വാഹനം ഓടിക്കുന്നവരാണോ, എങ്കില്‍ സൂക്ഷിക്കുക. ഇന്നു മുതല്‍ ട്രാഫിക് നിയമ ലംഘനം നടത്തിയാല്‍ പണി പാളും. സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകള്‍ ഇന്നു മുതല്‍ കണ്ണുതുറക്കുമ്പോള്‍ റോഡിലെ പിഴവുകള്‍ക്ക് വന്‍പിഴയാവും നല്‍കേണ്ടിവരിക. വാഹനം തടഞ്ഞുള്ള പരിശോധന ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതു പരിഗണിച്ചാണ് ഫുള്ളി ഓട്ടമേറ്റഡ് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നത്. ക്യാമറ വഴിയുള്ള ഡേറ്റയും ദൃശ്യങ്ങളും പൊലീസ്, എക്‌സൈസ്, മോട്ടര്‍ വാഹന, ജിഎസ്ടി വകുപ്പുകള്‍ പങ്കിടും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 726 എ.ഐ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
തിരക്കേറിയ റോഡുകളിലും വാഹനാപകടങ്ങള്‍ കൂടുതലുണ്ടാകുന്ന ഹോട്ട് സ്പോട്ടുകളിലുമാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. സോളാര്‍ പാനല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വൈഫൈ സംവിധാനത്തിലൂടെ കണ്‍ട്രോള്‍ റൂമിലെത്തും. പകല്‍ പോലെ തന്നെ രാത്രി ദൃശ്യങ്ങളും തെളിമയോടെ ഈ ക്യാമറകള്‍ പകര്‍ത്തും. റോഡപകടങ്ങള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെങ്കിലും സംസ്ഥാന സര്‍ക്കാറിന് പണമുണ്ടാക്കാനുള്ള എളുപ്പവഴിയായി ഇതിനെ മാറ്റുമെന്ന ആരോപണം ഇതിനോടകം തന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്.
അത്യന്താധുനിക ക്യാമറകളൊരുക്കുമ്പോള്‍ റോഡുകളുടെ നിലവാരമുയത്തിയിട്ടില്ല. വാഹനയാത്രികര്‍ക്ക് കാണാവുന്ന തരത്തില്‍ റോഡുകളും വരകളും ക്രമീകരിച്ചിട്ടല്ല. തിരക്കേറിയ ജംഗ്ഷനുകളില്‍ അടുത്തിടെ റോഡില്‍ പതലരം വരകളിട്ടു. മഞ്ഞയും വെള്ളയുമുണ്ട്. ഇവ എന്താണെന്ന് ഭൂരിപക്ഷം പേര്‍ക്കുമറിയില്ല. രാത്രിയില്‍ വ്യക്തമായി കാണാവുന്ന തരത്തിലല്ല വരകളും സിഗ്‌നലുകളും. എന്നാല്‍ രാത്രിയിലടക്കം എ.ഐ ക്യാമറകള്‍ എല്ലാം കൃത്യമായി ഒപ്പിയെടുക്കുകയും ചെയ്യും.
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, രണ്ടിലധികം പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നത്, തുടര്‍ച്ചയായി ലൈന്‍ മറികടന്നുള്ള ഡ്രൈവിങ്, മൊബൈലില്‍ സംസാരിച്ചുള്ള യാത്ര, ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതിരിക്കുക, നോ പാര്‍ക്കിങ്ങില്‍ മേഖലയില്‍ വാഹനങ്ങള്‍ നിര്‍ത്തുക, റിയര്‍വ്യൂ മിറര്‍ ഇളക്കി മാറ്റുക, അപകടകരമായ ഓവര്‍ടേക്കിങ്, ഇന്‍ഷൂറന്‍സില്ലാ വാഹനങ്ങള്‍, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍, വ്യാജ നമ്പര്‍ എല്ലാം ഈ ക്യാമറകള്‍ നീരീക്ഷിക്കും. നിരത്തുകളില്‍ നിയമലംഘനമുണ്ടായാല്‍ കൃത്യമായ തെളിവ് സഹിതമാകും പതിയുക. യാത്രക്കാരന്റെ ഫോട്ടോ, വാഹന നമ്പര്‍, വാഹനം എന്നിവ ക്യാമറയില്‍ പതിയും. ഈ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ പിഴയടക്കാനുള്ള നോട്ടീസ് വാഹനയുടമകളെ തേടി വീട്ടില്‍ വരും. പിഴത്തുക ഓണ്‍ലൈനായും അക്ഷയ വഴിയും അടക്കാം. 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ ഇരട്ടിത്തുക കോടതിയില്‍ അടക്കേണ്ടി വരും.
പ്രധാന പിഴകള്‍
ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, നോ പാര്‍ക്കിങില്‍ വാഹനം നിര്‍ത്തുക, റിയര്‍വ്യൂ മിറര്‍ ഇളക്കി മാറ്റുക: 250 രൂപ പിഴ
തുടര്‍ച്ചയായ വെള്ളവര മുറിച്ചുകടന്നാല്‍: 250 രൂപ
സീറ്റ്‌ബെല്‍റ്റ്, ഹെല്‍മറ്റ് ഉപയോഗിക്കാതിരുന്നാല്‍: 500 രൂപ
അതിവേഗം (കാര്‍): 1500 രൂപ
ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍കൂടുതല്‍ പേര്‍ യാത്ര ചെയ്യുക: 2000 രൂപ
ഇന്‍ഷൂറന്‍സില്ലാതെ വാഹനങ്ങള്‍ ആദ്യപിഴ: 2000,
തുടര്‍ന്ന്: 4000 രൂപ
അപകടകരമായ ഓവര്‍ടേക്കിങ് ആദ്യപിഴ: 2000, ആവര്‍ത്തിച്ചാല്‍ കോടതിയിലേക്ക്
ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം: 2000, മൂന്നുവര്‍ഷത്തിനുള്ളില്‍ ആവര്‍ത്തിച്ചാല്‍: 5000
മഞ്ഞവര മുറിച്ചുകടന്നാല്‍ (അപകടകരമായ ഡ്രൈവിങ്), ലൈന്‍ ട്രാഫിക് ലംഘനം:2000 രൂപ