കെ.എന്‍.എ ഖാദര്‍
കണ്ണൂര്‍ സര്‍വകലാശാലയിലെ ഒരു പരിപാടിയുടെ വേദിയില്‍ വെച്ച്, സ്വന്തം സീറ്റില്‍ നിന്ന് എഴുന്നേറ്റു വന്ന, ഇടതുപക്ഷക്കാരനായ പ്രഗത്ഭ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്, സംസാരിച്ചുകൊണ്ടുനില്‍ക്കുകയായിരുന്ന ഗവര്‍ണ്ണറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും ആയതിന് പരാതി കൊടുത്തിട്ടും പിണറായി സര്‍ക്കാര്‍ കേസ്സെടുത്തില്ലെന്നും ഗവര്‍ണ്ണര്‍ കുറച്ചു മുമ്പ് ആരോപിക്കുകയുണ്ടായി. പിണറായി-ആരിഫ് മുഹമ്മദ്ഖാന്‍ തര്‍ക്കം വികസിച്ചുവരുന്ന വേളയായിരുന്നു അത്. പിന്നീട് തര്‍ക്കം മൂര്‍ദ്ധന്യാവസ്ഥയിലെത്തി. ആദ്യമൊക്കെ ഈ തര്‍ക്കം നീണ്ടുപോകാതെ നോക്കണമെന്ന് കേരള സര്‍ക്കാരിന് തോന്നിയിരുന്നു. ഇപ്പോള്‍ ഈ തര്‍ക്കം നല്ലതാണെന്നും തുടരണമെന്നും സര്‍ക്കാരിനും സി.പി.എമ്മിനും തോന്നിയിരിക്കുന്നു. തര്‍ക്കം മൂത്ത് സര്‍ക്കാര്‍ അതിന്റെ ജോലികള്‍ പോലും മറന്നതുപോലെയായി. ഇതിനെ ഇനി വേണമെങ്കില്‍ കേരള തര്‍ക്കാര്‍ എന്നും വിളിക്കാം. രാഷ്ട്രീയ നേട്ടം തന്നെയാണ് ലക്ഷ്യം. മുഖ്യമന്ത്രിയും പരിവാരങ്ങളും ചേര്‍ന്നു നടത്തിയ വിദേശ സഞ്ചാരങ്ങളും വിനോദയാത്രാ ആരോപണങ്ങളും മാഞ്ഞുപോയതും സ്വര്‍ണ്ണക്കടത്തു കേസും ബിരിയാണി ചെമ്പുകളും വിസ്മൃതമാക്കിയതും പൊലീസ് അതിക്രമങ്ങളും പീഢനങ്ങളും ഒതുക്കിയതും ആയിരക്കണക്കിന് ബന്ധു നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും കഴുകികളഞ്ഞതും ഗവര്‍ണ്ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോരാണല്ലോ.
കേന്ദ്രം വരും, തല്ലും, കൊല്ലും, പിരിച്ചുവിടും എന്നൊക്കെ സ്വപ്‌നം കണ്ടും പ്രചരിപ്പിച്ചും നടന്ന കേരള ബി.ജെ.പിയുടെ ഫ്യൂസ് ഊരിക്കളയാനും പിണറായിക്കു സാധിച്ചിരിക്കാം. ലാവ്‌ലിന്‍ കേസ്സുള്‍പ്പെടെ മുഖ്യമന്ത്രിക്കെതിരെ ഒരു കേസ്സും പൊടിതട്ടിയെടുക്കാന്‍ കേന്ദ്ര ബി.ജെ.പി തയ്യാറല്ലെന്ന് അരിയാഹാരം കഴിക്കുന്ന സകലര്‍ക്കും അറിയാമായിരുന്നു. അരിവില റോക്കറ്റ് പോലെ കുതിച്ച് കയറിയതിനാല്‍ മരച്ചീനി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന പാവങ്ങള്‍ക്കും ഇതൊക്കെ മനസ്സിലാവും. സുരേന്ദ്രന്റെയും മുരളി മന്ത്രിയുടെയും കിളിപോയെങ്കില്‍ അതിനെ തുറന്നുവിട്ടത് പിണറായി മാത്രമല്ല ഡല്‍ഹി ഭരിക്കുന്ന വന്‍കിടക്കാരുടെ സഹായത്തോടെയായിരുന്നല്ലോ. ഓടുന്ന കാറില്‍ ബലാല്‍സംഗം, കാറില്‍ ചാരി നിന്നാല്‍ ഇടി, മദ്രസ്സ വിട്ടുവരുന്ന പെണ്‍കുട്ടിയെ ആകാശത്തെറിഞ്ഞു കളി, നരബലി, കഷായവധം, പൊതുമേഖലാ സ്ഥാപനങ്ങളിലുടനീളം ഇഷ്ടക്കാരെ നിയമിക്കല്‍, മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ നാടുമുഴുക്കെ അവിഹിത നിയമനം, സര്‍വകലാശാലകളിലെ അയോഗ്യ അനധികൃത നിയമനങ്ങള്‍, ആരെയും വിസിയാക്കുന്ന മന്ത്രവാദം, പൊലീസാഫീസര്‍മാരുടെ പോക്‌സോ പരിപാടികള്‍ തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത കുറ്റകൃത്യങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന ഈ സര്‍ക്കാറിനെ ജനം തിരിച്ചറിയാതിരിക്കാന്‍ ഗവര്‍ണ്ണറും മുഖ്യമന്ത്രിയും പാര്‍ട്ടിയും ചേര്‍ന്നു നടത്തുന്ന ഈ നാടകമോ, പോരാട്ടമോ, ഒക്കെ തുടരുന്നത് നല്ലതാണെന്ന് ഭരണകക്ഷി കരുതുന്നു. കാര്യങ്ങള്‍ ഇങ്ങിനെ ആയിരിക്കെ ഗവര്‍ണ്ണറും, മുഖ്യമന്ത്രിയും ഒന്നുകൂടി കത്തിക്കേറി കൊത്തിയാല്‍ ജനം അബോധാവസ്ഥയില്‍ ഇനിയും ദീര്‍ഘനാള്‍ കിടന്നുകൊള്ളും. സ്വപ്‌നാ സുരേഷിന്റെ ഞെട്ടിക്കുന്ന ആരോപണങ്ങളെ നേരിട്ടതും അവര്‍ക്കു നിയമനം നല്‍കിയ എച്ച്.ആര്‍.ഡി.എസിനെ കേസുകളില്‍ കുരുക്കി നാടുകടത്തുന്നതിനും കേരളം സാക്ഷിയായി. കേന്ദ്രത്തിന്റെ പിന്തുണ അവരോട് ചാഞ്ഞുനില്‍ക്കുന്നവര്‍ക്കും കിട്ടിയില്ലല്ലോ. അപ്പോഴും പിണറായിക്കൊപ്പമാണ് കേന്ദ്രമെന്ന് വ്യക്തമാണ്.
ഫിന്‍ലാന്റിലും നോര്‍വ്വേയിലും നടക്കുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് അഗാധമായി പഠിക്കാനും അടുത്തറിയാനും പോയ ശിവന്‍ക്കുട്ടി കണ്ടത് അവിടെ സൈക്കിളുകള്‍ക്ക് പോകാന്‍ അങ്ങാടിയില്‍ ചെറു റോഡുകളുണ്ടെന്ന സത്യമാണ്. അദ്ദേഹം മടങ്ങിയെത്തിയപ്പോഴേക്ക് ബിരുദാനന്തര ബിരുദങ്ങള്‍ രണ്ടെണ്ണം വീതം ഒറ്റയടിക്ക് നേടിയെടുത്ത കുട്ടികളെയാണ് കേരളം നിറയെ കണ്ടു ഞെട്ടിയത്.
പണ്ടൊക്കെ എം.എയെന്ന ഒറ്റ ബിരുദക്കാരെയും എം.ഡിയെന്ന മറ്റൊരു ബിരുദം നേടിയവരെയും നാം കണ്ടിരുന്നു. ഇപ്പോഴത്തെ മക്കളധികവും എം.ഡി.എം.എ എന്ന ഇരട്ടബിരുദം നേടിയിട്ട് നാളുകള്‍ ഏറെയായി. മുഖ്യമന്ത്രിയും ശിവന്‍കുട്ടിയും വീണയുമൊക്കെ നേരിട്ടുപോയി നേര്‍വ്വെയിലും ഫിന്‍ലാന്റിലും ലണ്ടനിലുമൊക്കെ ചുറ്റിയടിച്ചു പതിവുപോലെ ദുബായി വഴി നാട്ടില്‍ മടങ്ങിയെത്താന്‍ നാളേറെ വേണ്ടിവന്നു. നല്ല പണച്ചിലവും നാട്ടുകാര്‍ സഹിക്കേണ്ടി വന്നു. എം.ഡി.എം.എ ബിരുദധാരികള്‍ കേരളത്തില്‍ തന്നെ സൗകര്യപ്രദമായ വെളിമ്പറമ്പുകളിലും മലക്കപ്പാറകയിലുമിരുന്ന് എല്ലാ രാജ്യങ്ങളിലും ചുറ്റിയടിക്കുന്നു. മനോമണ്ഡലത്തിലും സ്വപ്‌നലോകത്തിലും ലോകം കാണാനുള്ള ഈ വിദ്യ ശിവന്‍കുട്ടി അവരോട് ചോദിക്കട്ടെ. മയക്കുമരുന്നിന്റെ മഹാമായാലോകത്തു പറന്നു നടക്കുന്ന നമ്മുടെ കുട്ടികള്‍ ദിവസവും ലോകം കണ്ടു ആനന്ദതുന്ദിലരാകുന്നു. ജീവിതം ഹോമിക്കുന്ന സ്വന്തം മക്കളോട് എന്തുപറയാനാണ് നോര്‍വ്വെക്കാര് പഠിപ്പിച്ചത്. ഈ മ്യായാവിയെ എങ്ങിനെ നേരിടാനാവുമെന്ന് ഇതുവരെ ആലോചിച്ചുവോ.? നാഷണല്‍ ഹൈവേ വഴി നടത്തുന്ന തെക്കുവടക്ക ജാഥയും ചങ്ങലയും കൊണ്ട് ഈ മയക്കു പിശാചിനെ ബന്ധിക്കാനാവില്ല. കുന്തവും കുടച്ചക്ക്രവും ഒക്കെ എഴുതിവെച്ച ഭരണഘടനയില്‍ വല്ലതുമുണ്ടോയെന്ന് സജിചെറിയാന്‍ പറയട്ടെ.
ഖത്തര്‍ ലോകകപ്പിന്റെ സമയമായതിനാല്‍ മത്സരാര്‍ത്ഥികളും കാഴ്ച്ചക്കാരും മുഴുവന്‍ ദോഹയിലാണ്. നെയ്മറേയും മെഴ്‌സിയേയും (മെസ്സി) അനുകൂലിന്നവരും പ്രതികൂലിക്കുന്നവരും അവിടെയാണ്. പോപ്പുലര്‍ ഫ്രണ്ടാണെന്ന് കരുതി പോര്‍ച്ചുഗല്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെന്നാക്കി മഹത്തായൊരു രാഷ്ട്രത്തിന്റെ പതാക കീറിയെറിഞ്ഞ വിവര ദോഷികളും അവിടെയെത്തിക്കാണും. വാസ്‌കോഡഗാമയോട് കുഞ്ഞാലിമരക്കാര്‍ അപ്പഴേ പറഞ്ഞതാണ് പോരണ്ടാ പോരണ്ടാന്ന്. റൊണാള്‍ഡോമാര്‍ രണ്ടെണ്ണമുണ്ടെങ്കിലും മലയാളികള്‍ക്ക് ആശയക്കുഴപ്പമുണ്ടാകില്ല. മൂന്നു ജയരാജന്‍മാരുടെ നാട്ടില്‍ നിന്നാണവര്‍ പോയിട്ടുള്ളത്. എന്തായാലും ഏറെ നാള്‍ മലയാളികളുടെ ആത്മാവും ശരീരവും ഖത്തറിലാണ്. ആ നിലയില്‍ ബഹുമാന്യരായ നമ്മുടെ മുഖ്യമന്ത്രിയും ഗവര്‍ണ്ണറും കൂടി ഖത്തറിലെ കളക്കളത്തിലെത്തിയാല്‍ കാല്‍പന്തിന്റെ ഇടവേളകളില്‍ മലയാളികള്‍ക്കായി ഈ മഹാപോരാളികളുടെ ‘കുലുകുലുമച്ചം’ നേരിട്ടു സംപ്രേക്ഷണം ചെയ്യാമല്ലോ. അസോസിയേറ്റ് പ്രഫസറായി വിലസിയ നേരത്ത് കൂടെയുണ്ടായിരുന്ന ബിന്ദു മന്ത്രിവരെ ഇപ്പോള്‍ പറയുന്നതും അവരെ വെച്ചത് സര്‍ക്കാരല്ലെന്നാണ്. സര്‍വകലാശാല വിസി പറയുന്നത് ഒരു ദിവസം അവിടെ ഇരിക്കുന്നതായി കണ്ടുവെന്നാണ്. ആരാണ് വെച്ചതെന്നാര്‍ക്കുമറിയില്ല. പാര്‍ട്ടിയല്ലെന്ന് ജയരാജനും പറഞ്ഞു കഴിഞ്ഞു. ഈ സ്ഥിതിക്ക് അത് ചെയ്തതും വി.ഡി സതീശന്റെ കത്തുപ്രകാരം സുധാകരനാവാണ് സാധ്യത. എന്തായാലും ഗവര്‍ണ്ണര്‍ സകലവിധ അഴിമതിയും സ്വജനപക്ഷപാതവും നേരിടാനാണ് തീരുമാനിച്ചു കാണുന്നത്. ഇത്തരം മുഖ്യമന്ത്രിമാരുള്ള നാട്ടില്‍ ഇമ്മാതിരി ഗവര്‍ണ്ണര്‍മാര്‍ സ്വാഭാവികമായും എത്തിച്ചേരും. അതും പ്രകൃതിനിയമമാണ്. പ്രതിരോധനിരയില്‍ കളിക്കുന്നതും ന്യായീകരണത്തിനായി മാത്രം ജനിച്ച കാപ്‌സ്യൂള്‍ സഖാക്കളാണ്. ശാസ്ത്രീയമായി എങ്ങിനെ ദുഷ്‌ചെയ്തികളെ ന്യായീകരിക്കാമെന്ന ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തന്നെ ഇപ്പോള്‍ നടന്നുവരുന്നുണ്ട്.
ഏക സിവില്‍കോഡ്, ശരീഅത്ത്, ഹിജാബ്, ഹലാല്‍ ഭക്ഷണം, വഖഫ് ജോലികള്‍, മുത്തലാഖ് തുടങ്ങിയ ചില പ്രത്യേക വിഷയങ്ങള്‍ വരുമ്പോള്‍ ഇ.എം.എസ്സ് നമ്പൂതിരിപ്പാടിനെയും പിണറായിയെയും ആരിഫ് മുഹമ്മദ്ഖാനെയും ഇര്‍ഫാന്‍ ഹബീബിനെയും ഓരേ വേദിയില്‍ കണ്ടിട്ടുണ്ട്. ആകയാല്‍ ജനങ്ങളേ! സര്‍ക്കാരും ഗവര്‍ണ്ണറും തമ്മില്‍ കേരളത്തില്‍ കാണപ്പെടുന്ന ഒരു പ്രത്യേകതരം ശബ്ദമുണ്ടാക്കുന്ന ബ്രണ്ണന്‍ സ്റ്റൈല്‍ ഏക്ഷന്‍ അവസാനിപ്പിക്കാനുള്ള ഏക മരുന്ന് ഇസ്‌ലാമോഫോബിയ വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കലാണ്. രണ്ട് കിലോമീറ്റര്‍ അകലം പാലിക്കുന്നതും ഹെല്‍മറ്റ് ധരിക്കുന്നതും ഇടക്കിടെ കൈകാലുകള്‍ സോപ്പിട്ട് കഴുകുന്നതും ഓരോ വീട്ടിലേക്കും ഓരോ കിറ്റുകൂടി നേര്‍ച്ച നേരുന്നതും നല്ലതാണ്. മേല്‍പ്രസ്താവിച്ച ഫോബിയയുടെ ഇരകള്‍ക്ക് ഇതിനൊന്നും സമയമില്ലെന്നറിയാമല്ലോ. അവര്‍ ചികഞ്ഞെടുക്കുന്ന ചീളു കേസ്സുകള്‍ കെട്ടിപ്പിടിച്ചും പരസ്പരം കടിപിടി കൂടുന്നതിനാല്‍ നേരം തികയില്ല. ഹോളോകാസ്റ്റിലേക്ക് പോകുന്ന ബസ്സില്‍ സൈഡ് സീറ്റുതന്നെ തരപ്പെടുത്താനുള്ള തര്‍ക്കത്തിലാണവര്‍ ബദ്ധശ്രദ്ധയിരിക്കുന്നത്. പ്രപഞ്ചനാഥന്‍ നമ്മെ കാത്തുരക്ഷിക്കട്ടെ.