Connect with us

kerala

ജനനായകന്‍ ഇനി ജനഹൃദയങ്ങളില്‍; ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം സംസ്‌കരിച്ചു

ഒരു മണിക്കൂര്‍ ദീര്‍ഘിച്ച അന്ത്യശുശ്രുഷകള്‍ക്ക് ശേഷം അര്‍ധരാത്രിക്ക് ശേഷം ഉമ്മന്‍ചാണ്ടി ഓര്‍മയായി.

Published

on

എസ് സുധീഷ് കുമാര്‍
പുതുപ്പള്ളി

കാലം സാക്ഷി, പ്രിയരെ വിട്ടൊഴിഞ്ഞ് ജനനായകന്‍ ആറടി മണ്ണിലേക്കു മടങ്ങി. പുതുപ്പള്ളിയുടെ സൂര്യന്‍ ഉമ്മന്‍ ചാണ്ടി ഇനി ജനമനസിലെ ജ്വലിക്കുന്ന ഓര്‍മ. രാവും പകലും കടന്നെത്തിയ വിലാപയാത്ര പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീട്ടില്‍ നിന്ന് പതിനായിരങ്ങളുടെ അശ്രുകണങ്ങളേറ്റുവാങ്ങിയാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയിലെ പ്രത്യേകം ഒരുക്കിയ കബറിടത്തില്‍ അര്‍ധരാത്രിയോടെ നിത്യനിദ്രയിലലിഞ്ഞത്. കാതോലിക്കാ ബാവയുടെയും മെത്രാന്‍മാരുടെയും കാര്‍മികത്വത്തില്‍ അന്ത്യ ശുശ്രൂഷകള്‍ നല്‍കി. പ്രിയപ്പെട്ടവന് അവസാനമായി മുത്തം നല്‍കി ഭാര്യ മറിയാമ്മയും മക്കള്‍ മറിയവും ചാണ്ടി ഉമ്മനും അച്ചുവും. ഒപ്പം യാത്രാമംഗളമോതി കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും.

കര്‍ക്കിടക മഴ പെയ്തു തോര്‍ന്ന വഴികളിലൂടെ 28 മണിക്കൂര്‍ പിന്നിട്ടാണ് ജനനായകന്റെ അന്ത്യയാത്ര പുലര്‍ച്ചയോടെ കോട്ടയം ജില്ലാ അതിര്‍ത്തിയിലെത്തിയത്. രാജനഗരിയും കൊല്ലവും പത്തനംതിട്ടയും ആലപ്പുഴയും കടന്ന് കോട്ടയം ജില്ലയിലേക്കെത്തുമ്പോള്‍ നേരം പരക്കെ വെളുത്തിരുന്നു. അപ്പോഴും ജനനായകനെ കാത്ത് ഒരു ജനത ഉറക്കമൊഴിച്ചു കാത്തിരിക്കുന്നുണ്ടായിരുന്നു. തിരുവല്ല പിന്നിട്ടു നവോത്ഥാന നായകന്‍ മന്നത്ത് പത്മനാഭന്റെ പെരുന്നയിലെത്തുമ്പോള്‍ പുലര്‍ച്ചെ ആറ് മണി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും മകള്‍ ഡോ. ഇന്ദുവും നേതൃത്വവും പ്രിയ സുഹൃത്തിനെ കാണാനായി കാത്തു നില്‍പ്പുണ്ടായിരുന്നു. അരളിപൂക്കള്‍ ആ ഭൗതിക ദേഹത്തില്‍ അര്‍പ്പിച്ചു യാത്രയേകി. ഉമ്മന്‍ ചാണ്ടി പതിവായി നടന്നു തീര്‍ത്ത വഴികളിലൂടെ. 20 കിലോമീറ്റര്‍ അകലെയുള്ള തിരുനക്കരയിലെത്താന്‍ എടുത്തത് നാല് മണിക്കൂറിലേറെ. വഴി നീളെ ജനങ്ങള്‍ പൂഷ്പങ്ങള്‍ അര്‍പ്പിച്ചു.

മൗനം തളം കെട്ടിയ വീഥികളിലൂടെ, ഒരു ജനതയൊന്നാകെ പരന്നൊഴുകി. ക്ഷീണവും ഉറക്കവും മറന്നായിരുന്നു ഓരോരുത്തരും വിലാപയാത്രയെ അനുഗമിച്ചത്. കോട്ടയം പള്ളിപ്പുറത്ത് കാവിലെ ഡിസിസി ഓഫീസില്‍ പൊതുദര്‍ശനം. രാഷ്ട്രീയ നീക്കങ്ങള്‍ക്ക്, മുന്നണി സംവിധാനങ്ങള്‍ക്ക് വിജയം ഉറപ്പിച്ച ഓഫീസില്‍ ഒരിക്കല്‍ കൂടി പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി എത്തി. അണികളുടെ ചടുലമായ മുദ്രാവാക്യം വിളികളുണ്ടായിരുന്നില്ല. വിങ്ങിയ മുഖങ്ങള്‍ മാത്രം. നൊമ്പരത്തോടെ, അതിരറ്റ വികാരത്തോടെ പ്രവര്‍ത്തകര്‍ പ്രിയ നേതാവിനെ ഒരു നോക്ക് കണ്ടു. പിന്നെ ആദ്യ പ്രസംഗം നടത്തിയ തിരുനക്കര മൈതാനത്തേക്ക്. വയസ്‌കര കുന്നു കയറി കിഴക്കേ വാതിലില്‍ നിന്ന് വിലാപ യാത്ര തിരുനക്കര മൈതാനത്തേക്കു കടന്നു. എന്നും തോളിലേറ്റിയ ജനം അവസാനമായി ഉമ്മന്‍ചാണ്ടിയെ തോളിലേറ്റി. മിഴിപൂട്ടിയ നെറ്റിത്തടത്തില്‍ മുടിയിഴകള്‍ പാറി വീഴാതെ, തങ്ങളുടെ അരികിലേക്കെത്തിയ പ്രിയ നേതാവിനെ കണ്ട് അവര്‍ വിങ്ങിപൊട്ടി. തേങ്ങലായും വിതുമ്പലായും അലറി ക്കരച്ചിലായും കണ്ണീരിന്റെ പേമാരി പെയ്തു.

സമകാലികനും മന്ത്രിയും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവി അവശതകള്‍ മറന്ന് ഉമ്മന്‍ചാണ്ടിയെ കാണാനെത്തി. രാഷ്ട്രീയത്തിലെയും ജീവിതത്തിലെയും പ്രിയപ്പെട്ടവന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഉറ്റമിത്രവും സുദീര്‍ഘകാലം അദ്ദേഹത്തോടൊപ്പം യു.ഡി.എഫിന് കരുത്ത് പകരുന്നതില്‍ വലിയ പങ്ക് വഹിച്ച മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും എത്തി. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ്, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും പത്‌നി എലിസബത്തും, സംസ്ഥാന മന്ത്രിമാര്‍, ചലചിത്രതാരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി, ദീലിപ് തുടങ്ങി സമൂഹത്തിന്റെ നാനാതുറയില്‍ നിന്ന് പരശ്ശതം പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. തിരുനക്കരയിലെ പൊതുദര്‍ശനം നാലു മണിക്കൂര്‍ നീണ്ടു നിന്നു. അക്ഷര മണ്ണിലൂടെയായിരുന്നു പുതുപ്പള്ളിയിലേക്കുള്ള യാത്ര. വീഥികള്‍ക്കിരുവശവും ആയിരങ്ങള്‍ തടിച്ചു കൂടി. ഈ സമയം പുതുപ്പള്ളിയിലെ വള്ളിക്കാലില്‍ വീട്ടില്‍ ബന്ധുക്കള്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ഇവിടെയും മെത്രാന്മാര്‍ ശുശ്രൂഷയേകി. പിന്നാലെ പണിപൂര്‍ത്തിയാക്കാത്ത വീട്ടിലേക്ക്. പണി പാതിനിലച്ച വീട്ടില്‍ മണല്‍ വിരിച്ച മുറ്റത്തെ ശുശ്രൂഷയ്ക്ക് ശേഷം പള്ളിയിലേക്ക്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍. രാത്രി പത്ത് മണിയോടെ രാഹുല്‍ ഗാന്ധിയെത്തി. ഒരു മണിക്കൂര്‍ ദീര്‍ഘിച്ച അന്ത്യശുശ്രുഷകള്‍ക്ക് ശേഷം അര്‍ധരാത്രിക്ക് ശേഷം ഉമ്മന്‍ചാണ്ടി ഓര്‍മയായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

രാഹുലിന് വൈകുന്നേരം പാലക്കാടെത്തുന്നതോടെ മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

Published

on

പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് പുതുപ്പള്ളിയില്‍ എത്തി  ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു. രാഹുല്‍ പുതുപ്പളളിയിലെത്തിയത് രാവിലെ 10 മണിയോട് കൂടിയാണ്. രാഹുലിന് വൈകുന്നേരം പാലക്കാടെത്തുന്നതോടെ മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനം ഉള്‍പ്പെടെ നിരവധി പൊതു പരിപാടികളിലും മറ്റന്നാള്‍ മുതല്‍ രാഹുല്‍ പങ്കെടുക്കും. പാലക്കാട് യുഡിഎഫ് നിലനിര്‍ത്തിയത് നേതൃത്വം പോലും കണക്ക് കൂട്ടാത്ത ഭൂരിപക്ഷത്തോടെയാണ്.

Continue Reading

kerala

മലയാളം പഠിക്കാനൊരുങ്ങി പ്രിയങ്കാ ഗാന്ധി

വയനാട്ടിലെത്തുമ്പോള്‍ ജോതി രാധിക വിജയകുമാര്‍ ആണ് രാഹുലിന്റെയും പ്രിയങ്കയുടെയും പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താറുള്ളത്.

Published

on

തകര്‍പ്പന്‍ വിജയം സമ്മാനിച്ച വയനാട്ടുകാരുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ മലയാളം പഠിക്കാനൊരുങ്ങി നിയുക്ത എം.പി പ്രിയങ്ക ഗാന്ധി. രാഹുലും പ്രിയങ്കയും പ്രസംഗിക്കുന്നത് എപ്പോഴും പരിഭാഷകരുടെ സഹായത്തോടെയാണ്. വയനാട്ടിലെത്തുമ്പോള്‍ ജോതി രാധിക വിജയകുമാര്‍ ആണ് രാഹുലിന്റെയും പ്രിയങ്കയുടെയും പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താറുള്ളത്.

മനസില്‍ ഉദ്ദേശിച്ചത് ഏതാണ്ട് അതേ പടി ജനങ്ങളിലേക്ക് എത്തിക്കാന്‍ പരിഭാഷകര്‍ക്ക് സാധിക്കുമെങ്കിലും ഒരിക്കലും ആളുകളോട് നേരിട്ട് സംവദിക്കുന്നതിന്റെ ഗുണം അതിനുണ്ടാവില്ല. പ്രചാരണങ്ങള്‍ക്കായി വയനാട്ടിലെത്തിയതു മുതല്‍ ചില മലയാളവാക്കുകള്‍ പ്രിയങ്കക്ക് പരിചിതമായിട്ടുണ്ട്. നേതാവിനെ മലയാളം പഠിപ്പിക്കാന്‍ ഒരു അധ്യാപികയെ നിയമിക്കണമെന്ന നിര്‍ദേശം മുതിര്‍ന്ന നേതാവ് തന്നെ മുന്നോട്ട് വെച്ചിരിക്കുകയാണ്.

ജനങ്ങളോട് നേരിട്ട് സംവദിക്കുന്നതിനൊപ്പം നിവേദനങ്ങള്‍ വായിക്കാനും മനസിലാക്കാനുമാണ് മലയാളം പഠനത്തിലൂടെ പ്രിയങ്ക ലക്ഷ്യമിടുന്നത്. ഏതു ഭാഷയും പ്രിയങ്കക്ക് എളുപ്പം വഴങ്ങുമെന്നാണ് പ്രിയങ്കയുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകളാണ് പ്രിയങ്കക്ക് വശമുള്ളത്. വയനാട്ടിലെ പള്ളിക്കുന്ന് പള്ളി സന്ദര്‍ശിച്ചപ്പോള്‍ ഫ്രഞ്ചിലും ഇറ്റാലിയനിലുമായിരുന്നു ആശയ വിനിമയം. തമിഴും കുറച്ചൊക്കെ അറിയാം.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കന്നിയങ്കത്തിനിറങ്ങിയ പ്രിയങ്ക ഗാന്ധിക്ക് മിന്നുംജയമാണ് വയനാട്ടിലെ വോട്ടര്‍മാര്‍ സമ്മാനിച്ചത്. 4.10 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രിയങ്കക്ക് നല്‍കിയത്. ലോക്‌സഭ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുല്‍ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ ഭൂരിപക്ഷവും മറികടക്കുന്ന ജയമാണിത്‌പോളിങ്ങിലെ കുറവ് പ്രിയങ്കയുടെ വിജയത്തിന്റെ തിളക്കം കുറച്ചില്ല. 410931 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രിയങ്ക നേടിയത്.

622338 വോട്ടുകള്‍ ലഭിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിക്ക് 211407 വോട്ടുകളും ബി.ജെ.പിയുടെ നവ്യഹരിദാസിന് 109939 വോട്ടുകളും മാത്രമാണ് നേടാനായത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ ഏറ്റവും മോശം പ്രകടനമാണിത്. ഇത്തവണ നില മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെട്ട എല്‍.ഡി.എഫ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തില്‍ ഒതുങ്ങി.

അതേസമയം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമായിരിക്കും പാര്‍ലമെന്റില്‍ പ്രിയങ്ക ഉന്നയിക്കാന്‍ പോകുന്ന വിഷയം.

Continue Reading

kerala

ഉപതിരഞ്ഞെടുപ്പ് പരാജയം; പരസ്യവിവാദവും പെട്ടിക്കഥയും തിരിച്ചടിയായെന്ന് സി.പി.എം

പാലക്കാട്ടെ പ്രചരണം നയിച്ചവരുടെ പക്വതക്കുറവും തിരിച്ചടിക്ക് ആക്കംകൂട്ടി എന്ന വാദവും പാര്‍ട്ടിയില്‍ ശക്തമാണ്.

Published

on

വന്‍ തിരിച്ചടിയായ ഉപതിരഞ്ഞെടുപ്പ് പരാജയം സിപിഎം പരിശോധിക്കും. പാലക്കാട്ടെ പ്രചരണ തന്ത്രങ്ങള്‍ പാളിയതും തിരിച്ചടിയായതും പാര്‍ട്ടി ആഴത്തില്‍ പരിശോധിക്കും. പെട്ടി വിവാദവും പരസ്യ വിവാദവും തിരിച്ചടിയായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പാലക്കാട്ടെ പ്രചരണം നയിച്ചവരുടെ പക്വതക്കുറവും തിരിച്ചടിക്ക് ആക്കംകൂട്ടി എന്ന വാദവും പാര്‍ട്ടിയില്‍ ശക്തമാണ്.

ഉപ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടി സിപിഎം നേതൃത്വം ആഴത്തില്‍ പരിശോധിക്കും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പാളിയതിനൊപ്പം ശക്തമായ സര്‍ക്കാര്‍ വിരുദ്ധ തരംഗവും തിരിച്ചടിക്ക് ആക്കംകൂട്ടി എന്ന പ്രാഥമിക വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. പി പി ദിവ്യാ വിവാദം ആളിക്കത്തി പാര്‍ട്ടിയും സര്‍ക്കാരും ഏറെ പ്രതിരോധത്തില്‍ നില്‍ക്കുന്ന വേളയില്‍ എത്തിയ ഉപതെരഞ്ഞെടുപ്പില്‍ പിന്നീടിങ്ങോട്ട് സിപിഎം ചുവടുകള്‍ ഒന്നൊന്നായി പിഴയ്ക്കുകയായിരുന്നു.

പാലക്കാട്ട് ശക്തനായ ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുവാന്‍ വട്ടം ചുറ്റുന്നതിനിടയില്‍ ഒരു രാത്രി കൊണ്ട് മലക്കം മറിഞ്ഞെത്തിയ സരിനെ സ്ഥാനാര്‍ത്ഥിയാക്കിയ നേതൃത്വത്തിന്റെ നിലപാട് തന്നെ പാര്‍ട്ടിയിലെ വലിയൊരു നിരയും അണികളും ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇങ്ങോട്ട് പ്രചരണ തന്ത്രങ്ങളിലും പാര്‍ട്ടിക്ക് അടി തെറ്റുകയായിരുന്നു. പെട്ടി വിവാദവും പരസ്യ വിവാദവും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ് പാര്‍ട്ടിയെ തിരിഞ്ഞുകുത്തി, പെട്ടി വിവാദത്തെ പരസ്യമായി തള്ളി എന്‍.എന്‍ കൃഷ്ണദാസ് രംഗത്ത് വന്നത് പാലക്കാട്ടെ സിപിഎമ്മിലെ വിഭാഗീയതയും ചേരിതിരിവും കൂടുതല്‍ പ്രകടമാക്കി.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും ദുര്‍വിനിയോഗം ചെയ്ത് മന്ത്രി എം ബി രാജേഷ് പാലക്കാട്ട് ക്യാമ്പ് ചെയ്തു നടത്തിയ എല്ലാ നീക്കങ്ങളും പാളിപ്പോകുകയായിരുന്നു. പാലക്കാട്ടെ പ്രചരണം നയിച്ചവരുടെ പക്വതക്കുറവും തിരിച്ചടിക്ക് ആക്കംകൂട്ടി എന്ന വാദമാണ് പാര്‍ട്ടിയില്‍ ശക്തമായിരിക്കുന്നത്. ചേലക്കരയിലെ നിറം മങ്ങിയ വിജയവും വയനാട്ടിലെ കനത്ത പരാജയവും പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആകുകയാണ്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ഉടന്‍ ചേരും.

Continue Reading

Trending