അഷ്റഫ് വേങ്ങാട്ട്
റിയാദ് : കരഞ്ഞുകലങ്ങിയ കണ്ണുകളും ആഴത്തില്‍ മുറിവേറ്റ മനസ്സുമായി ആ അമ്മയും മകളും ഇന്ന് രാവിലെ കൊച്ചിയിലിറങ്ങും. രണ്ടാഴ്ച്ച മുമ്പേ അവധിക്കാലം ചെലവിടാനായി ഖര്‍ത്തൂമിലേക്ക് വിമാനം കയറുമ്പോള്‍ അവര്‍ നിനച്ചിരുന്നില്ല ഇത് തന്റെ പ്രിയതമനെ അവസാനമായി ഒരു നോക്ക് കാണാനുള്ള യാത്രയാണെന്ന്. സങ്കടകടല്‍ താണ്ടിയുള്ള അവരുടെ യാത്ര ജിദ്ദയിലെത്തിയപ്പോള്‍ വികാരനിര്‍ഭരമായിരുന്നു. നിറഞ്ഞ കണ്ണുകളോടെ ആശ്വാസ വാക്കുകള്‍ക്ക് മുമ്പില്‍ മകളെ ചേര്‍ത്തുനിര്‍ത്തി അവര്‍ വിതുമ്പി. ദുരന്ത മുഖത്ത് സഹോദരനെ പോലെ കാവല്‍ നിന്ന മൊയ്തീനും നെഞ്ചിടറി.
സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് സൈനികരും അര്‍ദ്ധ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിവെപ്പില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ സിബെല്ലയും മകള്‍ മരീറ്റ ആല്‍ബെര്‍ട്ടും ആല്‍ബര്‍ട്ടിന്റെ സഹപ്രവര്‍ത്തകന്‍ കോട്ടക്കല്‍ രണ്ടത്താണി സ്വദേശി മൊയ്തീനും സുഡാനില്‍ നിന്നുള്ള മൂന്നാമത്തെ വിമാനത്തില്‍ ഇന്നലെ രാത്രി പത്തര മണിയോടെ ജിദ്ദയിലെത്തി. ഉടനെ തന്നെ മൂന്ന് പേര്‍ക്കും കൊച്ചിയിലേക്കുള്ള സഊദി എയര്‍ ലൈന്‍സ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഇന്ത്യന്‍ എംബസി അവസരമൊരുക്കി. രാവിലെ പത്ത് മണിക്ക് വിമാനം കൊച്ചിയിലിറങ്ങും. ജിദ്ദ വിമാനത്താവളത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കുടുംബത്തെ സ്വീകരിക്കാനെത്തിയിരുന്നു.
പ്രിയതമന്‍ കൂടെയില്ലാത്ത ഇരുണ്ട ദിനങ്ങളും അതിനു ശേഷമുള്ള ഭീകരമായ സാഹചര്യവും വല്ലാതെ ഉലച്ച കോഴിക്കോട് ഓമശ്ശേരി സ്വദേശിനിയായ സിബെല്ലയും പതിനഞ്ച് വയസ്സ് പ്രായമുള്ള മകള്‍ മറീറ്റയും ഏറെ പരീക്ഷണങ്ങള്‍ നേരിട്ടാണ് ഇന്ന് രാവിലെ കൊച്ചിയിലിറങ്ങുന്നത് .ഖര്‍ത്തൂമില്‍ ഇവര്‍ താമസിച്ചിരുന്ന അതേ കെട്ടിടത്തിലെ താമസക്കാരനും കമ്പനി സബ് ഡിവിഷനായ പാസ്താ നൂഡില്‍സിന്റെ പ്ലാന്റ് മാനേജരും ആല്‍ബര്‍ട്ടിന്റെ സഹപ്രവര്‍ത്തകനുമായ മൊയ്തീനോടൊപ്പമാണ് ഇവര്‍ നാട്ടിലെത്തുന്നത് . ദുരന്തം സംഭവിച്ച നിമിഷം മുതല്‍ കൂടെപ്പിറപ്പിനെ പോലെ കുടുംബത്തിന്റെ തണലായി നിലകൊണ്ട മൊയ്തീന്‍ ആ ഭീകര നിമിഷങ്ങള്‍ നടുക്കത്തോടെ പങ്ക് വെച്ചു.ഒമ്പത് മാസം മുമ്പാണ് മൊയ്തീന്‍ സുഡാനിലെത്തുന്നത്.
ഏഴ് മാസം മുമ്പാണ് വിമുക്ത ഭടനും കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശിയുമായ ആല്‍ബര്‍ട്ട് സുഡാനിലെ പ്രമുഖ കമ്പനികളിലൊന്നായ ദാല്‍ ഗ്രൂപ്പിന്റെ എച്ച് എസ് സി മാനേജറായി ചുമതലയേറ്റ് ഖര്‍ത്തൂമിലെത്തിയത്. നാട്ടിലെ അവധിക്കാലം ചെലവഴിക്കുന്നതിനായി ദിവസങ്ങള്‍ക്ക് മുമ്പാണ് ആല്‍ബര്‍ട്ടിന്റെ കുടുംബം ഖര്‍ത്തൂമിലെത്തിയത്.
ആല്‍ബെര്‍ട്ടും മൊയ്തീനും താമസിക്കുന്ന ഫ്‌ലാറ്റുകള്‍ ഉള്‍പ്പെടുന്ന കെട്ടിടം സുഡാന്‍ സൈനിക അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ സുപ്രധാന കേന്ദ്രത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ പോലീസും സിവിലിയന്മാരും തമ്മില്‍ ചെറിയ രീതിയിലുള്ള സംഘര്‍ഷം നടക്കുന്നതിനാല്‍ ഏപ്രില്‍ 15ന് ശനിയാഴ്ച്ച തുടങ്ങിയ സൈനികരുടെ ആഭ്യന്തര കലഹവും അത്തരത്തിലുള്ള ഒന്നാകുമെന്ന് കരുതി ആദ്യം ഗൗരവത്തിലെടുത്തില്ല. അല്പം കഴിഞ്ഞു ശനിയാഴ്ച്ച ഉച്ചയോടെ സ്ഥിതിയാകെ മാറി.
താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ലോറില്‍ താമസിക്കുന്ന മൊയ്തീന്‍ പുറത്തേക്ക് നോക്കിയപ്പോള്‍ തെരുവിലാകെ പട്ടാളക്കാരും സിവിലിയന്മാരും ചിതറിയോടുന്നു. വലിയ തോതിലുള്ള ഷെല്‍ വര്‍ഷം നടക്കുന്നു. വെടിയൊച്ചകളുടെയും സൈറണുകളുടെയും മുഴക്കം കടുത്ത ഭീതിയിലാക്കി. അതിനിടെ ആല്‍ബര്‍ട്ട് മൊയ്തീനെ വിളിച്ചു സുരക്ഷാ മാര്‍ഗങ്ങള്‍ തേടി. കുടുംബത്തെയും കൂട്ടി മൂന്നാം നിലയിലെ ഫ്‌ലാറ്റില്‍ നിന്നിറങ്ങി വരാന്തയിലേക്ക് മാറിയിരിക്കാനായി നിര്‍ദേശിച്ചു. അവര്‍ മാറിയ ഉടനെ നാട്ടില്‍ നിന്നോ മറ്റോ വന്നൊരു ഫോണ്‍ കാള്‍ അറ്റന്‍ഡ് ചെയ്ത് ആല്‍ബര്‍ട്ട് തന്റെ ഫ്‌ലാറ്റിന്റെ ഹാളിലേക്ക് തിരിച്ചു കയറി. സംസാരിച്ചു കൊണ്ടിരിക്കെ ഒരു വലിയ ശബ്ദവും ആല്‍ബര്‍ട്ടിന്റെ അലമുറയുമാണ് കുടുംബം കേട്ടത്. ഹാളിന്റെ ജനല്‍ ചില്ല് തകര്‍ത്ത് വെടിയുണ്ട ആല്‍ബര്‍ട്ടിന്റെ ശരീരത്തില്‍ തുളച്ചുകയറുകയായിരുന്നു .
ശനിയാഴ്ച്ച ഉച്ചക്ക് ഒന്നര മണിയോടെ സംഭവം നടന്നയുടനെ നിലവിളിച്ച് തന്റെ ഫ്‌ലാറ്റിലേക്ക് ഓടിയെത്തിയ മകള്‍ മറീറ്റ വിറയ്ക്കുന്ന ചുണ്ടുകളോടെ ആ നടുക്കുന്ന സത്യം പറഞ്ഞു. നിമിഷങ്ങള്‍ക്ക് മുമ്പേ സംസാരിച്ച ഉറ്റ സുഹൃത്തിന്ന് കാര്യമായി ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയോടെ മൂന്നാം നിലയിലുള്ള അവരുടെ ഫ്ളാറ്റിലേക്ക് ഓടിയെത്തിയപ്പോഴേക്കും രക്തത്തില്‍ കുളിച്ചു കിടക്കുന്ന ആല്‍ബര്‍ട്ടിന്റെ ശരീരം ചേതനയറ്റിരുന്നു. ഉടന്‍ തന്നെ കമ്പനിയില്‍ വിവരമറിയിച്ചെങ്കിലും അവര്‍ ഏര്‍പ്പെടുത്തിയ ആംബുലന്‍സിനെ സൈനികര്‍ അകത്തേക്ക് പ്രവേശിപ്പിച്ചില്ല.
പിന്നീട് ആല്‍ബര്‍ട്ടിന്റെ മൃതദേഹത്തിന് മുമ്പില്‍ ആര്‍ത്തനാദത്തോടെ അലമുറയിടുന്ന ഭാര്യക്കും മകള്‍ക്കും മുമ്പില്‍ കരളുരുകി കഴിഞ്ഞത് മുപ്പത്തിയാറു മണിക്കൂറാണെന്ന് മൊയ്തീന്‍ പറയുന്നു. വിവരങ്ങള്‍ അന്വേഷിച്ചുള്ള ഫോണ്‍ കാളുകളുടെ തിരക്കില്‍ പെട്ട് കുടുംബം ഇപ്പോഴും ആല്‍ബര്‍ട്ടിന്റെ ജീവനെടുത്ത അതേ റൂമിലാണെന്നത് ശ്രദ്ധയില്‍ വിട്ടുപോയിരുന്നു. ഉടനെ മാറ്റാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവിന്റെ ചലനമറ്റ ശരീരം ഒരു ഭാഗത്തേക്ക് ഒതുക്കിയ ശേഷം പോകാമെന്ന നെഞ്ചിടറിയുള്ള വാക്കുകള്‍ ഉള്‍കൊണ്ട് സിബെല്ലയും മറീറ്റയും ഞാനും ചേര്‍ന്ന് മൃതദേഹം താങ്ങിപ്പിടിച്ച് വിറയ്ക്കുന്ന കരങ്ങളോടെ ഒരു ഭാഗത്തേക്ക് ഒതുക്കിവെച്ചു. ശേഷം അമ്മയും മകളും മനസ്സില്ലാ മനസ്സോടെ മുറിവിട്ടിറങ്ങി. തന്റെ ഫ്‌ലാറ്റിന്റെ വരാന്തയിലേക്ക് അവരെയെത്തിച്ച് ദുരന്തവിവരം അറിയിക്കേണ്ടവരെ അറിയിച്ചുകൊണ്ടിരുന്നു.
അപ്പോള്‍ പുറത്ത് സംഘര്‍ഷം മൂര്‍ച്ഛിക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞു വീണ്ടും വലിയൊരു ശബ്ദം കേട്ടു. ഉച്ചക്ക് മൂന്നരയോടെ ആല്‍ബര്‍ട്ടിന്റെ റൂമിന്റെ ചില്ലുകള്‍ തകര്‍ത്ത് വീണ്ടും വെടിയുണ്ടകളെത്തിയതായിരുന്നു ആ ഭീകര ശബ്ദം . ഭാഗ്യത്തിന് കുടുംബത്തെ താഴെ നിലയിലുള്ള തന്റെ ഫ്‌ളാറ്റിന്റെ വരാന്തയിലേക്ക് മാറ്റിയതിനാല്‍ അപകടമുഖത്ത് അവരെ രക്ഷപെടുത്താന്‍ സാധിച്ചതായും നടുക്കത്തോടെ മൊയ്തീന്‍ ഓര്‍ത്തെടുക്കുന്നു
ഏറെ കരളലിയിക്കുന്ന ആ രംഗം അതിജീവിക്കാന്‍ ഏറെ പണിപ്പെട്ടതായി മൊയ്തീന്‍ പറഞ്ഞു. പിന്നീട് 17 ന് പുലര്‍ച്ചെയാണ് മൃതദേഹം ഖര്‍ത്തൂമിലെ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റിയത് . മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയിലാണുള്ളത്.
മരവിച്ച മനസ്സുമായി പത്ത് നാള്‍ വരാന്തയില്‍ തന്നെ കഴിഞ്ഞു സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ബേസ്മെന്റ് പാര്‍ക്കിങ്ങില്‍ അഭയം പ്രാപിക്കും. ഇതിനിടെ വെള്ളവും ഭക്ഷണവും തീര്‍ന്നു.ബില്‍ഡിങ് സെക്യൂരിറ്റിയാണ് അല്പമെങ്കിലും വെള്ളവും ഭക്ഷണവുമെല്ലാം എത്തിച്ചു തന്നത്. കമ്പനിയും എംബസിയുമെല്ലാം ശ്രമിച്ചിട്ടും കെട്ടിടത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ സൈനികര്‍ അനുമതി നല്‍കിയില്ല.
പിന്നീട് ഈദിനോട് അനുബന്ധിച്ചുള്ള വെടിനിര്‍ത്തല്‍ ഉപയോഗപ്പെടുത്തി ഏപ്രില്‍ 24നു തിങ്കളാഴ്ച്ച പുലര്‍ച്ചെ കമ്പനിയുടെ മറ്റുള്ള ഉദ്യോഗസ്ഥരോടൊപ്പം ഒരു കിലോമീറ്റര്‍ ദൂരം നടന്ന് കമ്പനി തന്നെ ഏര്‍പ്പെടുത്തിയ ബസ്സില്‍ സംഘര്‍ഷം കുറഞ്ഞ മറ്റൊരു ഭാഗത്തെത്തി. അവിടെ നിന്ന് പിന്നീട് പോര്‍ട്ട് സുഡാന്‍ വിമാനത്താവളത്തിലേക്ക് എത്തുകയായിരുന്നു. വെടി നിര്‍ത്തല്‍ അവസരം ഉപയോഗപ്പെടുത്തിയാണ് വിമാനത്താവളത്തിലും എത്തിയത്.
ആല്‍ബെര്‍ട്ടിന് അപകടം സംഭവിച്ച ഉടനെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് അച്ഛന്‍ അഗസ്റ്റിന്‍ കേന്ദ്ര കേരള സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. മെഴ്സിയാണ് മാതാവ്. മകന്‍ ഓസ്റ്റിന്‍ കാനഡയിലാണ്. സ്റ്റാര്‍ലി, ശര്‍മി എന്നിവര്‍ സഹോദരിമാരാണ്.
കൂടാതെ ഇരിക്കൂര്‍ മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയും സര്‍ക്കാരിന്റെയും നോര്‍ക്കയുടെയും സുഡാനിലെ ഇന്ത്യന്‍ എംബസ്സിയുടെയും അടിയന്തര ശ്രദ്ധ ക്ഷണിച്ചിരുന്നു. ഭര്‍ത്താവ് വെടിയേറ്റ് മരിച്ച കുടുംബത്തെയും ആല്‍ബര്‍ട്ടിന്റെ മൃതദേഹവും അടിയന്തരമായി നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഇരിക്കൂര്‍ മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ടി എന്‍ എ ഖാദര്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി, സഹമന്ത്രി , മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്കും അടിയന്തര സന്ദേശമയച്ചു. സഊദിയില്‍ നിന്ന് റിയാദ് കെഎംസിസി ട്രഷറര്‍ യു പി മുസ്തഫയും മൊയ്തീനുമായും എംബസ്സിയുമായും ബന്ധപ്പെട്ടിരുന്നു.