Connect with us

kerala

പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ സഹോദരന്‍-എന്റെ അനിയനെ പൊലീസ് കൊന്നതാണ് !

ആശുപത്രിയിലെത്തിക്കുന്നത് തന്നെ മരണപ്പെട്ട ശേഷമാണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. പുലര്‍ച്ചെ നാല് മണിക്ക് മരിച്ചിട്ട് ബന്ധുക്കളെ അറിയിക്കുന്നത് രാവിലെ 10.35-ന് മാത്രമാണ്.

Published

on

യു.എ റസാഖ്‌

താനൂര്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് രംഗത്ത്. എന്റെ അനിയനെ പൊലീസ് കൊന്നതാണ്. പൊലീസ് പറയുന്നതെല്ലാം പച്ചക്കള്ളങ്ങളാണ്. അവനെ പൊലീസ് പിടികൂടുന്നത് ചേളാരിയില്‍ ചെനക്കലിലെ റൂമില്‍ നിന്നും തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ്. കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന അവനെ ഡ്രസ്സ് പോലും മാറ്റാന്‍ അനുവദിക്കാതെ ഇട്ടിരുന്ന ഷഡിയില്‍ പൊലീസ് ബലമായി റൂമില്‍ നിന്നും പിടിച്ചു കൊണ്ട് പോകുകയാണുണ്ടായത്. റൂമിലുണ്ടായിരുന്ന അഞ്ച് പേരെ കൂടി കൂടെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് സ്‌ക്വാഡാണെന്ന് പറഞ്ഞാണ് ഇവരെ കൊണ്ട് പോയത്.
ശേഷം ചൊവ്വാഴ്ച്ച രാവിലെ 10.35-ന് താനൂര്‍ സി.ഐ വിളിച്ചു നിങ്ങളുടെ അനിയന്‍ മരണപ്പെട്ടു എന്നും താനൂര്‍ ദയ ആശുപത്രിയിലുണ്ടെന്നും അറിയിച്ചു. എങ്ങനെയാണ് മരണപ്പെട്ടതെന്ന് ചോദിച്ചപ്പോള്‍ എം.ഡി.എം. എ കൂടുതലായി ഉപയോഗിച്ചാണ് മരിച്ചതെന്നും നാല്‌പേരെ കൂട്ടി ആശുപത്രിയിലെത്തണമെന്നും സി.ഐ പറഞ്ഞതെന്നും ജ്യേഷ്ഠ സഹോദരന്‍ ഹാരിസ് പറയുന്നു. പെയിന്റിങ് തൊഴിലാളിയായ ഹാരിസ് ചേളാരിയില്‍ ജോലിക്കിടയിലാണ് സി.ഐയുടെ ഈ ഫോണ്‍ കാള്‍ വരുന്നത്. ഉടനെ തന്നെ സുഹൃത്തുക്കള്‍ക്കൊപ്പം ആശുപത്രിയിലേക്ക് പോയി. 11 മണിയോടെ ആശുപത്രിയിലെത്തിയെങ്കിലും അനിയന്റെ മൃതദേഹം കാണിക്കാന്‍ പൊലീസ് കൂട്ടാക്കിയില്ല.
സബ് കലക്ടര്‍ വന്ന ശേഷം കാണിക്കാമെന്ന് 11.30 മണിയോടെ സബ് കലക്ടര്‍ എത്തിയെങ്കിലും മൃതദേഹം കാണിച്ചില്ല. ശേഷം പഞ്ചായത്ത് പ്രസിഡന്റും മറ്റു ജനപ്രതിനിധികളും വരണമെന്നായി. അവരുമെത്തി 12.35 ഓടെയാണ് ജ്യേഷ്ഠനായ എന്നെപ്പോലും മൃതദേഹം കാണിച്ചതെന്നും പൊലീസ് പറയുന്ന കാര്യങ്ങളിലെല്ലാം വൈരുധ്യങ്ങളുണ്ടെന്നും ഹാരിസ് പറയുന്നു. എന്നോട് പറഞ്ഞതും സബ് കലക്ടറോട് പറഞ്ഞതും രണ്ട് രൂപത്തിലാണ്. നാല് പേരടങ്ങുന്ന സ്‌ക്വാഡ് റൂമില്‍ നിന്നും തിങ്കളാഴ്ച്ച വൈകീട്ട് പിടിച്ചു കൊണ്ട് പോയത് കണ്ട ദൃക്‌സാക്ഷികള്‍ ഉണ്ട്. പിന്നീട് അവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ല. അര്‍ധരാത്രി 12.10 ന് താനൂര്‍ ദേവദാര്‍ റയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെവെച്ച് എം.ഡി.എം.എയുമായി പിടികൂടിയെന്നും പുലര്‍ച്ചെ നാല് മണിയോടെ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണെന്നുമാണ് പൊലീസ് പറഞ്ഞത്. ആശുപത്രിയിലെത്തിക്കുന്നത് തന്നെ മരണപ്പെട്ട ശേഷമാണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. പുലര്‍ച്ചെ നാല് മണിക്ക് മരിച്ചിട്ട് ബന്ധുക്കളെ അറിയിക്കുന്നത് രാവിലെ 10.35-ന് മാത്രമാണ്.
അനിയന്‍ ലഹരിക്ക് അടിമയാണെന്ന് വരുത്തി തീര്‍ത്ത് പൊലീസ് നടത്തിയ കൊലപാതകം മറച്ചുവെക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പലതരത്തിലുള്ള കള്ളപ്രചാരണങ്ങളും പൊലീസ് നടത്തുന്നുണ്ട്. താമിര്‍ എം.ഡി.എം.എ ഉപയോഗിക്കുന്നതായി അറിയില്ല. മൊബൈല്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരുന്ന താമിര്‍ പുതിയ ഷോപ്പിലേക്ക് മാറാനുള്ള ഒരുക്കത്തിലായിരുന്നു. നന്നായിട്ട് സംസാരിക്കാറുള്ള താമിറിന് ഒരു അസുഖവും ഉണ്ടായിരുന്നില്ലെന്നും അവനെ പൊലീസ് മര്‍ദിച്ചു കൊന്നതാണെന്നും സഹോദരന്‍ പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാലുടന്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകും. പൊലീസ് പറയുന്നത് എല്ലാം പച്ചക്കള്ളങ്ങളാണ്. ഒന്നും വിശ്വസിക്കാന്‍ കഴിയില്ല. താമിറിനൊപ്പം അറസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍ പുറത്ത് വിടണം. തിങ്കളാഴ്ച്ച രാത്രി പിടികൂടിയെന്ന് പൊലീസ് തന്നെ പറയുന്ന താമിറിന്റെ അറസ്റ്റ് രേഖപ്പെടുത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് രാവിലെ ഏഴ് മണിക്ക് ശേഷമാണ്. അതായത് താമിര്‍ മരണപ്പെട്ട് മൂന്ന് മണിക്കൂറിന് ശേഷം. താമിര്‍ മരണപ്പെട്ടതിനാല്‍ പിന്നീട് തയ്യാറാക്കിയ ആ എഫ്.ഐ.ആറില്‍ പൊലീസിന് രക്ഷിക്കുന്നതിനുള്ള എല്ലാ മാര്‍ഗവും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ബന്ധുക്കളെ പോലും മരണ വിവരം അറിയിക്കാന്‍ വൈകിയത്. എല്ലാ തെളിവുകളും നശിപ്പിച്ച ശേഷമാണ് പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചതെന്ന് സംശയിക്കുന്നു. ഇനി ഒരാള്‍ക്കും ഈ ഗതി വരരുതെന്നും ശക്തമായ നടപടി കൊലപാതകികള്‍ക്കെതിരെ സ്വീകരിക്കണമെന്നും ഹാരിസ് ആവശ്യപ്പെട്ടു.

 

crime

വീട്ടമ്മയെ പീഡിപ്പിച്ചു, വിഡിയോ പകർത്തി ഭീഷണി: വ്ലോഗർ അറസ്റ്റിൽ

ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീ‍‍ഡനത്തിനു ശ്രമിച്ചു.

Published

on

അയൽവാസിയായ സ്ത്രീയെ പീഡിപ്പിച്ച് വിഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വ്ലോഗർ അറസ്റ്റിൽ. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നിയെ (32) ആണ് വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

അഞ്ച് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ കളിക്കാൻ എത്തിയ കുഞ്ഞിനെ എടുക്കാൻ വന്ന യുവതിയെ മുറിക്കുള്ളിൽ അടച്ചിട്ട് പീഡിപ്പിക്കുകയും വിഡിയോ പകർത്തുകയും ചെയ്തു. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീ‍‍ഡനത്തിനു ശ്രമിച്ചു. പിന്നാലെ യുവതി ഭർത്താവിനെ വിവരം അറിയിച്ച് പൊലീസിൽ പരാതി നൽകി.

ഇതറിഞ്ഞ ബിനീഷ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിനിടെ ചാലക്കുടി മജിസ്ട്രേട്ട് അവധിയിൽ ആയിരുന്നതിനാൽ കൊടുങ്ങല്ലൂരിൽ ഹാജരാക്കുന്നതിനു കൊണ്ടുപോയ പ്രതി ഇടയ്ക്ക് വച്ച് പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. 2022 ൽ നിലമ്പൂരിൽ സ്ത്രീ പീഡനത്തിനും 2017 ൽ വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലും ബിനീഷിന്റെ പേരിൽ കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

കേസെടുത്ത് 8 മാസമായിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയും അന്വേഷണത്തിൽ കോടതി മേൽനോട്ടം ആവശ്യപ്പെട്ടുമാണ് പരാതിക്കാരനായ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ‌

Published

on

കാഫിർ സ്ക്രീൻഷോട്ട് കേസില്‍ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. വടകര എസ്എച്ച്ഒ ചിഫ് ജുഡീഷ്യൽ മേജസ്ട്രറ്റ് മുമ്പാകെയാണ് സമർപ്പിക്കുക.

വിവാദ സന്ദേശം ആദ്യം അയച്ചത് ആരെന്ന വിവരം മെറ്റയിൽ നിന്നും കിട്ടിയില്ല. ഇക്കാര്യം പോലീസ് കോടതിയെ ഇന്ന് അറിയിക്കുമെന്ന് സൂചന. നിലവിൽ രണ്ടു കേസുകളിൽ ആണ് അന്വേഷണം.

അന്വേഷണ പുരോഗതിയുടെ റിപ്പോർട്ടും പിടിച്ചെടുത്ത ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലവും ഹാജരാക്കാൻ രണ്ടാഴ്ച മുന്നേ പോലീസിന് കോടതി നിർദേശം നൽകിയിരുന്നു.

എന്നാൽ കേസ് പരിഗണിച്ചപ്പോൾ റിപ്പോർട്ട് ഹാജരാക്കാതിരുന്ന പോലീസ് സമയം നീട്ടി ചോദിക്കുകയായിരുന്നു. തുടർന്ന് റിപ്പോർട്ട് ഇന്ന് ഹാജരാക്കണമെന്ന് നിർദേശം നൽകിയിരുന്നു.

കേസെടുത്ത് 8 മാസമായിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയും അന്വേഷണത്തിൽ കോടതി മേൽനോട്ടം ആവശ്യപ്പെട്ടുമാണ് പരാതിക്കാരനായ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ‌

എന്നാൽ പോലീസിന്റെ വാദവും കൂടെ കേട്ടശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. തുടർന്നാണ് അന്വേഷണ പുരോഗതി റിപ്പോർട്ട് ​ഹാജരാക്കാൻ ആവശ്യപ്പെട്ടത്.

Continue Reading

kerala

പാലക്കാട്‌ സിപിഎം പൊട്ടിത്തെറിയിലേക്ക്; തലവേദനയായി കൊഴിഞ്ഞാമ്പാറയിലെ വിമത കൺവെൻഷൻ

കൊഴിഞ്ഞാമ്പാറ രണ്ട് ലോക്കൽ സമ്മേളനം നടത്താൻ തീരുമാനിച്ച ദിവസം തന്നെയാണ് വിമതരും കൺവെൻഷൻ വിളിച്ചു ചേർത്തത്.

Published

on

ഉപതെരഞ്ഞെടുപ്പിൽ കനത്ത പരാജയമേറ്റുവാങ്ങിയതിന് പിന്നാലെ വിമതർ കൺവെൻഷൻ വിളിച്ചു ചേർത്തത് സിപിഎമ്മിന് മറ്റൊരു തലവേദനയാവുകയാണ്. കൊഴിഞ്ഞാമ്പാറ രണ്ട് ലോക്കൽ സമ്മേളനം നടത്താൻ തീരുമാനിച്ച ദിവസം തന്നെയാണ് വിമതരും കൺവെൻഷൻ വിളിച്ചു ചേർത്തത്.

വിമത നീക്കത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് തവണയും കൊഴിഞ്ഞാമ്പാറ രണ്ടിലെ ലോക്കൽ സമ്മേളനം മാറ്റി വെച്ചിരുന്നു. അടുത്ത കാലത്ത് മറ്റൊരു പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നയാളെ കൊഴിഞ്ഞാമ്പാറ ഒന്ന് ലോക്കൽ സെക്രട്ടറിയാക്കിയതോടെയാണ് കൊഴിഞ്ഞാമ്പാറ മേഖലയിൽ വിഭാഗീയതയും വിമത നീക്കവും ശക്തിയാർജിച്ചത്.

പാർട്ടി ആലോചനകൾ നടത്താതെ ജില്ലാ സെക്രട്ടറിയാണ് പാർട്ടി വിട്ട് വന്നയാളെ സിപിഎം ലോക്കൽ സെക്രട്ടറിയാക്കിയതെന്നും നേതൃത്വം ഏകപക്ഷീയമായും ഏകാധിപത്യപരമായും പെരുമാറുന്നുവെന്നാരോപിച്ചാണ് വിമതർ സംഘടിച് ശക്തിയാർജിച്ചത്. ചിറ്റൂർ ഏരിയാ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡണ്ടുമായ എം സതീഷ് ലോക്കൽ കമ്മിറ്റി അംഗം ബി ശാന്തകുമാർ എന്നവരുടെ നേതൃത്വത്തിലാണ് വിമത കൺവെൻഷൻ വിളിച്ചു ചേർത്തത്.

വിഭാഗിയതയെ തുടർന്ന് കമ്മിറ്റികളിൽ നിന്ന് പുറത്തുപോയവരുടെയും നിശബ്ദത തുടരുന്നവരുടെയും പിന്തുണ ഇവർക്കുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയുടെ നാട്ടിലെ വിഭാഗീയ പ്രവർത്തനം പർട്ടിക്ക് കനത്ത ക്ഷീണമുണ്ടാക്കുന്നുണ്ട്. 17 ബ്രാഞ്ച് കമ്മിറ്റികളുള്ള കൊഴിഞ്ഞാമ്പാറ 2 ലോക്കൽ കമ്മിറ്റിയിലെ 13 ബ്രാഞ്ച് സെക്രട്ടറിമാർ വിമത കൺവെൻഷനിൽ പങ്കെടുത്തു.

ബ്രാഞ്ച് കമ്മിറ്റി മിനുട്ട് സുമായി ബ്രാഞ്ച് സെക്രട്ടറിമാർ വിമത കൺവെർഷനിൽ പങ്കെടുത്തത് നേതൃത്വത്തെ വെല്ലുവിളിക്കാൻ തീരുമാനിച്ചു തന്നെയാണ്. സംസ്ഥാന നേതൃത്വത്തിന് ബ്രാഞ്ച് സെകട്ടറിമാർ പരാതി നൽകിയിട്ടും പരിഹാരമാവാത്തതിനെ തുടർന്നാണ് പരസ്യ പ്രതികരണത്തിലേക്കും കൺവെൻഷനിലേക്കും വിമതർ നീങ്ങിയത്.

സകല ശക്തിയുമെടുത്ത് പോരാടിയിട്ടും ഉപതെരഞ്ഞെടുപ്പിൽ കനത്ത പ്രഹരമേറ്റ സിപിഎം ന് മറ്റൊരു തലവേദനയാണ് വിമത നീക്കം.

Continue Reading

Trending