Connect with us

kerala

സി.പി.എമ്മിന്റെ കാഫിര്‍ പ്രയോഗം ഫലിച്ചില്ല; കടത്തനാടന്‍ മണ്ണില്‍ ഷാഫി തന്നെ

വടകരയില്‍ നേരിയ ഭൂരിപക്ഷത്തിലെങ്കിലും കെ കെ ശൈലജ വിജയിക്കുമെന്നായിരുന്നു ഇടതുകേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചത്. ആ പ്രതീക്ഷയ്ക്കാണ് തിരിച്ചടിയേറ്റത്.

Published

on

സി.പി.എം അക്ഷരാര്‍ത്ഥത്തില്‍ പതിനെട്ടടവും പ്രയോഗിച്ച കടത്തനാടിന്റെ കളരിത്തട്ടില്‍ ഒടുവില്‍ വിജയം ഷാഫി പറമ്പിലിനൊപ്പം. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫിയുടെ ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയാണ് രണ്ടാം സ്ഥാനത്ത്. എന്‍ഡിഎ സ്ഥാനാര്‍ഥി സി ആര്‍ പ്രഫുല്‍കൃഷ്ണന്‍ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണ വടകരയില്‍ സിപിഎമ്മിലെ പി ജയരാജനെതിരെ 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അവസാന നിമിഷം സ്ഥാനാര്‍ത്ഥിയായി എത്തിയ കെ മുരളീധരന്‍ വിജയിച്ചത്.

കഴിഞ്ഞ തവണത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജന്റെ പരാജയം സിപിഎം കേന്ദ്രങ്ങളെയും ഞെട്ടിച്ചിരുന്നു. പി ജയരാജന് ടി പി വധം, അരിയില്‍ ഷുക്കൂര്‍ വധക്കേസുകളില്‍ പങ്കുണ്ടെന്ന യുഡിഎഫ് പ്രചാരണം ഇടതുപക്ഷത്തിന് തിരിച്ചടിയായിരുന്നു. എന്നാല്‍, ഇക്കുറി ശൈലജയെ രംഗത്തിറക്കി വടകര തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലായിരുന്നു പാര്‍ട്ടിക്ക്. സിപിഐഎമ്മിന്റെ ആ നീക്കവും പാളിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷവും സൈബര്‍ ഇടത്തിലെ വാദപ്രതിവാദങ്ങളില്‍ വടകര തിരഞ്ഞെടുപ്പ് ഗോഥയില്‍ സജീവ ചര്‍ച്ചയായിരന്നു. വടകരയില്‍ നേരിയ ഭൂരിപക്ഷത്തിലെങ്കിലും കെ കെ ശൈലജ വിജയിക്കുമെന്നായിരുന്നു ഇടതുകേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചത്. ആ പ്രതീക്ഷയ്ക്കാണ് തിരിച്ചടിയേറ്റത്.

2019ല്‍ പി ജയരാജനെ നേരിടാന്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും കെ മുരളീധരന്‍ എത്തിയപ്പോള്‍ ഉണ്ടായതിനെക്കാള്‍ കൂടുതല്‍ ആവേശത്തിരയിളക്കം യുഡിഎഫ് കേന്ദ്രങ്ങളില്‍ വിശേഷിച്ച് ലീഗ് കേന്ദ്രങ്ങളില്‍ ഉണ്ടാക്കാന്‍ ഷാഫിക്ക് സാധിച്ചിരുന്നു. പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നടത്തിയ ചടുലമായ രാഷ്ട്രീയ നീക്കത്തില്‍ സിറ്റിങ്ങ് എംപിയായ കെ മുരളീധരന്‍ തൃശ്ശൂരിലേക്ക് മാറിയപ്പോഴാണ് ഷാഫിക്ക് വടകരയില്‍ നറുക്ക് വീണത്. അക്രമ രാഷ്ട്രീയവും ടി പി രക്തസാക്ഷിത്വവും ഇക്കുറിയും പതിവുപോലെ യുഡിഎഫ് വടകരയുടെ തിരഞ്ഞെടുപ്പ് ഗോഥയില്‍ ചര്‍ച്ചയായിരുന്നു.

ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെ കെ ശൈലജ നേടിയ ജനപ്രീതി മണ്ഡലത്തില്‍ തുണയ്ക്കുമെന്നതും സിപിഐഎം പരിഗണിച്ചിരുന്നു. കെ കെ ശൈലജയുടെ ജനപ്രീതി തന്നെയായിരുന്നു സിപിഎം പ്രചാരണത്തിന്റെ പ്രധാന കുന്തമുന. എന്നാല്‍ സഭയിലും പുറത്തും യുവത്വത്തിന്റെ ശബ്ദമാണ് ഷാഫി പറമ്പില്‍. സമരങ്ങളില്‍ സമരസപ്പെടാത്ത, യുവജനങ്ങളുടെ പ്രിയനേതാവുമായിരുന്നു. ഈ പ്രതിച്ഛായ കൃത്യമായി ഉപയോഗിച്ചായിരുന്നു യുഡിഎഫിന്റെ പ്രചാരണ നീക്കം. ഇതു വിജയം കണ്ടു എന്നതാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

2004ലാണ് ഏറ്റവും ഒടുവില്‍ ഇടതുമുന്നണി വടകരയില്‍ വിജയം കുറിച്ചത്. 2009ല്‍ യുഡിഎഫിന്റെ മുല്ലപ്പള്ളി രാമചന്ദ്രന്‍ 56,186 വോട്ടുകളുടെ ഭൂരിപക്ഷവുമായി ജയിച്ചു. 80.40 ശതമാനമായിരുന്നു 2009ലെ പോളിങ്ങ്. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ 81.37 ശതമാനം വോട്ടുകള്‍ പിറന്നപ്പോള്‍ 3,306 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു യുഡിഎഫിന്റെ മുല്ലപ്പള്ളി രാമചന്ദ്രന് നേടാനായത്. അന്ന് എ എന്‍ ഷംസീറായിരുന്നു ഇടത് സ്ഥാനാര്‍ഥി.

82.67 ശതമാനം പോളിങ് രേഖപ്പെടുത്തിയ 2019ല്‍ യുഡിഎഫിന്റെ കെ മുരളീധരന്‍ 84,663 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വടകരയില്‍ വിജയിച്ച് കയറിയത്. നിലവില്‍ പാലക്കാട് എംഎല്‍എയായ ഷാഫി പറമ്പില്‍ കോണ്‍ഗ്രസിന്റെ ശക്തനായ യുവജന നേതാക്കളിലൊരാളാണ്. 2011 മുതല്‍ പാലക്കാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കെഎസ്യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശം. 2020മുതല്‍ 2023 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി. 2011, 2016 വര്‍ഷങ്ങളില്‍ രണ്ട് തവണയായി പാലക്കാട് നിയമസഭാംഗമായി.

2007ല്‍ കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും 2009ല്‍ സംസ്ഥാന പ്രസിഡന്റുമായി ചുമതലയേറ്റിരുന്നു. 2017-2018 കാലയളവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ഓങ്ങല്ലൂര്‍ വില്ലേജില്‍ ഷാനവാസ്, മൈമൂന ദമ്പതികളുടെ മകനായി 1983 ഫെബ്രുവരി 12നാണ് ജനനം. പട്ടാമ്പി ഗവ. കോളേജില്‍ നിന്ന് ബിരുദ പഠനവും പിന്നീട് എംബിഎ പഠനവും പൂര്‍ത്തിയാക്കി. അഷീല അലിയാണ് ഭാര്യ.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പി ആർ ഏജൻസിയില്ലെന്ന് പറഞ്ഞാൽ ഉണ്ടായ ക്ഷീണം മാറുമോ; സി.പി.എം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രിക്കു നേരെ ചോദ്യങ്ങൾ

സംസ്ഥാന സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ന്നത്.

Published

on

അഭിമുഖ വിവാദത്തില്‍ സി.പി.എം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രിക്ക് നേരെ ചോദ്യങ്ങള്‍. അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം ഉണ്ടാക്കിയ ക്ഷീണത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്നും ദ ഹിന്ദുവിന്റെ വിശദീകരണം കൂടുതല്‍ പരിക്ക് ഉണ്ടാക്കിയില്ലേയെന്നും സംസ്ഥാന സമിതിയില്‍ ചോദ്യമുയര്‍ന്നു. പി ആര്‍ ഏജന്‍സിയില്ലെന്ന് പറഞ്ഞാല്‍ ഉണ്ടായ ക്ഷീണം മാറുമോയെന്നും അംഗങ്ങള്‍ ചോദിച്ചു.സംസ്ഥാന സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ന്നത്. സംസ്ഥാന സമിതിയില്‍ പി ആര്‍ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.

പി ആര്‍ ഇല്ലെന്ന് ഒറ്റ വാചകത്തില്‍ പറഞ്ഞുകൊണ്ടായിരുന്നു നിഷേധം. ദിനപത്രത്തിന് അഭിമുഖം നല്‍കാന്‍ പിആര്‍ ഏജന്‍സിയെ ബന്ധപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടികെ ദേവകുമാറിന്റെ മകന്‍ സുബ്രഹ്മണ്യം ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരന്തരം ആവശ്യപ്പെട്ടത് പ്രകാരമാണ് അഭിമുഖം അനുവദിച്ചത്. പിആറിന് വേണ്ടി ആരെയും നിയോഗിക്കുകയോ ആര്‍ക്കും പണം നല്‍കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവിലെ രാഷ്ട്രീയ ആരോപണങ്ങളെക്കുറിച്ച് വിശദീകരിച്ച മുഖ്യമന്ത്രി സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും വ്യക്തമാക്കി. എഡിജിപി-ആര്‍എസ്എസ് ചര്‍ച്ച സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദ ഹിന്ദു ദിനപത്രത്തെ പൂര്‍ണമായി തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. താനോ സര്‍ക്കാരോ ഒരു പിആര്‍ ഏജന്‍സിയെയും അഭിമുഖത്തിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും പി ആര്‍ പ്രവര്‍ത്തനത്തിനായി പണം ചിലവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തന്റെ ഇന്റര്‍വ്യൂവിന് ഹിന്ദു ആവശ്യപ്പെടുന്നുവെന്ന് പറഞ്ഞത് ആലപ്പുഴയിലെ മുന്‍ എം.എല്‍.എ ദേവകുമാറിന്റെ മകന്‍ ആണ്. അത് തനിക്കും താത്പര്യമുള്ള കാര്യമായതുകൊണ്ട് സമ്മതിച്ചു.

സമയം കുറവായിരുന്നു. രണ്ട് പേരായിരുന്നു അഭിമുഖത്തിന് എത്തിയത്. താന്‍ പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ല എന്ന് പറയുമ്പോഴും ഹിന്ദു ദിനപത്രത്തിനെതിരെ നടപടിയെടുക്കാനില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. നിയമനടപടിയില്ലേ എന്ന ചോദ്യത്തില്‍ നിന്ന് ഹിന്ദു മാന്യമായി ഖേദം പ്രകടിപ്പിച്ചല്ലോ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയിരുന്നു.

Continue Reading

kerala

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി മലപ്പുറത്ത് ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നു; കെഎം ഷാജി

മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ചു രാജ്യത്തെ നമ്പര്‍ വണ്‍ ക്രിമിനല്‍ ജില്ലയാണ് മലപ്പുറമെന്നും കെ.എം ഷാജി പറഞ്ഞു.

Published

on

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. എസ്പിയായിരുന്ന സുജിത് ദാസിനെ ഒപ്പംകൂട്ടി മലപ്പുറത്തെ കേസുകളുടെ എണ്ണം കൂട്ടിയെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ചു രാജ്യത്തെ നമ്പര്‍ വണ്‍ ക്രിമിനല്‍ ജില്ലയാണ് മലപ്പുറമെന്നും കെ.എം ഷാജി പറഞ്ഞു.

ഐപിസിക്ക് പകരം ബിഎന്‍എസ് നിലവില്‍ വന്നപ്പോള്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത് മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ചു രാജ്യത്തെ നമ്പര്‍ വണ്‍ ക്രിമിനല്‍ ജില്ലയാണ് മലപ്പുറം. ആര്‍എസ്എസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സുജിത്ദാസും അജിത്കുമാറും ജില്ലാ സെക്രട്ടറിയും പിണറായി വിജയനുമാണ് ഈ കണക്ക് ഉണ്ടാക്കിയതെന്നും ഷാജി ആരോപിച്ചു.

മലപ്പുറം അരീക്കോട് നടന്ന ശിഹാബ് തങ്ങള്‍ ചാരിറ്റി സെന്ററിന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് പുറത്ത് പത്ത് പൈസയുടെ വിലയില്ലാത്ത മുഖ്യമന്ത്രിയുടെ അഭിമുഖം എന്തിനാണ് ഒരു ദേശീയപത്രം പ്രസിദ്ധീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പിആര്‍ ഏജന്‍സി അഭിമുഖം വേണോ എന്ന് ചോദിച്ച് ഡല്‍ഹിയില്‍ നടക്കുകയായിരുന്നുവെന്നും കെ.എം ഷാജി പരിഹസിച്ചു.

 

Continue Reading

kerala

സിനിമ ചിത്രീകരണത്തിനിടെ കാടുകയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 

Published

on

സിനിമ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിയ പുതുപ്പള്ളി സാധു എന്ന നാട്ടാനയെ കണ്ടെത്തി. വനാതിര്‍ത്തിയില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള പഴയ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണ്. ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

എറണാകുളം ഭൂതത്താന്‍കെട്ടിന് സമീപം സിനിമാ ചിത്രീകരണത്തിന് കൊണ്ടുവന്ന ആനയാണ് ഇന്നലെ വൈകിട്ട് കാട്ടിലേക്ക് ഓടിയത്. വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിന് എത്തിച്ചതായിരുന്നു ആനയെ. അഞ്ച് ആനകളെയാണ് ഷൂട്ടിങ്ങിന് കൊണ്ടുവന്നത്. ഇതില്‍ രണ്ട് ആനകള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സാധുവും തടത്താവിള മണികണ്ഠന്‍ എന്നീ ആനകളാണ് ഏറ്റുമുട്ടിയത്.

ഏറ്റുമുട്ടലിനിടെ കുത്തേറ്റ പുതുപ്പള്ളി സാധു തുണ്ടം വനമേഖലയിലേക്ക് ഓടി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആനയുടെ പാപ്പാന്മാരും ഇന്നലെ രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. ഉള്‍ക്കാട്ടിലേക്കുള്ള പരിശോധന ദുഷ്‌കരമായതിനാല്‍ രാത്രിയോടെ പരിശോധന നിര്‍ത്തുകയായിരുന്നു. സംഘട്ടന രംഗത്തിന്റെ ചിത്രീകരണമാണ് നടന്നിരുന്നത്. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ പുതുപ്പള്ളി സാധുവിനെ തടത്താവിള മണികണ്ഠന്‍ തുടരെ തുടരെ ആക്രമിക്കുകയായിരുന്നു. പാപ്പാന്‍മാരെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ആക്രമണം തുടര്‍ന്നതോടെ പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

Continue Reading

Trending