Connect with us

kerala

ജനനായകന്‍ ഇനി ജനഹൃദയങ്ങളില്‍; ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം സംസ്‌കരിച്ചു

ഒരു മണിക്കൂര്‍ ദീര്‍ഘിച്ച അന്ത്യശുശ്രുഷകള്‍ക്ക് ശേഷം അര്‍ധരാത്രിക്ക് ശേഷം ഉമ്മന്‍ചാണ്ടി ഓര്‍മയായി.

Published

on

എസ് സുധീഷ് കുമാര്‍
പുതുപ്പള്ളി

കാലം സാക്ഷി, പ്രിയരെ വിട്ടൊഴിഞ്ഞ് ജനനായകന്‍ ആറടി മണ്ണിലേക്കു മടങ്ങി. പുതുപ്പള്ളിയുടെ സൂര്യന്‍ ഉമ്മന്‍ ചാണ്ടി ഇനി ജനമനസിലെ ജ്വലിക്കുന്ന ഓര്‍മ. രാവും പകലും കടന്നെത്തിയ വിലാപയാത്ര പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീട്ടില്‍ നിന്ന് പതിനായിരങ്ങളുടെ അശ്രുകണങ്ങളേറ്റുവാങ്ങിയാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയിലെ പ്രത്യേകം ഒരുക്കിയ കബറിടത്തില്‍ അര്‍ധരാത്രിയോടെ നിത്യനിദ്രയിലലിഞ്ഞത്. കാതോലിക്കാ ബാവയുടെയും മെത്രാന്‍മാരുടെയും കാര്‍മികത്വത്തില്‍ അന്ത്യ ശുശ്രൂഷകള്‍ നല്‍കി. പ്രിയപ്പെട്ടവന് അവസാനമായി മുത്തം നല്‍കി ഭാര്യ മറിയാമ്മയും മക്കള്‍ മറിയവും ചാണ്ടി ഉമ്മനും അച്ചുവും. ഒപ്പം യാത്രാമംഗളമോതി കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും.

കര്‍ക്കിടക മഴ പെയ്തു തോര്‍ന്ന വഴികളിലൂടെ 28 മണിക്കൂര്‍ പിന്നിട്ടാണ് ജനനായകന്റെ അന്ത്യയാത്ര പുലര്‍ച്ചയോടെ കോട്ടയം ജില്ലാ അതിര്‍ത്തിയിലെത്തിയത്. രാജനഗരിയും കൊല്ലവും പത്തനംതിട്ടയും ആലപ്പുഴയും കടന്ന് കോട്ടയം ജില്ലയിലേക്കെത്തുമ്പോള്‍ നേരം പരക്കെ വെളുത്തിരുന്നു. അപ്പോഴും ജനനായകനെ കാത്ത് ഒരു ജനത ഉറക്കമൊഴിച്ചു കാത്തിരിക്കുന്നുണ്ടായിരുന്നു. തിരുവല്ല പിന്നിട്ടു നവോത്ഥാന നായകന്‍ മന്നത്ത് പത്മനാഭന്റെ പെരുന്നയിലെത്തുമ്പോള്‍ പുലര്‍ച്ചെ ആറ് മണി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും മകള്‍ ഡോ. ഇന്ദുവും നേതൃത്വവും പ്രിയ സുഹൃത്തിനെ കാണാനായി കാത്തു നില്‍പ്പുണ്ടായിരുന്നു. അരളിപൂക്കള്‍ ആ ഭൗതിക ദേഹത്തില്‍ അര്‍പ്പിച്ചു യാത്രയേകി. ഉമ്മന്‍ ചാണ്ടി പതിവായി നടന്നു തീര്‍ത്ത വഴികളിലൂടെ. 20 കിലോമീറ്റര്‍ അകലെയുള്ള തിരുനക്കരയിലെത്താന്‍ എടുത്തത് നാല് മണിക്കൂറിലേറെ. വഴി നീളെ ജനങ്ങള്‍ പൂഷ്പങ്ങള്‍ അര്‍പ്പിച്ചു.

മൗനം തളം കെട്ടിയ വീഥികളിലൂടെ, ഒരു ജനതയൊന്നാകെ പരന്നൊഴുകി. ക്ഷീണവും ഉറക്കവും മറന്നായിരുന്നു ഓരോരുത്തരും വിലാപയാത്രയെ അനുഗമിച്ചത്. കോട്ടയം പള്ളിപ്പുറത്ത് കാവിലെ ഡിസിസി ഓഫീസില്‍ പൊതുദര്‍ശനം. രാഷ്ട്രീയ നീക്കങ്ങള്‍ക്ക്, മുന്നണി സംവിധാനങ്ങള്‍ക്ക് വിജയം ഉറപ്പിച്ച ഓഫീസില്‍ ഒരിക്കല്‍ കൂടി പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി എത്തി. അണികളുടെ ചടുലമായ മുദ്രാവാക്യം വിളികളുണ്ടായിരുന്നില്ല. വിങ്ങിയ മുഖങ്ങള്‍ മാത്രം. നൊമ്പരത്തോടെ, അതിരറ്റ വികാരത്തോടെ പ്രവര്‍ത്തകര്‍ പ്രിയ നേതാവിനെ ഒരു നോക്ക് കണ്ടു. പിന്നെ ആദ്യ പ്രസംഗം നടത്തിയ തിരുനക്കര മൈതാനത്തേക്ക്. വയസ്‌കര കുന്നു കയറി കിഴക്കേ വാതിലില്‍ നിന്ന് വിലാപ യാത്ര തിരുനക്കര മൈതാനത്തേക്കു കടന്നു. എന്നും തോളിലേറ്റിയ ജനം അവസാനമായി ഉമ്മന്‍ചാണ്ടിയെ തോളിലേറ്റി. മിഴിപൂട്ടിയ നെറ്റിത്തടത്തില്‍ മുടിയിഴകള്‍ പാറി വീഴാതെ, തങ്ങളുടെ അരികിലേക്കെത്തിയ പ്രിയ നേതാവിനെ കണ്ട് അവര്‍ വിങ്ങിപൊട്ടി. തേങ്ങലായും വിതുമ്പലായും അലറി ക്കരച്ചിലായും കണ്ണീരിന്റെ പേമാരി പെയ്തു.

സമകാലികനും മന്ത്രിയും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവി അവശതകള്‍ മറന്ന് ഉമ്മന്‍ചാണ്ടിയെ കാണാനെത്തി. രാഷ്ട്രീയത്തിലെയും ജീവിതത്തിലെയും പ്രിയപ്പെട്ടവന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഉറ്റമിത്രവും സുദീര്‍ഘകാലം അദ്ദേഹത്തോടൊപ്പം യു.ഡി.എഫിന് കരുത്ത് പകരുന്നതില്‍ വലിയ പങ്ക് വഹിച്ച മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും എത്തി. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ്, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും പത്‌നി എലിസബത്തും, സംസ്ഥാന മന്ത്രിമാര്‍, ചലചിത്രതാരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി, ദീലിപ് തുടങ്ങി സമൂഹത്തിന്റെ നാനാതുറയില്‍ നിന്ന് പരശ്ശതം പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. തിരുനക്കരയിലെ പൊതുദര്‍ശനം നാലു മണിക്കൂര്‍ നീണ്ടു നിന്നു. അക്ഷര മണ്ണിലൂടെയായിരുന്നു പുതുപ്പള്ളിയിലേക്കുള്ള യാത്ര. വീഥികള്‍ക്കിരുവശവും ആയിരങ്ങള്‍ തടിച്ചു കൂടി. ഈ സമയം പുതുപ്പള്ളിയിലെ വള്ളിക്കാലില്‍ വീട്ടില്‍ ബന്ധുക്കള്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ഇവിടെയും മെത്രാന്മാര്‍ ശുശ്രൂഷയേകി. പിന്നാലെ പണിപൂര്‍ത്തിയാക്കാത്ത വീട്ടിലേക്ക്. പണി പാതിനിലച്ച വീട്ടില്‍ മണല്‍ വിരിച്ച മുറ്റത്തെ ശുശ്രൂഷയ്ക്ക് ശേഷം പള്ളിയിലേക്ക്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍. രാത്രി പത്ത് മണിയോടെ രാഹുല്‍ ഗാന്ധിയെത്തി. ഒരു മണിക്കൂര്‍ ദീര്‍ഘിച്ച അന്ത്യശുശ്രുഷകള്‍ക്ക് ശേഷം അര്‍ധരാത്രിക്ക് ശേഷം ഉമ്മന്‍ചാണ്ടി ഓര്‍മയായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്‍റെ ആത്മഹത്യ: യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാന്‍ നടത്തുന്ന നാടകം; സിപിഎം നേതാക്കള്‍ക്ക് സംരക്ഷണം ഒരുക്കി പൊലീസ്

സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ജില്ല കമ്മിറ്റിയംഗം വി. ആർ സജിക്കെതിരെയാണ് പോലീസ് കേസെടുക്കാത്തത്.

Published

on

കട്ടപ്പനയിലെ സാബു തോമസിന്‍റെ ആത്മഹത്യയിൽ ആരോപണ വിധേയനായ സിപിഎം ജില്ലാ കമ്മിറ്റിയംഗത്തെ സംരക്ഷിച്ച് അന്വേഷണസംഘം. സിപിഎം അംഗങ്ങളെ കേസിലുൾപ്പെടുത്താതെയുള്ള പൊലീസിന്‍റെ മെല്ലെപ്പോക്ക് യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കാനുള്ള നാടകമാണ്.

സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ജില്ല കമ്മിറ്റിയംഗം വി. ആർ സജിക്കെതിരെയാണ് പൊലീസ് കേസെടുക്കാത്തത്. ഇതിലൂടെ സിപിഎം നേതാക്കള്‍ക്ക് പോലീസ് സംരക്ഷണം ഒരുക്കുകയാണ് ചെയ്യുന്നതെന്ന ആരോപണം ശക്തമാണ്.

സിപിഎം ഭരിക്കുന്ന സഹകരണ സൊസൈറ്റി യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന നാടകമാണിതെന്ന ആരോപണവുമുണ്ട്. സാബു തോമസിന്‍റെ ആത്മഹത്യ നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും കേസില്‍ ആരോപണ വിധേയര്‍ക്കെതിരെ അന്വേഷണ സംഘം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ തയ്യാറായിട്ടില്ല. സജിയുടെ മൊഴിയും ഇതുവരെ എടുത്തിട്ടില്ല. പൊലീസിന്‍റെ ഈ നാടകം അവസാനിപ്പിക്കാന്‍ പ്രതിഷേധവുമായി  കോണ്‍ഗ്രസ്  27 ന് കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

അതേസമയം സജിയുടെ ഭീഷണി സന്ദേശമെത്തിയ സാബുവിന്‍റെ ഫോൺ ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിൽ നിന്നുള്ള തെളിവുകൾ കൂടി കിട്ടിയ ശേഷം മാത്രമേ സജിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കൂ എന്നാണ് പൊലീസിന്‍റെ പക്ഷം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കട്ടപ്പനയിലെ വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരിൽ സാബു (56) ബാങ്കിന് മുന്നിൽ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ മൂന്ന് ജീവനക്കാരെ  സസ്പെൻഡ്‌ ചെയ്തിരുന്നു. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജാമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മൂന്ന് പേർക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്.

Continue Reading

kerala

രാജസ്ഥാനില്‍ മൂന്നരവയസ്സുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം മൂന്നാംദിവസത്തിലേക്ക്

രാജസ്ഥാനിലെ കോട്പുത്‌ലി ജില്ലയിലെ കീരത്പുര ഗ്രാമത്തില്‍ ഡിസംബര്‍ 23-നാണ് സംഭവം.

Published

on

രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നരവയസ്സുകാരിക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. രാജസ്ഥാനിലെ കോട്പുത്‌ലി ജില്ലയിലെ കീരത്പുര ഗ്രാമത്തില്‍ ഡിസംബര്‍ 23-നാണ് സംഭവം.

രക്ഷാപ്രവര്‍ത്തനം മൂന്നാംദിവസത്തിലേക്ക് കടന്നു. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്കാണ് കുട്ടി വീണത്. എന്‍.ഡി.ആര്‍.എഫിന്റെ സഹായത്തോടെ കുട്ടിയെ 30 അടി മുകളിലേക്ക് എത്തിച്ചെന്നാണ് വിവരം.

Continue Reading

kerala

വയനാട്ടില്‍ 50 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്.

Published

on

വയനാട്ടില്‍ വന്‍ എംഡിഎംഎ വേട്ട. മലപ്പുറം സ്വദേശികളായ രണ്ട് പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. അഖില്‍, സലാഹുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 380 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്.

തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ കാര്‍ പരിശോധനയ്ക്കിടെയായിരുന്നു എംഡിഎംഎ വേട്ട. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്നു എംഡിഎംഎയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Continue Reading

Trending