ഡോ. പുത്തൂര്‍ റഹ്മാന്‍
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അദ്ദേഹം ലക്ഷ്യമിടുന്ന ഭാവി ഇന്ത്യയെപ്പറ്റി പറഞ്ഞത് രാജ്യം നിക്ഷേപകര്‍ക്കു പ്രിയപ്പെട്ട കമ്പോളമായി മാറുന്നതിനെക്കുറിച്ചാണ്. രാഷ്ട്രശില്‍പികള്‍ സ്വപ്‌നം കാണുകയും അതിനായി അവരെഴുതിയുണ്ടാക്കിയ ഭരണഘടനയിലെ മൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന പുതിയൊരു ഇന്ത്യയാണ് വിഭാവനം ചെയ്യപ്പെടുന്നത്. സ്വാശ്രയത്തമല്ല, കോര്‍പറേറ്റുകള്‍ക്കുള്ള വിധേയത്തമാണ് ആ ഇന്ത്യയുടെ നടപ്പുരീതി.
നരേന്ദ്രമോദിയുടെ അഭിലാഷങ്ങള്‍ സാധിച്ചുകൊടുക്കുന്ന വന്‍ കുത്തകകളുടെ ഇന്ത്യ രൂപപ്പെട്ടുകഴിഞ്ഞു. സ്വന്തം താല്‍പര്യങ്ങളുടെ സംരക്ഷണത്തിനായി മോദി തിരഞ്ഞെടുത്ത ഏതാനും ഗ്രൂപ്പുകള്‍ക്ക് രാജ്യത്തെ തീറെഴുതിക്കൊടുക്കുന്നതിന്റെയും അതിന്റെ സ്വാഭാവിക പരിണതികളുടെയും ദുരന്തങ്ങള്‍കൂടി സംജാതമായിക്കഴിഞ്ഞു, ഇന്ത്യ ഒരു മോദി എന്റര്‍പ്രൈസായി മാറുന്നതിന്റെ ദൃഷ്ടാന്തങ്ങളാണിവയെല്ലാം.
അദാനി ഗ്രൂപ്പും മോദിയും തമ്മിലുള്ള ബന്ധമെന്തെന്നു വ്യക്തമാക്കണം, അദാനി നേരിടുന്ന തകര്‍ച്ചയെക്കുറിച്ച് പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു സംസാരിച്ച രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്കൊന്നും പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല. പകരം നെഹ്‌റുവിനെയും കുടുംബത്തെയും കുറിച്ചു പറഞ്ഞും ഇന്ത്യയിലെ ജനകോടികള്‍ തനിക്കു സംരക്ഷണ കവചമൊരുക്കുമെന്നു വീരസ്യം പറഞ്ഞും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഒരധിക പ്രസംഗം മാത്രം കാഴ്ചവച്ചു. അക്കൂട്ടത്തില്‍ പ്രതിപക്ഷത്തെ താന്‍ ഒറ്റക്കു നേരിടുമെന്നൊരു പ്രഖ്യാപനവും നടത്തി.
നേരത്തെ പ്രതിപക്ഷത്തെ ഇല്ലാതാക്കുമെന്നും കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കുമെന്നും പറഞ്ഞ മോദി ഇപ്പോള്‍ പ്രതിപക്ഷത്തെ നേരിടാന്‍ താനൊറ്റക്കു മതിയെന്നു പറയുന്നു, അഥവാ ബി.ജെ.പി എന്ന സ്വന്തം പാര്‍ട്ടിയുടെ പോലും ആവശ്യമില്ല തനിക്കെന്നു പ്രഖ്യാപിക്കുന്നു. രാജ്യത്ത് ലക്ഷണമൊത്ത സ്വേച്ഛാധിപത്യം ആഗതമായിരിക്കുന്നു എന്നു തിരിച്ചറിയേണ്ട സന്ദര്‍ഭമാണിത്.
വാചാടോപം കൊണ്ട് പ്രതിച്ഛായ സംരക്ഷിക്കുകയും ജനാധിപത്യ മദ്യാദകള്‍ ലവലേശം പുലര്‍ത്താതെ, വാ തുറക്കേണ്ട സന്ദര്‍ഭങ്ങളില്‍ മൗനം പാലിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി, ഏകാധിപത്യം ഒരു ഭരണരീതിയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. അദാനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍, അദാനിയുമായിതന്നെ ദീര്‍ഘകാല ബന്ധമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത് നാണക്കേടും അദാനിയുടെ കമ്പനികളില്‍ നിക്ഷേപിച്ചിട്ടുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും അപകടസാധ്യതയുമാണ്. പ്രശ്‌നങ്ങളുടെ കിടപ്പ് ഇങ്ങനെയായിട്ടും ഇതുവരേ കൃത്യമായ ഒരു പ്രതികരണവും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല.
2002ലെ ഗുജറാത്ത് വംശഹത്യ അന്നത്തെ മുഖ്യമന്ത്രിയായ മോദിയുടെ പ്രതിച്ഛായക്കു കോട്ടമുണ്ടാക്കുക മാത്രമല്ല, ഗുജറാത്തിലെ കലാപം കാരണമുണ്ടായ തീരാകളങ്കത്തെക്കുറിച്ച് അന്നത്തെ പ്രധാനമന്ത്രി വാജ്‌പെയ് അടക്കമുള്ള ബി.ജെ.പി നേതൃത്വമടക്കം രോഷാകുലരുമായി. ഇന്ത്യയിലെ പരമ്പരാഗത ബിസിനസ് ഗ്രൂപ്പുകളായ ബജാജിന്റെയും ഗോദ്‌റെജിന്റെയും ഉള്‍പ്പടെയുള്ള വ്യാപാര പ്രമുഖര്‍, 2003ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ട്രേഡ് അസോസിയേഷന്റെ യോഗത്തില്‍ മോദിയെ ക്രമസമാധാന പാലനത്തിന്റെ കാര്യത്തില്‍ കുറ്റപ്പെടുത്തി.
ഗുജറാത്തികളായ വ്യവസായികളുടെ കൂട്ടായ്മയാണ് അന്ന് മോദിയുടെ സഹായത്തിനെത്തിയത്. അദാനിയായിരുന്നു അന്നു മുന്നിലുണ്ടായിരുന്നത്. ഗുജറാത്തിലെ മോദി സര്‍ക്കാരുമായി ചേര്‍ന്ന് ‘വൈബ്രന്റ് ഗുജറാത്ത്’ എന്ന പേരില്‍ നിക്ഷേപക സമ്മേളനം നടത്താന്‍ സഹായിച്ചുകൊണ്ടായിരുന്നു ഇതിന്റെയെല്ലാം തുടക്കം. അദാനിയും മോദിയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ആര്‍ക്കും അറിയാത്ത കാര്യമല്ല. ഗുജറാത്തില്‍നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയാവാനുള്ള യാത്രയില്‍ മോദി സഞ്ചരിച്ച സ്വകാര്യ വിമാനം അദാനിയുടേതായിരുന്നു. ഇരുവരുടെയും സൗഹൃദം രണ്ടായിരാമാണ്ടു മുതല്‍ സജീവമാണ്. 2001ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതോടെ അദാനി അത്യപൂര്‍വമായ വളര്‍ച്ച കൈവരിക്കുന്നതാണ് വ്യാപാരലോകം കണ്ടത്.
2014ല്‍ നരേന്ദ്രമേദി ഡല്‍ഹിയിലേക്ക് വന്നതോടെ അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ വളര്‍ച്ച, അംബാനി ഒഴിച്ചുള്ള മറ്റ് കോര്‍പറേറ്റുകള്‍ക്ക് സ്വപ്‌നത്തില്‍മാത്രം കാണാന്‍ കഴിയുന്നതായി. രാജ്യത്തും ലോകത്തുമുള്ള എത്രയേ കുത്തകകള്‍ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ അതൊന്നും ബാധിക്കാത്ത രണ്ടേ രണ്ട് കമ്പനി മാത്രമാണുള്ളത്. കഴിഞ്ഞ ആറേഴു വര്‍ഷങ്ങള്‍കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന കമ്പനികളിലൊന്നായി അദാനി മാറിയതെങ്ങനെ എന്നറിയാന്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം അദാനി വാങ്ങിക്കൂട്ടിയ കമ്പനികളുടെ പട്ടിക കണ്ടാല്‍ മാത്രം മതി.
മുംബൈ എയര്‍പോര്‍ട്ട് ജി.വി.കെ ഗ്രൂപ്പില്‍നിന്ന് ഏറ്റെടുക്കാന്‍ അദാനിയെ സഹായിച്ചത് ജി.വി.കെ ഗ്രൂപ്പിന്റെ കാര്യാലയങ്ങളില്‍ ആദായനികുതി കേസുകളടക്കം എടുത്ത് റെയ്ഡുകള്‍ നടത്തി സമ്മര്‍ദ്ദം ചെലുത്തിയായിരുന്നു. ഗുജറാത്തിലെ മുന്ദ്ര തുറമുഖ വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ 4200 കോടി മുടക്കി പണിത എല്‍. എന്‍.ജി ടെര്‍മിനല്‍ 750 കോടി രൂപക്ക് അദാനി വാങ്ങുന്നു. സ്വകാര്യതുറമുഖ മേഖല, കല്‍ക്കരി ഖനനം, ഇറക്കുമതി, ഊര്‍ജോത്പാദനം, നഗരങ്ങളിലെ ഗ്യാസ് വിതരണം, ഭക്ഷ്യ എണ്ണ ഇറക്കുമതി, വിതരണം തുടങ്ങിയ നിരവധി മേഖലകളില്‍ ഏറ്റവും വലിയ കമ്പനിയായി അദാനി മാറി.
റയില്‍വേ, വിമാനത്താവളം, അര്‍ബന്‍ വാട്ടര്‍ മാനേജ്‌മെന്റ്, ഊര്‍ജവിതരണം, ഡാറ്റ സെന്റര്‍, ഡിഫന്‍സ് തുടങ്ങി പുതിയ പല മേഖലകളിലും അദാനി ചുവടുറപ്പിച്ചു. എന്നാല്‍ രാജ്യത്തെ മറ്റൊരു കോര്‍പറേറ്റായ മുകേഷ് അംബാനി വ്യാപരിക്കുന്ന രംഗങ്ങളില്‍ അദാനി കൈവെക്കുന്നേയില്ല. രണ്ടു ഗുജറാത്തി പ്രഭുക്കളും പരസ്പര ധാരണയോടെയാണ് തങ്ങളുടെ സാമ്ര്യാജ്യം വികസിപ്പിക്കുന്നതെന്നു ചുരുക്കം. അംബാനി എണ്ണ ശുദ്ധീകരണം, വിതരണം, പ്രകൃതിവാതക പര്യവേക്ഷണം, ടെലി കമ്യൂണിക്കേഷന്‍, ചെറുകിട, ഓണ്‍ലൈന്‍ വ്യാപാരം, പ്രതിരോധം, മീഡിയ എന്റര്‍ടൈന്‍മെന്റ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ലോജിസ്റ്റിക് തുടങ്ങിയ നിരവധി മേഖലകളില്‍ വന്‍ കുത്തകയായി മാറുമ്പോള്‍ അദാനി ആ മേഖലയില്‍ കാലൂന്നുന്നേയില്ല, അഥവാ വ്യാപാരത്തിനുപുറത്തുള്ള ഏതോ ശക്തിയുടെ ആജ്ഞാനുവര്‍ത്തികള്‍ കൂടിയാണ് ഈ രണ്ടു ഗുജറാത്തി കുത്തകകളുമെന്ന് വാണിജ്യ രംഗത്തെ നിരീക്ഷകര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ ഇന്ത്യക്കെതിരായ ആക്രമണമെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ വിശേഷിപ്പിക്കുന്നത്. നരേന്ദ്രമോദി പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നേരിടുന്ന അതേ രീതിയാണത്. ആരോപണങ്ങളെ ദേശീയതയില്‍ പൊതിഞ്ഞ പ്രതികരണങ്ങള്‍ കൊണ്ട് പ്രതിരോധിക്കുക. സാധാരണ കമ്പനികള്‍ അവരുടെ പത്രസമ്മേളനങ്ങളില്‍ കമ്പനി ലോഗോയും പേരും പശ്ചാത്തലത്തില്‍ അടയാളപ്പെടുത്തുമ്പോള്‍ അദാനി ഇന്ത്യന്‍ പതാകയാണ് പശ്ചാത്തലത്തില്‍ കാണിച്ചിരുന്നത്. ഇന്ത്യ സമം അദാനി എന്നു വരുത്താനുള്ള ശ്രമം മാത്രമല്ല, അത്തരമൊരു മനസ്ഥിതികൂടി ഈ കുത്തകകള്‍ക്ക് വന്നുതുടങ്ങി എന്നതാണതിന്റെ അര്‍ത്ഥം.
ഇന്ത്യയുടെ അഭിമാനം ഒരു വ്യവസായിയുടെ സമ്പത്തല്ല, ഇന്ത്യയുടെ അഭിമാനം അതിന്റെ സ്ഥാപനപരമായ ഘടനകളുടെ ദൃഢതയിലാണ്, രാജ്യത്തെ ദശലക്ഷക്കണക്കിന് റീട്ടെയില്‍ നിക്ഷേപകരെ ബാധിച്ചേക്കാവുന്ന വലിയ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാണ് കണ്ടു തുടങ്ങുന്നത് എന്നിങ്ങനെയുള്ള തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയുടെ വാക്കുകള്‍ അതുകൊണ്ടുതന്നെ സുപ്രധാനമാണ്. ഏതാനും കുത്തകകള്‍ ഭരണകൂടവുമായി ചേര്‍ന്ന് അവിശുദ്ധമായ കൂട്ടുകെട്ട് സൃഷ്ടിക്കുന്നതോടെ ഏകാധിപത്യ, സമഗ്രാധിപത്യ പ്രവണതകള്‍ തലപൊക്കുന്നു.
രാഷ്ട്രീയ ഏകാധിപതിയുടെ ഭാഷയില്‍ പ്രധാനമന്ത്രി പെരുമാറുന്ന രാജ്യമായും, സാമ്പത്തിക ഏകാധിപത്യം ഏതാനും കമ്പനികള്‍ക്കു പതിച്ചുകിട്ടുന്ന ശക്തിയായും ഇന്ത്യ മാറുമ്പോള്‍ അത് പുതിയ വിഘടനവാദത്തിലേക്കും ശിഥിലീകരണത്തിലേക്കും നാശത്തിലേക്കുമാണ് രാജ്യത്തെ നയിക്കുക. രാഷ്ട്രീയത്തിലും സമ്പത്തിലും തങ്ങളുടെമാത്രം നിലനില്‍പ്പും വളര്‍ച്ചയും ലക്ഷ്യമിടുന്ന അച്ചുതണ്ടുശക്തികള്‍ വര്‍ഗീയതയും കപടദേശീയതയും കൂടി പ്രയോഗിക്കുന്ന സ്ഥിതിവിശേഷം കൂടിയായാല്‍ ഈ ദുരന്തം പൂര്‍ണമായി. ഇന്ത്യ അപകടകരമായ അത്തരമൊരു ദശാസന്ധിയിലേക്ക് നീങ്ങുന്നതിന്റെ പ്രത്യക്ഷലക്ഷണങ്ങളാണ് നാം കാണുന്നതു മുഴുവന്‍.
അനുബന്ധം: കഴിഞ്ഞ ദിവസം പത്രവായനക്കിടയില്‍ ടൈംസ് ഓഫ് ഒമാനില്‍ ഒരു വാര്‍ത്ത കണ്ടു. സെന്റര്‍ ഫോര്‍ പോളിസി അനാലിസിസ് (സി.പി.എ) ലോകത്തിലെ നൂറ്റിപ്പത്ത് രാജ്യങ്ങളിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന മതപരമായ ഉള്‍ക്കൊള്ളല്‍ വിഷയമാക്കി ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നു. റിപ്പോര്‍ട്ടിലെ പട്ടിക പ്രകാരം, മതന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്ന കാര്യത്തില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.
ടൈംസ് ഓഫ് ഒമാന്‍ ഈ റിപ്പോര്‍ട്ടിനെപ്പറ്റിയുള്ള വാര്‍ത്ത നല്‍കിയിരിക്കുന്നത്, ദി ഓസ്‌ട്രേലിയ ടുഡേ എന്ന പത്രത്തെ ഉദ്ദരിച്ചാണ്. വാര്‍ത്തയില്‍ താല്‍പര്യം തോന്നി വായിച്ചു പോയപ്പോള്‍ സെന്റര്‍ ഫോര്‍ പോളിസി അനാലിസിസ് ബീഹാറിലെ പാറ്റ്‌ന ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ദുര്‍ഗ നന്ദ് ജാ എന്നു പേരുള്ള ‘മുന്‍ ജേണലിസ്റ്റും ഇപ്പോള്‍ പ്രഫഷണല്‍ എകോണമിസ്റ്റു’മായ ഒരാളുടെ ഒറ്റയാള്‍ പോരാട്ടമാണ് സി.പി.എയില്‍ നടക്കുന്നത്. അദ്ദേഹം പാറ്റ്‌നയിലിരുന്ന് സൂമിലും ഗൂഗിള്‍ മീറ്റിലും രാജ്യാന്തര കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുന്നു. പാറ്റ്‌നയില്‍ തന്നെയിരുന്നു ലോകരാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളുടെ സാമൂഹിക സാഹചര്യങ്ങള്‍ പഠിക്കുന്നു. ശേഷം ലോക രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളോടുള്ള അനുഭാവത്തില്‍ ഇന്ത്യയാണ് ഒന്നാമതെന്നു കണ്ടെത്തുന്നു, രാജ്യാന്തര റിപ്പോര്‍ട്ടുണ്ടാക്കുന്നു, ദക്ഷിണ കൊറിയ, ജപ്പാന്‍, പനാമ, യു.എസ് മാലിദ്വീപ്, അഫ്ഗാനിസ്ഥാന്‍, സൊമാലിയ എന്നീ രാജ്യങ്ങളെ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തേക്കു വെക്കുന്നു, യു. എ.ഇക്ക് അറുപത്തിനാലാം സ്ഥാനം കൊടുത്തേക്കാമെന്നു തീരുമാനിക്കുന്നു.
റിപ്പോര്‍ട്ട് ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ക്ക് അയക്കുന്നു. ഏതെങ്കിലും ഒരു മാധ്യമം റിപ്പോര്‍ട്ടിനെപ്പറ്റി വാര്‍ത്ത കൊടുത്താല്‍, ആ വാര്‍ത്തയെ ഉദ്ദരിച്ചായിരിക്കും പിന്നീടുള്ള വാര്‍ത്തയെഴുത്ത്. അങ്ങനെ ദുര്‍ഗ നന്ദ് ജാ ഇന്ത്യയെ ലോരാജ്യങ്ങളുടെ പട്ടികയില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വളരെ കഷ്ടപ്പെടുകയാണ്. ഇത്രയും ദേശഭക്തിയുള്ള മാധ്യമപ്രവര്‍ത്തകന്‍ ആര്‍ക്കുവേണ്ടിയാണ് ഇങ്ങനെ ഒറ്റത്തടിയായി കഷ്ടപ്പെടുന്നതെന്നറിയാന്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജ് കണ്ടാല്‍ മതിയാവും. നാളെ ഇന്ത്യയിലെ മാധ്യമങ്ങളെ മൊത്തം നിയന്ത്രിക്കുന്ന ശക്തികേന്ദ്രമായി അദ്ദേഹം മാറിയേക്കാം, സത്യവും ധര്‍മവും നീതിയുമല്ല, മുഖസ്തുതിയും പരസ്പര സഹായവും പുകഴ്ത്തുപാട്ടുകളുമാണ് ഇപ്പോഴത്തെ ഇന്ത്യയിലെ യോഗ്യതകള്‍.