Connect with us

india

സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍; മറുപടിയില്ലാതെ കേന്ദ്രം

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ ചിത്രങ്ങള്‍ സഹിതം നടത്തിയ ട്വീറ്റിലാണ് ആരോപണങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

Published

on

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് ജമ്മുകശ്മീര്‍ മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കാതെ കേന്ദ്രം. പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടേയും കപട ദേശീയതയുടെ പൊയ്മുഖം പിച്ചിച്ചീന്തുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന് 48 മണിക്കൂര്‍ പിന്നിട്ടിട്ടും അക്ഷന്തവ്യമായ മൗനമാണ് കേന്ദ്ര സര്‍ക്കാര്‍ തുടരുന്നത്. പുല്‍വാമയില്‍ നഷ്ടമായ 40 ധീരജവാന്മാരുടെ ജീവന് മറുപടി പറയേണ്ട ഉത്തരവാദിത്തമാണ് ഇതോടെ കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രിക്കും മേല്‍ വന്നിരിക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രിയോ കേന്ദ്ര സര്‍ക്കാറോ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. അതീവ ഗുരുതരമായ ആരോപണങ്ങളാണ് അഭിമുഖത്തില്‍ സത്യപാല്‍ മാലിക് വെളിപ്പെടുത്തിയിരിക്കുന്നത്. സാധാരണ രാഷ്ട്രീയ ആരോപണങ്ങള്‍ പോലെ ഇതിനെ കാണാനാവില്ല. ഭരണഘടനാ പദവിയില്‍ ഇരുന്ന, പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ ജമ്മുകശ്മീരിന്റെ ഭരണ ചുമതല വഹിച്ചിരുന്ന ആള്‍ നടത്തിയ വെളിപ്പെടുത്തലാണ്. ഇക്കാര്യത്തില്‍ മറുപടി പറയാനുള്ള ബാധ്യത പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനുമുണ്ട്. ഇതില്‍നിന്ന് ഒളിച്ചോടാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ ചിത്രങ്ങള്‍ സഹിതം നടത്തിയ ട്വീറ്റിലാണ് ആരോപണങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം ആവശ്യപ്പെട്ട് മറ്റു പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തില്‍ വലിയ തോതിലുള്ള സൂരക്ഷാ വീഴ്ചയുണ്ടായെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ദേശീയ വികാരം മുന്നില്‍ നിര്‍ത്തി മോദി സര്‍ക്കാര്‍ ഈ ആരോപണങ്ങളെ മറികടക്കുകയായിരുന്നു. ഒപ്പം ബാലാകോട്ട് സൈനിക നടപടിയിലൂടെ ജനരോഷം മറികടക്കാനുള്ള ശ്രമങ്ങളും മോദി സര്‍ക്കാര്‍ നടത്തി. എന്നാല്‍ സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തലുകളോടെ അന്ന് ഉയര്‍ന്ന സംശയം കേവലം വസ്തുതയാണെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഒപ്പം സുരക്ഷാ വീഴ്ച മറച്ചുവെക്കാന്‍ നിര്‍ദേശം നല്‍കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പ്രതിക്കൂട്ടിലാകുകയും ചെയ്യുന്നു.
‘ദ വയറി’ന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യപാല്‍ മാലികിന്റെ നിര്‍ണായക വെളിപ്പെടുത്തലുകള്‍. ‘2500 ജവാന്‍മാരെ കൊണ്ടുപോകാന്‍ സി.ആര്‍.പി.എഫ് അഞ്ച് വിമാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചു. ഒരുപക്ഷെ വിമാനത്തിലായിരുന്നു ജവാന്‍മാരെ കൊണ്ടുപോയതെങ്കില്‍ ആക്രമണം നടക്കില്ലായിരുന്നു. അന്ന് വൈകുന്നേരം ഞാന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു, ഇത് നമ്മുടെ തെറ്റുകൊണ്ടാണ് സംഭവിച്ചതെന്ന്. ഇക്കാര്യം ആരോടും പറയരുതെന്നാണ് പ്രധാനന്ത്രി നരേന്ദ്രമോദി തന്നോട് നേരിട്ട് പറഞ്ഞത്. പിന്നീട് ഇതേകാര്യം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും തന്നോട് നേരിട്ട് ആവശ്യപ്പെട്ടു.’ – അഭിമുഖത്തില്‍ സത്യപാല്‍ മാലിക് പറഞ്ഞു.

മറ്റു ചില ഗുരുതര ആരോപണങ്ങളും സത്യപാല്‍ മാലിക് അഭിമുഖത്തില്‍ ഉന്നയിക്കുന്നുണ്ട്. രാജ്യത്ത് നടക്കുന്ന അഴിമതിയില്‍ പ്രധാനമന്ത്രിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നായിരുന്നു ഇതില്‍ ഒന്ന്. പ്രധാനമന്ത്രിയുടെ കൂടെ നില്‍ക്കുന്നവര്‍ അഴിമതിയിലൂടെ പണമുണ്ടാക്കുകയാണെന്നും സത്യപാല്‍ മാലിക് ആരോപിച്ചിരുന്നു. മുന്‍നിര ദേശീയ മാധ്യമങ്ങള്‍ ലാഘവത്തോടെ എടുത്ത മാലികിന്റെ വെളിപ്പെടുത്തലുകള്‍ രാജ്യാന്തര മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ വലിയ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.

2019 ഫെബ്രുവരി 14നാണ് പുല്‍വാമ ജില്ലയിലെ അവന്തിപോറയില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണം നടന്നത്. അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരിച്ച 40 ജവാന്‍മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2500 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുമായി നീങ്ങുന്ന 78 വാഹനങ്ങള്‍ അടങ്ങുന്നതായിരുന്നു വാഹനവ്യൂഹം. ഇതില്‍ അഞ്ചാമത്തെ വാഹനത്തിനു നേരെ സ്‌ഫോകട വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. സൈനികരെ കൂട്ടത്തോടെ റോഡ് മാര്‍ഗം അയക്കുന്നത് സുരക്ഷിതമല്ലെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വ്യോമമാര്‍ഗം യാത്രക്ക് സൗകര്യം ഒരുക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് നിര്‍ദേശിച്ചത്. എന്നാല്‍ ആഭ്യന്തര മന്ത്രാലയം ഇത് നിരസിക്കുകയായിരുന്നു.

india

ബെംഗളൂരുവില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

Published

on

ബെംഗളൂരുവില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് സ്വദേശി അമല്‍ ഫ്രാങ്ക്ളിന്‍ (22) ആണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന എസ്‌കെഎസ് ട്രാവല്‍സിന്റെ എസി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അമല്‍ ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ബെംഗളൂരു- മൈസൂരു പാതയില്‍ ഹൊസൂര്‍ ബിലിക്കരയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകത്തിന് കാരണമായതെന്നാണ് വിവരം. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Continue Reading

india

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ബ്രാഹ്‌മണരല്ലാത്ത പൂജാരിമാരോട് വിവേചനം

സംസ്ഥാനത്തെ വിവിധ മതവിഭാഗങ്ങളോടാണ് വിവേചനം സംബന്ധിച്ച റിപ്പോട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Published

on

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ബ്രാഹ്‌മണരല്ലാത്ത വിഭാഗത്തില്‍പ്പെട്ട പൂജാരിമാര്‍ വിവേചനം നേരിടുന്നതില്‍ റിപ്പോര്‍ട്ട് തേടി ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്(എച്ച്.ആര്‍.ആന്‍ഡ്.സി.ഇ) ഡിപ്പാര്‍ട്ടമെന്റ്. സംസ്ഥാനത്തെ വിവിധ മതവിഭാഗങ്ങളോടാണ് വിവേചനം സംബന്ധിച്ച റിപ്പോട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം നിലവില്‍ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ പരിഹരിച്ച് ‘അഗാമിക’ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ക്ഷേത്രങ്ങളിലും ജാതിഭേദമന്യേ പൂജാരിമാരെ നിയമിക്കാന്‍ പ്രത്യേക നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ പൂജാരിമാരുടെ സംഘട
നയായ അസോസിയേഷന്‍ ഫോര്‍ ട്രെയിന്‍ഡ് അര്‍ച്ചകസ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2021ല്‍ ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോഴാണ് ബ്രാഹമണേതര സമുദായത്തിലെ 24 പൂജാരിമാരെ വിവിധ ക്ഷേത്രങ്ങളില്‍ നിയമിച്ചത്. പിന്നീട് നാല് പേരെക്കൂടി വീണ്ടും നിയമിക്കുകയായിരുന്നു. എന്നാല്‍ നിയമനത്തെ ചോദ്യം ചെയ്ത് നിരവധി കേസുകള്‍ തമിഴ്‌നാട്ടില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ ചിലത് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണയിലാണ്.

എന്നാല്‍ ഡി.എം.കെ സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ക്ഷേത്രത്തിലെ സഹപ്രവര്‍ത്തകരില്‍ നിന്ന് പോലും വിവേചനം നേരിടുന്നതായി പൂജാരികള്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോട്ട് ചെയ്തു.’ അബ്രാഹ്‌മണരെ നിയമിക്കുന്നത് നിയമപരമായതിനാല്‍ ബ്രാഹ്‌മണ പൂജാരിമാര്‍ പരസ്യമായി വിവേചനം കാണിക്കാറില്ല. എന്നാല്‍ വിവേചനം ഉണ്ട് എന്ന കാര്യം പ്രകടമാണ്. മറ്റ് പൂജാരിമാര്‍ ഞങ്ങളുമായി സൗഹൃദത്തിലാവുന്നത് വളരെ കുറവാണ്,’ ഒരു പൂജാരി പറഞ്ഞു.

‘ആദ്യം, എന്നെ പൂജ ചെയ്യാന്‍ അനുവദിച്ചിരുന്നില്ല, പിന്നീട് ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് അതിനുള്ള അവകാശം ലഭിച്ചത്. അതിന് ശേഷം ഉച്ചവരെ പൂജ നടത്തുന്നത് ഞാന്‍ ആണ്. എല്ലാ ദിവസവും രാവിലെ തലേദിവസം വിഗ്രഹത്തില്‍ സമര്‍പ്പിച്ച മാലകള്‍ ഭക്തര്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ വൈകുന്നേരം ഞാന്‍ പൂജ ചെയ്യുന്നതിനാല്‍ ആ മാലകള്‍ ഭക്തര്‍ക്ക് നല്‍കാതെ വേസ്റ്റ് കൊട്ടയില്‍ ഇടുന്നു. കൂടാതെ, ബ്രാഹ്‌മണ പൂജാരിമാര്‍ തങ്ങളുടെ പൂജ കഴിയുമ്പോള്‍ ദേവിമാരുടെ വിഗ്രഹത്തില്‍ നിന്ന് വെള്ളി ആഭരണങ്ങള്‍ നീക്കം ചെയ്യുന്നു. അതിനാല്‍ നമുക്ക് അവ കിട്ടാന്‍ വീണ്ടും അധികാരികളെ സമീപിക്കണം.

എനിക്ക് മേല്‍ശാന്തിയുടെ ശ്രീകോവിലില്‍ പ്രവേശിക്കാനോ പൂജ നടത്താനോ അനുവാദമില്ല. മറിച്ച് ക്ഷേത്ര ഇടനാഴിക്ക് ചുറ്റുമുള്ള ഭാഗങ്ങളില്‍ മാത്രമെ പൂജ നടത്താന്‍ സാധിക്കുള്ളൂ, മറ്റൊരു പുരോഹിതന്‍ പറഞ്ഞു. ഈ വിവേചനം കാരണം വാടകയ്ക്ക് വീട് ലഭിക്കാന്‍ പോലും ബുദ്ധിമുട്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നഗര പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ താരതമേന വിവേചനം കുറവാണ്. അവിടെ ആളുകള്‍ തങ്ങളുടെ ജാതിയെക്കുറിച്ച് അന്വേഷിക്കുന്നില്ല എന്നത് ആശ്വാസം നല്‍കുന്ന കാര്യമാണെന്നും പൂജാരിമാര്‍ പറയുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ ബ്രാഹ്‌മണ പൂജാരിമാരെ മാത്രമാണ് ഭക്തര്‍ ഇഷ്ടപ്പെടുന്നതെന്നും അവര്‍ പറയുന്നു.

എന്നാല്‍ ഈ പ്രയാസങ്ങള്‍ സഹിച്ച് പിടിച്ചു നിന്നാലും ജോലിക്കനുസരിച്ച് വരുമാനം ലഭിക്കുന്നില്ലെന്നും അവര്‍ പറയുന്നു. ഭക്തര്‍ നല്‍കുന്ന വഴിപാടും വീടുകളില്‍ പൂജ നടത്തി ലഭിക്കുന്ന പണവും ഉപയോഗിച്ചാണ് ജീവിതം നയിക്കുന്നതെന്നും ഒരാള്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തി. അബ്രാഹ്‌മണരെ പൂജാരിമാരാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ഡി.എം.കെ. നേതാവായ എം. കരുണാനിധി 1970 മുതല്‍ത്തന്നെ പോരാട്ടം ആരംഭിച്ചിരുന്നു. 2018ല്‍ മധുരയിലെ തലക്കുളം അയ്യപ്പക്ഷേത്രത്തിലാണ് ആദ്യ അബ്രാഹ്‌മണ പൂജാരിയെ നിയമിക്കുന്നത്.

Continue Reading

india

അര്‍ബുദ മരുന്നിന് നികുതി ഇളവ് ഉത്തരവായി ഇറക്കണം: കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്ത് നല്‍കി കെ.സി. വേണുഗോപാല്‍

അര്‍ബുദത്തിനുള്ള ട്രാസ്റ്റുസുമാബ് ഡെറുക്‌സിറ്റികാന്‍, ഒസിമെര്‍ട്ടിനിബ്, ഡുര്‍വാലുമാബ് മരുന്നുകളുടെ നികുതിയാണ് 12 ശതമാനത്തില്‍ നിന്ന് അഞ്ചായി കുറച്ചുകൊണ്ട് ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തത്.

Published

on

മൂന്ന് അര്‍ബുദ മരുന്നുകള്‍ക്ക് നികുതി ഇളവ് നല്‍കാനുള്ള ജിഎസ്ടി കൗണ്‍സിലിന്‍റെ ശുപാര്‍ശ പ്രാബല്യത്തില്‍ വരുത്തുന്നതിനായി അടിയന്തരമായി ധനകാര്യമന്ത്രാലയം ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തുനല്‍കി.

അര്‍ബുദത്തിനുള്ള ട്രാസ്റ്റുസുമാബ് ഡെറുക്‌സിറ്റികാന്‍, ഒസിമെര്‍ട്ടിനിബ്, ഡുര്‍വാലുമാബ് മരുന്നുകളുടെ നികുതിയാണ് 12 ശതമാനത്തില്‍ നിന്ന് അഞ്ചായി കുറച്ചുകൊണ്ട് ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ നികുതി ഇളവ് സംബന്ധിച്ച ഉത്തരവ് ഇറങ്ങാത്തതിനാല്‍ ആനുകൂല്യം സാധാരണക്കാര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്. നികുതി വെട്ടികുറച്ചു കൊണ്ടുള്ള നടപടി എത്രയും വേഗത്തിലാക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

അര്‍ബുദ മരുന്നുകള്‍ക്ക് ഉള്‍പ്പെടെ അവശ്യമരുന്നുകള്‍ക്ക് നിലവില്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നത് സാധാരണക്കാര്‍ക്ക് വലിയ പ്രതിസന്ധിയും വെല്ലുവിളിയുമാണ്. നിര്‍ധനരായ രോഗികള്‍ക്ക് ഏറെ സാമ്പത്തിക ആശ്വാസം നല്‍കാന്‍ സാഹയകരമായ നടപടി പ്രാബല്യത്തില്‍ വരുത്തുന്നതിന് ഇനിയും കാലതാമസം വരുത്തരുത്. അര്‍ബുദം പോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകളെ നികുതി ഘടനയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികളെ കുറിച്ച് കേന്ദ്രസർക്കാർ ഗൗരവമായി ആലോചിക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Continue Reading

Trending