേഷമായിരുന്നു പുരുഷവിഭാഗം ക്ലാസിക് ഫൈനൽ. വനിതാ ഡബിൾസിൽ സ്പാനിഷ് ജോഡി അനായാസം വിജയിച്ചത് നിറഞ്ഞ ഗ്യാലറിയെ സാക്ഷി നിർത്തിയായിരുന്നില്ല.

എന്നാൽ ഈ മൽസരം രണ്ടാം സെറ്റ് ആവുമ്പോഴേക്കും ഇരിപ്പിടങ്ങൾ നിറയാൻ തുടങ്ങി. 15,000 സീറ്റാണ് സ്റ്റേഡിയത്തിലുള്ളത്. ഇതിൽ മാധ്യമ പ്രവർത്തകർക്കായി ഉദ്ദേശം മുന്നുറോളം സീറ്റുകൾ. യുറോപ്പിലെ വൻകിട ടെന്നിസ് റിപ്പോർട്ടർമാർ നിരനിരയായി വരുന്നു. കളിയുടെ വിദഗ്ദ്ധ വിശകലനത്തിന് പഴയ കളിക്കാർ. നേരത്തെ തന്നെ ഫൈനലിനുള്ള ടിക്കറ്റ് ബുക്ക് ചെയ്തതിനാൽ ടേബിളോട് കൂടിയ ഇരിപ്പിടം തന്നെ കിട്ടി. ഇനിയാണ് ഗ്രൗണ്ട് സീറോ ആമ്പിയൻസ്. നോവാക് ദ്യോക്വോവിച്ചും കാർലോസ് അൽകറാനും തമ്മിലുള്ള മൈതാന ശത്രുത അറിയാത്തവരില്ല. ഇരുവരും ഇതിനകം ആറ് തവണ മുഖാമുഖം വന്നിരുന്നു. വിജയം 3-3ലും. 2022 ലെ മാഡ്രിഡ് ഓപ്പണിൽ തുടങ്ങിയ വൈര്യം. അന്ന് അൽകറാസിന് പ്രായം 19. പയ്യൻസ് ജയിച്ചുകയറി. ഏറ്റവുമൊടുവിൽ മാസങ്ങൾക്ക് മുമ്പ് വിംബിൾഡൺ ഫൈനലായിരുന്നു.

ഏഴ് തവണ വിംബിൾഡണിൽ ഒന്നാമനായ സെർബുകാരനെ അന്ന് അൽകറാസ് നേരിട്ടുള്ള സെറ്റുകളിൽ തകർത്തിരുന്നു. ഗ്രാൻഡ്സ്ലാം നേട്ടങ്ങളിൽ റെക്കോർഡ് സ്വന്തമാക്കാനെത്തിയ 37-കാരനെ ആ തോൽവി കാര്യമായി അലട്ടിയിരുന്നു. പാരീസിലെത്തിയ വേളയിൽ കറാസിൻറെ നാട്ടുകാരനായ റഫേൽ നദാലിനെ തകർത്ത് തുടങ്ങിയ ദ്യോകോ കരിയറിൽ ഒരു ഒളിംപിക് സ്വർണം ലക്ഷ്യമിട്ടിരുന്നു. മൽസരത്തിന് മുമ്പ് അദ്ദേഹത്തെ സ്വാഗതം ചെയ്തപ്പോൾ അപാരമായിരുന്നു ആവേശം. ഫ്രഞ്ച് കാണികൾ ആ സീനിയറിനൊപ്പമാണെന്ന് തോന്നി. പക്ഷേ 21-കാരനെ സ്വാഗതം ചെയ്തപ്പോൾ അതിലും മികച്ച വരവേൽപ്പ്.

ടൈബ്രേക്കറിലേക്ക് ദീർഘിച്ച ആദ്യസെറ്റ് ദ്യോക്കോ സ്വന്തമാക്കിയ കാഴ്ചയിൽ കൈയടിച്ചവരിൽ കറാസിൻറെ നാട്ടുകാരായ സ്പാനിഷുകാരുമുണ്ടായിരുന്നു. ടെന്നിസിൽ മാത്രം കാണാനാവുന്ന അപാരമായ സ്പോർട്ടിംഗ് സ്പിരിറ്റ്. ആദ്യസെറ്റിന് ശേഷം കറാസ് പുറത്ത് പോയില്ല-കഴുത്തിൽ ഐസ് ട്ടുബുമിട്ട് അദ്ദേഹം അവിടെ തന്നെയിരുന്നപ്പോൾ ദ്യോകോ വിശ്രമിക്കാൻ ഡ്രസിംഗ് റൂമിലേക്ക് പോയി. താരങ്ങൾക്ക് കുട പിടിക്കാനും സഹായത്തിനുമായി വോളണ്ടിയർമാർ.

സമ്പന്നമായിരുന്നു കാണികൾ.കൊച്ചുകുട്ടികൾ മുതൽ 100 വയസെല്ലാം പിന്നിട്ടവർ. പാരീസിൽ ഉച്ച സമയത്ത് കത്തുന്ന വെയിലിലായിരുന്നു മൽസരം. ചെറിയ വിശറിയുമായി വന്ന് വ്യദ്ധർ പോലും പോരാട്ടം ആസ്വദിക്കുകയാണ്. മികച്ച സർവുകൾക്കും റിട്ടേണുകൾക്കും നല്ല പിന്തുണ. ഗെയിം ഇടവേളയിൽ ഞങ്ങൾക്ക് അരികിൽ നിലയുറപ്പിച്ച ബാൻഡ് മേളക്കാരുടെ കൊച്ചു സംഗീതം. രണ്ടാം സെറ്റിലെ അഞ്ചാം ഗെയിമിൽ ദ്യേക്യോ പായിച്ച ഡ്രോപ്പ് ഷോട്ടിന് അതേ നാണയത്തിൽ കറാസ് മറുപടി നൽകിയപ്പോൾ ഉയർന്ന കരാഘോഷം ഒരു മിനുട്ടോളമുണ്ടായിരുന്നു. രണ്ടാം സെറ്റും ആവേശം വാനോളമുയർത്തി ടൈബ്രേക്കറിലെത്തി.

ഇടക്കിടെ ലോക ഒന്നും രണ്ടും താരങ്ങൾ തമ്മിൽ പിണക്കങ്ങൾ. അതേറ്റ് പിടിച്ച് കാണികൾ. ഒടുവിൽ ടൈബ്രേക്കറും മൽസരവും നേടി ദ്യോക്യോ.. മധുര പ്രതികാരം. ആദ്യ ഒളിംപിക് സ്വർണം. കരിയറിൽ നേരിട്ട് റിപ്പോർട്ട് ചെയ്യാനായ ഏറ്റവും നല്ല മൽസരങ്ങളിലൊന്ന്..സ്വർണ നേട്ടം കുടുംബത്തിനൊപ്പം ആഘോഷിക്കാൻ ഞങ്ങൾക്ക് മുന്നിലൂടെ കോണിപടികൾ ഓടിക്കയറിയ ദ്യോകോ.. തല താഴ്ത്തിയിരുന്ന് കണ്ണീർ വാർത്ത അൽ കറാസ്..

india

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് എം.പി ഹാരിസ് ബീരാന്‍

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.

Published

on

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും സതേണ്‍ റയില്‍വെ തിരുവനതപുരം ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി അഡ്വ. ഹാരിസ് ബീരാന്‍ എം.പി. നഞ്ചന്‍കോട്ടെ 300 ഏക്കര്‍ ഭൂമി എല്ലാ കാലത്തും ചര്‍ച്ചയില്‍ വരിക എന്നല്ലാതെ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്ന അനാസ്ഥ പരിഹരിക്കണമെന്നും കേരളത്തില്‍ റയില്‍വെ വികസനം ഉറപ്പ് വരുത്തണമെന്നും ഹാരിസ് ബീരാന്‍ എം.പി ആവശ്യപ്പെട്ടു.

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. നെടുമ്പാശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍, പുതിയ ട്രെയിനുകളും കോച്ചുകളും, തലശ്ശേരി മൈസൂര്‍ പാത, ചെങ്ങന്നൂര്‍ പമ്പ (ശബരിമല) പാത തുടങ്ങിയ പുതിയ റയില്‍വെ പാതകളും, തിരൂര്‍ അടക്കം മലബാറിലെ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിക്കാത്ത റെയില്‍വേ ബോര്‍ഡിനെതിരെയുള്ള ജന രോഷവും എം.പി ബോധ്യപ്പെടുത്തി.

എം.പി ചെയര്‍മാന് നിവേദനം സമര്‍പ്പിച്ചു. പ്രശ്‌ന പരിഹാരത്തിന് സതേണ്‍ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷണല്‍ റയില്‍വെ മാനേജറുമായി കൂടിയാലോചിച്ച് ഉചിത നടപടി സ്വീകരിക്കും എന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി.

പിന്നീട് തിരുവനന്തപുരത്തെത്തിയ ഹാരിസ് ബീരാന്‍, തിരുവനന്തപുരം ഡി.ആര്‍.എം ഡോ. മനീഷ് തപ്ലയാനുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് കൂടെനില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Continue Reading

kerala

കരുനാഗപ്പള്ളിയില്‍ ബസ് സ്‍കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു

ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. 

Published

on

കൊല്ലം മാരാരിത്തോട്ടത്ത് ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന യുവതിയാണ് മരണപ്പെട്ടത്. സുനീറ ബീവിയാണ് മരിച്ചത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

ഇന്ന് വൈകിട്ട് 6.15നാണ് അപകടം നടന്നത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ പോകവേ എതിരെ വന്ന സ്വകര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് ബൈക്കിൽ ഇടിച്ച് സുനീറ ബീവി ബസിന് അടിയിൽപ്പെടുകയും തുടർന്ന് വാഹനം യുവതിയുടെ ദേഹത്തുകൂടെ കയറി ഇറങ്ങുകയുമായിരുന്നു.

യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കുകളോടെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ് അമിത വേഗതയിലായിരുന്നുവെന്ന പരാതിയെ തുടർന്ന് ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

crime

പൊലീസുകാരിയെ തീക്കൊളുത്തി വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ

ആക്രമണം ആസൂത്രിതമെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. 

Published

on

പയ്യന്നൂർ കരിവള്ളൂരിൽ പൊലീസുകാരിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ ഭർത്താവ് രാജേഷ് പിടിയില്‍. സംഭവ ശേഷം ഒളിവില്‍ പോയ രാജേഷിനെ പുതിയ തെരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ആക്രമണം ആസൂത്രിതമെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

കരിവള്ളൂർ പലിയേരി ദിവ്യശ്രീയാണ് (35) മരിച്ചത്. കാസർക്കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ദിവ്യശ്രീ. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ദിവ്യശ്രീയുടെ അച്ഛൻ വാസുവിനും വെട്ടേറ്റു. കഴുത്തിനും വയറിനും വെട്ടേറ്റ വാസുവിനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ബിഎംഎച്ച് ആശുപത്രിയിലെത്തിച്ചു.

ഇന്ന് വൈകീട്ട് ആറ് മണിയോടെ വീട്ടിലെത്തിയാണ് രാജേഷ് ആക്രമണം നടത്തിയത്. കൊല നടത്താനായി പെട്രോളും കൊടുവാളുമായി രാജേഷ് വീട്ടിലെത്തുകയായിരുന്നു. പെട്രോൾ ദിവ്യശ്രീയുടെ ദേഹത്ത് ഒഴിക്കാൻ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. പിന്നാലെ കഴുത്തിനു വെട്ടുകയായിരുന്നു. ഇതു തടയാൻ ശ്രമിച്ചപ്പോൾ കൈകൾക്കും വെട്ടേറ്റു. ഇതു തടയാൻ വന്ന പിതാവ് വാസുവിന് കഴുത്തിനും വയറിനുമാണ് വെട്ടേറ്റത്. ഇദ്ദേഹത്തിൻ്റെ നിലയും ഗുരുതരമാണ്.

ശബരിമല ഡ്യൂട്ടി കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ദിവ്യശ്രീ വീട്ടില്‍ മടങ്ങിയെത്തിയത്. കൊല നടന്ന ദിവസം കണ്ണൂര്‍ കുടുംബ കോടതിയില്‍ കേസ് പരിഗണിച്ചിരുന്നു. നേരത്തെയും രാജേഷ് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് പൊലീസ് കേസുണ്ട്.

കുടുംബ കോടതിയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ വൈകീട്ടാണ് രാജേഷിന്റെ അക്രമം. ബഹളം കേട്ട് നാട്ടുകാരെത്തിയപ്പോള്‍ രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രണയ വിവാഹിതരായ ദിവ്യശ്രീയും രാജേഷും കുറച്ചു കാലമായി അകന്നാണ് കഴിയുന്നതെന്നാണ് വിവരം. ഇതിൻ്റെ വൈരാഗ്യത്തിലാണ് പ്രതിയായ രാജേഷ് ആസൂത്രിത കൊലപാതകം നടത്തിയത്. ഇരുവരും തമ്മിൽ സ്ഥിരം വഴക്കായതിനെ തുടർന്നാണ് യുവതി സ്വന്തം വീട്ടിലേക്ക് മാറിയത്.

റിട്ട. മിലിറ്ററി ഇന്റലിജന്‍സ് സര്‍വിസ് ഉദ്യോഗസ്ഥനാണ് പിതാവ് കെ വാസു. രാജേഷ് നേരത്തെ ടാക്സി ഡ്രൈവറായിരുന്നു. പരേതയായ റിട്ട. ജില്ലാ നഴ്‌സിങ് ഓഫിസര്‍ പാറുവാണ് ദിവ്യശ്രീയുടെ മാതാവ്. സഹോദരി: പ്രബിത (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- ചെറുപുഴ). മകന്‍: ആശിഷ് (ഏഴാം ക്ലാസ് വിദ്യാര്‍ഥി).

പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പ്രതിയായ ഭർത്താവ് രാജേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

Continue Reading

Trending